എങ്ങനെയെല്ലാമാണ് മലയാളി മുസ്ലിം മാറിക്കൊണ്ടിരിക്കുന്നത്
ഹസീനയുടെ കഥയില്‍ നിന്നു തുടങ്ങാം. കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുള്ള സാധാരണ സ്ത്രീ. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളടക്കം മൂന്ന് കുട്ടികളുടെ ഉമ്മ. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് എങ്ങോ പോയതിനു ശേഷം മക്കളുടെ പഠനവും വീട്ടുകാര്യങ്ങളടക്കം എല്ലാം ഹസീനയുടെ കരങ്ങളിലാണ്. അവരാകട്ടെ, ആ ഗ്രാമക്കാരിയല്ല; എങ്ങോ ദൂരദേശത്ത് നിന്ന് ആ ഗ്രാമത്തില്‍ എത്തിയതാണ്. പക്ഷേ, ഹസീന ഒറ്റപ്പെട്ടു പോയില്ല. നാട്ടുകാരും പള്ളിക്കമ്മിറ്റിയുമെല്ലാം ചേര്‍ന്ന് ചെറിയൊരു വീട് അവര്‍ക്ക് നിര്‍മിച്ചു കൊടുത്തു. മറ്റു വീടുകളില്‍ ജോലിക്ക് പോയും മറ്റും അവര്‍ കുഞ്ഞുങ്ങളെ വെയിലേല്‍ക്കാതെ നോക്കി. അടുത്തിടെ മൂത്തമകളുടെ കല്യാണം പറയാന്‍ വന്നപ്പോഴാണ് അവരെ കാണുന്നത്. മൂത്തമകള്‍ ഷംന ഇപ്പോള്‍ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപികയാണ്. നഗരത്തിലെ അറിയപ്പെട്ട ഒരു സ്വാശ്രയ കോളേജില്‍ നിന്ന് തന്നെയാണ് അവള്‍ ബി.ടെക് കഴിഞ്ഞത്. എഞ്ചിനീയറിംഗ് പണ്ടേ ഷംനയുടെ സ്വപ്നമായിരുന്നു. പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണമെന്നും കല്യാണം അതിന് ശേഷം മതിയെന്നും അവളെപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മയുടെ വേദന നിറഞ്ഞ അനുഭവങ്ങളാണ് അങ്ങനെയൊരു തീരുമാനത്തില്‍ അവളെ എത്തിച്ചത്. സ്വാശ്രയ കോളേജില്‍ പഠിക്കാനുള്ള സാമ്പത്തികശേഷിയൊന്നും സ്വന്തമായില്ലെങ്കിലും, സമുദായത്തിലെ സംഘടനകള്‍ അവള്‍ക്ക് അനുഗ്രഹമായി. പല വഴിക്കായി പഠനസഹായങ്ങള്‍ അവള്‍ക്ക് ലഭിച്ചു. അല്‍പം ഞെരുങ്ങിയാണെങ്കിലും അവള്‍ ബി.ടെക് പൂര്‍ത്തിയാക്കി.
ഷംനയുടെ പുതിയാപ്ള എവിടുന്നാണ്; കൌതുകത്തോടെ ഞാന്‍ അന്വേഷിച്ചു. 'ബല്‍ഗാമില്‍ നിന്ന്'- അവര്‍ പറഞ്ഞു. അങ്ങു ദൂരെ ബല്‍ഗാമില്‍ നിന്ന് ഈ ഗ്രാമത്തിലേക്ക് വിവാഹബന്ധം വരുന്നതിന്റെ അമ്പരപ്പിലും ഇനി, മൈസൂര്‍ കല്യാണം മാതിരി വല്ല ഏടാകൂടമായിരിക്കുമോ എന്ന ആധിയിലും ഞാന്‍ ചോദിച്ചു: 'ആരു കൊണ്ടുവന്ന ബന്ധമാണ്?' 'കേരളാ മാട്രിമോണി, അറിയില്ലേ, കേരളാ മാട്രിമോണി'. എന്റെ അമ്പരപ്പിനെ വീണ്ടും ആശ്ചര്യപ്പെടുത്തിക്കൊണ്ടു ഒരു ഞൊടുനേരം കൊണ്ട് അവര്‍ പറഞ്ഞു. കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു; പുതിയാപ്ള എം.ബി.എ കഴിഞ്ഞ് ഒരു സ്വകാര്യ കമ്പനിയില്‍ നല്ല വരുമാനത്തില്‍ ജോലി ചെയ്യുകയാണ്. ഷംനയും ഭര്‍ത്താവ് ഹിശാമും ഇപ്പോള്‍ നല്ലനിലയില്‍ ജീവിക്കുന്നു.
സമകാലിക മലയാളി മുസ്ലിമിനെക്കുറിച്ച ആലോചനയില്‍ ആദ്യം വരുന്നൊരു അനുഭവം പങ്കുവെച്ചെന്ന് മാത്രം. നോക്കൂ; ഒരല്‍പം കാലം മുമ്പ് ആലോചിക്കാന്‍ പോലും പറ്റാതിരുന്ന കാര്യം. ദരിദ്രമായ കുടുംബത്തില്‍നിന്ന്, യാഥാസ്ഥിതികമായ പശ്ചാത്തലത്തില്‍ നിന്ന്, വിദൂര ഗ്രാമത്തിലുള്ളൊരു മുസ്ലിം പെണ്‍കുട്ടി പഠിച്ച്, പണി നേടി, ഓണ്‍ലൈന്‍ വൈവാഹിക സൈറ്റുകളിലൂടെ മറ്റൊരു സംസ്ഥാനത്തുള്ള തന്റെ വരനെ സ്വയം കണ്ടെത്തുന്നു. ആ ഗ്രാമം മുഴുവന്‍ ആഹ്ളാദപൂര്‍വം ആ കല്യാണം കൊണ്ടാടി പുതുമണവാട്ടിയെ തീവണ്ടി കയറ്റിവിടുന്നു. രണ്ടു വര്‍ഷം മുമ്പ് ലൌവ് ജിഹാദിനെക്കുറിച്ച് ദൂരദര്‍ശന്‍ സംഘടിപ്പിച്ച സംവാദ പരിപാടിയുടെ ഇടവേളയില്‍ ഡോ. ഡി. ബാബു പോള്‍ പറഞ്ഞു: 'ഞാന്‍ ഈയടുത്ത ദിവസം കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ ക്രിസ്മസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ മുഴുവന്‍ തട്ടമിട്ട പെണ്‍കുട്ടികളാണല്ലോ. കുട്ടികളൊക്കെ പഠിച്ചു വളരുകയാ'.
മലയാളി മുസ്ലിമിന്റെ പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നവരൊക്കെ മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റങ്ങളെക്കുറിച്ചാണ് പറയുന്നത്. ഏത് കോളേജില്‍ പോയി നോക്കൂ; ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ വന്‍പട നിങ്ങള്‍ക്കവിടെ കാണാം. പര്‍ദയിട്ടാല്‍ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ലേഖനം പ്രസിദ്ധീകരിച്ച ദേശീയ പത്രമുള്ള നാടാണിതെന്ന് ഓര്‍ത്ത് വെക്കുക. സമസ്ത കേരളാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെയും സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും മദ്റസാ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കളുടെ പടം പത്രത്തില്‍ വരാറുണ്ട്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ റാങ്ക് ജേതാക്കളുടെ പട്ടിക എടുത്തു നോക്കൂ; മുഴുവന്‍ പെണ്‍കുട്ടികള്‍. അതായത്, മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജുകളില്‍ മാത്രമല്ല, മദ്റസയിലും അവര്‍ തന്നെ മുമ്പില്‍. അഫ്ദലുല്‍ ഉലമാ പരീക്ഷയുടെ റാങ്ക് പട്ടികകള്‍ എടുത്ത് പരിശോധിച്ചാലും ഇതേ പ്രവണത കാണാം.
ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഈയിടെ കോഴിക്കോട് സംഘടിപ്പിച്ച 'തര്‍ത്തീല്‍' എന്ന പേരിലുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഖുര്‍ആന്‍ പാരായണ മത്സര പരമ്പരയുടെ സന്ദേശവും മറ്റൊന്നല്ല. പരമ്പരാഗതമായി പുരുഷ മത യാഥാസ്ഥിതികതയുടെ ഒരു മേഖലയിലാണ് 'ഇത് ഞങ്ങളുടെ കൂടി ഏരിയ' എന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ വന്നുകയറിയിരിക്കുന്നത്. 3000 പെണ്‍ ഖാരിഉകള്‍ വിവിധ ഘട്ടങ്ങളിലായി നടന്ന ആ മത്സരങ്ങളില്‍ പങ്കെടുത്തു. അതിന്റെ അവസാന റൌണ്ടില്‍ എത്തിയവരില്‍ എം.ബി.ബി.എസിന് പഠിക്കുന്നവരടക്കം വിവിധ പ്രഫഷണല്‍ മേഖലകളില്‍ നിന്ന് വരുന്നവരുണ്ട്. മികച്ച ഖാരിഅ് ആയി തെരഞ്ഞെടുക്കപ്പെട്ട നുഹ അബ്ദുര്‍റഹീം ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
നവോത്ഥാനത്തെക്കുറിച്ച സംസാരത്തില്‍ പെണ്‍കുട്ടികളുടെ വളര്‍ച്ച വലിയൊരു അടയാളമാണ്. എഴുപത് കൊല്ലക്കാലം സോവിയറ്റ് യൂനിയന്റെ മതവിരുദ്ധ ഉരുക്കുമുഷ്ടിയില്‍ കഴിഞ്ഞ മധ്യേഷ്യന്‍ റിപ്പബ്ളിക്കുകള്‍, സോവിയറ്റ് യൂനിയന്‍ ഹൃദയാഘാതം പിടിപെട്ട് പരേതനായപ്പോള്‍ പൊടുന്നനെ സ്വതന്ത്രമായതും തങ്ങളുടെ മതത്തിലേക്ക് ആവേശത്തോടെ തിരിച്ചുപോയതും നാം കണ്ടതാണ്. ഇത്രയും കാലം രൂക്ഷമായ ഭരണകൂട ഭീകരതക്കിടയിലും ഈ മതബോധം നിങ്ങളെങ്ങനെ കാത്തുപോന്നു എന്ന ചോദ്യത്തിന് താജികിസ്താനില്‍ നിന്നുള്ള ഒരു മുഫ്തി അന്ന് പറഞ്ഞ ഉത്തരം, ഞങ്ങള്‍ ഞങ്ങളുടെ ഉമ്മമാരുടെ അമ്മിഞ്ഞപ്പാലിലൂടെ ഈ സന്ദേശം തലമുറ തലമുറ കൈമാറുകയായിരുന്നുവെന്നാണ്. അതിനാല്‍, പെണ്‍കുട്ടികളിലെ ഉണര്‍വ് അടുത്ത തലമുറയുടെ കൂടി ഉണര്‍വാണ്.
ഇതെഴുതുമ്പോള്‍ മേശപ്പുറത്തുള്ള പത്രത്തില്‍ (2012 ഡിസംബര്‍ 05) ഒരു പരസ്യമുണ്ട്. കാന്തപുരം വിഭാഗം സുന്നികള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് മലപ്പുറം മേല്‍മുറിയിലെ മഅ്ദിന്‍ അക്കാദമി. അവിടെ സ്പാനിഷ് ഭാഷാ പഠന കോഴ്സ് ആരംഭിക്കാന്‍ പോവുകയാണത്രെ. വേണമെന്നുള്ളവര്‍ക്ക് മഅ്ദിനില്‍ വന്ന് സ്പാനിഷ് പഠിച്ചു പോവാം. നോക്കൂ; ഇംഗ്ളീഷ് ഭാഷ ഹറാമാക്കി എന്ന പഴികേള്‍ക്കേണ്ടി വന്ന ഒരു വിഭാഗത്തിന്റെ സ്ഥാപനത്തില്‍; അതും മലപ്പുറത്ത്; സ്പാനിഷ് പഠിക്കാന്‍ പ്രത്യേക കോഴ്സ്.Instituteo Cervantis മൊയി ചേര്‍ന്നാണ് കോഴ്സ്. സ്പാനിഷ് സര്‍ക്കാറിന്റെ അംഗീകാരവുമുണ്ടത്രെ. ഒരുപക്ഷേ, കേരളത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സ്ഥാപനം വ്യവസ്ഥാപിതമായ സ്പാനിഷ് പഠനകോഴ്സ് ആരംഭിക്കുന്നത്.
കേരളത്തിലെ മുസ്ലിംകള്‍ ഏറെ മാറിപ്പോയിട്ടുണ്ട്. ആത്മവിശ്വാസവും ഊര്‍ജസ്വലതയുമുള്ള ഒരു യുവനിര ഈ സമുദായത്തിന്റെ വലിയൊരു അനുഗ്രഹമാണ്. മറ്റേതൊരു സമുദായത്തിലുമുള്ളതിനേക്കാള്‍ കൂടുതല്‍ യുവാക്കള്‍-ലോകത്തെല്ലായിടത്തുമെന്ന പോലെ- കേരളത്തിലെ മുസ്ലിം സമുദായത്തിലുമുണ്ട്. മതേതര ആധുനികതയുടെ വഞ്ചനാത്മകമായ വര്‍ത്തമാനങ്ങളില്‍ പെട്ട് കുടുംബത്തിന്റെ ജൈവികതയെ തകര്‍ക്കുന്ന 'ആസൂത്രണ'ങ്ങളില്‍ വീണുപോകാതിരുന്നതാണ് ഈ യുവസഞ്ചയത്തെ നേടിയെടുക്കാന്‍ സമുദായത്തെ പ്രാപ്തമാക്കിയത്. യുവാക്കള്‍ ധാരാളമുണ്ടായിരിക്കെത്തന്നെ, കുടുംബ ഘടനയെ ഏറ്റവും ശക്തമായി കൊണ്ടുനടക്കുന്ന സമുദായവും മുസ്ലിംകളുടെ തന്നെ. യുവതയുടെ പ്രസരിപ്പും കുടുംബത്തിന്റെ താങ്ങും ഒത്തുവരുമ്പോള്‍ ഏതു സമൂഹത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ആ യുവാക്കള്‍ സമുദായത്തിന്റെ ചടുലതയും ചലനാത്മകതയുമാണ്. വിദ്യാഭ്യാസം, സംസ്കാരം, ബിസിനസ്, രാഷ്ട്രീയം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും അവര്‍ സജീവമായി ഇടപെടുന്നു. കേരളത്തിലെ നവസാമൂഹിക രാഷ്ട്രീയത്തിന്റെ മുന്നണിയില്‍ അവരാണ്. ജനകീയ സമരങ്ങളുടെയും നവകാല രാഷ്ട്രീയത്തിന്റെയും ഏറ്റവും പുതിയ സൈദ്ധാന്തിക ചര്‍ച്ചകളുടെയും മുന്‍നിരയില്‍ അവരുണ്ട്. മലയാളത്തിലെ ഏറ്റവും സജീവതയുള്ള വായനാ സമൂഹം. ആനുകാലികങ്ങളുടെ ബാല, കാമ്പസ് പംക്തികള്‍ എടുത്തുനോക്കൂ; മുസ്ലിം വിദ്യാര്‍ഥികളുടെ സാഹിത്യ രചനകളാല്‍ സമ്പന്നമാണ് അവ. ഇതെല്ലാം തീവ്രവാദമാണെന്ന ഡേറ്റു കഴിഞ്ഞ കഷായക്കുറിപ്പടിയുമായി ഊരുചുറ്റുകയല്ലാതെ, ബുദ്ധിപരമായി ഇതിനെയൊന്നും അഭിമുഖീകരിക്കാന്‍ പോലും ലിബറല്‍/ഇടതു/മതേതരവാദികള്‍ക്ക് സാധിക്കുന്നുമില്ല.
ഒരു സമൂഹത്തിന്റെ വളര്‍ച്ചക്കാവശ്യമായ മൂന്ന് അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് സാമൂഹിക ശാസ്ത്രകാരന്മാര്‍ പറയാറുണ്ട്.
1.Cultural Capital (സാംസ്കാരിക മൂലധനം)
2.Financial Capital (സാമ്പത്തിക മൂലധനം)
3.Political Capital (രാഷ്ട്രീയ മൂലധനം)
മേല്‍ പറഞ്ഞ മൂന്ന് അടിസ്ഥാന മൂലധനങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് അത്ര പിന്നാക്കമല്ല. മികച്ച മുന്നാക്ക അവസ്ഥയിലാണ് എന്നു പറയാന്‍ കഴിയില്ലെങ്കില്‍ മുന്നോട്ടുള്ള ശക്തമായ പ്രയാണത്തിലാണെന്ന് സംശയരഹിതമായും പറയാന്‍ കഴിയും.
സജീവമായ പള്ളികള്‍, ഇസ്ലാമിക ആചാരങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലുമുള്ള ശ്രദ്ധയും ജനകീയതയും, ഹജ്ജ് - ഉംറ തീര്‍ഥാടനങ്ങളിലെ ആള്‍പെരുപ്പം (ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകര്‍ കേരളത്തില്‍ നിന്നാണ്), മദ്റസ മുതല്‍ തുടങ്ങുന്ന മതപഠനത്തിലെ സജീവത, നിരവധിയായിട്ടുള്ള മാസികകള്‍, ആഴ്ചപ്പതിപ്പുകള്‍, ദിനപത്രങ്ങള്‍, വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികള്‍; സാംസ്കാരിക സംഘടനകള്‍, സ്കൂള്‍ യുവജനോത്സവം പോലുള്ള പൊതു സാംസ്കാരികോത്സവങ്ങളില്‍ മുസ്ലിം കലകള്‍ക്ക് ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യത, അറബി ഭാഷാ/ഖുര്‍ആന്‍/ഹദീസ് പഠന രംഗത്തുള്ള സജീവത... അങ്ങനെ സമുദായത്തിന്റെ സാംസ്കാരിക മൂലധനത്തെ പുഷ്ടിപ്പെടുത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്.
സാമ്പത്തികമായും സമുദായം പരാധീനതകളെ മറികടന്നു തുടങ്ങിയിട്ടുണ്ട്. കടലോരങ്ങളിലും മലയോരങ്ങളിലും പാലക്കാട്, കാസര്‍കോട് പോലുള്ള ജില്ലകളുടെ അതിര്‍ത്തി ദേശങ്ങളിലും പട്ടിണിയും ദാരിദ്യ്രവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും പൊതുവെ സമുദായം അനുഗൃഹീതമായ അവസ്ഥയിലാണെന്ന് പറയാം. വിദ്യാഭ്യാസത്തിന്റെയും സര്‍ക്കാര്‍ ഉദ്യോഗത്തിന്റെയും ലോകത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സമുദായം പക്ഷേ, പുതുവഴികള്‍ അന്വേഷിക്കുകയായിരുന്നു. അങ്ങനെ പത്തേമാരികളില്‍ കയറി കാരക്കമരങ്ങളുടെ നാട്ടിലേക്ക് പോയ അത്യധ്വാനികളുടെ തലമുറയാണ് ഈ സാമ്പത്തിക ഉണര്‍വിന് വിത്തിട്ടത്. തലമുറ തലമുറയായി പ്രവാസത്തിന്റെയും അധ്വാനത്തിന്റെയും സംസ്കാരം അവര്‍ കൈമാറി. സമുദായത്തിന്റെ സര്‍വതോമുഖമായ ഉണര്‍വിന് ഗള്‍ഫ് പണം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. ഒരര്‍ഥത്തില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയതു പോലെ, മുസ്ലിം സമുദായത്തിന്റെ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ദീനാറും ദിര്‍ഹവുമാണ്.
ലേഖനത്തിന്റെ തുടക്കത്തില്‍ പരിചയപ്പെട്ട ഷംനയെപ്പോലെ, പ്രയാസപ്പെടുന്നവര്‍ പോലും ഒറ്റപ്പെട്ടുപോകേണ്ടതില്ലാത്ത അവസ്ഥ സമുദായത്തിലുണ്ട്. ഡസന്‍ കണക്കിന് വരുന്ന മത, സാമൂഹിക പ്രസ്ഥാനങ്ങളും അവയുടെ ഉപവിഭാഗങ്ങളും ചേര്‍ന്ന് മത്സര സ്വഭാവത്തില്‍ തന്നെ സാമൂഹിക സേവന, ദാരിദ്യ്ര നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പണമില്ലാത്തതിന്റെ പേരില്‍ ആരെങ്കിലും ഒറ്റപ്പെട്ടു തകര്‍ന്നു പോവുന്ന അവസ്ഥ സമുദായത്തില്‍ ഇല്ല എന്നു തന്നെ പറയാം. വിദ്യാഭ്യാസം, വീട്, വിവാഹം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ ആശ്വാസ പദ്ധതികളാണ് സമുദായത്തിനകത്ത് നടക്കുന്നത്. പലപ്പോഴും സര്‍ക്കാര്‍ മിഷനറികളെ കടത്തിവെട്ടിക്കുന്നതാണ് അങ്ങേയറ്റം ജൈവികമായ ഈ സാമൂഹിക ഐക്യദാര്‍ഢ്യം. വെള്ളിയാഴ്ച പള്ളിവരാന്തയില്‍ കിടക്കുന്ന ആ ചെറിയ ബക്കറ്റ് ഈ ഐക്യദാര്‍ഢ്യ ബോധത്തിന്റെ പ്രതീകമാണ്. ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നതിലും ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതികളില്‍ ചേരുന്നതിലും താരതമ്യേന പിറകിലാണ് മുസ്ലിംകള്‍. സാമൂഹിക ഐക്യദാര്‍ഢ്യവും പരസ്പര സഹകരണത്തിലധിഷ്ഠിതമായ ബന്ധമാതൃകകളുമാണ് അവരുടെ ബാങ്കും ഇന്‍ഷുറന്‍സും.
പൊതുവെ, മത-സാമുദായിക സംഘടനകളാണ്; രാഷ്ട്രീയ പാര്‍ട്ടികളല്ല, നമ്മുടെ നാട്ടില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്. പക്ഷേ, മുസ്ലിം സമുദായത്തിനകത്തെ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൂര്‍വാധികം സജീവമാണിപ്പോള്‍. കേരളത്തിലെ മുസ്ലിംകളുടെ ഈ സേവനത്വര കേരളത്തിന്റെ അതിര്‍ത്തികളും വിട്ട് അന്യസംസ്ഥാനങ്ങളിലേക്കും പ്രവഹിക്കുന്നുവെന്നതാണ് അടുത്ത കാലത്തുണ്ടായ പുരോഗതി. പെരുന്നാളിന് ബലിയിറച്ചി തിന്ന് മടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്യസംസ്ഥാനങ്ങളെക്കുറിച്ച് മലയാളി മുസ്ലിം ആലോചിച്ചു. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള വിഷന്‍ 2016, പോപ്പുലര്‍ ഫ്രണ്ടിന് കീഴിലുള്ള റിഹാബ് ഫൌണ്ടേഷന്‍, മുജാഹിദ് യുവജന വിഭാഗം, കാന്തപുരം സുന്നികള്‍ എന്നിവര്‍ കേരളത്തില്‍ നിന്നുള്ള ബലി നേര്‍ച്ചകളെ ബംഗാളിലെയും ആസാമിലെയും പട്ടിണിക്കൂരകളിലേക്കെത്തിക്കുന്നതില്‍ മുന്നില്‍ നിന്നു. അത്യാവേശകരമായിരുന്നു ഈ പ്രോജക്ടിനുള്ള പിന്തുണ. അടുത്തിടെ ആസാമിലുണ്ടായ കലാപത്തിന്റെ സന്ദര്‍ഭം. ഈ പ്രശ്നത്തില്‍ ഒരുപക്ഷേ, ആസാം മുസ്ലിംകളെക്കാള്‍ മലയാളി മുസ്ലിം ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് തോന്നുന്നു. ആസാമിലേക്കുള്ള വണ്ടിയില്‍ എല്ലാ മുസ്ലിം സംഘടനകളും-സാമൂഹിക പ്രവര്‍ത്തനമൊക്കെ നടത്തുന്നത് തൌഹീദിന്റെ ഭാഗമാണോ എന്നതില്‍ തീര്‍പ്പിലെത്തിയിട്ടില്ലാത്തവര്‍ പോലും ഉണ്ടായിരുന്നു.
സാംസ്കാരികവും മതപരവും രാഷ്ട്രീയവുമായ ഉണര്‍വിനൊപ്പം വളരുന്ന സാമ്പത്തിക മൂലധനത്തിന്റെ ആവിഷ്കാരങ്ങളാണ് മേല്‍ കണ്ടത്. ഗസ്സയില്‍ മിസൈല്‍ വീഴുമ്പോള്‍ അതിനെതിരെ ആദ്യം റാലി നടക്കുന്ന നഗരങ്ങളിലൊന്ന് കോഴിക്കോട് ആകുന്നത് സാംസ്കാരികവും രാഷ്ട്രീയവുമായ ഈ ഉല്‍ക്കര്‍ഷ കൊണ്ട് കൂടിയാണ്. വിശ്വമുസ്ലിം പൌരാവലിയോട് സ്വയം ചേര്‍ത്തുനിര്‍ത്താന്‍ മലയാളി മുസ്ലിമിന് ഇപ്പോള്‍ കഴിയുന്നുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ ഒത്തിരി പ്രശ്നങ്ങളിലിരിക്കെ, നിങ്ങളെന്താണ് എപ്പോഴും ഫലസ്ത്വീനിനെക്കുറിച്ചും ബോസ്നിയയെക്കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നു ചോദിച്ചവര്‍ സമുദായത്തിലുണ്ടായിരുന്നു. നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ വിശേഷിച്ചൊന്നും ചെയ്തിട്ടില്ലെന്ന തിരിച്ചറിവ് അവര്‍ക്ക് തന്നെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. മലബാറിന്റെ പിന്നാക്കാവസ്ഥ എന്നൊക്കെയുള്ളത് അവരുടെയും സെമിനാര്‍ വിഷയമാകുന്നത് അങ്ങനെയാണ്. ഒപ്പം, ഫലസ്ത്വീനും ഉഗാണ്ടയുമൊക്കെ തങ്ങളുടെ കൂടി വിഷയങ്ങളാണെന്നും അവര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒടുവില്‍ ഗസ്സക്ക് വേണ്ടി റാലി നടത്താന്‍ അവരുമുണ്ടായിരുന്നു. മലയാളി മുസ്ലിമിന്റെ സര്‍വതോമുഖമായ ഉണര്‍വിന്റെ ചില ചിത്രങ്ങളാണ് സൂചിപ്പിച്ചത്.
സമുദായത്തില്‍ ഈ ഉണര്‍വ് കൊണ്ടുവരുന്നതില്‍ വ്യത്യസ്ത സംഘടനകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സംഘടനകള്‍ ധാരാളമുണ്ടാകുന്നതിനെക്കുറിച്ച് ചിലരെല്ലാം അസ്വസ്ഥരാകാറുണ്ട്. എന്നാല്‍, സംഘടനകളുടെ ബാഹുല്യം സമുദായത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട് എന്നതും സത്യമാണ്. സംഘടന ഗുണം ചെയ്യുന്നതു പോലെ ദോഷം ചെയ്യാനും കാരണമായേക്കും. മസിലുപിടുത്തങ്ങള്‍ കുറച്ച്, മറ്റേ സംഘടനയെ തളര്‍ത്തുകയെന്ന വിചാരം മാറ്റിവെച്ച്, അല്‍പം കൂടി ഹൃദയ വിശാലതയോടെ മുന്നോട്ട് പോവാന്‍ കഴിഞ്ഞാല്‍ സംഘടനാ ബാഹുല്യത്തെ വലിയൊരു അനുഗ്രഹമായി മാറ്റിയെടുക്കാന്‍ കഴിയും. എങ്കിലും പൊതുവായ പ്രശ്നങ്ങളില്‍ ഐക്യപ്പെടാനുള്ള പ്രവണത കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നത് ആഹ്ളാദകരമാണ്.
41 ലക്ഷത്തിലേറെ വരും മലപ്പുറത്തെ ഇപ്പോഴത്തെ ജനസംഖ്യ. ലബനാന്‍ എന്ന രാജ്യത്തെ ജനസംഖ്യക്ക് തുല്യം. ഖത്തര്‍ (18 ലക്ഷം), ബഹ്റൈന്‍ (12 ലക്ഷം), കുവൈത്ത് (35 ലക്ഷം), ഒമാന്‍ (27 ലക്ഷം) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ വരും മലപ്പുറം ജില്ലയിലെ ജനസംഖ്യ. എന്നു പറഞ്ഞാല്‍ പല മുസ്ലിം രാജ്യങ്ങളും കൈകാര്യം ചെയ്യുന്നതിനേക്കാള്‍ അധികം മുസ്ലിംകളെ നയിക്കേണ്ട ബാധ്യതയുള്ളവരാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍/നേതൃത്വം. ഇവരിലാവട്ടെ, വലിയൊരു ശതമാനം യുവാക്കളോ കൌമാരപ്രായക്കാരോ ആണ്. ചെറുപ്പക്കാരുടെ ആധിക്യം മഹാ അനുഗ്രഹമെന്ന പോലെ വലിയ റിസ്ക് ഫാക്ടറുള്ളതുമാണ്. ചെറുപ്പക്കാരുടെ വായനക്കും ചിന്തക്കുമൊപ്പമെത്താന്‍ സാധിക്കാതെ വന്നാല്‍ നേതൃത്വത്തെക്കുറിച്ച വിശ്വാസ്യതാ പ്രതിസന്ധി ഉടലെടുക്കും. അവരുടെ അഭിലാഷങ്ങളെ അവഗണിച്ചാല്‍ അവര്‍ ശത്രുക്കളായി മാറും. അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയെന്നതാണ് മുസ്ലിം നേതൃത്വത്തിന്റെ ഉത്തരവാദിത്വം. ഇതിന്റെയര്‍ഥം ഉപദേശ ലാത്തിച്ചാര്‍ജ് കൊണ്ട് അവരെ വശം കെടുത്തുകയെന്നല്ല.
കുടുംബത്തില്‍ നിന്നും ജീവിത സഖികളില്‍ നിന്നും വര്‍ഷങ്ങളോളം അകന്നു ജീവിക്കേണ്ടി വരുന്ന വലിയൊരു യുവസഞ്ചയം മുസ്ലിംകള്‍ക്കകത്തുണ്ട്. ഇത് സൃഷ്ടിക്കുന്ന-അവരിലും അവരുടെ കുടുംബങ്ങളിലും- മാനസികമായ ആഘാതങ്ങള്‍ ചെറുതല്ല. യഥാര്‍ഥത്തില്‍, അങ്ങേയറ്റം അശാസ്ത്രീയമായൊരു പ്രവാസ സമ്പ്രദായമാണ് മലയാളി ചെറുപ്പക്കാര്‍ സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്. ഇവരാരും ഇഷ്ടപ്പെട്ട് വണ്ടികയറിയവരല്ല എന്നും നാമോര്‍ക്കണം. ഇവിടെ നിന്നാല്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന തോന്നലാണ് അവരെ നാടുകടത്തിയത്. അവരെ നാട്ടില്‍ തന്നെ നിര്‍ത്തേണ്ടത്, ബാപ്പയെ കണ്ടും കേട്ടും കുഞ്ഞ് വളര്‍ന്നുവരേണ്ടത്, അല്‍പം കൂടി മാനസികോല്ലാസത്തോടെ ആ ചെറുപ്പക്കാരും അവരുടെ ചെറുപ്പക്കാരികളും ജീവിതം നയിക്കേണ്ടത്-ഇതും നവോത്ഥാനത്തിന്റെ അജണ്ടയില്‍ വരില്ലേ? അതായത്, നമ്മുടെ ചെറുപ്പക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഉല്‍പാദന സമ്പ്രദായങ്ങളും സംരംഭകത്വ-തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കേണ്ടതും മലയാളി മുസ്ലിമിന്റെ ഭാവിയെക്കുറിച്ച ആലോചനയില്‍ സുപ്രധാനമാണ്. ചെറുപ്പക്കാരുടെ യൌവനം കരിച്ചുകളഞ്ഞുകൊണ്ടുള്ള സാമ്പത്തിക നേട്ടത്തില്‍ നിന്ന് നാമെന്ത് നവോത്ഥാനം കൊണ്ടുവരാനാണ്? വാഗ്ഭടാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും നവോത്ഥാന കാഴ്ചപ്പാടില്‍ വ്യവസായ സംരംഭങ്ങളുമുണ്ടായിരുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നിര്‍മാണക്കമ്പനിയായ യു.എല്‍.സി.സി.എസ് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി) വാഗ്ഭടാനന്ദ സ്വാമികളുടെ ആത്മവിദ്യാ സംഘത്തിന്റെ സംഭാവനയാണെന്ന് എത്ര പേര്‍ക്കറിയാം? പക്ഷേ, മുസ്ലിം നവോത്ഥാനത്തിന്റെ പരിസരങ്ങളില്‍ സംരംഭകത്വവും ഉല്‍പാദന സംരംഭങ്ങളും കടന്നുവന്നിട്ടുണ്ടോ? അങ്ങനെയൊരു ദൌത്യം കൂടി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിനില്ലേ? രാവിലെ ഒമ്പത് മണിക്ക് ശേഷം പൂര്‍ണമായി ഉപയോഗശൂന്യമായി കിടക്കുന്ന കോടികള്‍ വിലവരുന്ന ആയിരക്കണക്കിന് മദ്റസാ കെട്ടിടങ്ങള്‍ സമുദായത്തിന്റേതായിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന, യാതൊരുവിധ ഫലങ്ങളും ഉല്‍പാദിപ്പിക്കാത്ത ഹെക്ടര്‍ കണക്കിന് പള്ളിപ്പറമ്പുകള്‍ ഈ സമുദായത്തിന്റേതായുണ്ട്. വെറുതെ കുറച്ച് മഹാഗണിത്തൈകളോ തേക്കിന്‍ തൈകളോ അവിടെ, ചുമ്മാ നട്ടിരുന്നെങ്കില്‍ ഭാവിയില്‍ പള്ളി നടത്തിപ്പിനെങ്കിലും അത് ഉപകാരപ്പെട്ടേനെ. സംരംഭകത്വ ശീലത്തിന്റെ അഭാവത്തെ കുറിക്കാന്‍ സമുദായത്തിനകത്തെ പ്രത്യക്ഷമായ രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞുവെന്നു മാത്രം. ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത അനവധി സാധ്യതകള്‍ സമുദായത്തില്‍ ധാരാളമുണ്ട് എന്നതിന്റെ മികച്ചൊരു സൂചനയാണിത്. ഉണര്‍ന്നുവരുന്ന സമുദായത്തിന് വെല്ലുവിളികള്‍ ധാരാളമുണ്ടാവും. ആവശ്യങ്ങള്‍ അതിലേറെ വരും. അതിനെ മറികടക്കാനുള്ള ആസൂത്രണങ്ങള്‍ നടത്തുകയെന്നതാണ് നവോത്ഥാനത്തെ ഭാവിയിലേക്കും പടര്‍ത്താന്‍ അവശ്യം വേണ്ട മുന്നുപാധി.
കേരളാ മുസ്ലിം നവോത്ഥാനത്തിന്റെ മുമ്പില്‍ നടന്ന മുജാഹിദ് പ്രസ്ഥാനം ചരിത്രത്തിലെ ഒരു ചക്രം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നേരെ തലകുത്തനെ നില്‍ക്കുന്ന ഒരു സന്ദര്‍ഭത്തില്‍ കൂടിയാണ് നാം നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നത്. തങ്ങളെത്തന്നെ നിരന്തരം പുതുക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കാതെ വന്നതുകൊണ്ടുള്ള പ്രതിസന്ധിയാണ് മുജാഹിദ് പ്രസ്ഥാനം ഇന്നനുഭവിക്കുന്നത്. മതത്തെയും ചരിത്രത്തെയും മനസ്സിലാക്കുന്നതില്‍ സലഫി വിശകലനശാസ്ത്രത്തിനുള്ള അടിസ്ഥാന പരിമിതി കൊണ്ടാണ് ഇത് സംഭവിച്ചു പോയത്. അവര്‍ക്ക് മതം എന്നു പറഞ്ഞാല്‍ കുറെ ഉദ്ധരണികളുടെ സമാഹാരമാണ്. ഉദ്ധരണികള്‍ നിറഞ്ഞ ഒരു ചെസ് ബോര്‍ഡ് ആയാണ് അവര്‍ മതത്തെക്കാണുന്നത്. ആ ചെസ് ബോര്‍ഡില്‍ ഒരു ഉദ്ധരണി അങ്ങോട്ട് നീക്കിയും ഇങ്ങോട്ട് വലിച്ചും നടത്തുന്ന കരുനീക്കങ്ങളാണ് അവരെ സംബന്ധിച്ചേടത്തോളം ദഅ്വാ പ്രവര്‍ത്തനം. കാന്തപുരം സുന്നികള്‍ സ്പാനിഷ് ഭാഷാ കോഴ്സ് നടത്തുമ്പോഴും ഇവരുടെ പ്രഭാഷകര്‍, പണ്ട് സുന്നി പണ്ഡിതര്‍ ഇംഗ്ളീഷ് ഹറാമാക്കിയതിന്റെ ഉദ്ധരണികളുമായി തെരുവിലുണ്ടാവും. അങ്ങനെ പുതിയ ഉദ്ധരണികള്‍ കൈയില്‍ കിട്ടിയ യുവപണ്ഡിതര്‍ അതു വെച്ചു നടത്തുന്ന നീക്കങ്ങളാണ് മുജാഹിദ് പ്രസ്ഥാനം ഇന്നനുഭവിക്കുന്ന പ്രതിസന്ധി. നവോത്ഥാനത്തിന്റെ നൂറ് വര്‍ഷത്തെക്കുറിച്ചാലോചിക്കുമ്പോള്‍ കഴിഞ്ഞ നൂറു വര്‍ഷം മുസ്ലിം സമുദായം എങ്ങനെയൊക്കെയാണ് ചുവടുകള്‍ വെച്ചത്, ഇനി അടുത്തൊരു നൂറു വര്‍ഷം എങ്ങനെ വേണം എന്നതിനെക്കുറിച്ച ആലോചനയായിരുന്നു യഥാര്‍ഥത്തില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇന്ന് നടക്കുന്നതെന്തെന്ന് നമുക്കെല്ലാമറിയാം. ഒരു പ്രസ്ഥാനം നിരന്തരം നവീകരിക്കാതിരിക്കുമ്പോള്‍ വന്നുചേരുന്നു അനിവാര്യ ദുരന്തം. പക്ഷേ, മുസ്ലിം സമുദായം അതില്‍ കെട്ടിനില്‍ക്കുകയില്ലെന്നും അതിലെ പുതുതലമുറ പുതുവഴികള്‍ വെട്ടി സമുദായത്തിന് ദിശ നല്‍കുമെന്നും തന്നെയാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ മുന്നില്‍ വെച്ച് അനുമാനിക്കാന്‍ കഴിയുക.
Comments