Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

ഹജ്ജിലെ നേര്‍കാഴ്ചകള്‍

ഹസന്‍ ചെറൂപ്പ

ആത്മീയോത്കര്‍ഷത്തിന്റെ അമൃതവര്‍ഷമായി, പാപമാലിന്യങ്ങളെ ഒഴുക്കിക്കളഞ്ഞ പുതുമഴയായി പെയ്തിറങ്ങിയ ഹജ്ജ് ഉര്‍വരമാക്കിയ മനസ്സും കഴുകിത്തുടച്ച ഹൃദയവുമായി, ലക്ഷോപലക്ഷം തീര്‍ഥാടകര്‍ മബ്റൂറായ ഹജ്ജിന്റെ നിര്‍വൃതിയില്‍ നവജാത ശിശുവിന്റെ നൈര്‍മല്യം നേടി ഭൂഗോളത്തിന്റെ അഷ്ടദിക്കുകളിലേക്കും മടങ്ങിക്കഴിഞ്ഞു. തീര്‍ഥാടകലക്ഷങ്ങളുടെ ബാഹുല്യത്തില്‍ വീര്‍പ്പുമുട്ടിയിരുന്ന വിശുദ്ധ കഅ്ബാലയത്തിനുചുറ്റും ഇപ്പോള്‍ ശേഷിക്കുന്നത് ഹാജിമാരുടെ വിടവാങ്ങലിന്റെ നൊമ്പരങ്ങള്‍. ഏറ്റവും സുഗമവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലാണവര്‍. സുഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും 189 പുറംരാജ്യങ്ങളില്‍നിന്നുമായി എത്തിച്ചേര്‍ന്ന 30 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ക്ക് എക്കാലത്തെയും മികച്ച സൌകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞതിന്റെ തികഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ സുഊദി ഭരണകൂടം.
മിനായിലെ ജംറകളില്‍ അവസാനത്തെ ഏറും കഴിഞ്ഞ് ഹാജിമാര്‍ മക്കയിലേക്ക് മടങ്ങുന്നതു മുതല്‍ക്കേ, അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങള്‍ക്ക് സമാരംഭം കുറിക്കുന്നു. ഇക്കഴിഞ്ഞ ഹജ്ജ് നടത്തിപ്പിലെ പോരായ്മകള്‍ തലനാരിഴ കീറിയുള്ള വിശകലനത്തിലാണിപ്പോള്‍. ഹജ്ജ് സേവനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നടക്കമുള്ള ഹാജിമാരുടെ മുതവ്വിഫ് ചുമതല വഹിക്കുന്ന ദക്ഷിണേഷ്യന്‍ തവാഫ എസ്റാബ്ളിഷ്മെന്റ് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും 12 മുതവ്വിഫുമാര്‍ക്കെതിരെ അന്വേഷണമാരംഭിക്കുകയും ചെയ്തത് ഉദാഹരണം. വര്‍ഷംതോറും വര്‍ധിച്ചുവരുന്ന തീര്‍ഥാടകര്‍ക്ക് പൂര്‍വോപരി മെച്ചപ്പെട്ട സൌകര്യങ്ങളൊരുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തിയായ മുറക്കുതന്നെ ഇക്കുറിയും തുടക്കം കുറിച്ചുകഴിഞ്ഞു.
ഹറമുകളുടെ പടിവാതിലായ ജിദ്ദയില്‍ ഒന്നര പതിറ്റാണ്ടായി മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച സൌഭാഗ്യം, ഈ തയാറെടുപ്പുകള്‍ അടുത്തുനിന്ന് വീക്ഷിക്കാന്‍ അവസരമൊരുക്കി. ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും പടുകൂറ്റന്‍ ക്രെയിനുകളില്‍ മൂന്നെണ്ണം മസ്ജിദുല്‍ ഹറാമിന്റെ വടക്കുകിഴക്കേ ചുമരിനോടു ചേര്‍ന്ന് ഹിജ്റ വര്‍ഷപ്പുലരിയില്‍ (നവംബര്‍ 15) വിന്യസിച്ചത് ഈ ഒരുക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മതാഫിന്റെ (ത്വവാഫ് ചെയ്യുന്ന സ്ഥലം) സൌകര്യം മൂന്നിരട്ടിയിലേറെയായി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. മണിക്കൂറില്‍ 40,000 പേര്‍ക്ക് ത്വവാഫ് ചെയ്യാനുള്ള നിലവിലെ സൌകര്യം ഒന്നര ലക്ഷമായി ഉയര്‍ത്തുന്ന ജോലികള്‍ക്ക് ഝടുതിയില്‍ ക്രെയിനുകള്‍ ചലിച്ചുതുടങ്ങുകയായി.
ആയിരക്കണക്കിന് കോടി റിയാല്‍ മുടക്കിയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിന് മസ്ജിദുല്‍ ഹറാം സാക്ഷ്യം വഹിക്കുമ്പോഴാണ് മസ്അ (സഅ്യ് ചെയ്യുന്ന സ്ഥലം) ക്കു പിറകെ മതാഫും വമ്പിച്ച വികസനത്തിന് വേദിയാവുന്നത്. മദീനയിലെ മസ്ജിദുന്നബവിയിലെ സൌകര്യം മൂന്നു മടങ്ങുകണ്ട് വര്‍ധിപ്പിക്കുന്നതിനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിനും മുഹര്‍റം മാസത്തില്‍തന്നെ തുടക്കം കുറിക്കപ്പെടുകയാണ്.
അനേകം ഹാജിമാരുടെ ജീവനെടുത്ത മിനാ തമ്പുനഗരിയിലെ വന്‍ അഗ്നിബാധയുണ്ടായി, ഏതാനും ആഴ്ചകള്‍ക്കകംതന്നെ, ലോകോത്തര നിലവാരമുള്ള തീപിടിക്കാത്ത തമ്പുകള്‍ അന്വേഷിച്ചിറങ്ങിയ ഭരണകൂടം തൊട്ടടുത്ത വര്‍ഷം തന്നെ അത് യാഥാര്‍ഥ്യമാക്കിയതു പ്രവാസത്തിന് തുടക്കം കുറിച്ച തൊണ്ണൂറുകളുടെ ഒടുവില്‍തന്നെ കണ്ടതാണ്. ഇതില്‍പിന്നെ, ജംറകളിലെ തിക്കും തിരക്കും അടിക്കടി ദുരന്തങ്ങളായി മാറിയപ്പോള്‍, അതിശയിപ്പിക്കുന്ന സൌകര്യങ്ങളുള്ള ജംറ സമുച്ചയം പണികഴിപ്പിച്ചുകൊണ്ട് ഇത്തരം ദുരന്തസാധ്യതകള്‍ ഇല്ലാതാക്കാനും കഴിഞ്ഞു. ഹാജിമാരില്‍ നല്ലൊരു ഭാഗവും മക്ക വിടാനിരിക്കെയായിരുന്നു ഇതുപോലൊരു മുഹര്‍റം മാസത്തില്‍ പഴയ ജംറ പൊളിച്ച് ജംറ കോംപ്ളക്സിന്റെ നിര്‍മാണത്തിന് അബ്ദുല്ല രാജാവ് തുടക്കം കുറിച്ചത്.
കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും സുഊദിക്കകത്തുനിന്ന് അഞ്ചു ലക്ഷത്തിലേറെ പേര്‍ ഹജ്ജ് അനുമതി പത്രമില്ലാതെ തീര്‍ഥാടനത്തിനെത്തിയെങ്കിലും, അവര്‍ക്കെല്ലാം അനായാസം കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞത് അതിശയിപ്പിക്കുന്ന സൌകര്യങ്ങളൊരുക്കി, എണ്ണയിട്ട യന്ത്രം കണക്കേ സുഊദി ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങള്‍ക്കുമൊപ്പം ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും സുരക്ഷാഭടന്മാരും സന്നദ്ധ പ്രവര്‍ത്തകരും കണ്ണിലെണ്ണയൊഴിച്ച് കര്‍മനിരതരായതിന്റെ ഫലമായിരുന്നുവെന്ന് ഓരോ വര്‍ഷത്തെയും ഹജ്ജ് കാട്ടിത്തരുന്നു. ഹജ്ജ് സുഗമമാക്കുന്നതിന് ഇത്തവണ 1,20,000 സുരക്ഷാ ഭടന്മാരും 25,700 സിവില്‍ ഡിഫന്‍സ് ഭടന്മാരും 16,500 സ്പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്സും വിന്യസിക്കപ്പെട്ടിരുന്നു. ഹാജിമാരുടെ താമസം, യാത്ര, ആരോഗ്യപരിരക്ഷ, സുരക്ഷ, കര്‍മങ്ങള്‍ അനായാസം നിര്‍വഹിക്കുന്നതിനുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഓരോ വര്‍ഷവും ഒന്നിനൊന്ന് മെച്ചപ്പെട്ടു വരുന്നു.
ഇക്കഴിഞ്ഞ ഹജ്ജിനു മുന്നോടിയായിമാത്രം ഇത്തരം സൌകര്യങ്ങള്‍ക്കായി അധികമായി ചെലവിട്ടത് 150 കോടിയിലേറെ റിയാലായിരുന്നു. കൂടാര നഗരിയായ മിനായില്‍ ലോകോത്തര നിലവാരമുള്ള നഗരത്തിനുവേണ്ട അടിസ്ഥാന സൌകര്യങ്ങളാണ് വര്‍ഷത്തില്‍ അഞ്ചു ദിവസത്തേക്കു മാത്രമായി സംവിധാനിച്ചിരിക്കുന്നത്. അറഫാ മൈതാനിയില്‍ ഏതാനും മണിക്കൂറുകള്‍ക്കു വേണ്ടി മാത്രമാണ് എല്ലാവിധ സൌകര്യങ്ങളും ഒരുങ്ങിയത്. ഇത്തരം സൌകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ട് പതിറ്റാണ്ടിനിടയില്‍ മിനായിലും അറഫയിലും മുസ്ദലിഫയിലും മാത്രം ചെലവിട്ടത് മൂവായിരത്തിലേറെ കോടി റിയാലാണ്. തീര്‍ഥാടകരില്‍നിന്ന് ഭരണകൂടം ചില്ലിക്കാശും വാങ്ങാതെയാണ് ഈ സൌകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്. ഹാജിമാര്‍ക്ക് നന്നേ സൌകര്യം കുറവായിരുന്ന പതിറ്റാണ്ടുകള്‍ക്കുമുമ്പ് സുഊദി ഭരണകൂടം ചുമത്തിയിരുന്ന നികുതി പിന്നീട് പിന്‍വലിക്കുകയായിരുന്നുവല്ലോ...
ഹജ്ജ് ആത്മീയദാഹത്തിന്റെ
തീര്‍ഥജലം
ആരോഗ്യവും സാമ്പത്തികശേഷിയുമുള്ള മുഴുവന്‍ മുസ്ലിമിനും ഹജ്ജ് നിര്‍ബന്ധമാണെങ്കിലും അതിന് അവസരം ലഭിക്കുന്നതു വളരെ ചുരുക്കം പേര്‍ക്കുമാത്രം. ലോകത്തെ 180 കോടി മുസ്ലിംകളില്‍ 18 ലക്ഷം പേര്‍ക്ക് -അഥവാ ആയിരത്തില്‍ ഒരുവന്. ക്വാട്ട സമ്പ്രദായത്തിലൂടെ വരുത്തിയ ഈ നിയന്ത്രണം മൂലം ആഗോള മുസ്ലിം സമൂഹത്തില്‍ 999 പേരുടെ പ്രാതിനിധ്യമാണ് ഓരോ ഹാജിയും വഹിക്കുന്നത്. ഇങ്ങനെ സൌഭാഗ്യം കൈവന്നവരില്‍, സമ്പന്നര്‍ മാത്രമല്ല, പതിറ്റാണ്ടുകള്‍ നീണ്ട തയാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും പണം സ്വരുക്കൂട്ടിയും തപിക്കുന്ന ഹൃദയവുമായി പാതിരാവുകള്‍ പ്രാര്‍ഥനാനിരതമായതിലൂടെയും ഹജ്ജിന് നറുക്കുവീണ സാധാരണക്കാരും ധാരാളമാണ്. ഗതകാല ഹജ്ജിന്റെ ത്യാഗോജ്ജ്വലഗാഥകള്‍ നെഞ്ചേറ്റി, തന്റെ ഹജ്ജില്‍ അതിന്റെ അംശങ്ങള്‍ വേണമെന്ന് തീരുമാനിച്ചുറച്ചവരെയും ഇത്തവണ ഹജ്ജിനെത്തിയവരില്‍ കണ്ടു. സംഘര്‍ഷഭരിതമായ സിറിയയടക്കം ഏഴു രാജ്യങ്ങള്‍ താണ്ടി 5700 കിലോമീറ്റര്‍ കാല്‍നടയായി 314 ദിവസമെടുത്ത് മക്കയിലെത്തിയ 47 കാരനായ ബോസ്നിയന്‍ തീര്‍ഥാടകന്‍ സെനാദ് ഹാദ്സിച്ച്, നാലു വര്‍ഷമായി അപേക്ഷ നല്‍കിയുള്ള കാത്തിരിപ്പിനൊടുവില്‍ നറുക്കുവീണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ സഹോദരന്‍ സഈദ് മുര്‍സി, വിവാഹമൂല്യ (മഹര്‍) ത്തില്‍ പകുതി ഖുര്‍ആന്‍ മനഃപാഠമാക്കിക്കൊടുക്കലും പകുതി ഹജ്ജിന് കൊണ്ടുപോകുമെന്ന വാഗ്ദാനവും നല്‍കി, അത് നിറവേറ്റുന്നതിന് നാല് ഭാര്യമാരുമായി എത്തിയ പാക്ക് ഗ്രാമീണന്‍ മീര്‍ ഹുസൈന്‍, ഉമ്മയുടെ ചിരകാലമോഹം സാക്ഷാത്കരിക്കാന്‍ അവരറിയാതെ ഇരുപതുകാരിയായ മകള്‍ ഖദീജ വിറ്റ സ്വന്തം വൃക്കയുടെ പണം ചെലവിട്ട് ഹജ്ജിനെത്തിയ ഇന്ത്യക്കാരി ഫാത്തിമ അര്‍കുന്‍, ദശകങ്ങളോളം വിറകു ചുമന്ന് വില്‍പന നടത്തി സ്വരുക്കൂട്ടിയ പണവുമായി എത്തിയ പാക്കിസ്ഥാനി എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം