Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

'അറബ് വസന്തം' അഴിമതിക്കാരെ വേട്ടയാടിത്തുടങ്ങി

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഈജിപ്തിലെ പ്രമുഖ വ്യവസായിയും ഹുസ്നി മുബാറകിന്റെ കാലത്തെ ഭരണകക്ഷിയായിരുന്ന നാഷ്ണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലുമായിരുന്ന അഹ്മദ് ഇസ്സിനെ 7 വര്‍ഷം തടവിനും 200 കോടി ജുനൈഹ് പിഴയടക്കാനും കോടതി ശിക്ഷച്ചു. കയ്റോ ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഹുസ്നി മുബാറകിന്റെ ഒത്താശയോടെ രാജ്യത്ത് വന്‍ വ്യവസായ സ്ഥാപനങ്ങളും സാമ്പത്തിക സംരംഭങ്ങളും നടത്തിവന്ന അഹ്മദ് ഇസ്സിനെ അഴിമതി നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനുമാണ് ശിക്ഷിച്ചത്. മറ്റനേകം സാമ്പത്തിക കുറ്റങ്ങളിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഹുസ്നി മുബാറക്കിന്റെ പുത്രന്‍ ജമാല്‍ മുബാറക്കിന്റെ വലം കൈയായാണ് അഹ്മദ് ഇസ്സ് അറിയപ്പെടുന്നത്. ജനുവരി 25 വിപ്ളവത്തിന് തൊട്ടു മുമ്പ് 2010-ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചത് അബ്ദുല്‍ ഇസ്സായിരുന്നു. പ്രതിപക്ഷകക്ഷികളെ 'തുടച്ചു നീക്കിയ' പ്രസ്തുത തെരഞ്ഞെടുപ്പ് വിപ്ളവത്തിനുശേഷം കോടതി റദ്ദാക്കിയിരുന്നു.
അഹ്മദ് ഇസ്സിനെ ശിക്ഷിച്ചതോടെ മുന്‍ ഏകാധിപതിയുടെ കാലത്ത് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖര്‍ അങ്കലാപ്പിലാണ്്.
മൊറോക്കക്കാരെ പ്രകോപിപ്പിക്കാന്‍ 'അബോര്‍ഷന്‍ ബോട്ട്'
മൊറോക്കന്‍ തീരത്ത് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഡച്ച് 'അബോര്‍ഷന്‍ ബോട്ട്' വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. രാജ്യത്തിന്റെ മത ധാര്‍മിക മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മോറോക്കന്‍ നിയമം ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നത് നിരോധിച്ചിട്ടുള്ളതായി ഇസ്ലാമിക പാര്‍ട്ടിയും ഭരണകക്ഷിയുമായ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി വക്താവ് പറഞ്ഞു. ഇസ്ലാം നിരോധിച്ച അബോര്‍ഷന്‍ മൊറോക്കോയിലും നിഷിദ്ധമായതുകൊണ്ട് 'അബോര്‍ഷന്‍ ബോട്ട്' രാജ്യത്ത് അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളാടിസ്ഥാനത്തില്‍ അബോര്‍ഷന് പ്രോത്സാഹനം നല്‍കുന്ന സംഘടനയാണ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീ ആക്ടിവിസ്റുകള്‍ നയിക്കുന്ന ബോട്ട് മൊറോക്കോയിലേക്കയച്ചത്. എന്നാല്‍, മൊറോക്കോയിലെ ഒരു പൌരാവകാശ സംഘടനയുടെ ക്ഷണപ്രകാരമാണ് 'അബോര്‍ഷന്‍ ബോട്ട്' എത്തിയതെന്നാണ് ബോട്ട് അധികൃതരുടെ വാദം. സംഭവം പബ്ളിസിറ്റിയുടെ ഭാഗമായ നടപടിയാണെന്നും രാജ്യത്ത് ഇത്തരം പ്രവണതകളൊന്നും വിലപ്പോവില്ലെന്നും ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടി നയിക്കുന്ന ഭരണകൂടം വ്യക്തമാക്കി. പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍ ബോട്ട് നിരോധത്തിന് പൂര്‍ണ പിന്തുണ നല്‍കി.
യൂറോപ്യന്‍ മുസ്ലിംകളെ കണ്ട് പഠിക്കണം
ഹജ്ജിനും ഉംറക്കും പോകുന്ന യൂറോപ്യന്‍ മുസ്ലിംകള്‍ക്ക് പൊതുവെ ആരാധനാ കര്‍മങ്ങളെക്കുറിച്ചും പുണ്യ സ്ഥലങ്ങളെക്കുറിച്ചും മക്കയിലെയും മദീനയിലെയും കാലാവസ്ഥ, പ്രതിരോധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടാവും. അതിന്റെ ഭാഗമായി ഈ വര്‍ഷം ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ഫ്രഞ്ച് തീര്‍ഥാടകര്‍ക്ക് ഫ്രഞ്ച് ഹജ്ജ് അക്കാദമിയുടെ കീഴില്‍ ട്രെയ്നിംഗ് നല്‍കുമെന്ന് അക്കാദമി പ്രസിഡന്റ് സക്കരിയ നാന പറഞ്ഞു. തീര്‍ഥാടന കേന്ദ്രങ്ങളുടെ മാപ്പ് റീഡിംഗ്, പുണ്യ നഗരങ്ങളിലെ പാരിസ്ഥിക പഠനം തുടങ്ങി തീര്‍ഥാടക ക്ഷേമം ലക്ഷ്യംവെച്ചുള്ള പരിശീലന പരിപാടികളാണ് അക്കാദമി ആസൂത്രണം ചെയ്തിട്ടുള്ളത്. ഫ്രാന്‍സില്‍നിന്ന് ഈ വര്‍ഷം 35,000 തീര്‍ഥാടകര്‍ എത്തുമെന്നും സക്കരിയ പറഞ്ഞു. 

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പ്രത്യേകിച്ച് ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്ന ഹാജിമാര്‍ കാര്യമായ പരിശീലനമോ ബോധവല്‍ക്കരണമോ ലഭിക്കാതെയാണ് ഹജ്ജിനെത്തുന്നത്. കേരളത്തില്‍ കാണാറുള്ളതുപോലെ ഹജ്ജിന് 'പണം കെട്ടി'ക്കഴിഞ്ഞാല്‍ അനുമതിക്കായി ഒരു കാത്തിരിപ്പ്. അനുമതി ലഭിച്ചാല്‍ പിന്നെ യാത്ര ചോദിക്കലും വിരുന്നുമായി സമയം തള്ളിനീക്കും. അതുകൊണ്ടുതന്നെ പുണ്യനഗരിയില്‍ 'നട്ടം തിരിയുന്ന' ഹാജിമാരില്‍ അധികവും ഇത്തരം ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരായിരിക്കും.
ജോര്‍ദാനില്‍ ഇസ്ലാമിസ്റുകള്‍ക്കെതിരെ നീക്കം 
ജോര്‍ദാനില്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുമെന്ന രാജാവ് അബ്ദുല്ലാ രണ്ടാമന്റെ തീരുമാനത്തിനെതിരെ ഇസ്ലാമിക പാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭം ശക്തമാക്കി. രാഷ്ട്രീയ നിയമ പരിഷ്കരണങ്ങള്‍ വരുത്താതെ കേവല തെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഇസ്ലാമിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഉന്നയിക്കുന്ന കാരണം. വിശാലമായ പൌര സ്വാതന്ത്യ്രം അനുവദിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയും കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ള പാര്‍ലമെന്റും ആവശ്യപ്പെട്ടാണ് ജോര്‍ദാന്‍ മുസ്ലിം ബ്രദര്‍ഹുഡ് 'രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഏകാധിപത്യത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നത്. 
എന്നാല്‍, മുന്‍ തീരുമാനപ്രകാരം തെരഞ്ഞെടുപ്പ് പ്രഹസനവുമായി മുന്നോട്ട് പോകാനാണ് അബ്ദുല്ല രാജാവിന്റെ തീരുമാനം. മറ്റു അറബ് വസന്ത നാടുകളിലേതുപോലെ ജോര്‍ദാനിലും ഇസ്ലാമിസ്റുകള്‍ അധികാരത്തില്‍ വരാനുള്ള സാധ്യത മുന്നില്‍കണ്ടുള്ള നീക്കങ്ങളാണ് അബ്ദുല്ല രാജാവിന്റേതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നിലവിലെ രീതിയനുസരിച്ച് തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പഴയ ഭരണകൂടത്തിന്റെ തനിയാവര്‍ത്തനമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ക്രിസ്തീയ ദേവാലയം പുതുക്കിപ്പണിയാന്‍ മുസ്ലിംകളുടെ സംഭാവന 
ജര്‍മനിയിലെ സക്സോന (ടമ്യീിഃ) പട്ടണത്തിനടുത്ത ഹില്‍ഷേമില്‍ (ഒശഹറലവെലശാ) ക്രിസ്ത്യന്‍ ദേവാലയം പുതുക്കിപ്പണിയാന്‍ മുസ്ലിംകള്‍ സംഭാവന നല്‍കിയതായി ജര്‍മന്‍ പത്രമായ ആശഹറ ദലശൌിഴ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ പുരാതന ദേവാലയം പുതുക്കിപ്പണിയാന്‍ ആരംഭിച്ചപ്പോള്‍ പ്രദേശത്തെ മുസ്ലിംകളും സംഭാവന നല്‍കുകയായിരുന്നു. സംഭാവന കൈമാറല്‍ ചടങ്ങില്‍ പങ്കെടുത്ത ക്രിസ്തീയ പുരോഹിതന്മാര്‍ മത സൌഹാര്‍ദത്തിന്റെ ഉദാത്ത മാതൃകയാണ് ജര്‍മന്‍ മുസ്ലിംകളെന്നും അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പേരില്‍ മതനിന്ദ അനുവദിക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു. മതങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദം നടക്കണമെന്ന് ഇരുവിഭാഗം മത നേതാക്കളും ആവശ്യപ്പെട്ടു. 

സുഡാനിലെ ഇസ്ലാമിസ്റുകളെക്കുറിച്ച്
ദോഹയില്‍ ചര്‍ച്ച
സുഡാനിലെ ഇസ്ലാമിസ്റ് ഭരണകൂടം എങ്ങനെ പരാജയപ്പെട്ടുവെന്ന് 'ഇസ്ലാമിസ്റുകളും ജനാധിപത്യ ഭരണ വ്യവസ്ഥയും: അനുഭവങ്ങളും പാഠങ്ങളും' എന്ന വിഷയത്തില്‍ ദോഹയില്‍ നടന്ന സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച. 'അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റഡീസ്' ആണ് ചര്‍ച്ച സംഘടിപ്പിച്ചത്.
അനുകൂലവും പ്രതികൂലവുമായ വ്യത്യസ്ത ചിന്താഗതികള്‍ അവതരിപ്പിക്കപ്പെട്ട വേദിയില്‍ ഭൂരിഭാഗം പേരും സുഡാനിലെ ഇസ്ലാമിക ഉണര്‍വിനെ തല്ലിക്കെടുത്തിയതിന് രാഷ്ട്രീയ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു. ചര്‍ച്ചാ സമ്മേളനത്തില്‍ സംസാരിച്ച ഇറാഖി മുസ്ലിം പണ്ഡിതസഭാ സെക്രട്ടറി ജനറല്‍ ശൈഖ് ഹാരിസ് അദ്ദാരി, സുഡാന്‍ ജനവിഭാഗങ്ങളോട് രാഷ്ട്രീയ ഭിന്നിപ്പുകള്‍ അവസാനിപ്പിച്ച് ഐക്യപ്പെടാന്‍ ആവശ്യപ്പെട്ടു.
അറബ് ലോകത്തെ പ്രഗത്ഭ ഇസ്ലാമിക പ്രസ്ഥാന നേതാക്കളായ തുനീഷ്യയിലെ റാശിദുല്‍ ഗനൂശി 'ഇസ്ലാമിക പ്രസ്ഥാനവും ജനാധിപത്യ ഭരണക്രമവും' എന്ന തലക്കെട്ടിലും ഫലസ്ത്വീനിലെ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ 'ഇസ്ലാമിക പ്രസ്ഥാനവും പ്രതികൂല സാഹചര്യങ്ങളിലെ ഭരണകൂടവും: ഫലസ്ത്വീന്‍ അനുഭവങ്ങള്‍' എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തി.

സിറിയന്‍
പ്രതിസന്ധി പുതിയ തലങ്ങളിലേക്ക്
തുര്‍ക്കി അതിര്‍ത്തിയില്‍ സിറിയ നടത്തിയ ഷെല്ലാക്രമണത്തില്‍ മാതാവും മൂന്നുകുട്ടികളുമടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സിറിയന്‍ ലക്ഷ്യങ്ങളെ ആക്രമിച്ച് തുര്‍ക്കി തിരിച്ചടിച്ചതോടെ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുകയാണ്. തുര്‍ക്കി നടത്തിയ പ്രത്യാക്രമണത്തില്‍ ഏതാനും സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് തുര്‍ക്കിയെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കുമോ എന്ന ഭീതിയിലാണ് തുര്‍ക്കിക്കാര്‍. തുര്‍ക്കി അതിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും എന്നാല്‍ ഒരു തരത്തിലുള്ള യുദ്ധവും തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് ഇബ്റാഹീം കലീന്‍ പറഞ്ഞു.
സിറിയയില്‍ സ്വാതന്ത്യ്ര പോരാളികളും ബശ്ശാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. വിദേശ ശക്തികളുടെ സഹായത്തോടെ ബശ്ശാര്‍ നടത്തുന്ന പ്രതിരോധം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ശക്തികളുടെ 'തണുത്ത' നിലപാട് സ്വന്തം ജനതയെ കൊന്നൊടുക്കാന്‍ ബശ്ശാറിന് അവസരം നല്‍കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍