Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

നിരീക്ഷക രാഷ്ട്ര പദവിയില്‍നിന്ന് സ്വതന്ത്ര ഫലസ്ത്വീനിലേക്കുള്ള ദൂരം

നവാഫ് സറൂ

ഫലസ്ത്വീന് യു.എന്‍ അസംബ്ലിയില്‍ വന്‍ ഭൂരിപക്ഷത്തോടെ 'അംഗത്വമില്ലാത്ത നിരീക്ഷക പദവി' ലഭിച്ചത് വരാനിരിക്കുന്ന മാറ്റങ്ങളിലേക്ക് നിരവധി സൂചനകള്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് സാധ്യമാകേണ്ട ഫലസ്ത്വീന്‍ ഐക്യമാണ് അതിലൊന്നാമത്തേത്. ഫലസ്ത്വീന്റെ ഭൂമിക്കും ജനതക്കും ചരിത്രത്തിനും നേരെ നടക്കുന്ന അധിനിവേശങ്ങളെ ചെറുക്കണമെങ്കില്‍ ഫത്ഹ് മുതല്‍ ഹമാസ് വരെയുള്ള വിവിധ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ ഐക്യത്തിന്റെ ഒരു പൊതുഭൂമിക കണ്ടെത്തേണ്ടതുണ്ട്. ഹമാസ് വക്താവ് ഖാലിദ് മിശ്അലിന്റെ ഒടുവിലത്തെ പ്രസ്താവനയില്‍ ആ ആഗ്രഹം പ്രതിഫലിക്കുന്നുണ്ട്. ഫലസ്ത്വീന്‍ സമൂഹത്തിന്റെ പൊതുവികാരവും മറ്റൊന്നല്ല. ഇനി നടക്കാനുള്ളത് വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ, മനുഷ്യാവകാശ, നിയമ പോരാട്ടമാണ്. അതിന് വിവിധ ഗ്രൂപ്പുകള്‍ ഒന്നിച്ചേ മതിയാവൂ. ഇതാണ് ആ പൊതുവികാരം.
ഇസ്രയേലിനെ ഈ നിരീക്ഷക പദവി വലിയ അളവില്‍ പ്രകോപിപ്പിക്കുകയും ചെയ്തിരിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇസ്രയേലിന്റെ ഭാഗത്തു നിന്ന് കടുത്ത പ്രതികാര നടപടികള്‍ പ്രതീക്ഷിക്കണം. പടിഞ്ഞാറെ കരയില്‍ മൂവായിരത്തിലധികം കുടിയേറ്റ വസതികള്‍ പണിയുമെന്ന ഇസ്രയേലിന്റെ ഭീഷണി ഇതിന്റെ ഭാഗമാണ്. അറബികള്‍ക്കും ഫലസ്ത്വീനികള്‍ക്കുമെതിരെ ഇസ്രയേലിലെ സകല രാഷ്ട്രീയ ഗ്രൂപ്പുകളും ഈ വിഷയത്തില്‍ ഒന്നിക്കുന്നതാണ് കാണാനുള്ളത്. 2011 സെപ്റ്റംബറില്‍ ഫലസ്ത്വീന്‍ രാഷ്ട്ര പ്രഖ്യാപനത്തെക്കുറിച്ച് യു.എന്‍ രക്ഷാസമിതിയില്‍ വന്ന പ്രമേയം അമേരിക്കയും ഇസ്രയേലും കൂട്ടാളികളും ചേര്‍ന്ന് നിഷ്ഫലമാക്കിയപ്പോഴും ഈ ഐക്യം പ്രകടമായിരുന്നു.
നിരീക്ഷക പദവി നേടാനുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ യു.എന്‍ പൊതുസഭ പാസാക്കുന്നതിന് മുമ്പ് തന്നെ അതുണ്ടാക്കുന്ന രാഷ്ട്രീയ, ധാര്‍മിക, നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇസ്രയേല്‍ ഒരുക്കം തുടങ്ങിയിരുന്നു. ഇസ്രയേലി ജനറല്‍മാരെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണക്ക് കൊണ്ടുവരാന്‍ ഫലസ്ത്വീന്‍ ശ്രമിക്കുമെന്നതിനാല്‍, അതിന് തടയിടാനുള്ള ശ്രമം കാലേക്കൂട്ടി തന്നെ തുടങ്ങി. ഈ വിഷയത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് ഫലസ്ത്വീനികള്‍ കടുത്ത സമ്മര്‍ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇസ്രയേലിന് വിടുപണി ചെയ്യുന്ന അമേരിക്കയും ബ്രിട്ടനും ഫലസ്ത്വീനികളോട് ആവശ്യപ്പെടുന്നത്, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കില്ലെന്ന് തങ്ങള്‍ക്കൊരു ഉറപ്പ് എഴുതിത്തരണമെന്നാണ്. ഹേഗിലെക്കെങ്ങാനും പോയാല്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെത്തന്നെ വീഴ്ത്തുമെന്ന് ഇസ്രയേലും ഭീഷണിപ്പെടുത്തുന്നു.
ഈ വിഷയത്തില്‍ ഫലസ്ത്വീനികളുടെ കൂട്ടായ യത്‌നം ഉണ്ടാകുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഏതാനും ജനറല്‍മാരെ ഹേഗിലെ ക്രിമിനല്‍ കോടതി കയറ്റിയാല്‍ മാത്രം മതിയാവില്ല. ഇസ്രയേലി ഭരണകൂടങ്ങള്‍ പതിറ്റാണ്ടുകളായി നടത്തിവന്ന ബോംബ് വര്‍ഷങ്ങള്‍, കൂട്ടക്കൊലകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ സമ്പൂര്‍ണ നശീകരണം, ഒരു ജനതയെ തന്നെ കൊന്നും ആട്ടിയോടിച്ചും ഇല്ലാതാക്കിയത്... ഇതൊക്കെയും ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റകൃത്യങ്ങള്‍ തന്നെ.
ഇപ്പോഴത്തെ ശാക്തിക സന്തുലനവും ഇസ്രയേലിനോടുള്ള അന്ധമായ അമേരിക്കന്‍ പക്ഷപാതിത്വവും കണക്കിലെടുക്കുമ്പോള്‍ ഇവ വിദൂര സാധ്യതകള്‍ മാത്രമാണ്. അറബികളും ഫലസ്ത്വീനികളും ആര്‍ജവമുള്ള നിലപാടെടുത്താലേ യുദ്ധക്കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള സാധ്യത തെളിയൂ. വിപ്ലവ വസന്തങ്ങളിലൂടെയാണ് അറബികള്‍ കടന്നു പോകുന്നത്. നിലവിലെ ശാക്തിക സന്തുലനം തകിടം മറിക്കാനവര്‍ക്ക് കഴിഞ്ഞാല്‍ പ്രതീക്ഷക്ക് വകയുണ്ട്.
ഇതൊക്കെ പ്രതീക്ഷകളും സാധ്യതകളും മാത്രം. ഐക്യരാഷ്ട്രസഭയുടെ ഈ അംഗീകാരം സംഭവലോകത്ത് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ? ഒരു ജൂതകുടിയേറ്റ യൂനിറ്റെങ്കിലും ഒഴിപ്പിക്കാനാവുമോ? ജോര്‍ദാന്‍ നദിക്കരയില്‍നിന്ന് ഒരു ഇസ്രയേലി ഭടനെങ്കിലും പിന്‍വാങ്ങുമോ? ഇസ്രയേലും അതിന്റെ യൂറോപ്യന്‍ -അമേരിക്കന്‍ കൂട്ടാളികളും പിന്തുടരുന്ന ഫലസ്ത്വീന്‍ നിലപാടുകളെ ചെറുതായെങ്കിലും തിരുത്താന്‍ സാധിക്കുമോ?
ഇസ്രയേല്‍ അതിന്റെ ജന്മം മുതല്‍ ഐക്യരാഷ്ട്രസഭക്ക് പുല്ലു വില കല്‍പിക്കാറില്ല. സയണിസ്റ്റ് രാഷ്ട്ര സ്ഥാപകന്‍ ഡേവിഡ് ബെന്‍ഗൂറിയന്‍ 1948-ല്‍ ഐക്യരാഷ്ട്രസഭയെ പുഛിച്ചുകൊണ്ട് പറഞ്ഞത് 'ഊം ശമൂം' എന്നായിരുന്നു (ഹീബ്രുവില്‍ ഐക്യരാഷ്ട്രസഭയുടെ ചുരുക്കപ്പേരാണ് 'ഊം'. 'ശമൂം' എന്നാല്‍ 'ഒന്നുമല്ല'). ഐക്യരാഷ്ട്രസഭാ പ്രമേയങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ ചരിത്രമേ ഇസ്രയേലിന് പറയാനുള്ളൂ. 'ലോകം ചെയ്യേണ്ടത് ചെയ്യട്ടെ. ജൂതന്മാര്‍ ചെയ്യേണ്ടത് ചെയ്യും' എന്ന തോറയുടേതായി പറയപ്പെടുന്ന അധ്യാപനമാവാം ഈ ധിക്കാരത്തിന് പ്രേരണ.
അതിനാല്‍ സംഭവലോകത്ത് അധിനിവേശം മുമ്പത്തെപ്പോലെ യാഥാര്‍ഥ്യമായി തുടരും. ഐക്യരാഷ്ട്ര സഭ നല്‍കിയ നിരീക്ഷക പദവി, രാഷ്ട്രം എന്ന സ്വപ്നത്തിലേക്ക് ഫലസ്ത്വീനികളെ അടുപ്പിക്കുകയല്ല, അതില്‍നിന്ന് അകറ്റുകയാണ് ചെയ്യുക എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിട്ടുണ്ടല്ലോ. ഈ നീക്കം മുമ്പ് ഒപ്പ് വെച്ച കരാറിന് വിരുദ്ധമാണെന്നും അതിനാല്‍ തിരിച്ചടിക്കുമെന്നും നെതന്യാഹു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയും ഇതേ അഭിപ്രായം പങ്കുവെക്കുന്നു.
ഗസ്സയിലേക്കുള്ള സകല 'വാതിലുകളും' -റഫ ഒഴികെ- ഇസ്രയേലിന്റെ പിടുത്തത്തിലാണ്. ഗസ്സയുടെ കരയിലും കടലിലും ആകാശത്തും ഇസ്രയേലിന് സൈ്വര വിഹാരം നടത്താം. അതുപോലെ പടിഞ്ഞാറെ കരയും ഖുദ്‌സും തമ്മിലുള്ള വിനിമയ ബന്ധങ്ങള്‍ ഇസ്രയേല്‍ വിഛേദിച്ചുകൊണ്ടിരിക്കുന്നു. ഇബ്‌റാഹീമി പള്ളി പോലുള്ള മതകേന്ദ്രങ്ങള്‍ ഇപ്പോഴും അധിനിവേശകരുടെ പിടിയില്‍ തന്നെ. അതിനാല്‍ യു.എന്‍ പൊതുസഭയില്‍ നിരീക്ഷക പദവി നേടിയെടുത്ത ശേഷം ഗസ്സയിലും റാമല്ലയിലും മറ്റു ഫലസ്ത്വീനി കേന്ദ്രങ്ങളിലും നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളും കൊടി ഉയര്‍ത്തി വീശലുമൊന്നും സംഭവലോകത്തെ അധിനിവേശത്തെ ചെറുതായി പോലും ക്ഷതപ്പെടുത്തുന്നില്ല. അവരുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറ്റവും കനത്ത തന്ത്രപരമായ വെല്ലുവിളിയായി അധിനിവേശം നിലനില്‍ക്കുന്നു. അവര്‍ക്ക് സഞ്ചരിക്കാനുള്ളതാകട്ടെ കുഴിബോംബുകള്‍ നിറഞ്ഞ വഴിയിലൂടെയും. അമേരിക്കന്‍, ബ്രിട്ടീഷ്, സയണിസ്റ്റ് അജണ്ടക്കെതിരെ ശക്തമായ ഒരു അറബ് - ഇസ്‌ലാമിക ചേരി വളര്‍ന്നുവരിക മാത്രമാണ് പ്രശ്‌നപരിഹാരത്തിന്റെ വഴി.
(അല്‍ജസീറ കോളമിസ്റ്റ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം