നവോത്ഥാനത്തിന്റെ ദാര്‍ശനിക പ്രതലം
നവോത്ഥാനമെന്നത് ആകര്‍ഷകമായ ബഹുനില കെട്ടിടങ്ങളോ ചുറ്റുമതിലുകളോ സൃഷ്ടിക്കലല്ല. അവ അതിന് ഉപയുക്തമാക്കാവുന്ന ഇടങ്ങളാണെന്നേ പറയാന്‍ പറ്റുകയുള്ളൂ. ആള്‍ദൈവങ്ങള്‍ക്കും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പേരിലും എത്രയെത്ര കെട്ടിടങ്ങളുണ്ട്! അവിടങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുമുണ്ട്. എന്നുവെച്ച് അവ നവോത്ഥാനത്തിന്റെ കേന്ദ്രങ്ങളാണെന്ന് പറയാന്‍ വയ്യ. പിന്നെ എന്താണ് നവോത്ഥാനം?
നവോത്ഥാനം മാനസികമായ ഒരുതരം ദാഹമാണ്. ഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട്, അവയുടെ ഒരടയാളവും ദൃശ്യമല്ലാത്ത സമൂഹത്തെ അതിനു പ്രാപ്തരാക്കാനുള്ള ദാഹം. കൂരിരുട്ടില്‍ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചു വെക്കാനുള്ള ത്വര. അത് ചെയ്യുമ്പോഴേ ആ ദാഹം, ത്വര അടങ്ങുകയുള്ളൂ.
ഇസ്ലാമിക സമൂഹമെന്നത് നിരക്ഷരനിലൂടെ സാക്ഷരരായ ഒരു ജനാവലിയാണ്. ഇത് ആദ്യനൂറ്റാണ്ടുകളുടെ അവസ്ഥയാണ്. അറിവുകൊണ്ടേ അഭ്യുദയമുണ്ടാവുകയുള്ളൂ എന്നവര്‍ തെളിയിച്ചു. മതവിജ്ഞാനത്തോടൊപ്പം വിവിധ ഭൌതിക വിജ്ഞാനങ്ങളിലും അവര്‍ മികവു തെളിയിച്ചു. പക്ഷേ, കാലം പിന്നിട്ടപ്പോള്‍ മുസ്ലിം സമൂഹം ഭൌതിക വിദ്യാഭ്യാസ മേഖലയില്‍ മുന്നേറിയില്ലെന്നു മാത്രമല്ല, വളരെയധികം പിറകോട്ടു പോവുകയും ചെയ്തു. ഈ ജഡത്വവും മുകളില്‍ പറഞ്ഞ ഗുണപരമായ മാറ്റത്തിനു വേണ്ടിയുള്ള ദാഹവും തമ്മിലുള്ള മാനസിക സംഘട്ടനമാണ് നവോത്ഥാനത്തിന്റെ ദാര്‍ശനിക പ്രതലം.
കേരളത്തില്‍ ഏഴു പതിറ്റാണ്ടു മുമ്പ് ഈ ജഡത്വമായിരുന്നു മുസ്ലിംകള്‍ക്കുണ്ടായിരുന്നത് എന്നത് ഒരു പുതിയ അറിവല്ല. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയായിരുന്നില്ല എന്നത് ചിലര്‍ക്കെങ്കിലും പുതിയ അറിവായിരിക്കും. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ തന്റെ ആത്മകഥയില്‍ ഭൌതിക വിദ്യാഭ്യാസത്തെക്കുറിച്ച് അന്നത്തെ പണ്ഡിതന്മാരുടെ കാഴ്ചപ്പാട് വിവരിക്കുന്നു: മേ അപ്നേകോ നസീബ് വാലാ മാന്‍താഹും കി മാം ബാപ്നെ മുഝേ സ്കൂള്‍ ഭേജാ. തബ് മുല്ലാ ലോഗ് കഹാ കര്‍തേഥേ കി ദുനിയാകീ യെ താലീം കുഫ്ര്‍ ഹേ (മാതാപിതാക്കള്‍ എന്നെ സ്കൂളില്‍ അയച്ചതിന്റെ പേരില്‍ ഞാന്‍ എന്നെ ഭാഗ്യവാനായി കരുതുന്നു. അപ്പോള്‍ മുല്ലമാര്‍ പറയുമായിരുന്നു ദുനിയാവിലെ ഈ വിദ്യാഭ്യാസം ദൈവനിഷേധമാണെന്ന്). ഏകദേശം ഇതേ ചിന്താഗതിയായിരുന്നു ഏഴു പതിറ്റാണ്ട് മുമ്പ് കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ടായിരുന്നത്. മാറ്റം ഈ രംഗത്താണ് ആദ്യമായി നടക്കേണ്ടത് എന്നും അതു സാധ്യമായാല്‍ മറ്റു പല രംഗങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മനസ്സിലാക്കിയവരായിരുന്നു ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കള്‍. കെ.എന്‍.എമ്മിന്റെ ഇന്നത്തെ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൌലവിയെ, സ്ത്രീകള്‍ക്ക് കൈയെഴുത്ത് പഠിക്കുന്നതിന് ഇസ്ലാമില്‍ വിലക്കില്ല എന്ന വിഷയം പ്രസംഗിക്കാന്‍ പൊന്നാനിയിലെ ചിലര്‍ ക്ഷണിച്ചുകൊണ്ടുപോയി എന്നു വരുമ്പോള്‍ മാറ്റം അടുത്തകാലത്താണ് സംഭവിച്ചത് എന്നു മനസ്സിലാക്കാം.
അന്നത്തെ അന്ധവിശ്വാസം ആത്മഹത്യാപരമായിരുന്നു എന്നു പറയാം. ഈ കുറിപ്പുകാരന്‍ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് (1955) വസൂരി പടര്‍ന്നു പിടിച്ചപ്പോള്‍ ജാറത്തിലെ കൊടിയെടുത്ത് ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുകളിലും കുരിപ്പ് ചെകുത്താനെ ഓടിക്കാന്‍ ദഫ്മുട്ടി പര്യടനം നടത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ കിട്ടാതെ പലരും മരിച്ചുപോയി. എന്റെ അമ്മായിയുടെ മരുമകള്‍ ആരോഗ്യവതിയും സുമുഖിയുമായ ആഇശയുടെ മരണത്തിന് അന്ധവിശ്വാസത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റുണ്ട്. വേദനയും നിലക്കാത്ത രക്തപ്രവാഹവും വന്നപ്പോള്‍ മന്ത്രിച്ച് നൂലു കെട്ടുകയും നഫീസത്ത് മാല പാടാന്‍ തുടങ്ങുകയും ചെയ്തു. മാല പാടിത്തീര്‍ന്നപ്പോഴേക്കും രോഗി മരിച്ചു. ഞാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഈ സംഭവം. വളരെക്കുറഞ്ഞ കാലമായിട്ടേയുള്ളൂ ഗ്രാമങ്ങളില്‍ നവോത്ഥാനത്തിന്റെ വെളിച്ചമെത്തിയിട്ട് എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്. രോഗം വന്നാല്‍ മന്ത്രിച്ച നൂലും വെള്ളവുമല്ല മരുന്നാണ് വേണ്ടത് എന്നു പറഞ്ഞുകൊടുക്കാന്‍ അന്ന് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ആദര്‍ശത്തെ അവര്‍ കര്‍മങ്ങളാക്കി. ഇന്ന് കേരളത്തില്‍ മുസ്ലിം വനിതാ ഡോക്ടര്‍മാര്‍ നിരവധിയുണ്ട്. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോച്ചിംഗ് സെന്ററുകളിലേക്ക് മുസ്ലിം പെണ്‍കുട്ടികള്‍ കുതിക്കുകയാണ്. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ഇനി ഒരു നവോത്ഥാന ശ്രമം ആവശ്യമില്ലാത്തവിധം വിദ്യാഭ്യാസ രംഗത്ത് മുസ്ലിംകള്‍ മാറിക്കഴിഞ്ഞു.
ജനങ്ങളോടൊപ്പം നില്‍ക്കുക എന്ന പണ്ഡിത നിലപാടുകളോട് സമരം ചെയ്ത് ജനങ്ങളെ പ്രമാണങ്ങളിലേക്ക് കൊണ്ടുവരിക എന്നതാണ് മുജാഹിദ് നേതൃത്വം കേരളത്തിലുണ്ടാക്കിയ മറ്റൊരു മാറ്റം. വിദ്യാഭ്യാസ വിഷയത്തില്‍ സംഭവിച്ചപോലെ പൂര്‍ണ വിജയം ഇക്കാര്യത്തിലുണ്ടായിട്ടില്ല. ചില കര്‍മങ്ങളിലേ ആ മാറ്റമുണ്ടായിട്ടുള്ളൂ. അതിലൊന്നാണ് മഹ്ര്‍ സ്ത്രീയുടെ അവകാശമാണെന്നും അത് വിവാഹദിനത്തില്‍ തന്നെ നല്‍കണമെന്നുമുള്ള ബോധം സൃഷ്ടിച്ചത്. ഇന്ന് തര്‍ക്കമില്ലാതെ എല്ലാവരും അത് സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.
മരിച്ചവരുടെ കടം മയ്യിത്തു മറവു ചെയ്യുന്നതിന് മുമ്പായി ബന്ധുക്കള്‍ ഏറ്റെടുക്കണമെന്നാണ് പ്രവാചക നിര്‍ദേശം. അതും പ്രസ്ഥാനം അതിന്റെ ആവിര്‍ഭാവ കാലത്തുതന്നെ പ്രവര്‍ത്തിച്ചുകാണിച്ചു കൊടുത്തു. അതും എതിര്‍പ്പില്ലാതെ സ്വീകരിക്കപ്പെട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ടത്
മുസ്ലിംകള്‍ പൊതുധാരയില്‍നിന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്നു. ആ സ്ഥിതിയില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഒരു നൂറ്റാണ്ടുകാലത്തെ അവസ്ഥാ പഠനത്തില്‍നിന്ന് മനസ്സിലാവുക. പാര്‍ശ്വവത്കരിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ബ്രിട്ടീഷുകാരാണെന്ന് പലരും പറയാറുണ്ടെങ്കിലും അതില്‍ സത്യത്തിന്റെ ചെറിയ അംശമേയുള്ളൂ. മുസ്ലിംകള്‍ പിന്നാക്കമാകാനുള്ള പ്രധാന കാരണം മുസ്ലിംകളുടെ തന്നെ മനസ്ഥിതിയാണ്. മനസ്ഥിതി മാറ്റത്തിലൂന്നിക്കൊണ്ടാണ് മുസ്ലിം നവോത്ഥാന പ്രക്രിയ മുന്നോട്ടു നീങ്ങിയത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരന്റെ നയം എന്നറിയാവുന്ന മുസ്ലിംകള്‍ ബ്രിട്ടീഷുകാരന്റെ തിരോധാനത്തോടെ പൊതുധാരയിലേക്കെത്താന്‍ ശ്രമിക്കേണ്ടവരായിരുന്നു. സംവരണ തസ്തികകള്‍ സൃഷ്ടിച്ചതു കൊണ്ടു മാത്രം മുസ്ലിംകള്‍ അവിടെയെത്തിപ്പെടുകയില്ല. അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ കൈവരിക്കണം. ഇത് മനസ്സിലാക്കിക്കൊണ്ട് മുസ്ലിം നവോത്ഥാനം നാലു സമീപനങ്ങളാണ് സ്വീകരിച്ചത്.
1. ഏകദൈവ വിശ്വാസം ഉള്‍ക്കൊണ്ട സമൂഹത്തിനേ ശരിയായ പ്രതാപമുണ്ടാവുകയുള്ളൂ എന്ന ബോധം വളര്‍ത്തുക.
2. പ്രമാണബദ്ധമായ മതവിദ്യാഭ്യാസം നല്‍കുക.
3. മതവിദ്യാഭ്യാസം ഭൌതിക വിദ്യാഭ്യാസത്തിന് ഒരിക്കലും തടസ്സമാകില്ലെന്ന് ബോധ്യപ്പെടുത്തി അത്തരം സ്ഥാപനങ്ങള്‍ പ്രസ്ഥാനം തന്നെ സ്ഥാപിക്കുക. അതുവഴി സര്‍ക്കാര്‍ സര്‍വീസിലേക്ക് ജനങ്ങള്‍ക്ക് വഴിതുറന്നു കൊടുക്കുക.
4. ദാരിദ്യ്ര നിര്‍മാര്‍ജനത്തിന് ഇസ്ലാം മുന്നോട്ടുവെച്ച സകാത്ത് സംവിധാനം പ്രവാചക ചര്യക്കനുസരിച്ച് മാറ്റിയെടുക്കുകയും അതുവഴി സകാത്ത് ഒരു യാചന പരിപാടിയല്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക.
ജനങ്ങള്‍ നിലകൊള്ളുന്നത് സകാത്ത് സംവിധാനം ഈ രീതിയിലായിരിക്കണമെന്നിടത്താണ്. കാരണം, അതിന്റെ നേട്ടം അവര്‍ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, യാഥാസ്ഥിതിക പണ്ഡിത നേതൃത്വം അതിനെ ശക്തിയായി എതിര്‍ക്കുകയാണ്. ഭൌതിക വിദ്യാഭ്യാസത്തിലും ചികിത്സയിലും ജനങ്ങള്‍ ആശാവഹമായ രീതിയില്‍ മാറിയെങ്കിലും ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിലുള്ള മാറ്റം മന്ദഗതിയിലേ നടക്കുന്നുള്ളൂ. അങ്ങനേ നടക്കുകയുമുള്ളൂ. കാരണം, പ്രവാചകന്മാരുടെ ചരിത്രം അതിന്റെ തെളിവാണ്. ഏകദൈവവിശ്വാസികള്‍ ഏതു പ്രവാചകന്റെ കാലത്തും ന്യൂനപക്ഷമായിരുന്നു.
കേരളത്തിലെ വനിതാ പ്രസിദ്ധീകരണക്കാരെല്ലാം മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ അക്ഷരാഭ്യാസം പഠിക്കാന്‍ പാടില്ലെന്ന സമസ്തയുടെ പ്രമേയത്തെ നവോത്ഥാന പ്രസ്ഥാനം എതിര്‍ത്തു തോല്‍പിച്ചിരുന്നില്ലെങ്കില്‍ മുസ്ലിം വീടുകളില്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ എത്തുമായിരുന്നില്ല. നവോത്ഥാനമെന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ അവക്കകത്തിരിക്കുന്ന വിദ്യാര്‍ഥികളോ അല്ലെന്ന് ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞത്, അവിടേക്ക് അവരെയെത്തിക്കാനുള്ള ഗുണകാംക്ഷകളുടെ നിശ്ചയദാര്‍ഢ്യമാണ് നവോത്ഥാന സംരംഭങ്ങളില്‍ ആദ്യമായി പരിഗണിക്കപ്പെടേണ്ടത് എന്ന് സൂചിപ്പിക്കാനാണ്.
നവോത്ഥാന പ്രവര്‍ത്തനങ്ങളെല്ലാം സമൂഹത്തിന്റെ നന്മയെ കുറിച്ചുള്ള സ്വപ്നങ്ങളില്‍ നിന്നാണ് രൂപപ്പെടുന്നത്. എന്റെ സമൂഹം വളരണം, അതുവഴി എന്റെ മതത്തിനും രാഷ്ട്രത്തിനും നേട്ടമുണ്ടാകണം, എല്ലാറ്റിലുമുപരി ഭൌതികജീവിതത്തിലുള്ള ഏതനുഗ്രഹവും പാരത്രിക ജീവിതത്തില്‍ നേട്ടം കൈവരിക്കത്തക്ക തരത്തില്‍ അവര്‍ പ്രയോജനപ്പെടുത്തണം എന്നാണ് ഓരോ നവോത്ഥാന ചിന്തകനും അഭിലഷിക്കുക. അത് സഫലീകൃതമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ നിന്നുയരുന്ന ഭീഷണിയും മര്‍ദനവും അവരെ പിന്തിരിപ്പിക്കുകയില്ല.
(വിചിന്തനം വാരികയുടെ എഡിറ്ററാണ് ലേഖകന്‍)
Comments