Prabodhanm Weekly

Pages

Search

2012 ഡിസംബര്‍ 15

നട്ടെല്ലിന്റെ ധീരതയാണ് ഇനിയും പാകമാകേണ്ടത്

പി.എം.എ ഗഫൂര്‍

തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥാപിത പ്രവൃത്തിയെന്നതിലുപരി, ജീവിക്കുന്ന കാലത്തോടും സമൂഹഗതികളോടുമുള്ള പ്രതികരണമെന്ന നിലയിലാണ് നവോത്ഥാനം യാഥാര്‍ഥ്യമാവുന്നത്. സാമൂഹികാവസ്ഥകളുടെ നിറഭേദങ്ങളോടെല്ലാം സക്രിയമായി പ്രതികരിക്കുന്നതിന്റെ പേരായി നവോത്ഥാനം മാറുന്നത് അങ്ങനെയാണ്. കാലത്തോടും ലോകത്തോടുമൊപ്പമെത്താന്‍ സമൂഹത്തിന് വെളിച്ചം പകരലാണത്. കാലത്തോടൊപ്പം കഴിയുമ്പോഴും കാലത്തിനും മുകളിലേക്ക് സ്വപ്നങ്ങള്‍ വിതറലാണത്. 'നവോത്ഥാനം' എന്നൊരു പദം നവോത്ഥാന നായകരുടെ രചനകളിലൊന്നും കാണാനില്ല. പദപ്രയോഗത്തെക്കുറിച്ച വ്യഗ്രതയേക്കാളേറെ, അതിന്റെ സാക്ഷാത്കാരത്തിനുള്ള ഉദ്യമങ്ങളായിരുന്നു അവര്‍ക്ക് പ്രിയം. പുതിയ കാലത്തെ 'നവോത്ഥാന' പ്രവര്‍ത്തനങ്ങള്‍ പദങ്ങളിലേക്കുള്ള ചുരുക്കെഴുത്തായി ചെറുതായിപ്പോവുകയും സാക്ഷാത്കാരം വിസ്മരിക്കപ്പെടുകയും ചെയ്യുന്നുവോ എന്ന ആശങ്കാജനകമായ ആത്മവിമര്‍ശനമാണ് നവോത്ഥാന പുനര്‍വായനയില്‍ ഒന്നാം പേജാവേണ്ടത്.
സമൂഹഗതികള്‍ക്കുള്ള തിരുത്താണ് നവോത്ഥാനം. അലങ്കാരമായി ആചരിച്ചുപോരുന്ന പലതും തിരുത്താനുള്ള കരുത്താണത്. കൂര്‍ത്ത ചോദ്യങ്ങളും കെല്‍പ്പുള്ള ചിന്തകളുമാണത്. ചിലതൊക്കെ പൊളിച്ചും ചിലതിനെയൊക്കെ പൊള്ളിച്ചുമാണ് നവോത്ഥാനം സാക്ഷാത്കരിക്കപ്പെടുന്നത്. ഒരു നവോത്ഥാനവും പൂര്‍ണമല്ല. അപൂര്‍ണതയിലാണ് അതിന്റെ സാധ്യതകള്‍. ഒരു നവോത്ഥാന പ്രസ്ഥാനത്തെ തിരുത്താന്‍ മറ്റൊരു നവോത്ഥാന പ്രസ്ഥാനം ആവശ്യമാണ്. അത്തരമൊരു തിരുത്തും പുനര്‍വായനയും നമ്മെ മുന്നോട്ടു തന്നെയാണ് കൊണ്ടുപോവുക. പക്ഷേ, അങ്ങനെയൊരു നവോത്ഥാനപ്രസ്ഥാനം, പുറത്തുനിന്ന് എന്നതിനേക്കാളേറെ അകത്തുനിന്നു തന്നെയാണുണ്ടാവേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ സാമൂഹികരോഗങ്ങളെ ചികിത്സിച്ച മാപിനിയോ മാനദണ്ഡമോ അല്ല പുതിയത്. അലകും പിടിയും പുതുക്കിയും മുറുക്കിയും ഇനിയുമൊരു നവോത്ഥാന സഞ്ചാരം കാലം കാത്തിരിക്കുന്നുണ്ട്.
ധന്യമായൊരു പൈതൃകത്തിന്റെ ഇങ്ങേത്തലക്കല്‍ നിന്ന്, ആത്മപ്രശംസകരോ അവകാശവാദികളോ ആകാനെളുപ്പമാണ്. പ്രൌഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമിത്വത്തിനുള്ള ഉറപ്പ് നമ്മുടെ നട്ടെല്ലിനെത്രയുണ്ട് എന്നൊരു ചോദ്യം നിശ്ചയമായും ഉയരേണ്ടതുണ്ട്. സ്വന്തത്തിനു നേരെ തിരിഞ്ഞുനിന്നും കാലത്തിനു മീതെ തളിര്‍ത്തുനിന്നും ഉച്ചത്തിലുയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ തന്നെയാണ് പുതിയ നവോത്ഥാനമാകേണ്ടത്.
കേവലം സംവാദങ്ങള്‍ക്കുപരി നവോത്ഥാന പ്രക്രിയയെ വികസിപ്പിക്കുന്നതില്‍ പിന്നീടുള്ളവര്‍ താല്‍പര്യം കാണിക്കാതായോ? ചില ചെറുവിഷയങ്ങളുടെ അകക്കോളങ്ങളിലേക്ക് തങ്ങളുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ ചുരുക്കിയെഴുതിപ്പോയോ? നവോത്ഥാനാശയങ്ങളെ പിന്നോട്ടുവലിച്ചവര്‍ തന്നെ പിന്നീട്, നവോത്ഥാന വാദികളായി ഉയിര്‍ത്തെഴുന്നേറ്റതിനു പിന്നില്‍ ഇങ്ങനെയൊരു ദൌത്യവിസ്മൃതി ഉള്ളടങ്ങിയിട്ടുണ്ടോ? അടിയന്തരമായ ആത്മപരിശോധന ആവശ്യമുള്ള മേഖലയാണിത്. ആദര്‍ശപ്രചാരണവും വിദ്യാഭ്യാസ പ്രവര്‍ത്തനവും സാമൂഹിക സംരംഭങ്ങളുമെല്ലാം ഒരേ പേജില്‍ വൃത്തിയായി എഴുതി വിജയിപ്പിച്ചവരായിരുന്നു മുന്‍ഗാമികള്‍. കോഴിക്കോട്ട് ഖുര്‍ആന്‍ ക്ളാസും വാഴക്കാട്ട് മദ്റസയും തിരൂരങ്ങാടിയില്‍ യതീംഖാനയും ഒതായിയില്‍ സ്ത്രീ പള്ളിപ്രവേശവും കൊടുങ്ങല്ലൂരില്‍ സ്ത്രീപള്ളിക്കൂടവും തുടങ്ങിയതും വിജയിപ്പിച്ചതും ഒരേ കാലത്തായിരുന്നു. എന്നാല്‍, വക്കം മൌലവിയുടെ ശേഷം സാമൂഹിക നവോത്ഥാനവും കെ.എം മൌലവിയുടെ ശേഷം മതനവോത്ഥാനവും ചാലിലകത്തിനുശേഷം വിദ്യാഭ്യാസ നവോത്ഥാനവും എത്ര മുന്നോട്ടുചലിപ്പിക്കാന്‍ സാധിച്ചുവെന്നതാകണം 'നവോത്ഥാനപൌത്രസംഘം' സ്വയം പുനരന്വേഷിക്കേണ്ടത്. മതനവോത്ഥാനമെന്നാല്‍ ഖുര്‍ആന്‍ പരിഭാഷവരെ, വിദ്യാഭ്യാസ നവോത്ഥാനമെന്നാല്‍ അഫിലിയേറ്റഡ് കോളേജുവരെ എന്ന വിധം ഫുള്‍സ്റോപ്പ് നിര്‍മിച്ചത് പിറകോട്ട് മാത്രമാണ് ചലിപ്പിച്ചത്.
ഒരേസമയം അകത്തേക്കും പുറത്തേക്കും കണ്ണയച്ച്, കുതിച്ചുപായുന്ന കാലത്തോട് സംവദിക്കുവാന്‍ നവോത്ഥാന പ്രസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. ഒരു നൂറ്റാണ്ടുപിന്നിട്ട നവോത്ഥാന പ്രസ്ഥാനത്തെയല്ല, മുന്നിട്ട നവോത്ഥാന പ്രസ്ഥാനത്തെയാണ് കാലഘട്ടത്തിന്നാവശ്യം. സംവേദനക്ഷമതയാണ് പ്രധാനം. മഴവില്‍പോലെ, നിറഭേദങ്ങളുള്ള പ്രബോധന സാധ്യതകളോടെല്ലാം സംവദിക്കാനുള്ള കെല്‍പ് ഇനിയും ആര്‍ജിക്കേണ്ടതുണ്ട്. കക്ഷിത്വത്തിന്റെ ഇരുണ്ട മറകളില്‍ നിന്ന് പുറത്തുകടക്കാതെ പുതിയ സ്വപ്നങ്ങള്‍ കാണാനോ സാക്ഷാത്കരിക്കാനോ നമുക്കാവില്ല. പ്രാസ്ഥാനിക സംവിധാനങ്ങളെ വിട്ടുവീഴ്ചയില്ലാതെ നിലനിര്‍ത്തുമ്പോള്‍ തന്നെ, കക്ഷിത്വപരമായ കുതര്‍ക്കങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയണം. അങ്ങനെയൊരു ധന്യമാതൃകയാണ് നമ്മുടെ മുന്നില്‍ വെളിച്ചമായി പരക്കുന്നത്. മാതൃഭൂമി പത്രത്തിന് ഷെയര്‍ പിരിക്കാന്‍ കെ.പി കേശവമേനോന്റെ കൂടെ വെയിലുകൊണ്ട് നടന്ന കെ.എം മൌലവിയും, സ്വദേശാഭിമാനി പത്രം ഒറ്റക്കു നടത്തിയ വക്കം മൌലവിയും ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷികമേള നടത്തിയ സീതിസാഹിബും തിരൂരങ്ങാടി പള്ളിക്ക് ബാഫഖി തങ്ങളെക്കൊണ്ട് തറക്കല്ലിടീച്ച എം.കെ ഹാജിയും പാണക്കാട് പൂക്കോയ തങ്ങളുടെ വിയോഗ ശേഷം ശിഹാബ് തങ്ങളെ ലീഗ് നേതൃത്വത്തിലേക്കുയര്‍ത്തിക്കൊണ്ടുവന്ന എന്‍.വി അബ്ദുസ്സലാം മൌലവിയും, അല്‍അമീന്‍ പത്രം 'എന്റെ ദഅ്വാ പ്രവര്‍ത്തനമാണ്' എന്ന് പ്രഖ്യാപിച്ച മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും കോണ്‍ഗ്രസിന്റെയും മുജാഹിദ് പ്രസ്ഥാനത്തിന്റെയും വേദികളില്‍ ഒരുപോലെ ജ്വലിച്ചുനിന്ന എ. അലവി മൌലവിയും, അമുസ്ലിംകള്‍ക്കിടയില്‍ പോലും ഒത്തുതീര്‍പ്പുകാരനായി മാറിയ കെ.പി മുഹമ്മദ് മൌലവിയും, പാട്ടെഴുത്തും ഖുര്‍ആന്‍ ക്ളാസും ആവേശമാക്കിയ സൈദ് മൌലവിയും, നോവല്‍ രചനയെ പ്രബോധന മാതൃകയാക്കിയ കെ.കെ.എം ജമാലുദ്ദീന്‍ മൌലവിയും ബഹുമുഖമുള്ള 'മഴവില്‍ പ്രബോധന'ത്തെ തിരിച്ചറിഞ്ഞവരായിരുന്നു.
ഇസ്ലാഹിന്റെയും തജ്ദീദിന്റെയും ചലനാത്മകതയെ തിരിച്ചറിയാതെ ഒരു നവോത്ഥാന പ്രസ്ഥാനത്തിനും വിജയം വരിക്കാനാവില്ല. കുറ്റിയുറപ്പിച്ചുനിര്‍ത്തിയ നീളന്‍ തൂണല്ല നവോത്ഥാനം. നീണ്ടൊരു നാവുകൊണ്ട് സാധിപ്പിച്ചെടുക്കാവുന്നതുമല്ല അത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതിക സങ്കേതങ്ങളെയും അഭിരുചികളെയും തിരിച്ചറിഞ്ഞ്, മര്‍മജ്ഞമായ ജാഗരണപ്രക്രിയയാണ് ഇനി നമുക്കാവശ്യം. ആത്മീയതയുടെ അടിക്കല്ലില്‍ വേരിട്ടും വികസിച്ചും മുന്നേറുന്നവരെയാണ് ആവശ്യം. അതിന് സ്വയം സജ്ജരാകാനുള്ള തയാറെടുപ്പുള്ളവരാണ് യഥാര്‍ഥത്തില്‍ നവോത്ഥാനത്തിന്റെ പിന്‍മുറക്കാര്‍. അല്ലാതെ, ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെ വാലറ്റത്തുള്ളവരല്ല അത്.
നീണ്ട നിദ്രയോടോ ഭ്രാന്തമായ ഉണര്‍വിനോടോ നടത്തുന്ന യുദ്ധമാണ് ഓരോ നവോത്ഥാനപ്പോരാട്ടവും. പള്ളി കത്തുമ്പോള്‍ കെടുത്താനുപയോഗിക്കുന്ന വെള്ളം 'ത്വാഹിറും മുത്വഹ്ഹിറു'മാണോ എന്ന് പരിശോധിക്കാന്‍ നവോത്ഥാന നായകര്‍ക്ക് നേരം കിട്ടിക്കാണില്ല. കൂറ്റന്‍ വേഗതയില്‍ അവര്‍ പാഞ്ഞുതീര്‍ത്തതിനു പിറകെയാണ് നാം നടക്കുന്നത്.

* * * * *
ചരിത്രത്തില്‍ നിന്ന് ആരും ഒന്നും പഠിച്ചില്ല എന്നതാണ് ചരിത്രം നല്‍കുന്ന വലിയ പാഠമെന്ന് വഹീദുദ്ദീന്‍ഖാന്‍ നിരീക്ഷിച്ചിട്ടുണ്ട്. നീണ്ട നിദ്രയോട് നടത്തിയ യുദ്ധമായിരുന്നു ഒരു കാലത്തിവിടെ നവോത്ഥാന പ്രവര്‍ത്തനം. അതിപ്പോള്‍, അതിരുവിട്ട ഉണര്‍വിനോടുള്ള യുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അങ്ങനെ തീര്‍ന്നിരിക്കുന്നുവെന്ന് തിരിച്ചറിയുന്നവരെയാണ് നമുക്കാവശ്യം. അവര്‍ മാത്രമായിരിക്കും നവോത്ഥാനത്തിന്റെ സാക്ഷാല്‍ പിന്‍മുറ.
വക്കം മൌലവിയടക്കമുള്ള നായകരുടെ ചരിത്രം വായിക്കാനും അടച്ചുവെക്കാനുമുള്ളതല്ല. ഒരു കാലഘട്ടത്തിന് വെളിച്ചം നല്‍കുകയും മുമ്പേ നടക്കുകയും ചെയ്ത വക്കം മൌലവിക്ക്, പിന്നീടുള്ള ചരിത്രം സമ്മാനിച്ചത് വിസ്മൃതിയുടെ ഭാവികാലമായിരുന്നു. കേരള ചരിത്ര രചനയില്‍ ശ്രദ്ധയോടെ അശ്രദ്ധമാക്കപ്പെട്ട വക്കം മൌലവി, പക്ഷേ, ചരിത്രത്തിന് ഊക്കോടെ മുന്നേറാനുള്ള ഊര്‍ജം പ്രസരിച്ചു കൊണ്ടേയിരുന്നു. അദ്ദേഹം സ്വന്തമായിക്കണ്ട കിനാവുകള്‍ സംഘമായിത്തുടിച്ചതിന്റെ ഉണര്‍വ് കേരളം ഇന്നും അനുഭവിക്കുന്നു. സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ ജ്വലന ശക്തിയായി ആ ഓര്‍മകള്‍ വിട്ടുപോകാതെ തുടരുന്നു. സാമൂഹിക സത്യങ്ങളുടെ സന്ദര്‍ഭവൈവിധ്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നതിന് വക്കം മൌലവി ഒരു പാഠപുസ്തകമാണ്. തോല്‍ക്കേണ്ടി വന്നപ്പോളും തലകുനിക്കാതെയാണ് വക്കം മൌലവി തോറ്റുകൊടുത്തത്. ആ ദൃഢമനസ്സിനെ ഭരണാധികാരികള്‍ക്കു പോലും സമ്മതിക്കേണ്ടിവന്നതും അതുകൊണ്ടായിരുന്നു. സ്വദേശാഭിമാനി പത്രം അടച്ചുപൂട്ടിയവര്‍ തന്നെ ഭാഷാ ഓഫീസറായി വക്കം മൌലവിയെ നിയോഗിച്ചതിലെ സന്ദേശം മറ്റെന്താണ്?
അറിവ് നേടുകയും പകരുകയുമാണ് സമൂഹപുരോഗതിക്ക് അനിവാര്യമെന്ന് വക്കം മൌലവി കണ്ടെത്തിയത് ഈജിപ്തില്‍നിന്ന് ഓരോ മാസത്തിലും വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളില്‍ നിന്നായിരുന്നു. തന്റെ ജീവിതത്തെയും ചുറ്റുപാടുമുള്ളതിനെയും നിരൂപിക്കാനും അവയിലെ വരികള്‍ അദ്ദേഹത്തിന് കരുത്തുപകര്‍ന്നു. ആ പേജുകളിലൂടെ ശൈഖ് ജമാലുദ്ദീന്‍ അഫ്ഗാനിയും റശീദ് രിദായും മുഹമ്മദ് അബ്ദുവും വക്കം മൌലവിയോട് ബൌദ്ധികമായി സംവദിച്ചുകൊണ്ടേയിരുന്നു. പുതിയൊരു ചരിത്രത്തിന് വിത്തും വേരുമായിത്തീരാന്‍ മാത്രമല്ല, ഇടര്‍ച്ചയില്ലാത്ത നവോത്ഥാന കര്‍മങ്ങള്‍ക്കുള്ള ഊര്‍ജസംഭരണം കൂടിയായിത്തീര്‍ന്നു ആ വായന. അക്ഷരങ്ങള്‍ ആയിരുന്നു വക്കം മൌലവിയുടെ ആയുധം. വക്കം മൌലവിയെ നിലനിര്‍ത്തുന്നതും അതേ ആയുധങ്ങളുടെ മുര്‍ച്ചയാണ്. ലോകബന്ധങ്ങളോ പരിഷ്കരണ സാക്ഷരതയോ ഇല്ലാതിരുന്ന ഒരു ഗ്രാമത്തില്‍ ജനിക്കുകയും അവിടെ തന്നെ വളരുകയും ചെയ്ത വക്കം അബ്ദുല്‍ഖാദിര്‍ മൌലവിയുടെ ബൌദ്ധികനിലവാരവും ആശയസ്വീകരണങ്ങളും ഇന്നും ആശ്ചര്യപ്പെടുത്തുന്നവയാണ്. മൌലവിയുടെ ശേഷമുള്ളവര്‍ക്ക് അതെത്ര കഴിഞ്ഞുവെന്ന് പുനരാലോചിക്കേണ്ടതുണ്ട്. ഐക്യ സംഘം വാര്‍ഷിക സമ്മേളനത്തില്‍ മുഹമ്മദ് മര്‍മഡ്യൂക് പിക്താളിനെ പങ്കെടുപ്പിച്ച ഒരു ലോകവീക്ഷണമുണ്ടല്ലോ,അത് പിന്നീടെത്ര വികസിച്ചു? ഉന്നതമായ ലോകവീക്ഷണമുള്ളവരും, ചിന്തകളെയും സ്വപ്നങ്ങളെയും വാരിവിതറുന്നവരുമായ അതിഥികളെയായിരുന്നു അന്ന് ഐക്യസംഘം സമ്മേളനത്തില്‍ കൊണ്ടുവന്നത്. അങ്ങനെയുള്ള അതിഥികളെ പിന്നീടുള്ള തലമുറകള്‍ക്ക് അധികം കാണാനോ കേള്‍ക്കാനോ കഴിയാത്തത് എന്തുകൊണ്ടായിരിക്കും?
ദീപികയുടെ ആദ്യലക്കത്തില്‍ 'വ്യവസ്ഥിതികളും മതങ്ങളും ഭാഷകളും എങ്ങനെ മാറുന്നു' എന്നൊരു പരിഭാഷാ ലേഖനമുണ്ട്. ഇത് മൌലവി തന്നെ വിവര്‍ത്തനം ചെയ്തതാണ്. ഫ്രാന്‍സിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഗാസ്റോവ് ലോബന്റെതാണീ ലേഖനം. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും മാറ്റത്തിന് വിധേയമാണ് എന്നതാണ് ലേഖനത്തിന്റെ ആകസാരം. സ്വന്തം സമുദായത്തെ നവീകരിക്കാനും പുതുയുഗത്തിലേക്ക് കൈപിടിക്കാനും ഇനിയും മാറ്റങ്ങള്‍ ആവശ്യമുണ്ട് എന്ന് ബോധിപ്പിക്കാനുമാണ് ഇത്തരമൊരു ശാസ്ത്രലേഖനത്തിന്റെ സഹായത്താല്‍ മൌലവി ശ്രദ്ധിക്കുന്നത്. ഒരു നവോത്ഥാന നായകന്റെ മനസ്സും കിനാവും വ്യക്തമാകാന്‍ ഇതുമതി.
വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഇന്നും നമ്മെ പഠിപ്പിക്കുന്നുവെന്നതാണ് വക്കം മൌലവിയുടെ വൈഭവം. നവോത്ഥാന ശില്‍പികളില്‍ വക്കം മൌലവി കൂടുതല്‍ തിളങ്ങിനില്‍ക്കുന്നു. പാണ്ഡിത്യവും കര്‍മശക്തിയും ആര്‍ജവവുമാണ് പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ജീവവായുവെന്ന്, ഒരു നൂറ്റാണ്ട് പഴക്കമുള്ള ആ ഓര്‍മകള്‍ നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഭഷയാണ് പ്രബോധകന്റെ വലിയ ആയുധമെന്ന് നമ്മെ പഠിപ്പിച്ചത് മക്തിതങ്ങളാണ്. മാതൃഭാഷ പഠിക്കാന്‍ മുസ്ലിംകളെ പ്രചോദിപ്പിച്ചത് മക്തിതങ്ങളായിരുന്നു. മലയാളത്തില്‍ ഗദ്യമെഴുതിയ ആദ്യത്തെ മുസ്ലിം മക്തിതങ്ങളാണെന്ന് ഡോ. ഗംഗാധരന്‍ സാക്ഷ്യപ്പെടുത്തുന്നു. അറബി ഒഴികെയുള്ള ഭാഷകള്‍ പഠിക്കുന്നത് പാഴ്വേലയാണെന്ന് സിദ്ധാന്തിച്ചവരോടും, മതപരമായി തെറ്റാണെന്ന് വിലക്കിയവരോടും അദ്ദേഹം പോരാടി. നല്ല ഭാഷയില്‍ മതം പ്രചരിപ്പിച്ചവരുടെ പിന്‍ഗാമികള്‍ ഇന്നുപയോഗിക്കുന്ന ഭാഷയും ശൈലിയും പലപ്പോഴും പരിതാപകരമാണ്.
പ്രസ്ഥാനങ്ങള്‍ വ്യക്തികളായി ചുരുങ്ങുന്ന നമ്മുടെ കാലത്ത്, ഒറ്റ വ്യക്തി മഹാ പ്രസ്ഥാനമായി വികസിച്ച മക്തിതങ്ങളുടെ ചരിത്രം പ്രസക്തമാണ്. അരിപ്പൊടിയോടൊപ്പം ദൈവപുത്രനെയും 'വിതരണം' ചെയ്ത് വെള്ളക്കാരന്‍ മതത്തെ മുദ്രണം ചെയ്യാനൊരുങ്ങിയപ്പോള്‍, ഇങ്ങനെയൊരു മക്തിതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? ജൈവ പ്രധാനമായ ഗതികേടുകള്‍ക്കു നടുവില്‍ തലകുനിച്ച് ഏറ്റുവാങ്ങേണ്ടിയിരുന്ന മാമോദീസപ്പൊന്‍കുടത്തെ മക്തി തങ്ങള്‍ എന്ന വിപ്ളവകാരി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആളും അര്‍ഥവും പിറകിലുണ്ടോ എന്ന് തിരിഞ്ഞുനോക്കാതെ നിയോഗം നിര്‍വഹിക്കാനാണ് മക്തി തങ്ങള്‍ തീരുമാനിച്ചത്. അതു തന്നെയാണ് ആ ജീവിതത്തില്‍ നിന്ന് നമുക്കുള്ള സന്ദേശവും!
പാണ്ഡിത്യത്തിന്റെ ഔന്നത്യത്തോടെ പൊതുസമൂഹവുമായി സക്രിയമായി സംവദിച്ച സി.എന്‍ അഹ്മദ് മൌലവിയോടും, അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വൈവിധ്യസമൃദ്ധിയിലൂടെ മലയാള വായനയെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിനോടും ഇവിടത്തെ പുരോഗമന മുസ്ലിംകള്‍ പുലര്‍ത്തിയ സമീപനം തീര്‍ച്ചയായും പുനര്‍വായിക്കേണ്ടതുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്യ്രം വേണ്ടുവോളം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആ പ്രതിഭകളെ ചേര്‍ത്തുപിടിക്കാന്‍ കഴിയേണ്ടിയിരുന്നു. ഇനിയുള്ളവരോടെങ്കിലും ആ തെറ്റ് തിരുത്താന്‍ നമുക്ക് കഴിയണം
നട്ടെല്ലിന്റെ ധീരതയാണ് ഇനിയും പാകമാകേണ്ടത്. ആര്‍ക്കുമുന്നിലും ചൂളിപ്പോകാതെ, ആരുടേയും അടിമകളാകാതെ നിലപാടു കൊണ്ടും സമീപനം കൊണ്ടും വേര്‍തിരിഞ്ഞു നില്‍ക്കാന്‍ കഴിയണം. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അതാണ് പഠിപ്പിച്ചത്. ജീവിക്കുന്ന കാലത്തിനും ബാക്കിയാകുന്ന ഭാവിക്കും അന്തസുള്ള ഓര്‍മകള്‍ പകരാന്‍ സാഹിബ് നമ്മെ പഠിപ്പിച്ചു. നേട്ടനഷ്ടങ്ങളെപ്പറ്റി തലപുകയ്ക്കാതെ ജീവല്‍പ്രശ്നങ്ങളെ അഡ്രസ് ചെയ്താണ് ആ ജീവിതം അസ്തമിച്ചത്. കൊടുങ്ങല്ലൂരിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മരണപ്പെടുമ്പോള്‍ വാച്ചും കണ്ണടയും പേനയും കുറച്ചു വസ്ത്രങ്ങളും മൂന്നു തുകല്‍പെട്ടികളുമാണ് ബാക്കിവെച്ചത്. എനിക്കെന്തു കിട്ടിയെന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ എന്നെക്കൊണ്ട് എന്തുകിട്ടിയെന്ന് ഓരോ നിമിഷവും ആലോചിച്ച് നാല്‍പ്പത്തിയേഴ് വര്‍ഷം കൊണ്ട് ആ ജീവിതം തീര്‍ന്നു. സ്വന്തത്തെക്കുറിച്ച് വാചാലരാകുന്നവര്‍ക്ക് സാഹിബ് എന്നും ശല്യപ്പെടുത്തുന്ന ഓര്‍മയായിരിക്കും.
വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശനിഷ്ഠ പുലര്‍ത്തുകയും അത് മറ്റുള്ളവര്‍ക്ക് അനുവദിക്കുകയും ചെയ്യുന്ന മനോനിലയുള്ളവരെയാണ് പുതിയകാലം തേടുന്നത്. 'യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിക്കുക,വിയോജിക്കാവുന്ന വിഷയങ്ങളില്‍ വിയോജിക്കുക' എന്ന സമീപനത്തില്‍ ഒട്ടും പുതുമയില്ല. വിയോജിപ്പുള്ള വിഷയങ്ങളിലും എത്രകണ്ട് യോജിക്കാമെന്ന് ചിന്തിക്കുന്നവരെയാണിനി നമുക്കാവശ്യം. വിയോജിപ്പും വിമര്‍ശനവും എങ്ങനെയായിരിക്കണമെന്നതിന് സുവ്യക്തമായ പാഠങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. ക്രെെസ്തവരുടെ ആശയാദര്‍ശങ്ങളില്‍ പലതിനോടും തുറന്ന വിയോജനം പ്രകടിപ്പിച്ചപ്പോള്‍ തന്നെ അവരുടെ ഗുണവശങ്ങളെ എടുത്തുകാണിക്കുന്നതായി കാണാം. "ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു എന്നു പറഞ്ഞവരാണ് ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും സൌഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മത പണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ലെന്നതുമാണ് അതിനു കാരണം'' (ഖുര്‍ആന്‍ 5:82). അന്ധമായ വിരോധത്തിന്റെ വഴിയല്ല ഖുര്‍ആനിന്റേത് എന്നതിന് വ്യക്തമായ തെളിവാണിത്.
ഇന്നത്തെ ഇസ്ലാമിക സംഘടനകളും അവയിലെ നേതാക്കളും ഖുര്‍ആനിന്റെ ഈ തത്ത്വാധിഷ്ഠിത നിലപാട് എത്രത്തോളം സ്വീകരിക്കുന്നുണ്ട്? വിമര്‍ശിക്കപ്പെടുന്നവരിലെ നന്മകളെ തീര്‍ത്തും നിരസിക്കുകയും തിന്മകളെ പൊക്കിപ്പിടിക്കുകയും ചെയ്യുന്ന രീതിയല്ലേ, പലപ്പോഴും? സത്യസന്ധതയും ഹൃദയവിശാലതയും എന്തേ ഈ വിഷയത്തില്‍ നമുക്ക് നഷ്ടപ്പെട്ടു? സംഘര്‍ഷത്തിനും ശത്രുതക്കും ആക്കംകൂട്ടുന്നതില്‍ ഈ നിലപാടിന് കാര്യമായ പങ്കില്ലേ? വിയോജനം വിരോധത്തിലേക്കും വിരോധം ശത്രുതയിലേക്കും ശത്രുത ഹിംസയിലേക്കും വികസിക്കുന്നത് സംഘടനാ വൈവിധ്യത്തിന്റെ പേരില്‍ പലപ്പോഴും നമുക്കിടയില്‍ കാണപ്പെടുന്നില്ലേ? വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും നേര്‍പകര്‍പ്പുകള്‍ എന്ന് എതിരാളി കേള്‍ക്കെ ഉച്ചത്തില്‍ ഉദ്ഘോഷിക്കുമ്പോഴും എന്തേ ഇതൊക്കെ മറന്നുപോകുന്നു? എതിര്‍പക്ഷത്തുള്ളവരെ തല്ലാന്‍ കിട്ടുന്ന ഒരവസരവും വെറുതെ കളയാത്ത മനസ്സാണ് ഇതെഴുതുന്നയാള്‍ക്കടക്കം മാറേണ്ടത്.

(യുവത ബുക്സ് ഡയറക്ടറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം