Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

സി. അബ്ദുര്‍റഹീം-ഖുര്‍ആന്‍ നെഞ്ചേറ്റിയ കര്‍മയോഗി

സി. അബ്ദുര്‍റഹീം
ഖുര്‍ആന്‍ നെഞ്ചേറ്റിയ കര്‍മയോഗി

'നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവനാണ്' എന്ന പ്രവാചകാധ്യാപനത്തിന് തന്റെ ജീവിതം കൊണ്ട് കര്‍മസാക്ഷ്യം തീര്‍ത്ത വ്യക്തിത്വമായിരുന്നു അല്ലാഹുവിങ്കലേക്ക് യാത്രയായ ചിറ്റടി അബ്ദുര്‍റഹീം സാഹിബ്.
ചേന്ദമംഗല്ലൂരിലെ ചിറ്റടി മുഹമ്മദിന്റെയും ആഇശയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ ബാല്യ കൌമാര ഘട്ടങ്ങള്‍ സന്തോഷം പകരുന്ന ഓര്‍മകളുണര്‍ത്തുന്നതായിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ മാതാവ് മരണപ്പെട്ടു. സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ പഠനം ചേന്ദമംഗല്ലൂരിലെ മദ്റസയിലും ഹൈസ്കൂളിലും ഒടുങ്ങി. ഉര്‍ദു അധ്യാപക പരീക്ഷക്ക് വേണ്ടിയുള്ള പഠനം അബ്ദുര്‍റഹീമിലെ വായനാ പ്രേമിയെ തട്ടിയുണര്‍ത്തി. പിന്നീട് ജോലി തേടി ഖത്തറിലെത്തിയപ്പോഴും ആ വായനാ ശീലത്തിന് പുഷ്ടിപ്പെടാന്‍ പറ്റിയ സാഹചര്യമാണ് കൈവന്നത്. ഖത്തറിലെ ശരീഅത്ത് കോടതിയില്‍ ജോലി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഓഫീസില്‍ താമസം. രണ്ടിടത്തും പുസ്തകങ്ങള്‍ കൂട്ടുകാരായി. നാട്ടില്‍നിന്ന് നേടിയ ഉര്‍ദു പരിജ്ഞാനം പല കൃതികളും മൂല ഭാഷയില്‍ തന്നെ വായിച്ചെടുക്കാന്‍ അബ്ദുര്‍റഹീമിനെ സഹായിച്ചു. അറബി പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും കിട്ടിയ അവസരങ്ങളൊന്നും റഹീം നഷ്ടപ്പെടുത്തിയില്ല. ദോഹയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രവര്‍ത്തകനായ അബ്ദുര്‍റഹീം അസോസിയേഷന്റെ മുന്‍നിര പണ്ഡിതന്മാരോടൊപ്പമിരിക്കാവുന്ന ഖുര്‍ആന്‍ പണ്ഡിതനും പ്രഭാഷകനുമായത് കുറഞ്ഞ കാലം കൊണ്ടായിരുന്നു. അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തോളം അദ്ദേഹം ഉയര്‍ന്നു.
ദോഹയിലെ 'ബോംബെ പള്ളി'യില്‍ അദ്ദേഹം നടത്തിയിരുന്ന ഖുര്‍ആന്‍ ക്ളാസ്സിലും ഫരീഖ് അബ്ദുല്‍ അസീസിലെ താമസ സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്ന അറബി-ഖുര്‍ആന്‍ പഠനക്ളാസ്സുകളിലും മലയാളി സാധാരണക്കാര്‍ താല്‍പര്യപൂര്‍വം പങ്കെടുത്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച അബ്ദുര്‍റഹീം വിശ്രമ ജീവിതത്തിനു പകരം തിരക്കേറിയ പ്രവര്‍ത്തന മേഖലയാണ് തെരഞ്ഞെടുത്തത്. ജുമുഅ ഖുത്വ്ബകളും ഖുര്‍ആന്‍ സ്റഡി സെന്ററുകളും അദ്ദേഹത്തിന് ആവേശം പകരുന്ന പ്രവര്‍ത്തന മേഖലകളായി. ചേന്ദമംഗല്ലൂര്‍, മൂഴിക്കല്‍, കാഞ്ഞങ്ങാട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്വീബായും ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, ഫറോക്ക് ഇര്‍ശാദിയ എന്നിവിടങ്ങളില്‍ അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഖുര്‍ആന്‍ സ്റഡി സെന്ററുകളുടെ സംസ്ഥാന സെക്രട്ടറിയായി നിയമിതനായപ്പോഴും ഹിറാ സെന്ററിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ജില്ലക്ക് പുറത്തും ഒട്ടേറെ സ്റഡി സെന്ററുകളില്‍ അദ്ദേഹം നേരിട്ടുതന്നെ ക്ളാസ്സുകള്‍ നടത്താന്‍ ഓടിയെത്തി. യാത്ര ചെയ്യാന്‍ രോഗാവസ്ഥ അനുവദിക്കാതെ വന്നപ്പോള്‍ പഠിതാക്കള്‍ അബ്ദുര്‍റഹീമിന്റെ വീട് പഠന കേന്ദ്രമാക്കി അങ്ങോട്ടു ചെന്നു.
എസ്.ഐ.ഒ ഏരിയ ഭാരവാഹിയായ സ്വാലിഹ് അടക്കം രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ ഇസ്ലാമിക ശിക്ഷണം നല്‍കി വളര്‍ത്താനും അദ്ദേഹത്തിനു സാധിച്ചു.
//മുഹമ്മദ്കുട്ടി ചേന്ദമംഗല്ലൂര്‍



ഇടക്കണ്ടി അബ്ദുല്ല ഹാജി
അന്യംനിന്നുപോകുന്ന കാര്‍ഷിക തനതുകളെയും ഞാറ്റുവേലകളെയും അഗാധമായി സ്നേഹിക്കുകയും ജീവിതാന്ത്യം വരെ ഭൂമിയില്‍ അല്ലാഹുവിന്റെ ഹരിത സൌഭാഗ്യം തേടി ചിത്രശലഭത്തെ പോലെ പാറിനടക്കുകയും ചെയ്ത ഒരാള്‍ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ പുരാവൃത്തമായി. ഇടക്കണ്ടി മൊയ്തീന്‍ മകന്‍ അബ്ദുല്ലാ ഹാജി. ഭൌതികായോധനത്തിനുള്ള സര്‍വസന്നാഹങ്ങളുമുണ്ടായിട്ടും കാര്‍ഷിക സമര്‍പ്പണത്തിന്റെ തകൃതിയില്‍ അയാള്‍ സമ്പൂര്‍ണ സംതൃപ്തികണ്ടു. തനതു കൃഷി അയാള്‍ക്ക് വിശ്വാസത്തിന്റെ പൂര്‍ണതയായിരുന്നു.
കാര്‍ഷിക തിരക്കുകള്‍ക്കിടയിലും തന്റെ ഹൃദയതാളത്തോട് കൊരുത്തു കെട്ടിയ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സര്‍വനിയോഗങ്ങളും ആത്മനാ ഏറ്റെടുത്തു. പ്രസ്ഥാനത്തിനേല്‍ക്കുമായിരുന്ന ക്ഷതങ്ങളൊക്കെയും സ്വന്തം ശരീരവും മനോബലവും കൊണ്ട് പ്രതിരോധിച്ചു.
താന്‍ തന്നെ നോക്കി നടത്തുന്ന മസ്ജിദില്‍നിന്നും പ്രഭാത നമസ്കാരത്തോടെ സജീവമാകുന്ന ആ കര്‍മജീവിതം പാതിരാത്രിവരെ എന്നും ഇരമ്പിനിന്നു. ഔപചാരിക വിദ്യാഭ്യാസം മുന്നോട്ടുപോയില്ലെങ്കിലും പ്രസ്ഥാനത്തിന്റെ പാഠശാലയില്‍നിന്ന് അദ്ദേഹം നേടിയ പരിണിത ജ്ഞാനത്തിന് പൈമ്പാലിന്റെ വിശുദ്ധിയും പുന്നെല്ലിന്റെ പരിമളവുമുണ്ടായിരുന്നു. സ്വന്തം കുടംബത്തിനും കാര്‍ഷിക പുണ്യങ്ങള്‍ക്കും പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്കും അബ്ദുല്ല ഹാജി ഒരേസമയം കാവല്‍നിന്നു. അയാള്‍ക്ക് അതെല്ലാം ഒന്നായിരുന്നു. ഒന്നിന്റെ ആവിഷ്കാരഭേദങ്ങള്‍.
//പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം