Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

നാളെയിലേക്കുള്ള കുതിച്ചു ചാട്ടമാണ് ഇസ്ലാമിക നവോത്ഥാനം

സദ്റുദ്ദീന്‍ വാഴക്കാട്

ഇസ്ലാമിന് എത്ര പഴക്കമുണ്ട്? ഭൂമിയിലെ മനുഷ്യ ജീവിതത്തോളം എന്നാണ് ഉത്തരം. ആദ്യ മനുഷ്യന്‍ മണ്ണിലിറങ്ങിയതു മുതല്‍ ഇസ്ലാം ഇവിടെയുണ്ട്. ഇന്ന്, നമ്മുടെ കൈയിലുള്ള നിയമവ്യവസ്ഥകളോട് കൂടിയ ഇസ്ലാം മുഹമ്മദ് നബിയിലൂടെ മനുഷ്യസമൂഹത്തിന് ലഭിച്ചിട്ടും പതിനാലു നൂറ്റാണ്ടുകള്‍ പിന്നിട്ടു. ഇത്രയേറെ പഴക്കമുണ്ടായിട്ടും ഇസ്ലാം എന്തുകൊണ്ടാണ് ഇന്നും പുതുപുത്തനായി തന്നെ ഇരിക്കുന്നത്, ഏഴാം നൂറ്റാണ്ടിലെന്ന പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇസ്ലാം സ്വീകാര്യമാകുന്നത്? ഇന്നലെ ഒട്ടകങ്ങളെ മേയ്ച്ചു നടന്നവന്റെയും ഇന്ന് ബഹിരാകാശ യാത്ര നടത്തുന്നവന്റെയും പ്രശ്നങ്ങള്‍ക്ക് ഇസ്ലാം പരിഹാരമാകുന്നത്? അറേബ്യന്‍ മരുഭൂമിയിലെ ബദവിയുടെ സ്വപ്നങ്ങള്‍ സാര്‍ഥകമാക്കിയ ഇസ്ലാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ബുദ്ധിജീവിയുടെ ദാഹം തീര്‍ക്കുന്നത്? കാലാനുസൃതമായ വളര്‍ച്ചയും വികാസവും ഉറപ്പുവരുത്താനുള്ള ഇസ്ലാമിക ദര്‍ശനത്തിന്റെ സഹജമായ കരുത്തുകൊണ്ട് എന്നതാണതിന്റെ ലളിതമായ ഉത്തരം.
നിരന്തരമായ വളര്‍ച്ചയുടെയും പരിഷ്കരണത്തിന്റെയും ചരിത്രമാണ് ഇസ്ലാമിന് പറയാനുള്ളത്. ആദം നബിക്ക് ശേഷം മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയോടൊപ്പം ഇസ്ലാമും വളര്‍ന്നുകൊണ്ടിരുന്നു. കാലങ്ങളും ലോകങ്ങളും താണ്ടിയുള്ള ക്രമപ്രവൃദ്ധമായ ഈ വളര്‍ച്ചക്ക് നെടുനായകത്വം വഹിച്ചവരാണ് പ്രവാചകന്മാര്‍. ഓരോ പ്രവാചകന്റെയും കാലത്തെ ഇസ്ലാമിന്റെ സാമൂഹിക സമീപനവും സാംസ്കാരിക ഇടപെടലും നിയമവ്യവസ്ഥകളും അതിലുണ്ടായ മാറ്റങ്ങളും ശ്രദ്ധിച്ചാല്‍ ക്രമാനുഗതമായ ഈ വളര്‍ച്ച മനസ്സിലാക്കാനാകും. പ്രവാചക പരമ്പര മുഹമ്മദ് നബിയില്‍ അവസാനിക്കുമ്പോഴേക്കും ഇസ്ലാമിന്റെ വളര്‍ച്ച പൂര്‍ണതയില്‍ എത്തിക്കഴിഞ്ഞിരുന്നു. 'ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കിത്തന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു' എന്ന് ഖുര്‍ആന്‍ (അല്‍മാഇദ) പ്രഖ്യാപിച്ചതിന്റെ പൊരുളതാണ്.
ആകാശലോകത്തുനിന്നുള്ള വെളിപാടുകള്‍ (വഹ്യ്) നിലച്ചതോടെ, പ്രവാചകന്മാരിലൂടെ സാധിച്ച ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഘട്ടം കഴിഞ്ഞു. പിന്നെയും നീണ്ടുനിവര്‍ന്നു കിടക്കുന്ന കാലത്തോട് സംവദിക്കാന്‍ അല്ലാഹു നിശ്ചയിച്ച സംവിധാനമാണ് തജ്ദീദ്; നവോത്ഥാനം. പ്രവാചകത്വത്തിന്റെ തുടര്‍ച്ചയാണ് തജ്ദീദ്. പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന പ്രവാചക വചനം ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. മുഹമ്മദ് നബിക്ക് ശേഷമുള്ള പതിനാല് നൂറ്റാണ്ടുകളില്‍ ഇസ്ലാം എങ്ങനെ കുതിച്ചുപാഞ്ഞു എന്നതിന്റെ ഉത്തരമാണ് തജ്ദീദ്. ഇസ്ലാമിനെ അല്ലാഹു സംരക്ഷിക്കും, നിലനിര്‍ത്തും, വിജയിപ്പിക്കും എന്നൊക്കെയുള്ള പ്രഖ്യാപനത്തിന്റെ പ്രയോഗവത്കരണ സംവിധാനമാണത്. ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന, അമവീ ഭരണാധികാരി ഉമറുബ്നു അബ്ദില്‍ അസീസ് മുതല്‍ ഇരുപതാം നൂറ്റാണ്ടിലെ ശഹീദ് ഹസനുല്‍ ബന്നായും സയ്യിദ് മൌദൂദിയും വരെ നവോത്ഥാന നായകരുടെ പട്ടിക നീണ്ടുകിടക്കുന്നു.

നവോത്ഥാനത്തിന്റെ യാഥാര്‍ഥ്യം
മാറ്റമില്ലാത്ത അടിസ്ഥാനങ്ങളില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട്, മാറുന്ന ലോകത്തോട് സംവദിക്കാന്‍ ഇസ്ലാമിനെ സജ്ജമാക്കലാണ് നവോത്ഥാനം; തജ്ദീദ്. ഇന്നലെയും നാളെയും തമ്മിലുള്ള അകലമാണ് ഇന്ന്. ആ അകലം കുറച്ച് ഇസ്ലാമിനെ കാലികമാക്കി (ലൈവ്) നിര്‍ത്തലാണ് നവോത്ഥാനം. ദൈവിക മൂല്യ സംഹിത മുറുകെപ്പിടിച്ച് ഇന്നലെകളുടെ നാള്‍വഴികളിലേക്ക് കണ്ണയച്ച്, ഇന്നിന്റെ യാഥാര്‍ഥ്യങ്ങളെ നേരിടലും നാളെയുടെ സ്വപ്നങ്ങള്‍ വിരിയിച്ചെടുക്കലുമാണ് നവോത്ഥാനം. എല്ലാ കാലത്തോടും ലോകത്തോടും ജനപഥങ്ങളോടും ഇസ്ലാമിനെ ചേര്‍ത്തു നിര്‍ത്തലാണത്. പഴയ സത്യത്തിന്റെ പുതിയ ആവിഷ്കാരത്തിനുള്ള ആഹ്വാനമാണത്. വെളിപാടിനെ നിരാകരിച്ച് ബുദ്ധിക്ക് (അഖ്ല്‍) അപ്രമാദിത്വം കല്‍പിക്കലോ ബുദ്ധിയെ തള്ളിപ്പറഞ്ഞ് വെളിപാടിനെ വിഗ്രവത്കരിക്കലോ അല്ല നവോത്ഥാനം. ഏഴാം നൂറ്റാണ്ടില്‍ ഇറങ്ങിയ വെളിപാടിനെയും 21-ാം നൂറ്റാണ്ടിലെ ബുദ്ധിയെയും സംയോജിപ്പിക്കലാണത്. കാലപ്രവാഹത്തില്‍ ഇസ്ലാമിക ഗാത്രത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കിനെ കഴുകി ശുദ്ധീകരിക്കലാണത്. അടര്‍ന്നുവീഴുകയോ അടര്‍ത്തി മാറ്റുകയോ ചെയ്ത ദീനീ ഭാഗങ്ങളെ പൂര്‍വ സ്ഥാനത്ത് പുനഃസ്ഥാപിച്ച് പൂര്‍ണത വീണ്ടെടുക്കലാണത്. ഭിന്ന ധ്രുവങ്ങളിലേക്ക് അകന്നു മാറുന്ന ഇസ്ലാമും മുസ്ലിം സമുദായവും തമ്മിലുള്ള വിടവ് തീര്‍ത്ത്, ദൈവിക ആദര്‍ശത്തോട് ജീവിതത്തെ ചേര്‍ത്തുനിര്‍ത്താന്‍ ഉമ്മത്തിനെ സജ്ജമാക്കലാണത്.
പ്രമാണങ്ങളിലേക്കുള്ള മടക്കം മാത്രമല്ല, പ്രമാണങ്ങളുടെ പുനര്‍വായന കൂടിയാണ് നവോത്ഥാനം. 1400 വര്‍ഷങ്ങളുടെ പഴക്കമുള്ള അക്ഷരങ്ങളെ പുതിയ ആശയങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോഴാണ് നവോത്ഥാനം സംഭവിക്കുന്നത്. അതുകൊണ്ട് നവോത്ഥാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ ഇജ്തിഹാദ്- പുതിയ കണ്ടെത്തലുകള്‍ക്ക് വേണ്ടി പ്രമാണങ്ങളില്‍ നടത്തുന്ന ഗവേഷണ പഠനം- വലിയ പങ്കുവഹിക്കുന്നു. ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന സ്ഥിര പ്രതിഷ്ഠിത തത്ത്വങ്ങളെ പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്തോടു സംവദിക്കുന്നതാക്കി മാറ്റാനുള്ള ധൈഷണിക പ്രവര്‍ത്തനമാണല്ലോ ഇജ്തിഹാദ്. നിയമപാഠങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (മഖാസ്വിദു ശരീഅ) വലിയ അളവില്‍ പരിഗണിച്ചും പ്രയോഗവത്കരിച്ചും തന്നെയാണ് ഇജ്തിഹാദുകള്‍ മുന്നോട്ടു പോകുന്നത്. അതുകൊണ്ട്, മതസംഘടനകള്‍ക്കും കര്‍മശാസ്ത്ര മദ്ഹബുകള്‍ക്കും സാധിക്കാത്ത ധീരമായ പുതിയ ചുവടുവെപ്പുകള്‍ ഒരു നവോത്ഥാന പ്രസ്ഥാനത്തില്‍ കാണാനാകും. അവര്‍ ലോകത്തെ മാറ്റുക മാത്രമല്ല, സ്വയം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അഥവാ ഇസ്ലാമിക നവോത്ഥാനത്തിന് അകത്തു നടക്കുന്ന നിരന്തര പരിഷ്കരണങ്ങളാണ് അതിനെ നിറം കെടാതെ കാത്തുസൂക്ഷിക്കുന്നത്. അതുകൊണ്ട് സ്വയം മാറാന്‍ തയാറാകാതെ ഭൂതകാല ഭക്തിയില്‍ അഭിരമിക്കുന്നവര്‍ നവോത്ഥാന വഴിയില്‍ കാലിടറി വീഴും.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തുടര്‍ പ്രക്രിയയാണ് നവോത്ഥാനം. പ്രവാചകന് ശേഷം ഇസ്ലാമിക പ്രവാഹത്തെ കെട്ടിനില്‍ക്കാന്‍ അനുവദിക്കാതെ അതെന്നും ഒഴുക്കിന്റെ ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇസ്ലാമിക സമൂഹത്തിന്റെ അതിജീവന മന്ത്രമായി 'തജ്ദീദ്' എന്നും കൂടെയുണ്ടായിട്ടുണ്ട്. ഇസ്ലാമിനെ വിഴുങ്ങാന്‍ വരുന്ന ജാഹിലിയ്യത്തിന്റെ ഉഗ്ര സര്‍പ്പങ്ങളോടുള്ള വീറുറ്റ ചെറുത്തുനില്‍പാണത്. പൈശാചികതയുടെ ഭിന്ന രൂപങ്ങളോട് അടിയറവ് പറയലോ സമരസപ്പെടലോ സമന്വയത്തിന്റെ വഴിതേടലോ നവോത്ഥാനത്തിന്റെ സ്വഭാവമല്ല. അവയോടെല്ലാം നിരന്തര സമരങ്ങളിലേര്‍പ്പെട്ട് തിന്മയെ തകര്‍ത്തും നന്മയെ പുനഃസ്ഥാപിച്ചുമാണ് നവോത്ഥാനം മുന്നേറുന്നത്.
തലനാരിഴ കീറിയ ഫിഖ്ഹീ ചര്‍ച്ചകളില്‍ അഭിരമിക്കലല്ല ഇസ്ലാമിക നവോത്ഥാനം. കര്‍മശാസ്ത്ര തര്‍ക്കങ്ങളിലെ ഒരഭിപ്രായത്തില്‍നിന്ന് മറ്റൊരു അഭിപ്രായത്തിലേക്ക് ആളുകളെ മാറ്റിക്കിടത്തലുമല്ല അത്. സ്വുബ്ഹ് നമസ്കാരത്തില്‍ ഖുനൂത്ത് ഓതുന്നവനെ ഓതാത്തവനാക്കിയാല്‍ വിജയിക്കുന്നതല്ല ഇസ്ലാമിക നവോത്ഥാനം. അനൈക്യത്തിലേക്കും കക്ഷിത്വത്തിലേക്കുമുള്ള ക്ഷണവുമല്ല. ഭൂതകാലത്തിന്റെ തടവറകളിലേക്കുള്ള തിരിച്ചുപോക്കുമല്ല അത്. ഇന്നു പക്ഷേ, നവോത്ഥാനം അങ്ങനെയും വ്യാഖ്യാനിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

തജ്ദീദും ഇസ്ലാഹും
പുനരുത്ഥാനം, പരിഷ്കരണം, നവജാഗരണം, പുനര്‍വായന തുടങ്ങിയ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഇസ്ലാമിക സംജ്ഞയാണ് 'തജ്ദീദ്'. പുതിയതാക്കുക, വീണ്ടെടുക്കുക തുടങ്ങിയ അര്‍ഥങ്ങളുള്ള തജ്ദീദ് എന്ന അറബി പദത്തെയാണ് നവോത്ഥാനം എന്ന് വിവര്‍ത്തനം ചെയ്യുന്നത്. പഴകി ദ്രവിച്ച ഒരു വസ്തുവിനെ പൂര്‍വാവസ്ഥയിലാക്കുക എന്ന അര്‍ഥത്തിലുള്ള ജദ്ദദയുടെ ക്രിയാ ധാതുവാണ് തജ്ദീദ്. 'ഒരാളുടെ വീട് ദ്രവിച്ചു, അപ്പോള്‍ അയാളത് പുനരുദ്ധരിച്ചു' എന്ന് അറബികള്‍ പറയാറുണ്ട്. രണ്ട് വ്യക്തികള്‍ തമ്മില്‍ മുമ്പുണ്ടാക്കിയ കരാര്‍ പുതുക്കുക എന്ന അര്‍ഥത്തില്‍ 'അജ്ജദുല്‍ അഹ്ദ' എന്നും പ്രയോഗിക്കാറുണ്ട്. കൂലങ്കഷമായി പരിശോധിച്ചുറപ്പിക്കുക, ശക്തിപ്പെടുത്തുക, നന്നായി ചെയ്യുക എന്നീ അര്‍ഥങ്ങളിലും അജദ്ദ ഉപയോഗിക്കുന്നു. മെലിയുക, ക്ഷീണിക്കുക തുടങ്ങിയ അര്‍ഥങ്ങളുള്ള 'ഹസല'യുടെ വിപരീതമായും അജദ്ദ പ്രയോഗിക്കുന്നു. പുനരുജ്ജീവനം (ഇഹ്യാഅ്), പുനരുത്ഥാനം (ബഅ്സ്) പൂര്‍വവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് (ഇആദത്ത്) എന്നീ അര്‍ഥങ്ങള്‍ ഭാഷാ ശാസ്ത്രത്തില്‍ തജ്ദീദിന് നല്‍കപ്പെട്ടിട്ടുണ്ട്. തജ്ദീദ് ഉള്‍ക്കൊള്ളുന്ന സുപ്രധാന ആശയമാണ് ഇസ്ലാഹ്- പരിഷ്കരണം. 'കേടു തീര്‍ത്ത് നന്നാക്കുക' എന്നാണ് ഇസ്ലാഹിന്റെ അര്‍ഥം. പഴയ അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്താതെ പുനഃസൃഷ്ടിക്കുകയല്ല, പുതിയ കാലത്തിന് ചേര്‍ന്ന മാറ്റങ്ങളോടെ പരിഷ്കരിച്ച് പുനഃസ്ഥാപിക്കുകയാണ് തജ്ദീദ് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു ആശയമോ വസ്തുവോ പുതുതായി നിര്‍മിക്കുകയല്ല, പഴയ ഒന്നിനെ ജീര്‍ണതകള്‍ മാറ്റി പുനരുദ്ധരിക്കുകയാണ് തജ്ദീദ് എന്ന് ഭാഷാ പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നു. മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നിടത്താണ് ഖുര്‍ആന്‍ ജദീദ് എന്ന പദം ഉയോഗിച്ചിട്ടുള്ളത് എന്നും ഓര്‍ക്കുക (അല്‍ ഇസ്രാഅ് 49, ഖാഫ് 15). തജ്ദീദിന്റെ ചില വശങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇസ്ലാഹ് സഹായകമാകുമെങ്കിലും രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. സമഗ്ര സ്വഭാവമുള്ളതും നിര്‍മാണാത്മകവുമായ നവോത്ഥാനത്തില്‍ (തജ്ദീദ്) നിന്ന് ഇസ്ലാഹ് എങ്ങനെ വ്യത്യസ്തമാകുന്നുവെന്ന് പണ്ഡിതനും എഴുത്തുകാരനുമായ അലി ജുമുഅ നിരീക്ഷിച്ചിട്ടുണ്ട് (അല്‍ ഇസ്ലാഹു വതജ്ദീദ്- അല്‍ അഹ്റാം ംംം.മവൃമാ.ീൃഴ).
ഇസ്ലാമിക നവോത്ഥാനം എന്ന അര്‍ഥത്തില്‍ തജ്ദീദ് എന്ന പദം ഉപയോഗിക്കുന്നത് വിശ്രുതമായ ഒരു നബിവചനത്തിന്റെ അടിസ്ഥാനത്തിലാണ്. അബൂഹുറയ്റ നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: "എല്ലാ ഓരോ നൂറ്റാണ്ടിന്റെയും പ്രധാന ഘട്ടത്തില്‍ മുസ്ലിം സമൂഹത്തിനു വേണ്ടി അവരുടെ ദീനിനെ തജ്ദീദ് ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു നിയോഗിക്കും'' (അബൂദാവൂദ്). ഈ ഹദീസിന് അല്ലാമാ മനാവി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്: "അപചയം സംഭവിച്ച ശരീഅത്ത് നിയമങ്ങള്‍, നഷ്ടപ്പെട്ടുപോയ പ്രവാചകചര്യയുടെ അടയാളങ്ങള്‍, തിരോഭവിച്ച ആന്തരികവും ബാഹ്യവുമായ വിജ്ഞാനീയങ്ങള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് തജ്ദീദ്. നൂതനാചാരങ്ങളില്‍ (ബിദ്അത്ത്) നിന്ന് പ്രവാചക ചര്യയെ (സുന്നത്ത്) വേര്‍തിരിച്ചെടുക്കുക, വിജ്ഞാനം പരിപോഷിപ്പിക്കുക, പണ്ഡിതന്മാരെ സഹായിക്കുക, ബിദ്അത്തുകാരെ തകര്‍ക്കുക തുടങ്ങിയവയാണ് തജ്ദീദ്'' (ഫൈദുല്‍ ഖദീര്‍ 1/10, 2/281-282). അല്‍ഖമിയില്‍നിന്ന് അല്‍ അസീസി ഉദ്ധരിക്കുന്നു: വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ച് നിര്‍വഹിക്കേണ്ട കര്‍മങ്ങളില്‍ അപചയം സംഭവിക്കുമ്പോള്‍ അത് പുനരുദ്ധരിക്കുകയും ഖുര്‍ആന്റെയും സുന്നത്തിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പിക്കുകയുമാണ് തജ്ദീദ് (അസ്സിറാജുല്‍ മുനീര്‍ ലില്‍ അസീസി 1/411). "വിശുദ്ധ ഖുര്‍ആനും നബിചര്യയും വിശദീകരിക്കലും പൂര്‍വിക മഹത്തുക്കള്‍ ഉള്‍ക്കൊണ്ട ദീനിന്റെ താത്ത്വികവും പ്രായോഗികവുമായ അധ്യാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കലുമാണ് തജ്ദീദ്'' എന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (സാദുല്‍ അഖ്യാര്‍ 8/241). അളീമാബാദിയുടെ വിശദീകരണം ഇങ്ങനെയാണ്: "ഖുര്‍ആനും ഹദീസും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച അപചയങ്ങള്‍ പരിഹരിച്ച് നവോന്മേഷം നല്‍കുക. അവയുടെ ആശയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോവുക, ദീനീ തത്ത്വങ്ങള്‍ക്ക് എതിരായ പുതുനിര്‍മിതികള്‍ നിഷ്കാസനം ചെയ്യുക''.

മൌലിക തത്ത്വങ്ങളും
സവിശേഷതകളും
തജ്ദീദ് സംബന്ധിച്ച ഹദീസിന് ഇമാം അബൂദാവൂദ് നല്‍കുന്ന വിശദീകരണം ഇസ്ലാമിക നവോത്ഥാനത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. കിതാബുല്‍ മലാഹിം എന്ന അധ്യായത്തിലാണ് അബൂദാവൂദ് പ്രസ്തുത ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. ഇസ്ലാമിക സമൂഹം എതിരാളികളുമായി നടത്തുന്ന ആശയസമരം, സൈനിക ഏറ്റുമുട്ടല്‍, തുര്‍ക്കി-റോമാ- ജൂത വിഭാഗങ്ങളുമായുള്ള യുദ്ധങ്ങള്‍ തുടങ്ങിയ ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന അധ്യായമാണ് 'കിതാബുല്‍ മലാഹിം'. രൂക്ഷമായ സംഘര്‍ഷം, ഉഗ്ര സംഘട്ടനം തുടങ്ങിയ അര്‍ഥങ്ങളുള്ള പദമാണിത്. ഇത്തരമൊരു തലക്കെട്ടിനു കീഴില്‍ തജ്ദീദ് സംബന്ധിച്ച ഹദീസ് ഉദ്ധരിക്കുക വഴി ഇസ്ലാമിക നവോത്ഥാനത്തിന്റെ സ്വഭാവം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് ഇമാം അബൂദാവൂദ്. മാത്രമല്ല, ഈ ഹദീസ് സംബന്ധിച്ച് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലും അത് പ്രതിഫലിക്കുന്നുണ്ട്. സമകാലിക ലോകത്ത് മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന അതീവ ഗൌരവമുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ, ഇസ്ലാമിനെതിരായ പ്രത്യക്ഷ യുദ്ധ മുഖത്ത് നിന്ന് ഒളിച്ചോടുന്നവനല്ല നവോത്ഥാന നായകന്‍. ജിഹാദില്‍നിന്ന് അകന്നു കഴിയുന്നവനോ മുസ്ലിംകളോടൊപ്പം പോരാട്ടത്തിനിറങ്ങാതെ മാറിനില്‍ക്കുന്നവനോ അല്ല മുജദ്ദിദ്. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ഏതുതരം ആക്രമണങ്ങളെയും മുന്‍നിരയില്‍നിന്ന് പ്രതിരോധിക്കലാണ് നവോത്ഥാനം. ഇത്തരം എല്ലാ പോരാട്ടങ്ങളും വിജയകരമായ പരിസമാപ്തിയിലെത്തും. നബി(സ) മുന്നറിയിപ്പ് നല്‍കിയ യുദ്ധങ്ങളും സമരങ്ങളും ദീനിനെ വികൃതമാക്കുകയും നശിപ്പിക്കുകയുമെന്ന ലക്ഷ്യത്തോടെയുള്ളതാണ്. അതുകൊണ്ട്, ദീനിനെ പ്രതിരോധിച്ച് സംരക്ഷിക്കലും സ്ഥാപിച്ചെടുക്കലും പ്രതിയോഗികളുടെ പ്രവര്‍ത്തനഫലമായി മാഞ്ഞുപോയ ദീനീ ചിഹ്നങ്ങള്‍ പുനഃസ്ഥാപിക്കലും നവോത്ഥാന നായകന്റെ ദൌത്യമാകുന്നു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജിഹാദാണ് തജ്ദീദ്. ഇസ്ലാമിന്റെ എതിരാളികള്‍ പ്രചരിപ്പിച്ചിട്ടുള്ള എല്ലാ ദുഷിച്ച ചിന്തകളും തെറ്റായ ആശയങ്ങളും ഉന്മൂലനം ചെയ്യുകയെന്നത് നവോത്ഥാനത്തിന്റെ ദൌത്യമാകുന്നു. സംഘര്‍ഷങ്ങള്‍ ശക്തിപ്പെടുന്ന കാലത്ത് ഇസ്ലാമിക സമൂഹത്തിന് നവോത്ഥാന നായകര്‍ അനിവാര്യമാകുന്നു'' (നള്റത്തുന്‍ ഫീ ഹദീസിത്തജ്ദീദ്- മുഹമ്മദ് മുസ്അദ് യാഖൂത്ത്, ംംം.മെമശറ.ില/മഹറമംമവ/359).
ഭാഷാ പ്രയോഗങ്ങളും സാങ്കേതിക വിശകലനങ്ങളും ഖുര്‍ആനിലെയും ഹദീസിലെയും അധ്യാപനങ്ങളും പൂര്‍വിക മഹത്തുക്കളുടെ മാതൃകകളും മുന്നില്‍ വെച്ചുകൊണ്ട് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും ഇസ്ലാമിക നവോത്ഥാനത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്. ഇസ്ലാമിനെ മൌലിക പരിശുദ്ധിയില്‍ പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാണ് നവോത്ഥാനം. ബാഹ്യശക്തികളുടെ സ്വാധീനവും ആഭ്യന്തര ദൌര്‍ബല്യങ്ങളും വഴി കാലപ്രവാഹത്തില്‍ മുസ്ലിം സമൂഹത്തില്‍ സന്നിവേശിപ്പിക്കപ്പെട്ട അനിസ്ലാമിക ആശയങ്ങളെയും ആചാരങ്ങളെയും നിഷ്കാസനം ചെയ്യുക, ദീനില്‍നിന്ന് ബോധപൂര്‍വം മുറിച്ചുമാറ്റപ്പെടുകയോ അശ്രദ്ധയാല്‍ അവഗണിക്കപ്പെടുകയോ ചെയ്ത ഭാഗങ്ങള്‍ തിരിച്ചു പിടിക്കുക, അങ്ങനെ ഇസ്ലാമിനെ അതിന്റെ ആദിമ വിശുദ്ധിയില്‍ പുനഃസ്ഥാപിക്കുക- ഇതാണ് ഇസ്ലാമിക നവോത്ഥാനത്തിന്റെ ഒരു വശം. ഇസ്ലാമിക ആശയങ്ങള്‍ കൈയൊഴിക്കുകയോ ജാഹിലിയ്യത്തിന്റെ അംശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ, ആദര്‍ശാപചയം നേരിട്ട മുസ്ലിം സമൂഹത്തെ ആദര്‍ശവത്കരിച്ച് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ശ്രേഷ്ഠ സമുദായമായി (ഖൈറു ഉമ്മത്ത്) പുനഃസൃഷ്ടിക്കുക, പ്രവാചക പാരമ്പര്യത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവന്ന് ആദര്‍ശ പ്രബോധക സംഘമാക്കി വാര്‍ത്തെടുക്കുക- ഇതാണ് രണ്ടാമത്തെ വശം. പുനഃസൃഷ്ടി, പുനരുജ്ജീവനം (ബഅ്സ്, ഇഹ്യാഅ്) എന്നീ തജ്ദീദിന്റെ വശങ്ങള്‍ മുസ്ലിം സമൂഹത്തിനാണ് ബാധകമാകുന്നത്, ഇസ്ലാമിനല്ല. ആദര്‍ശപരമായ മരണം സംഭവിച്ച മുസ്ലിംസമൂഹത്തെ ഉത്തമ സമൂഹമാക്കി പുനഃസൃഷ്ടിക്കുകയാണ് തജ്ദീദ് ചെയ്യുന്നത്. ഇസ്ലാം നശിച്ചുപോയി എന്നോ അതിനെ പുനഃസൃഷ്ടിക്കണമെന്നോ അല്ല തജ്ദീദ് കൊണ്ട് അര്‍ഥമാക്കുന്നത്. കാരണം ഇസ്ലാമിന് നാശമോ തകര്‍ച്ചയോ ഇല്ല.
ഇസ്ലാമിനെ കാലത്തിന്റെ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുക, അനിസ്ലാമിക സംസ്കൃതി(ജാഹിലിയ്യത്ത്)യോടുള്ള നിരന്തര സമരത്തില്‍ ഇസ്ലാമിന് അതിജീവനത്തിന്റെ കരുത്ത് പകരുക, ദീനിന്റെ പ്രസക്തിയും മേന്മയും ഭദ്രമായി അവതരിപ്പിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ആദര്‍ശസമരത്തിന് പ്രായോഗിക രൂപം നല്‍കുക, സമൂഹത്തെ ഇസ്ലാമിക തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച് പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുക- ഇതാണ് ഇസ്ലാമിക നവോത്ഥാനത്തിന്റെ മൂന്നാമത്തെ വശം.
സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ത്യാഗപൂര്‍ണമായ പരിശ്രമമാണ് ഇസ്ലാമിക നവോത്ഥാനം. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുപോകാനുള്ള ആഹ്വാനമാണത്. ഖുര്‍ആനികാശയങ്ങള്‍ ആള്‍രൂപമണിഞ്ഞ് ജീവിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുക,യഥാര്‍ഥ പ്രവാചക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക (ഇഹ്യാഉസുന്ന) എന്നിവ നവോത്ഥാനത്തിന്റെ പ്രധാന ദൌത്യങ്ങളാണ്. സമകാലിക സമൂഹത്തിന്റെ ഹൃദയമിടിപ്പുകളോടും പുതിയ ലോക സാഹചര്യങ്ങളോടും സംവദിച്ചുകൊണ്ട് സമൂഹത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും അനുസൃതമായി ഇസ്ലാമിന്റെ വികാസക്ഷമതയും ചലനാത്മകതയും ഉറപ്പുവരുത്തുന്നതും നവോത്ഥാനമാണ്. മൂന്ന് മൌലിക തത്ത്വങ്ങളിലാണ് എല്ലാ കാലത്തെയും ഇസ്ലാമിക നവോത്ഥാനം ഊന്നയിട്ടുള്ളത്. ഒന്ന്, ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനുള്ള ആഹ്വാനം. ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് മുസ്ലിം സമൂഹത്തിന്റെ അധഃപതനത്തിനുള്ള മൂല കാരണം. രണ്ട്, ഇജ്തിഹാദ്. ഇസ്ലാമിക ചിന്തയുടെയും വിജ്ഞാനത്തിന്റെയും മുരടിപ്പിന് കാരണം ഇജ്തിഹാദ് കൈയൊഴിച്ചുള്ള അന്ധമായ അനുകരണം (തഖ്ലീദ്) ആണ്. മൂന്ന്, അന്യസംസ്കാരങ്ങളില്‍ നിന്നും ജീവിത രീതികളില്‍നിന്നും ഭിന്നമായി ഇസ്ലാമിക വ്യവസ്ഥക്കുള്ള അജയ്യതയും അപ്രമാദിത്വവും സ്ഥാപിക്കുക. ഇതര ദര്‍ശനങ്ങളുടെയും വ്യവസ്ഥകളുടെയും മുന്നില്‍ മാപ്പു സാക്ഷികളായി നില്‍ക്കാതെ ഇസ്ലാമിന്റെ അദ്വിതീയത ഉയര്‍ത്തിപ്പിടിക്കുക (തജ്ദീദ് വ ഇഹ്യാ ഏ ദീന്‍- സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി, ഇസ്ലാമിക വിജ്ഞാനകോശം 5/632, ഐ.പി.എച്ച്).

യൂറോപ്യന്‍ നവോത്ഥാനം
യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പകര്‍ത്തിയെഴുത്തല്ല ഇസ്ലാമിക നവോത്ഥാനം. 14-18 നൂറ്റാണ്ടുകളില്‍ പടിഞ്ഞാറന്‍ ലോകത്ത് ഉണ്ടായ നവോത്ഥാന സംരംഭങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആധുനിക ഇസ്ലാമിക പണ്ഡിതന്മാര്‍ ആവിഷ്കരിച്ച പുതിയൊരു സിദ്ധാന്തമല്ല അത്. തജ്ദീദ്, കൃത്യമായ ഉദ്ദേശ്യ ലക്ഷങ്ങളോടെ നബിവചനത്തില്‍ ഇടം പിടിച്ചത് ഏഴാം നൂറ്റാണ്ടിലാണെന്നോര്‍ക്കണം. ഒരര്‍ഥത്തില്‍ പ്രവാചകന്മാരുടെ പാരമ്പര്യത്തോളം ഇസ്ലാമിക നവോത്ഥാനത്തിന് പഴക്കമുണ്ട്. അനിസ്ലാമികതകളുമായി സന്ധിയില്ലാ സമരം നടത്തുകയും ആദം നബി(സ) സമര്‍പ്പിച്ച മൌലികാടിത്തറകളില്‍ ഊന്നിനിന്നുകൊണ്ടുതന്നെ പുതിയ നിയമങ്ങളിലൂടെ ദീനിനെ പരിഷ്കരിച്ചും പുനരുദ്ധരിച്ചും കടന്നുപോയ പ്രവാചകന്മാരിലാണ് ഇസ്ലാമിക നവോത്ഥാനത്തിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത്. ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ കാലത്തോടെ തജ്ദീദ് ആരംഭിക്കുകയും ചെയ്തു. ഇമാം മുഹമ്മദുബ്നു ഇദ്രീസ് ശാഫിഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പല്‍, ഇമാം അബുല്‍ ഹസനുല്‍ അശ്അരി (ഹിജ്റ 270), അബൂഹാമിദുല്‍ ഗസാലി (ഹിജ്റ 450), ശൈഖുല്‍ ഇസ്ലാം ഇബനു തൈമിയ്യ (ഹിജ്റ 661), മുഹമ്മദുബ്നു അബ്ദില്‍ വഹാബ് തുടങ്ങിയ പ്രമുഖര്‍ തുടര്‍ന്നുള്ള ദശാസന്ധികളില്‍ വ്യത്യസ്ത രൂപങ്ങളില്‍ നവോത്ഥാന ദൌത്യം നിര്‍വഹിച്ചു. ഇവരുടെ പരമ്പരയിലാണ് ജമാലുദ്ദീന്‍ അഫ്ഗാനിയും സയ്യിദ് റശീദ് രിദയും ഹസനുല്‍ ബന്നാ ശഹീദും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും വരുന്നത്. അതുകൊണ്ട് ആധുനിക ഇസ്ലാമിക നവോത്ഥാനത്തിന്റെ വേരുകള്‍ പരതേണ്ടത് പ്രവാചക പാരമ്പര്യത്തിലും ഉമര്‍ രണ്ടാമന്‍ മുതലുള്ള മഹദ് വ്യക്തിത്വങ്ങളിലുമാണ്.
നവോത്ഥാനം എന്ന പദപ്രയോഗം സമാനമാണെങ്കിലും യൂറോപ്പിന്റെയും ഇസ്ലാമിന്റെയും നവോത്ഥാനം തികച്ചും വ്യത്യസ്തമാണ്. രണ്ടിന്റെയും ആദര്‍ശാടിത്തറയും ലക്ഷ്യങ്ങളും അനന്തരഫലങ്ങളും ഭിന്ന വിരുദ്ധങ്ങളാണ്. വെളിപാടിനെ അടിസ്ഥാനമാക്കി, ബൌദ്ധിക ഇടപെടലുകളെ അതിലേക്ക് ചേര്‍ത്തുനിര്‍ത്തിയാണ് ഇസ്ലാമിക നവോത്ഥാനം രൂപം കൊള്ളുന്നത്. എന്നാല്‍, യൂറോപ്യന്‍ നവോത്ഥാനം ബുദ്ധിയെയും യുക്തിയെയും വിധികര്‍ത്താവാക്കുകയായിരുന്നു. വെളിപാടുകളെ തള്ളിക്കളയുകയും ചെയ്തു. ദൈവനിഷേധവും മതനിരാസവും യൂറോപ്യന്‍ നവോത്ഥാനത്തില്‍ മേല്‍ക്കൈ നേടിയപ്പോള്‍ ഇസ്ലാമിക നവോത്ഥാനം സമൂഹത്തെ കൂടുതല്‍ ദൈവബന്ധിതവും മതാത്മകവുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ചര്‍ച്ചുമായുള്ള സംഘര്‍ഷം യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പ്രധാന ഭാഗമായപ്പോള്‍ ഇസ്ലാമിക നവോത്ഥാനം മസ്ജിദിനെ നാഗരികതയുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. യൂറോപ്പ് നവോത്ഥാനത്തിലൂടെ ആത്മീയതയെ നിരാകരിച്ച് ഭ്രാന്തമായി ഭൌതികതക്കു പിന്നാലെ അലക്ഷ്യമായി ഓടുകയായിരുന്നു. ഇസ്ലാമാകട്ടെ, ആത്മീയതയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുകയും അതിനെ തെരുവിന്റെയും മാര്‍ക്കറ്റിന്റെയും പോലും ചൈതന്യമാക്കി മാറ്റുകയുമാണ്. നവോത്ഥാനാനന്തര കാലത്തെ യൂറോപ്യന്‍ തെരുവുകളില്‍ കണ്ടതും, അറബ് വസന്താനന്തര കാലത്ത് ഇസ്ലാമിക ലോകത്തെ തെരുവുകളില്‍ ജ്വലിച്ചുയരുന്നതും രണ്ട് നവോത്ഥാനങ്ങളും തമ്മിലുള്ള അന്തരം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തവക്കുല്‍ കര്‍മാന്‍ യൂറോപ്യന്റെ മിനിസ്കര്‍ട്ടിലേക്ക് സ്വാതന്ത്യ്രം പ്രാപിക്കുകയല്ല, യിവോണ്‍ റിഡ്ലിമാര്‍ ഇസ്ലാമിന്റെ ആദര്‍ശ പുടവയണിയുകയാണ് ചെയ്തത്. മതത്തെ പടിക്കു പുറത്താക്കുകയും ദൈവത്തെ ഞായറാഴ്ച കുര്‍ബാനകളില്‍ മാത്രം പ്രത്യക്ഷപ്പെടാനനുവദിക്കുകയും ചെയ്താലേ വളരാനും വികസിക്കാനും കഴിയൂ എന്ന ചിന്തയില്‍ നിന്നാണ് യൂറോപ്യന്‍ നവോത്ഥാനം പിറവിയെടുക്കുന്നത്. എന്നാല്‍, ദൈവത്തെ പരമാധികാരിയാക്കുകയും മതമൂല്യങ്ങള്‍ ജിവിതത്തിലാകമാനം പ്രയോഗവത്കരിക്കുകയും ചെയ്താലേ പുതിയ ലോകത്തിലേക്ക് വളരാനും കെട്ടുറപ്പുള്ള സമൂഹത്തെ സൃഷ്ടിക്കാനും കഴിയൂ എന്നാണ് ആധുനിക ഇസ്ലാമിക നവോത്ഥാനം ഉറക്കെ പറഞ്ഞത്. ശരി ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പക്ഷത്തുതന്നെയാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം