Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

സംഘടനാ മതിലുകള്‍ക്കിടയില്‍ തുറന്ന വാതിലുകള്‍ വേണം

സി.വി അബൂബക്കര്‍, തിരുനാവായ

ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രയേല്‍ ഗസ്സക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് വിവിധ മുസ്‌ലിം സംഘടനകളും യുവജന സംഘടനകളും നടത്തിയ പ്രതിഷേധ മാര്‍ച്ചും മറ്റും കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. പ്രത്യേകിച്ച് കൈക്കുഞ്ഞുങ്ങളുമായി ഉമ്മമാര്‍ നടത്തിയ വനിതാ മാര്‍ച്ച് ആവേശോജ്ജ്വലമായി.
മുസ്‌ലിം ഉമ്മത്ത് ഒരു ശരീരം പോലെയും ശരീരത്തിലെ ഏതവയവത്തിന് വേദനിച്ചാലും അത് മൊത്തം വേദനയായും മാറുന്ന കാഴ്ചയാണ് പ്രതിഷേധത്തില്‍ കാണാന്‍ സാധിച്ചത്. ഇങ്ങനെയൊക്കെ ചില ഒത്തുചേരലുകള്‍ ഉണ്ടാകുമ്പോഴും, ഈ ഉമ്മത്തിനെതിരെ ഇന്ന് ഫാസിസ്റ്റുകളും സാമ്രാജ്യത്വ സയണിസ്റ്റുകളും ഒന്നിക്കുമ്പോള്‍ എന്തുകൊണ്ട് മുസ്‌ലിം സംഘടനകള്‍ക്ക് ഐക്യപ്പെടാന്‍ സാധിക്കുന്നില്ല എന്ന ചോദ്യം ഒട്ടൊന്നുമല്ല ഒരു വിശ്വാസിയെ സങ്കടപ്പെടുത്തുന്നത്. നേരത്തെ പറഞ്ഞ പ്രതിഷേധംപോലും ഒരുമിച്ചു നടത്താന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കഴിഞ്ഞില്ല. ഒരു മുസ്‌ലിം സംഘടനക്കും ഫലസ്ത്വീന്‍ വിഷയത്തില്‍ ഭിന്നിപ്പില്ലല്ലോ, പിന്നെ എന്തുകൊണ്ട് ഇങ്ങനെ? ഗസ്സക്കുവേണ്ടി

മുജീബ് ചോയിമഠം
അസഹിഷ്ണുതയുടെ 'ലൈക്കു'കള്‍

നവംബര്‍ 17-നു ബാല്‍താക്കറെ മരിച്ചപ്പോള്‍ മുംബൈ നഗരത്തില്‍ ബന്ദാചരിച്ചതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു. പോലീസ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുന്നു. പിന്നീട് ജാമ്യത്തില്‍ വിടുന്നു. നിശ്ചലമാക്കപ്പെട്ട നഗരത്തിന്റെ അവസ്ഥ കോറിയിടാന്‍ ഇരുപത്തൊന്നുകാരി ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ എഴുതിയ വാചകങ്ങള്‍ ഒട്ടും പ്രകോപനപരമായിരുന്നില്ല. 'താക്കറെയെപ്പോലുള്ളവര്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അതിന്റെ പേരില്‍ ബന്ദ് ആചരിക്കേണ്ട കാര്യമില്ല. നാം സ്മരിക്കേണ്ടത് ഭഗത്‌സിംഗിനെയും സുഖ്‌ദേവിനെയുമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ധീരരക്തസാക്ഷികള്‍.' ഈ വാക്കുകളില്‍ എവിടെയാണ് പ്രകോപനം? ശത്രുതയും വെറുപ്പും വര്‍ധിപ്പിക്കുമെന്നും വികാരം വ്രണപ്പെടുത്തിയെന്നുമൊക്കെ കാണിച്ചു ഐ.പി.സി സെക്ഷന്‍ 505, 295 ഉം വിവരാവകാശ ആക്ട് 64 ഉം പ്രകാരമായിരുന്നു അറസ്റ്റ്. ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ഷഹീന്‍ ദാദയോടൊപ്പം കമന്റിനെ 'ലൈക്' ചെയ്ത രേണു എന്ന മലയാളി പെണ്‍കുട്ടിയും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
ഷഹീന്‍ ദാദയുടെ ക്ലിനിക് ശിവസൈനികര്‍ അടിച്ചുതകര്‍ത്തു. നിയമ രംഗത്തും ഉദ്യോഗസ്ഥ മേഖലയിലും പിടിമുറുക്കിയ വര്‍ഗീയ വിധേയത്വമാണ് ഈ സംഭവങ്ങളില്‍ പ്രതിഫലിച്ചത്. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം അലയടിച്ചു. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍കണ്ടേയ കട്ജു, പെണ്‍കുട്ടികളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസിന് മുന്നറിയിപ്പ് നല്‍കി. മലയാള പത്രങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. താക്കറെയുടെ അപദാനങ്ങള്‍ വാഴ്ത്തിയ പത്രങ്ങള്‍ ഈയൊരു നിലപാട് സ്വീകരിച്ചതില്‍ അത്ഭുതമില്ല. നിരപരാധികളുടെയും മറാത്തക്കാരല്ലാത്തവരുടെയും ചോരമണക്കുന്ന പഴയ കാര്‍ട്ടൂണിസ്റ്റിന്റെ കറുത്ത ചരിത്രങ്ങളെ തമസ്‌കരിക്കാനായിരുന്നു പരമ്പരാഗത മാധ്യമങ്ങള്‍ മുന്‍കൈയെടുത്തത്.



എം.എന്‍ മുഹമ്മദ് കാസിം, കാഞ്ഞിരപ്പള്ളി
കുട്ടിയമ്മു സാഹിബിനെ കുറിച്ച് ചിലതു പറയാനുണ്ട്

2012 നവംബര്‍ ലക്കം 24 ലെ പ്രബോധനം വാരികയില്‍ തിരുവനന്തപുരം പാളയം പള്ളിയുടെ ശില്‍പിയായിരുന്ന കുട്ടിയമ്മു സാഹിബിനെക്കുറിച്ച പരാമര്‍ശത്തിന് അനുബന്ധമാണീ കുറിപ്പ്.
ഭരിക്കുന്നവരുടെ ചൊല്‍പ്പടിക്ക് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥ വിഭാഗവും, അവരെ കീഴിലൊതുക്കാന്‍ മുതിരാതിരുന്ന രാഷ്ട്രീയ ഭരണനേതൃത്വവും നമ്മുടെ സിവില്‍ സര്‍വീസിന്റെ മുഖമുദ്രയായ ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊരാളാണ് കേരളത്തിന്റെ ആദ്യ സ്‌പെഷ്യല്‍ ചീഫ് എഞ്ചിനീയറായിരുന്ന ടി.പി കുട്ടിയമ്മു സാഹിബ്.
തലസ്ഥാനനഗരിയുടെ മുഖഛായ തന്നെ മാറ്റിക്കുറിച്ചുകൊണ്ട് അതിമനോഹരമായ രീതിയില്‍ പള്ളിയെ ''സാരസന്‍'' ശില്‍പ മാതൃകയിലും തദ്ദേശ രുചിഭേദങ്ങള്‍ കൂട്ടിയിണക്കിയും അതിന്റെ പുനര്‍നിര്‍മാണം നടത്തിയത് കുട്ടിയമ്മു സാഹിബിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇന്ത്യയിലെ പ്രശസ്ത പള്ളികളുടെ ശില്‍പമാതൃകകള്‍ സംയോജിപ്പിച്ചാണ് പുതിയ മാതൃകക്ക് രൂപം നല്‍കിയത്.
പാളയം പള്ളി കൂടാതെ തലശ്ശേരി മൈതാനം പള്ളി, കോഴിക്കോട് പുഴവക്കത്തെ പള്ളി, തമ്പാനൂര്‍ ജമുഅ മസ്ജിദ് എന്നിവയുടെ നിര്‍മാണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്‍, തൈക്കാട് സീതി സാഹിബ് ഇസ്‌ലാമിക വിദ്യാലയം, പാളയത്തെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നിര്‍മാണത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്ലാഘനീയമായിരുന്നു. പുളിക്കലെ സലഫി സെന്ററിന്റെ പ്രാരംഭ നിര്‍മാണ ഘട്ടത്തിലും സഹകരിച്ചു. പൊന്നാനി എം.ഇ.എസ് കോളേജ് വികസനത്തിന് ചെയ്ത സേവനവും എടുത്തു പറയത്തക്കതാണ്.
മതപണ്ഡിതന്മാരെയും അഭ്യസ്തവിദ്യരെയും ഒരേ വേദിയില്‍ കൊണ്ടുവരാനുദ്ദേശിച്ച് ഇസ്‌ലാമിക് സെമിനാര്‍ എന്ന ചിന്താപ്രസ്ഥാനം എം.ഇ.എസുമായി സഹകരിച്ചു പ്രാവര്‍ത്തികമാക്കാനും മുന്‍കൈയെടുത്തിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായിരുന്നിട്ടുമുണ്ട്. പി.എസ്.സിയില്‍ സ്ഥാനം നല്‍കാന്‍ ഗവണ്‍മെന്റ് തയാറായെങ്കിലും ആ പദവി സ്വീകരിച്ചില്ല. പഞ്ചാബിലെ പി.എസ്.സി ചെയര്‍മാന്‍ ശതകോടികളുടെ അഴിമതി സമ്പാദ്യം നടത്തിയ സന്ദര്‍ഭമായിരുന്നു അത്. 'സമ്പാദി'ക്കാനറിയാത്ത ഒരു പാവമാണ് കുട്ടിയമ്മു സാഹിബെന്ന് അന്നു ചിലര്‍ പരിഹസിച്ചു പറയുമായിരുന്നു. ഭാര്യക്കവകാശപ്പെട്ട ചില വസ്തുക്കളും തനതായുണ്ടായിരുന്നവയും വിറ്റിട്ടാണ് സ്വന്തമായൊരു വീടുതന്നെ നിര്‍മിച്ചത്.
ഭിന്നാഭിപ്രായങ്ങള്‍ സമുദായ പുരോഗതിക്കു തടസ്സമാവരുതെന്ന ചിന്താഗതിക്കാരനായിരുന്നു. ആകയാല്‍ എല്ലാ വിഭാഗക്കാര്‍ക്കും പാളയം പള്ളി തുറന്നിടണമെന്നാണ് ആഗ്രഹിച്ചത്. പള്ളിയില്‍ ഇഷ്ടമുള്ള മദ്ഹബ് പിന്തുടരാന്‍ വ്യക്തികളെ അനുവദിക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു.


വി.എം സമീര്‍ കല്ലാച്ചി
ഇമാമും ജുമുഅ ഖുത്വ്ബയും
പാളയം ജുമാ മസ്ജിദ് ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയുമായുള്ള അഭിമുഖം (ലക്കം 24) കാലികപ്രസക്തമായ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നു. മഹല്ല് സംസ്‌കരണത്തിന് തെളിമയാര്‍ന്ന മാതൃക സൃഷ്ടിച്ച ഇമാമിന്റെ വാക്കുകളും വീക്ഷണങ്ങളും മഹല്ല് നേതൃത്വങ്ങളുടെയും ഇമാമിന്റെയും പ്രധാന്യവും പ്രസക്തിയും ഉത്തരവാദിത്വവും ഓര്‍മപ്പെടുത്തുന്നതാണ്. സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സമുദായ സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രസരിപ്പിക്കുകയാണ് ഓരോ ജുമുഅ ഖുത്വ്ബയും. സങ്കുചിതമായ സംഘടന താല്‍പര്യങ്ങള്‍ മാറ്റിവെച്ചു എല്ലാവിഭാഗം മുസ്‌ലിംകള്‍ക്കും ഉള്‍ക്കൊള്ളാനും ശ്രവിക്കാനും കഴിയുന്ന രീതിയില്‍ ഖുത്വ്ബ നിര്‍ണയിക്കുന്നപക്ഷം സമുദായത്തിനകത്ത് നന്മയിലും തഖ്‌വയിലും അധിഷ്ഠിതമായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നത് നിസ്സംശയമാണ്. ഇങ്ങനെ നന്മയുടെ, നവോത്ഥാനത്തിന്റെ നാവാകാന്‍ കഴിയുകയെന്നതാണ് ഇമാമിന്റെ ഉത്തരവാദിത്വത്തിന്റെ മാറ്റും മഹിമയും വര്‍ധിപ്പിക്കുന്നത്.



മൊയ്തീന്‍ മലയില്‍, ദുബൈ
ഇസ്‌ലാമിക പ്രവര്‍ത്തനവും
കലയും തമ്മിലെന്ത്?
ഇസ്‌ലാം കലക്ക് നല്‍കിയ പ്രാധാന്യം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനും പോഷക സംഘടനകള്‍ക്കും സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനരംഗത്ത് കലയെ ഒരു പരിധിവരെ ഉപയോഗപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. പക്ഷേ, കലയെ കാലത്തോടൊപ്പം വളര്‍ത്തിക്കൊണ്ട് വരുന്നതില്‍ പ്രസ്ഥാനം വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്നത് നിഷേധിക്കാന്‍ പറ്റില്ല. പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ കൂടിയതും ആള്‍വിഭവം കുറഞ്ഞതുമൊക്കെ അതിന്ന് കാരണമായിരിക്കാം.
ഒരു കലാസൃഷ്ടിക്ക് മനുഷ്യമനസ്സിനെ കീഴടക്കാന്‍ കഴിയുന്നപോലെ, ഒരു ലേഖനത്തിനോ പ്രഭാഷണത്തിനോ കഴിഞ്ഞ് കൊള്ളണമെന്നില്ല. പ്രസ്ഥാനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും കടന്നുചെല്ലണമെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പറ്റിയ കലാരൂപങ്ങള്‍ക്ക് വേദികളൊരുക്കേണ്ടതുണ്ട്. തനിമ ആ മേഖലയില്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും, സര്‍ഗസിദ്ധിയുള്ള പല പ്രവര്‍ത്തകരും അതുമായി സഹകരിച്ചു കാണുന്നില്ല.
കേരളത്തിലും വിദേശത്തുമുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരില്‍ പലരും കലാരംഗത്ത് വിവിധ കഴിവുകള്‍ ഉള്ളവരാണ്. അവരെ ആസൂത്രിതമായി ഉപയോഗപ്പെടുത്തുവാനുള്ള ഒരു ജനകീയ പദ്ധതി പ്രസ്ഥാനം ആവിഷ്‌കരിക്കുകയാണെങ്കില്‍ വമ്പിച്ച മുന്നേറ്റം ഈ രംഗത്ത് കൈവരിക്കാന്‍ കഴിയും. നമ്മുടെ പ്രതിവാര യോഗങ്ങളിലും മറ്റും സര്‍ഗാത്മക കലാപ്രവര്‍ത്തനത്തെയും എങ്ങനെ ഒപ്പം ചേര്‍ത്തുകൊണ്ടു പോകാമെന്ന് ആലോചിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം