Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

കലര്‍പ്പില്ലാത്ത ലജ്ജാബോധം

ശൈഖ് മുഹമ്മദ് കാരകുന്ന്

സമൂഹത്തില്‍ കള്ളന്മാരായി അറിയപ്പെടുന്നവര്‍ പോലും ജനം നോക്കിനില്‍ക്കെ കക്കുകയില്ല. പിടികൂടപ്പെടുമെന്ന പേടി മാത്രമല്ല കാരണം. ലജ്ജാബോധം കൂടിയാണ്. അല്‍പമെങ്കിലും മാന്യതയുള്ള ആരും പരസ്യമായി ഇണചേരുകയില്ല. കാമകേളികളിലേര്‍പ്പെടുകയില്ല. കാരണം ലജ്ജ തന്നെ. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ലജ്ജ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അത് കുറയുന്നതിനനുസരിച്ച് കുറ്റവാസന കൂടുന്നു. ലജ്ജ കൂടുന്നതിനനുസരിച്ച് കുറ്റവാസന കുറയുകയും ചെയ്യുന്നു. ലജ്ജ ഒട്ടുമില്ലാതാവുന്നതോടെ മനുഷ്യന്‍ മൃഗത്തെപോലെയായി മാറുന്നു. നന്മ-തിന്മ വിചാരമില്ലാതാവുന്നു. ഏതു ഹീനവൃത്തി ചെയ്യാനും മടിയില്ലാത്തവനും. അതിനാലാണ് പ്രവാചകന്‍ ഇങ്ങനെ പറഞ്ഞത്: "പൂര്‍വ പ്രവാചകവചനങ്ങളില്‍നിന്ന് ജനം പഠിച്ചിട്ടുണ്ട്: ലജ്ജയില്ലെങ്കില്‍ തോന്നിയതൊക്കെ ചെയ്യുക'' (ബുഖാരി).
ലജ്ജ നഷ്ടപ്പെടുന്നതോടെ മനുഷ്യന്‍ നശിക്കുമെന്ന് നബി തിരുമേനി അരുള്‍ചെയ്യാനുള്ള കാരണം അതു തന്നെ. അവിടുന്ന് പറയുന്നു: "അല്ലാഹു ഒരാളെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അയാളിലെ ലജ്ജാബോധം ഇല്ലാതാക്കുന്നു.'' (ഇബ്നുമാജ). "ലജ്ജാബോധം ഇല്ലാതാകുന്നതോടെ അയാള്‍ നിന്ദിതനും വെറുക്കപ്പെട്ടവനുമാകുന്നു. അതോടെ അയാളില്‍ നിന്ന് വിശ്വസ്തതയും അപ്രത്യക്ഷമാകുന്നു.'' (ബുഖാരി, മുസ്ലിം).
ലജ്ജ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ജന്മ സിദ്ധമാണ്. അല്‍പമെങ്കിലും അതില്ലാത്ത ആരുമുണ്ടാവില്ല. നഗ്നത മറയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ലജ്ജാബോധമാണല്ലോ. അത് വര്‍ധിക്കുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളോടുള്ള വെറുപ്പും വര്‍ധിക്കുന്നു. സ്വയം തെറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോടൊപ്പം തെറ്റുകള്‍ കാണുന്നതും അലോസരകാരണമായിത്തീരുന്നു. പ്രവാചകന്റെ പ്രകൃതത്തെപ്പറ്റി അബൂസഈദില്‍ ഖുദ്രി പറയുന്നു: "നബി തിരുമേനി മൂടുപടമിട്ട കന്യകയെപോലെ ലജ്ജയുള്ളവനായിരുന്നു. വെറുപ്പുണ്ടാക്കുന്ന വല്ലതും കണ്ടാല്‍ ഞങ്ങള്‍ക്കത് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് മനസ്സിലാകുമായിരുന്നു.''
നബിതിരുമേനി ലജ്ജാബോധത്തിന് വമ്പിച്ച പ്രാധാന്യം കല്‍പിച്ചിരുന്നു. മറ്റുള്ളവരുടെ ലജ്ജാ ശീലത്തിന് വലിയ പരിഗണന നല്‍കുകയും ചെയ്തിരുന്നു. പ്രവാചകന്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. വസ്ത്രം തുടയില്‍ നിന്ന് അല്‍പം നീങ്ങിയിരുന്നു. അപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് പ്രവേശനാനുമതി തേടി അകത്ത് വന്നു. പിന്നീട് ഉമറുല്‍ ഫാറൂഖും പ്രവേശിച്ചു. അല്‍പം കഴിഞ്ഞ് ഉസ്മാനുബ്നുഅഫ്ഫാനും വന്നു. അദ്ദേഹം പ്രവേശനാനുമതി ചോദിച്ചപ്പോള്‍ പ്രവാചകന്‍ പെട്ടെന്ന് വസ്ത്രം ശരിപ്പെടുത്തി. എല്ലാവരും പിരിഞ്ഞു പോയപ്പോള്‍ ഹസ്രത്ത് ആഇശ ചോദിച്ചു: "ദൈവദൂതരേ, അബൂബക്റും ഉമറും പ്രവേശനാനുമതി ചോദിച്ചപ്പോള്‍ താങ്കള്‍ ഉടനെ അനുമതി നല്‍കി. എന്നാല്‍ ഉസ്മാന്‍ വന്നപ്പോള്‍ വസ്ത്രം ശരിപ്പെടുത്തു
കയാണ് ആദ്യം ചെയ്തത്. അബൂബക്റിനെക്കാളും ഉമറിനെക്കാളും അദ്ദേഹത്തെ ഭയപ്പെടാന്‍ കാരണം?''
പ്രവാചകന്‍ പ്രതിവചിച്ചു: "ഉസ്മാന്‍ വളരെ ലജ്ജാശീലനാണ്. ഞാനെന്റെ വസ്ത്രം ശരിയാക്കി
യില്ലെങ്കില്‍ വന്ന ആവശ്യം അറിയിക്കാതെ അദ്ദേഹം സ്ഥലം വിടുമായിരുന്നു. മലക്കുകള്‍ ലജ്ജിക്കുന്നവന്റെ കാര്യത്തില്‍ ഞാനും ലജ്ജിക്കേണ്ടേ?''
ലജ്ജ നന്മയുടെ ഉറവിടവും വിശ്വാസത്തിന്റെ അനിവാര്യതയുമാണ്.
പ്രവാചകന്‍ പറയുന്നു: "ലജ്ജ നന്മയല്ലാതെ വരുത്തുകയില്ല.'' "ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ്.'' "എല്ലാ മതത്തിനും ഒരു സ്വഭാവമുണ്ട്. ഇസ്ലാമിന്റ സ്വഭാവം ലജ്ജയാണ്.''
നബി തിരുമേനി അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നു പോയി. അയാള്‍ തന്റെ സഹോദരനെ ലജ്ജയുടെ കാര്യത്തില്‍ ഉപദേശിക്കുകയായിരുന്നു. അപ്പോള്‍ നബിതിരുമേനി പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെ വിട്ടേക്കൂ. തീര്‍ച്ചയായും ലജ്ജ സത്യവിശ്വാസത്തിന്റെ ശാഖയാണ്.''
വിശ്വാസവും ലജ്ജയും പരസ്പര ബന്ധിതമാണ്. ഒന്ന് കൂടിയാല്‍ മറ്റേതു വര്‍ധിക്കും. കുറഞ്ഞാലും അവ്വിധം തന്നെ. നബി തിരുമേനി അരുള്‍ ചെയ്യുന്നു: "ലജ്ജയും വിശ്വാസവും സഹസഞ്ചാരികളാണ്. ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും ഇല്ലാതാകും.''
ലജ്ജ മനുഷ്യനെ അറിവും കഴിവും നേടാന്‍ പ്രേരിപ്പിക്കുന്നു. തന്റെ അജ്ഞതയും കഴിവുകേടും വെളിവാകുന്നത് ഏതൊരാളെയും ലജ്ജിതനാക്കുന്നു. അതൊഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നു. സ്വന്തം ദൌര്‍ബല്യവും വിവരക്കേടും മറ്റാരുമറിഞ്ഞില്ലെങ്കില്‍ പോലും മനുഷ്യരില്‍ ലജ്ജാബോധമുണര്‍ത്തുന്നു. ഖാബീല്‍ തന്റെ അജ്ഞതയില്‍ ലജ്ജിതനായ കാര്യം ഖുര്‍ആന്‍ വിശദീകരിക്കുന്നു: "അയാള്‍ തന്റെ സഹോദരനെ കൊന്നു. അങ്ങനെ അയാള്‍ നഷ്ടം സംഭവിച്ചവരിലുള്‍പ്പെട്ടു. പിന്നീട് അയാള്‍ക്ക് തന്റെ സഹോദരന്റെ മൃതശരീരം മറവു ചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില്‍ ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതു കണ്ട് അയാള്‍ വിലപിച്ചു: കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ. അങ്ങനെ അയാള്‍ കൊടും ഖേദത്തിലകപ്പെട്ടു.''
ഇവ്വിധം ലജ്ജിതരാവാതിരിക്കാന്‍ മാന്യന്മാരെല്ലാം ശ്രമിക്കുന്നു. അതിനാല്‍ ലജ്ജാബോധം വിജ്ഞാന സമ്പാദനത്തിനും കഴിവും കരുത്തും നേടാനും മനുഷ്യന് പ്രചോദനമാകുന്നു.
ചീത്ത സംസാരം, മോശം പെരുമാറ്റം, ഹീന വൃത്തികള്‍, മ്ളേച്ഛമായ കാര്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ലജ്ജ മനുഷ്യനെ കാത്തുരക്ഷിക്കുന്നു. അതിനാലാണ് നബി തിരുമേനി അശ്ളീല വര്‍ത്തമാനത്തെ ലജ്ജയുടെ വിപരീതമായി അവതരിപ്പിച്ചത്. അവിടുന്ന് അരുള്‍ ചെയ്യുന്നു: "ലജ്ജ വിശ്വാസമാണ്; വിശ്വാസം സ്വര്‍ഗത്തിലും. അശ്ളീല വര്‍ത്തമാനം അക്രമമാണ്; അക്രമം നരകത്തിലും.''
ലജ്ജയും മാന്യതയും അഭേദ്യമാംവിധം ബന്ധപ്പെട്ടു നില്‍ക്കുന്നു. മാന്യന്മാരെല്ലാം ലജ്ജയുള്ളവ
രായിരിക്കും. ലജ്ജ മാന്യതക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: "അശ്ളീലതയുള്ളത് അതിനാല്‍തന്നെ വഷളായിത്തീരുന്നു. ലജ്ജയുള്ളത് അക്കാരണത്താല്‍ തന്നെ അലംകൃതമായിത്തീരുന്നു.''
തനിച്ചാകുമ്പോഴും പൂര്‍ണ നഗ്നരാകാന്‍ ലജ്ജാബോധം മാന്യന്മാരെ അനുവദിക്കില്ല. അതു കൊണ്ടു തന്നെ കുളിമുറിയിലാകുമ്പോള്‍പോലും പുരുഷന്മാര്‍ അരയുടുപ്പ് ധരിക്കണമെന്ന് നബി തിരുമേനി നിര്‍ദേശിച്ചിരിക്കുന്നു.
"ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അരക്കച്ച ധരിക്കാതെ കുളിമുറിയില്‍ പ്രവേശിക്കരുത്. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബിനിയെ പൊതുകുളിപ്പുരയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുമരുത്.''
പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ ലജ്ജാശീലരായിരിക്കും. ആവേണ്ടതുമുണ്ട്. ലജ്ജ സ്ത്രൈണതയുടെ മികച്ച അടയാളമായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അതിനെ സദ്ഗുണമായി എടുത്ത് കാണിച്ചിട്ടുണ്ട്. സ്വദേശം വെടിഞ്ഞ് മദ്യനിലെത്തിയ മൂസാ നബി ആടുകള്‍ക്ക് വെള്ളം കുടിപ്പിക്കുക വഴി സഹായിച്ച സ്ത്രീകളിലൊരുവള്‍ പിതാവിന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹത്തെ വിളിക്കാന്‍ വന്നത് പരാമര്‍ശിക്കവെ, ലജ്ജാവതിയായിരുന്നു അവളെന്ന് പ്രത്യേകം എടുത്തു കാണിക്കുന്നു.
"അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്.''
മതനിരാസത്തിന്റെ മുദ്രയണിഞ്ഞ ആധുനിക ഭൌതികത മനുഷ്യന്റെ ലജ്ജാശീലത്തെ നശിപ്പിക്കാന്‍ ആവുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. പത്രങ്ങള്‍, വാരികകള്‍, മാസികകള്‍, സിനിമകള്‍, നാടകങ്ങള്‍, ചാനലുകള്‍, ഇന്റര്‍നെറ്റുകള്‍ തുടങ്ങി ലഭ്യമായ സകല മാധ്യമങ്ങളിലൂടെയും സ്ത്രീ-പുരുഷ നഗ്നത പരമാവധി പ്രദര്‍ശിപ്പിക്കുന്നു. സ്ത്രീകളെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവുംവിധം പ്രേരിപ്പിക്കുന്നു. കാമക്കണ്ണുള്ള വഷളന്മാര്‍ സ്ത്രീകളുടെ വസ്ത്രം കഴിയാവുന്നത്ര കുറക്കാനും ഇറുകിയവയാക്കാനും പ്രചാരണങ്ങള്‍ നടത്തുന്നു. മറ്റുള്ളവര്‍ തങ്ങളുടെ നഗ്നതയും ശരീരത്തിലെ നിമ്നോന്നതങ്ങളും നോക്കി ആസ്വദിക്കുന്നത് മഹത്തായ കാര്യമാണെന്ന പതിതബോധം സ്ത്രീകളില്‍ വളര്‍ത്തുന്നു. അത് സ്വയം ആസ്വദിക്കുന്ന മാനസികാവസ്ഥ അവരില്‍ സൃഷ്ടിക്കുന്നു.
മാധ്യമങ്ങളിലൂടെ ഇണചേരലുകളുള്‍പ്പെടെയുള്ള സ്ത്രീ-പുരുഷ ബന്ധത്തിന്റെ എല്ലാം പ്രദര്‍ശിപ്പിക്കുന്നു. ഇതൊക്കെയും ഒരുമിച്ചിരുന്ന് കാണുന്ന കുടുംബങ്ങളില്‍ ബെഡ്റൂമുകള്‍ക്ക് വാതില്‍ ആവശ്യമില്ലാത്ത വിധം നിര്‍ലജ്ജത വളരുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാലയ അന്തരീക്ഷവും ലജ്ജാശീലം നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയും ഒന്നിച്ചിരുത്തി പ്രൊജക്ട് ചെയ്യിപ്പിച്ചും ടൂറുകള്‍ സംഘടിപ്പിച്ചും കലോത്സവങ്ങള്‍ നടത്തിയും മറ്റു മാര്‍ഗേണയും വിദ്യാര്‍ഥികളെ നിര്‍ലജ്ജരാക്കാന്‍ വളരെ വ്യവസ്ഥാപിത
മായും വ്യാപകമായും ശ്രമങ്ങള്‍ നടക്കുന്നു.
ഇങ്ങനെ ആധുനിക ഭൌതികസംസ്കാരം ലജ്ജാബോധത്തെ നശിപ്പിച്ചതിനാലാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നത്. മൂന്നും അഞ്ചും വയസ്സുള്ള കൊച്ചു കുട്ടികള്‍ പോലും ബലാത്സംഗത്തിനിരയാകാനും സ്ത്രീകള്‍ വീടുകളില്‍ വെച്ച് സ്വന്തക്കാരാല്‍പോലും അക്രമിക്കപ്പെടാനും സ്ത്രീപീഡനം നിത്യസംഭവമാകാനുമുള്ള കാരണവും അതു തന്നെ.
അതിനാല്‍ ലജ്ജാബോധം നഷ്ടപ്പെടാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. അതില്ലാതാകുന്ന എല്ലാറ്റില്‍ നിന്നും വിട്ടുനിന്നാലേ ഇത് സാധ്യമാവുകയുള്ളൂ. വരും തലമുറയില്‍ ലജ്ജാശീലം വളര്‍ത്താനും രക്ഷിതാക്കള്‍ കണിശത പുലര്‍ത്തേണ്ടതുണ്ട്.
ലജ്ജയില്ലാത്തവര്‍ക്ക് വിശ്വാസിയാകാന്‍ സാധ്യമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം