ഫലസ്ത്വീന് നിരീക്ഷണ പദവി ചര്‍ച്ച കൊഴുക്കുന്നു
നീണ്ട കാത്തിരിപ്പിനും അനീതിക്കുമൊടുവില്‍ ഫലസ്ത്വീന് ഐക്യ രാഷ്ട്രസഭ അനുവദിച്ച 'സ്ഥിരാംഗത്വമോ വോട്ടവകാശമോ ഇല്ലാത്ത നിരീക്ഷക പദവി' ഫലസ്ത്വീനില്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുമ്പോഴും പ്രസ്തുത പദവി നേട്ടമോ കോട്ടമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയിലും മറ്റും കൊഴുക്കുകയാണ്. ഹമാസ് അടക്കം ഫലസ്ത്വീനിലെ മിക്കവാറും എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്ത യു.എന്‍ തീരുമാനം പക്ഷേ വിവിധ ലോക രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്ത്വീനികളെ അത്രയൊന്നും സന്തോഷിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്ത പുറത്തുവിട്ട 'അല്‍ജസീറ' വെബ്സൈറ്റ് മിനിറ്റുകള്‍ക്കകം വ്യത്യസ്ത പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞു. ഫലസ്ത്വീന്‍ ഇക്കാലമത്രയും മുന്നോട്ടുവെച്ചിരുന്ന ഫലസ്ത്വീന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവടക്കമുള്ള പ്രശ്നങ്ങളില്‍ മൌനം പാലിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നടത്തിയ ഒത്തുകളിയിലൂടെ ഫലസ്ത്വീനെ സ്വതന്ത്രമാക്കുകയല്ല വില്‍ക്കുകയായിരുന്നുവെന്നും, അബ്ബാസ് രാജിവെച്ച് പുറത്തുപോയില്ലെങ്കില്‍ അറബ് വസന്തം പിഴുതെറിഞ്ഞ അറബ് നേതാക്കളുടെ ഗതിവരുമെന്നും മറ്റുമാണ് ആസ്ത്രേലിയ, കാനഡ, സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ നാടുകളില്‍ കഴിയുന്ന ഫലസ്ത്വീനികളുടെ പ്രതികരണം.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഫലസ്ത്വീനുള്ള യു.എന്‍ അംഗീകാരം ഇസ്രയേല്‍ മുതലെടുത്തു തുടങ്ങി. പടിഞ്ഞാറെക്കരയിലും കിഴക്കെ ഖുദ്സിലും കുടിയേറ്റം വര്‍ധിപ്പിക്കാനുള്ള പണി തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂവായിരത്തോളം പുതിയ താമസ പ്ളോട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി ഇസ്രയേലി വക്താവിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മ്യാന്മര്‍ ബുദ്ധിസ്റുകള്‍
'കമാന്‍' മുസ്ലിംകള്‍ക്കെതിരെയും
മ്യാന്മറില്‍ മുസ്ലിം വിരുദ്ധ കലാപത്തിന്റെ രണ്ടാം എപിസോഡ്. മ്യാന്മര്‍ പൌരത്വവും ഭരണകൂടത്തിന്റെ അംഗീകാരവുമുള്ള മുസ്ലിം ന്യൂനപക്ഷമായ 'കമാന്‍' വിഭാഗത്തിനെതിരെയാണ് പുതിയ കലാപത്തിന് ബുദ്ധിസ്റുകള്‍ തുടക്കമിട്ടത്. റോഹിങ്ക്യ മുസ്ലിംകളെ പൌരത്വമില്ലാത്ത 'ബംഗാളി'കളെന്നാക്ഷേപിച്ച് ആക്രമിച്ചിരുന്ന ബുദ്ധ തീവ്രവാദികളാണിപ്പോള്‍ ഒരുകാരണവുമില്ലാതെ മ്യാന്മര്‍ പൌരത്വമുള്ള കമാന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ബുദ്ധ തീവ്രവിഭാഗം മുസ്ലിംകള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതാണ് ആക്രമണത്തിന് കാരണങ്ങളെന്ന് കമാന്‍ മുസ്ലിം പ്രതിനിധികള്‍ പറഞ്ഞു. ഒരേ ഗ്രാമത്തില്‍ ഒരുമയോടെ കഴിഞ്ഞുവന്നിരുന്ന തങ്ങളെ ഒരു സുപ്രഭാതത്തില്‍ യാതൊരു കാരണവും കൂടാതെ എന്തിനാണ് ബുദ്ധിസ്റുകള്‍ അക്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് കമാന്‍ മുസ്ലിംകള്‍ പറയുന്നു. റോഹിങ്ക്യകളെപോലെ കമാന്‍ മുസ്ലിം വിഭാഗത്തെയും കൂട്ടത്തോടെ പാലായനത്തിന് നിര്‍ബന്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ബുദ്ധിസ്റ് തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കലാപം അതിവേഗം പടരുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
മുഹമ്മദ് അല്‍ബറാദഇ വെട്ടിലായി
ഈജിപ്ത് പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി പുറപ്പെടുവിച്ച വിവാദ ഉത്തരവിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധ സ്വരങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്തി മുര്‍സിയെയും മുസ്ലിം ബ്രദര്‍ഹുഡിനെയും ഒറ്റപ്പെടുത്താന്‍ നടത്തിയ ശ്രമം മുഹമ്മദ് അല്‍ബറാദഇക്ക് വന്‍തിരിച്ചടിയായി. ഇന്റര്‍നാഷ്നല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ)യുടെ മുന്‍ ഡയറക്ടര്‍ ജനറലും ഈജിപ്തിലെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍സ്റിറ്റ്യൂഷന്‍ പാര്‍ട്ടിയുടെ നേതാവുമായ അല്‍ബറാദഇ ഈജിപ്ത് 'പ്രതിസന്ധി' പരിഹരിക്കാന്‍ വിദേശ ശക്തികള്‍ ഇടപെടണമെന്ന് ജര്‍മന്‍ മാഗസിന് (ഉലൃ ടുശലഴലഹ) അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞതാണ് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. അഭിമുഖത്തില്‍ ഹോളോകോസ്റിനെ അനുകൂലിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതും വിവാദമായി. മുഹമ്മദ് അല്‍ബറാദഇയുടെ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഈജിപ്തിലെ മിക്കവാറും എല്ലാ പാര്‍ട്ടികളും രംഗത്തുവന്നതോടെ വിദേശ ഇടപെടല്‍കൊണ്ട് താന്‍ ഉദ്ദേശിച്ചത് രാഷ്ട്രങ്ങളെയല്ല ജനങ്ങളെയാണെന്ന് വിശദീകരിച്ച് ബറാദഇ മലക്കം മറിഞ്ഞു. സാമ്രാജ്യത്വ ശക്തികളെ പ്രീതിപ്പെടുത്താന്‍ അല്‍ബറാദഇ നടത്തിയ പ്രസ്താവന പ്രസിഡന്റ് മുര്‍സിക്കും ഭരണകക്ഷിയായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിക്കും അനുകൂലമായ ജനവികാരം രൂപപ്പെടുത്താനാണ് സഹായകമായത്.
ജോര്‍ദാനില്‍ പ്രതിഷേധാഗ്നി അണയുന്നില്ല
ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്തുന്ന പതിവു ഏകാധിപതികളുടെ രീതി തന്നെയാണ് അബ്ദുല്ല രണ്ടാമനും സ്വീകരിക്കുന്നത്. ഇതുവരെ ഭരണകൂടത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി 'ജോര്‍ദാന്‍ വസന്തം' ആവശ്യപ്പെട്ടുകൊണ്ട് ജനം കൂട്ടത്തോടെ തെരുവിലിറങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ധനത്തിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ഇരുപത് ശതമാനത്തോളം വിലവര്‍ധിപ്പിച്ചത് പ്രക്ഷോഭത്തിന്റെ ആക്കം കൂട്ടി. രാജ്യത്ത് ആദ്യമായി അധ്യാപകരുടെ പൊതു പണിമുടക്കും മറ്റു സമര രീതികളും അരങ്ങേറി.
മധ്യ അമ്മാനിലെ മസ്ജിദ് ഹുസൈനില്‍നിന്ന് തുടക്കം കുറിച്ച വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ജോര്‍ദാന്‍ ഇസ്ലാമിക പ്രസ്ഥാനം നേതൃത്വം നല്‍കിയ പ്രക്ഷോഭത്തില്‍ യുവജന സംഘടനകളും മറ്റു ജനകീയ കൂട്ടായ്മകളും പങ്കെടുത്തു. അബ്ദുല്ല രാജാവ് പുറത്തുപോവുകയല്ലാതെ മറ്റു പരിഹാര മാര്‍ഗമില്ലെന്നും അല്ലാഹു നല്‍കിയ സ്വാതന്ത്യ്രം 'അബ്ദുല്ല'ക്ക് തടയാനാകില്ലെന്നും പ്രക്ഷോഭകാരികള്‍ വിളിച്ച് പറഞ്ഞു.
Comments