സത്യത്തില്‍ ഈ ദേശം ആരുടേതാണ്?
കൂടങ്കുളം സമരത്തിന് സോളിഡാരിറ്റി ശേഖരിച്ച
വിഭവങ്ങള്‍ കൈമാറികൊണ്ട്
ഇടിന്തകരൈ സമരപന്തലില്‍ ടി. ആരിഫലി നടത്തിയ പ്രഭാഷണം
നോമ്പനുഷ്ഠിച്ചുകൊണ്ടാണ് ഞങ്ങളിലേറെ പേരും ഇന്നീ സമരപന്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നത്തെ നോമ്പ് മുഹര്‍റം നോമ്പ് എന്നാണ് അറിയപ്പെടുന്നത്. ഇസ്ലാം മതത്തിലെ നോമ്പ് എന്താണെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിവുണ്ടാകും. സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണവും വെള്ളവും മറ്റാസ്വാദനങ്ങളും പാടേ ഒഴിവാക്കി കൊണ്ടുള്ള ഒരു സഹന പ്രക്രിയയാണത്. ഇന്നത്തെ നോമ്പിന് ചരിത്രപരമായ ഒരു പശ്ചാത്തലവും സന്ദര്‍ഭവുമുണ്ട്. ആ ചരിത്ര പശ്ചാത്തലവും നിങ്ങള്‍ നടത്തുന്ന ഈ സമരവും തമ്മില്‍ യാദൃഛികമാകാമെങ്കിലും ചില താളപൊരുത്തങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മുമ്പ് ചരിത്രത്തില്‍ കഴിഞ്ഞുപോയ മഹാനായ പ്രവാചകനായിരുന്നു മോസസ് അഥവാ മൂസ. ഈജിപ്ത് ദേശമായിരുന്നു മൂസാ പ്രവാചകന്റെ ജന്മസ്ഥലവും പ്രവര്‍ത്തന കേന്ദ്രവും. ആ നാട് ഭരിച്ചിരുന്നതാവട്ടെ ഫറോവമാര്‍ എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാരായിരുന്നു. അവര്‍ ദൈവ ധിക്കാരികള്‍ മാത്രമല്ല, തികഞ്ഞ ജനവിരുദ്ധരുമായിരുന്നു. കൊടിയ അനീതിയും ഭീകരമായ ആക്രമണങ്ങളുമാണവര്‍ തങ്ങളുടെ അധീനതയിലുള്ള ജനങ്ങള്‍ക്ക് നേരെ നടത്തിയിരുന്നത്. ആ നാട്ടിലെ ബനൂഇസ്രാഈല്‍ എന്ന സമൂഹം ഫറോവാ രാജ ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങളുടെ വലിയ ഇരകളായിരുന്നു. ഞാന്‍ ശരിയാണ് എന്ന് മാത്രമല്ല, ഞാന്‍ മാത്രമാണ് ശരി എന്നായിരുന്നു ഫറോവന്‍ ഭരണകൂടത്തിന്റെ നിലപാട്. അവരിലെ ആണ്‍കുഞ്ഞുങ്ങളെ അപ്പാടെ കൊന്നുതള്ളുകയും പെണ്‍കുട്ടികളെ കൊല്ലാക്കൊല നടത്തലുമായിരുന്നു ഫറോവയുടെ പതിവ് ശീലം.
മര്‍ദിതരായ ബനൂ ഇസ്രാഈല്‍ സമൂഹത്തെ മര്‍ദക ഭരണകൂടത്തില്‍ നിന്ന് മോചിപ്പിക്കുക എന്നത് പ്രവാചകന്‍ മൂസായുടെ പ്രധാന ലക്ഷ്യമായിരുന്നു. ആ വിമോചന വഴിയില്‍ കൊടിയ ദുരിതങ്ങളും അടിച്ചമര്‍ത്തലുകളും സഹിക്കേണ്ടി വന്നിട്ടുണ്ട് മൂസാക്കും അനുയായികള്‍ക്കും. നീണ്ടകാലത്തെ നിരന്തര പരിശ്രമങ്ങള്‍ക്കും വലിയ സഹനങ്ങള്‍ക്കുമൊടുവില്‍ പ്രവാചകന്‍ മൂസയെയും അനുയായികളെയും അല്ലാഹു മര്‍ദകന്മാരില്‍ നിന്നും രക്ഷപ്പെടുത്തി. ഒപ്പം ഫറോവയെയും അവന്റെ കങ്കാണിമാരെയും കടലില്‍മുക്കി നശിപ്പിക്കുകയും ചെയ്തു. അത് അറബിക്കലണ്ടറിലെ മുഹര്‍റം 10-നായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ചരിത്ര സംഭവത്തിന്റെ അനുസ്മരണമാണ് മുഹര്‍റം നോമ്പ.് ഒപ്പം മര്‍ദിത ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യവും അവരുടെ വിമോചനത്തിലുള്ള ആഹ്ളാദവും ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
നിങ്ങള്‍ നടത്തുന്നത് മൌലിക പ്രധാനമായൊരു സമരമാണ്. സ്വന്തം ജീവിതവും വരും തലമുറയുടെ ജീവനും സംരക്ഷിക്കുക എന്നതാണ് ഈ സമരത്തിന്റെ ലക്ഷ്യം. മറുഭാഗത്താകട്ടെ ജനവിരുദ്ധ ഭരണകൂടവും സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം കൈമുതലായുള്ള കോര്‍പ്പറേറ്റുകളുമാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ പെരുത്ത കമീഷനുകളും ബാങ്ക്ബാലന്‍സിന്റെ വര്‍ധനവും മാത്രമാണ്. ഈ സമരം ഒരു അതിജീവന സമരമാണ്. അതുകൊണ്ട് തന്നെ ഈ സമരം വിജയിക്കുക തന്നെ ചെയ്യും. കാരണം, അതിജീവന സമരങ്ങള്‍ വിജയിക്കുകയെന്നത് ചരിത്രം നല്‍കുന്ന സന്ദേശവും നീതിയുടെ താല്‍പര്യവുമാണ്.
നിങ്ങള്‍ പൂച്ച എലിയെ പിടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പൂച്ചയും എലിയും കൂടിയുള്ള ആ ഓട്ടത്തില്‍ പലപ്പോഴും വിജയിക്കുന്നത് എലിയായിരിക്കും. കാരണം, പൂച്ച ഓടുന്നത് തന്റെ ഭക്ഷണത്തിനു വേണ്ടിയാണെങ്കില്‍ എലി പായുന്നത് തന്റെ ജീവനുവേണ്ടിയാണ്. നിങ്ങള്‍ക്കും നിങ്ങളെപ്പോലുള്ള ഇതര മനുഷ്യര്‍ക്കും മനുഷ്യരായി ജീവിക്കാന്‍ വേണ്ടി നടത്തുന്ന സമരം അതുകൊണ്ട് തന്നെ വിജയിച്ചേ മതിയാകൂ.
ഞാന്‍ വരുന്നത് കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ നിന്നാണ്. അവിടെ മാവൂര്‍ എന്നൊരു പ്രദേശമുണ്ട്. അതെന്റെ ഗ്രാമത്തോട് ചേര്‍ന്ന് കിടക്കുന്ന നാടാണ്. മാവൂരില്‍ വന്‍കിടക്കാരായ ബിര്‍ളാ ഗ്രൂപ്പിന്റെ ഒരു കൂറ്റന്‍ കമ്പനിയുണ്ടായിരുന്നു. മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് എന്നായിരുന്നു അതിന്റെ പേര്. രണ്ട് തരം ഉല്‍പന്നങ്ങളാണ് ഈ കമ്പനി ഉണ്ടാക്കിയിരുന്നത്. ഫൈബറും പിന്നെ പള്‍പ്പും. അതേ സമയം ഈ കമ്പനി വലിയ അളവിലുള്ള മാലിന്യങ്ങളാണ് പുറംതള്ളികൊണ്ടിരുന്നത്. അന്തരീക്ഷ വായു മാത്രമല്ല മനുഷ്യരുള്‍പ്പെടെ അനേകായിരം ജീവജാലങ്ങളുടെ ആശ്രയമായ വെള്ളവും അത് മലിനമാക്കി. ഗുരുതരമായ രോഗങ്ങള്‍ ഞങ്ങളുടെ നിത്യജീവിതാനുഭവമായി മാറി. പുഴയിലെ മത്സ്യസമ്പത്ത് ചത്തൊടുങ്ങി. പൊറുതിമുട്ടിയ ജനങ്ങള്‍ ഒരുനാള്‍ സമരവുമായി രംഗത്തിറങ്ങി. അതില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ വീക്ഷണക്കാരും മതമേ ഇല്ലാത്തവരുമുണ്ടായിരുന്നു. അഥവാ തികവത്തൊരു ജനകീയ പോരാട്ടം തന്നെയായിരുന്നു അത്.
അവര്‍ ഉയര്‍ത്തിയ ആവശ്യം തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നതായിരുന്നു. കമ്പനി മേധാവികളും അവരോടൊപ്പം ചേര്‍ന്ന്നിന്ന് ഭരണകൂടവും ഉന്നയിച്ചത് കമ്പനിയിലെ തൊഴിലാളികളുടെ തൊഴിലിന്റെ പ്രശ്നമായിരുന്നു. ഏതാനും പേരുടെ അന്നത്തേക്കാള്‍ പ്രധാനമാണ് അനേകായിരം പേരുടെ അന്നനാളം എന്നതായിരുന്നു ആ ജനത അതിനു നല്‍കിയ മറുപടി. വികസന ഭ്രാന്തില്‍ സ്വബോധം നഷ്ടപ്പെട്ടു പോകുന്ന എല്ലാ ഭരണകൂടങ്ങളും സൌകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നതും മറച്ചുവെക്കുന്നതുമായ ഒരു യാഥാര്‍ഥ്യമാണിത്. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ബിര്‍ളാ കമ്പനിക്ക് ഒടുവില്‍ മുട്ടു കുത്തേണ്ടിവന്നു. കമ്പനി അടച്ചുപൂട്ടി എന്നതു മാത്രമല്ല, കമ്പനിയിലെ തൊഴിലാളികള്‍ പത്ത് ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്തു.
ഇത് രണ്ടുപതിറ്റാണ്ട് മുമ്പത്തെ അനുഭവമാണ്. അന്ന് മാധ്യമങ്ങള്‍ ഇത്ര ജനകീയമായിട്ടില്ല. ടെക്നോളജി ഇത്ര വികസിച്ചിട്ടുമില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ നമുക്കിടയില്‍ ഉടലെടുത്തിട്ടുമില്ല. അതുകൊണ്ട് തന്നെ മാവൂരിലെ സമരം പ്രധാനമായും ആ നാട്ടുകാരുടെ സമരം മാത്രമായിരുന്നു. അതേസമയം കൂടങ്കുളം സമരം ഇന്നിപ്പോള്‍ നിങ്ങളുടെ മാത്രം സമരമല്ല. കൂടങ്കുളമാണ് ഈ സമരത്തിന്റെ കേന്ദ്രബിന്ദുവെങ്കിലും സംസ്ഥാനത്തിനു പുറത്തും ദേശത്തിനപ്പുറവും ഈ സമരത്തിന് തുടര്‍ച്ചകളുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പോലും ഇതിന് വലിയ അനുരണനങ്ങളുണ്ട്. ഒട്ടനേകം മാധ്യമങ്ങള്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പുകള്‍ ഈ സമരത്തെ നിരന്തരമായി ജനത്തിനിടയില്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു. അതുവഴി വലിയ ജനപിന്തുണ നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു; ഈ സമരം വിജയിക്കുക തന്നെചെയ്യും.
മന്‍മോഹന്‍ സിംഗും കേന്ദ്ര ഗവണ്‍മെന്റും പറയുന്നത് കൂടങ്കുളത്തേത് ദേശവിരുദ്ധമായ സമരമാണെന്നാണ്. തമിഴ്നാട് സര്‍ക്കാറും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമരം അടിച്ചമര്‍ത്തപ്പെടേണ്ടതാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇവിടെ നടന്ന പോലീസ് നായാട്ട് അതിന്റെ ഭാഗമായിരുന്നു. അപ്പോള്‍ ചില ചോദ്യങ്ങള്‍ ന്യായമായും ഉയര്‍ന്നുവരുന്നുണ്ട്. നാം അതുന്നയിച്ചേ മതിയാവൂ.
ആരാണ് രാജ്യം? എന്താണ് രാജ്യ സ്നേഹം? ഈ ദേശം സത്യത്തില്‍ ആരുടേതാണ്? ഈ ചോദ്യങ്ങളുടെ ശരിയും സത്യസന്ധവുമായ ഉത്തരമായിരിക്കും വരും കാലത്ത് ഈ രാജ്യത്ത് സ്വസ്ഥമായ പൌരജീവിതം സാധ്യമാക്കുക എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടങ്ങളല്ല, രാജ്യത്തിലെ സാധാരണ ജനങ്ങള്‍ പറയുന്നതായിരിക്കും ഈ ചോദ്യങ്ങളുടെ ശരിയായ ഉത്തരം. കൂടങ്കുളം സമരം ദേശവിരുദ്ധമായി തീരുന്നത് അത് ഭരണകൂടത്തിന്റെ ഒരു നയത്തിനെതിരായ സമരമാണെന്നത്കൊണ്ടാണ്. ഇത്തരം അതിജീവന പോരാട്ടങ്ങളെ നമ്മുടെ ഭരണകൂടങ്ങള്‍ പൊതുവെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഇത് ദേശവിരുദ്ധമാണെന്നാക്ഷേപിച്ചുകൊണ്ടാണ്. അഥവാ ഭരണകൂടം തന്നെയാണ് രാജ്യം എന്നാണ് സര്‍ക്കാര്‍ ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ദേശമെന്നത് ഭരണകൂടനയം എന്നായി ചുരുങ്ങുന്നു. അതിനെ പിന്തുണക്കുന്നവര്‍ ദേശസ്നേഹികളും വിയോജിക്കുന്നവര്‍ ദേശവിരുദ്ധരുമായി തീരുന്നു. ഒരു കാലത്തെ ഭരണകൂട നയങ്ങള്‍ തെറ്റു മാത്രമല്ല വലിയ അരുതായ്മകളുമായിരുന്നുവെന്ന് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ട എത്രയോ അനുഭവങ്ങള്‍ നമ്മുടെ രാഷ്ട്രത്തിന്റെ തന്നെ ചരിത്രത്തില്‍ ഉണ്ടെന്നത് നാം മറക്കരുത്. ഞാന്‍ തന്നെയാണ് സത്യം എന്നതിലുള്ളത് ജനാധിപത്യത്തിന്റെ സ്വരമല്ല, ഫാഷിസത്തിന്റെ ആക്രോശമാണ്. നമ്മുടെ ഭരണകൂടം എങ്ങോട്ടേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ പ്രകടമായ ചില സൂചനകള്‍ മാത്രമാണിത്.
കൂടങ്കുളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങളുടെ പൊതു സവിശേഷത ഈ ജനങ്ങള്‍ സമരം നടത്തുന്നത് ഈ രാജ്യത്തിന്റെ ശുദ്ധവായു സംരക്ഷിക്കാനാണ്, ഈ ദേശത്തിന്റെ കാടും മണ്ണും വെള്ളവും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. സര്‍വോപരി രാജ്യത്തെ പൌരന്മാരുടെ ജീവിതം സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. അതേസമയം ഈ സമരങ്ങളത്രയും ദേശവിരുദ്ധമാണെന്നാണ് പറയുന്നത്.. ജനങ്ങളാകട്ടെ കൊടിയ ദേശദ്രോഹികളും. മറുഭാഗത്ത് സാമ്പത്തിക താല്‍പര്യമൊന്നു മാത്രം പ്രചോദനമായി, രാജ്യത്തിന്റെ മണ്ണും വിണ്ണും കടലും കാടും പൌരജീവിതം തന്നെയും നശിപ്പിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന ഭരണകൂടമാകട്ടെ യഥാര്‍ഥ ദേശസ്നേഹികളായി മാറുന്നു. അവരോട് വിയോജിക്കുന്നത് മഹാ അപരാധവുമായി തീരുന്നു.
മനുഷ്യരുടെ നിലനില്‍പും പിറക്കാനിരിക്കുന്നവരുടെ ജീവനും സംരക്ഷിക്കാന്‍വേണ്ടി നടത്തുന്ന പരിശ്രമങ്ങളും പോരാട്ടങ്ങളും ദേശവിരുദ്ധമാണെങ്കില്‍ അത്തരം ദേശദ്രോഹ പ്രവര്‍ത്തനം നടത്താന്‍ നാം ആയിരം വട്ടം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ഞാനീ അവസരം ഉപയോഗപ്പെടുത്തുകയാണ്. ജനങ്ങളുടെ അതീജീവന സമരങ്ങളെ നേരിടാന്‍ സാധാരണഗതിയില്‍ ഭരണകൂടം പ്രയോഗിക്കാറുള്ളത് മത തീവ്രവാദം, മാവോയിസം, വിദേശഫണ്ടിംഗ് തുടങ്ങിയ ആക്ഷേപ പ്രയോഗങ്ങളാണ്. നിങ്ങള്‍ മത തീവ്രവാദത്തിന്റെയും മാവോയിസത്തിന്റെയും ആക്ഷേപത്തില്‍ നിന്ന് എന്തുകൊണ്ടോ രക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്ന് കോടികള്‍ ഒഴുകിയെത്തുന്ന സാമ്പത്തിക താല്‍പര്യമൊന്നു മാത്രമാണ് ഈ സമരത്തിന്റെ പ്രചോദനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാരണം, നിങ്ങളുടെ നേതാവ് ഉദയകുമാര്‍ വിദേശത്ത് പഠിച്ചതിന്റെയും ജോലി ചെയ്തതിന്റെയും അനുഭവമുണ്ടത്രെ. അങ്ങനെയെങ്കില്‍ ബഹുമാന്യനായ നമ്മുടെ പ്രധാന മന്ത്രിയെ കുറിച്ചും സോണിയാ ഗാന്ധിയെ കുറിച്ചും നാം ചില പുനരാലോചനകള്‍ നടത്തേണ്ടി വരും.
കൂടങ്കുളം സമരം യഥാര്‍ഥത്തില്‍ നിങ്ങളുടെ മാത്രം സമരമല്ല. ആണവ നിലയമുയര്‍ത്തുന്ന പ്രശ്നം ഈ പ്രദേശത്തിന്റെ മാത്രം പ്രശ്നവുമല്ല. ഈ പ്രദേശത്തിന്ന് നിന്ന് 700 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ നിങ്ങളുടെ തലസ്ഥാനമായ ചെന്നൈയിലെത്തുകയുള്ളൂ. അതേസമയം കേരളത്തിന്റെ തലസ്ഥാനത്തെത്താന്‍ ഇവിടെ നിന്നും 70 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അഥവാ ഇത് ഏതളവില്‍ തമിഴ്നാടിന്റെ ഭീഷണിയാണോ അതിനേക്കാളേറെ കേരള ജനതയുടെ കൂടി ഭീഷണിയാണ്. സര്‍വോപരി ഈ രാജ്യത്തിനും ലോകത്തിനും തന്നെ ഭീഷണിയാണ്. അന്തരീക്ഷം മാത്രമല്ല, കടലും അതിനുള്ളിലെ വലിയ സമ്പത്തും ആണവനിലയം നശിപ്പിക്കും. അനേകായിരങ്ങളുടെ ജീവിതഗതി മുട്ടിക്കുക മാത്രമല്ല കൊടിയ ദുരിതങ്ങള്‍ വാരിവിതറുകയും ചെയ്യും. അതുകൊണ്ട് ഈ സമരം വിജയിക്കുക എന്നത് കേരളത്തിന്റെ കൂടി ആവശ്യമാണ്.
ഈ രാജ്യത്തോടും അതിലെ മനുഷ്യരോടും ഗുണകാംക്ഷയുള്ള യുവജനങ്ങളുടെ കൂട്ടായ്മയാണ് സോളിഡാരിറ്റി. അത് കേരളത്തിലെ ഏറ്റവും സജീവമായ യുവജന പ്രസ്ഥാനമാണ്. ഭരണകൂടത്തിന്റെ വികസന ഭീകരവാദത്തിന്റെ ഇരകളാകുന്ന നിസ്സഹായര്‍ക്ക് കരുത്തും ശബ്ദവും നല്‍കുകയെന്നത് വലിയൊരു നൈതിക പ്രവര്‍ത്തനമാണെന്ന് വിശ്വസിക്കുന്നവരാണവര്‍. പരസഹായത്തിന്റെ ഈ വഴിയില്‍ ജാതിയോ മതമോ ആശയമോ ആദര്‍ശമോ ദേശമോ ഭാഷയോ ഒന്നും പരിഗണിക്കരുതെന്ന നിഷ്കര്‍ഷയും അതിനുണ്ട്. പീഡിതരായ മനുഷ്യര്‍ എന്നതാണ് നമ്മെ ഒന്നാക്കുന്ന കണ്ണി. കേരളത്തിലെ ജനങ്ങളില്‍ നിന്നും ശേഖരിച്ച വിഭവങ്ങള്‍ നിങ്ങളെ ഏല്‍പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത്. ഇതൊരുവേള ചെറിയൊരു സഹായമായിരിക്കാം. പക്ഷേ, വലിയൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണിതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. തെരുവിലൂടെ നടന്നും കതകുകള്‍ മുട്ടിത്തുറന്നും ഈ ചെറുപ്പക്കാര്‍ നിങ്ങള്‍ക്കുവേണ്ടി വിഭവം ശേഖരിക്കുക വഴി ഈ സമരത്തോട് കേരള ജനതക്കുള്ള ആത്മാര്‍ഥമായ ഐക്യദാര്‍ഢ്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ഫലത്തില്‍ ചെയ്തത്.
ആത്യന്തിക വിജയമെന്നും മര്‍ദിതര്‍ക്കാണെന്നാണ് ചരിത്രം പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം. ജനവിരുദ്ധ ശക്തികളും അവരുടെ അനീതികളുമാണ് കാലപ്രവാഹത്തിന്റെ ആഴങ്ങളില്‍ എന്നും മുങ്ങി താഴ്ന്നു പോയത്. വിജയം നിങ്ങള്‍ക്കുതന്നെയാണ്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കുമെന്റെ ഐക്യദാര്‍ഢ്യത്തിന്റെ അഭിവാദ്യങ്ങള്‍ നേരുന്നു.
തയാറാക്കിയത്: ടി. ശാക്കിര്‍
Comments