Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

നവകുരിശ് യുദ്ധത്തിന് തീവ്രവാദികളുടെ ഓശാന

കല്ലമ്പലം നജീബ്‌

പ്രകോപനങ്ങള്‍ സൃഷ്ടിച്ച് അറബ്-മുസ്‌ലിം പ്രദേശങ്ങളില്‍ കാലുഷ്യമുണ്ടാക്കുക എന്നത് സാമ്രാജ്യത്വത്തിനൊപ്പം ഇവാഞ്ചലിസത്തിന്റെ കൂടി അജണ്ടയാണ്.
'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന പേരില്‍ പുറത്തിറക്കിയ സിനിമ ഒരേസമയം ഈ അജണ്ടയുടെ ഭാഗമാണ്.
സെമിറ്റിക് വിരുദ്ധതയും ഇസ്‌ലാം നിന്ദയും ഏറെക്കാലമായി സാമ്രാജ്യത്വം വിവിധ മീഡിയകളിലൂടെ പയറ്റുകയാണ്. അത് ഇസ്‌ലാമോഫോബിയയായി വളര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. മുസ്‌ലിം രാജ്യങ്ങളില്‍ അധിനിവേശം നടത്തുമ്പോഴേക്കും ബ്രഡും ബൈബിളുമായി സാമ്രാജ്യത്വ ശക്തികള്‍ക്കൊപ്പം പറന്നിറങ്ങുന്ന മിഷനറിമാര്‍ മുമ്പെങ്ങുമില്ലാത്തവിധം ഇറങ്ങിക്കളിച്ചതിന്റെ ഫലമാണു പ്രവാചകനിന്ദ മാത്രമടങ്ങിയ വിവാദ സിനിമ.
ഓണ്‍ലൈന്‍ ക്രൂസേഡും കൗണ്‍സലിംഗും ശുശ്രൂഷയും സണ്‍ഡെ സെറിമണിയും വിളമ്പുന്ന അനവധി ടെലിവിഷന്‍ ചാനലുകളും വെബ്‌സൈറ്റുകളും ലോകമാകെയുണ്ട്. എന്നാല്‍ ഈജിപ്റ്റിലെ കോപ്റ്റിക് ക്രിസ്ത്യാനിയും പുരോഹിതനുമായ സക്കറിയ ബുത്തുറുസ് ഹെനിന്‍ നടത്തിവരുന്ന ഇസ്‌ലാംവിരുദ്ധ പ്രോഗ്രാമുകള്‍ വികാസം കൊണ്ടതാണു പുതിയ സിനിമ.
കുപ്പിയിലായ കമ്യൂണിസത്തിനു പകരംവെക്കാന്‍ ഇസ്‌ലാമിനെ കിട്ടിയപ്പോള്‍ മുസ്‌ലിം ലോകത്തെ തീവ്രസലഫിസത്തെ വളര്‍ത്തിയെടുത്ത് അവര്‍ക്കു മുന്നില്‍ വിവാദങ്ങളുടെ എല്ലെറിഞ്ഞ് ഇസ്‌ലാമിനെ മൊത്തമായി കൊത്തിക്കുടയാനുള്ള ശ്രമങ്ങള്‍ക്കു വളമേകാനാണു സാമ്രാജ്യത്വം ഈ സക്കറിയ്യയെ വളര്‍ത്തിയത്.
അറബ്-മുസ്‌ലിം ലോകത്ത് രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാം വളരുന്നത് തടഞ്ഞാല്‍ മാത്രമേ ഖിലാഫത്തിന്റെ പുനര്‍ജനി ഊതിക്കെടുത്താനാവൂ എന്ന് സാമ്രാജ്യശക്തികളെ ഉപദേശിക്കുന്നത് ഇവാഞ്ചലിസമാണ്. അതിനുള്ള ശ്രമങ്ങളുടെ ഫലമായി പുറത്തെടുക്കുന്ന പ്രകോപന നടപടികളുടെ ഭാഗമാണ് സിനിമയും കാര്‍ട്ടൂണും.
അറബു വസന്തവും മുല്ലപ്പൂവിപ്ലവവും നല്‍കിയ പാഠങ്ങള്‍ സാമ്രാജ്യത്വശക്തികളേക്കാള്‍ വിറളിപിടിപ്പിക്കുന്നത് ഇവാഞ്ചലിസ്റ്റുകളെയാണെന്നു വ്യക്തം.
അറബി ഭാഷയുടെ സ്വാധീനം മുതലാക്കിയപ്പോള്‍
ഈജിപ്റ്റിലെ കോപ്റ്റിക് വംശജനായ ക്രിസ്തീയ പുരോഹിതനാണ് സക്കറിയ്യ ബുത്ത്‌റുസ് ഹെനിന്‍. അറബി മാതൃഭാഷയായുപയോഗിക്കുന്ന ഇദ്ദേഹത്തെ 'അറബി-ക്രൈസ്തവ പണ്ഡിതന്‍' എന്ന ലേബലൊട്ടിച്ച് 'അല്‍-ഹയാത്ത്' ചാനലിലൂടെ സുവിശേഷ പ്രസംഗകനാക്കുകയായിരുന്നു.
അറബിഭാഷയെന്നു കേള്‍ക്കുമ്പോള്‍ സ്വര്‍ഗീയ ഭാഷയായി കാണുന്ന ശരാശരി മുസ്‌ലിമിനു സക്കറിയ്യയുടെ ഭാഷ്യങ്ങള്‍ ദിവ്യാമൃതമായി. സക്കറിയ്യയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു മുസ്‌ലിംലോകം നല്‍കിയ പിന്തുണ.
മുഹമ്മദ്‌നബി പ്രവാചകനല്ലെന്നും ഖുര്‍ആന്‍ ദിവ്യഗ്രന്ഥമല്ലെന്നുമുള്ള ഇയാളുടെ വാദത്തിലൂന്നിയ പ്രോഗ്രാമുകള്‍ ആഴ്ചയില്‍ നാലു തവണ - ആകെ ആറുമണിക്കൂര്‍ - വടക്കേ ആഫ്രിക്ക, മധ്യേഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഓരോ മുസ്‌ലിം ഭവനങ്ങളിലും നിരന്തരം ഒഴുകിയെത്തി. പ്രതിവാരം 50 മില്യന്‍ മുസ്‌ലിംകള്‍ സക്കറിയ്യയുടെ 'ടോക്‌ഷോ' കണ്ടു. 1993-ല്‍ തുറന്നുവിട്ട സക്കറിയ്യന്‍ ഇവാഞ്ചലിസം അറബു ലോകത്ത് വമ്പിച്ച പ്രതിഷേധത്തിനിടയാക്കിയപ്പോള്‍ തല്‍ക്കാലം അല്‍-ഹയാത്ത് പരിപാടി നിര്‍ത്തി.
സക്കറിയ്യയെ അറിയാത്ത ഒരൊറ്റ മുസ്‌ലിംഭവനവും മിഡില്‍ ഈസ്റ്റില്‍ ഇല്ലെന്ന സ്ഥിതിവന്നു. ഏതു അസത്യവും അബദ്ധവും സത്യവും സുബദ്ധവുമാക്കാനുള്ള സക്കറിയ്യന്‍ ചാതുരിയില്‍ വീഴാത്തവരാരുമില്ല. സക്കറിയ്യന്‍ വെബ്‌സൈറ്റുകളിലേക്കും ചാറ്റ്‌റൂമിലേക്കും വലിയൊരു വിഭാഗം മുസ്‌ലിംകള്‍ ഇടിച്ചു കയറി.
തുടക്കം ഈജിപ്തില്‍ നിന്ന്
1934-ല്‍ ഈജിപ്തില്‍ ജനിച്ച ഈ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകാരന്‍ ജന്മനാട്ടിലെ പൗരോഹിത്യസേവനത്തിനു ശേഷം 1992-ല്‍ ആസ്‌ട്രേലിയയിലെത്തി. ഹെലിപോളിസിലായിരുന്നു ഹ്രസ്വകാലം. ചാനല്‍ വഴി പ്രശസ്തി കൈവന്നതോടെ 2008 ല്‍ വേള്‍ഡ് മാഗസിന്‍ ഇയാള്‍ക്ക് 'ദാനിയല്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം വെച്ചുനീട്ടി.
2009-ല്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഇയാളുടെ പൗരത്വം റദ്ദാക്കിയതോടെ ജന്മനാട് പടിയടച്ചു പിണ്ഡം വെച്ചു. മതവിദ്വേഷം പരത്തിയതിനു കേസുകള്‍ കുമിഞ്ഞു കൂടി. ഇന്റര്‍പോള്‍ ഇയാളെ 'തെരഞ്ഞുനടന്നെ'ങ്കിലും പിടികിട്ടിയില്ല. മുസ്‌ലിം സമൂഹത്തില്‍ ഇയാള്‍ ചെലുത്തിയ സ്വാധീനം നൂറുകണക്കിനു ആളുകളില്‍ മതതിരസ്‌ക്കരവാദം വളര്‍ത്തി. പ്രമുഖ ആനുകാലികമായ 'അല്‍ ഇന്‍സാനുല്‍ ജദീദ്' ഇയാള്‍ക്കു നല്‍കിയത് 'ഇസ്‌ലാമിന്റെ നമ്പര്‍ വണ്‍ പൊതുശത്രു' എന്ന വിശേഷണമായിരുന്നു
അല്‍-ഹയാത്ത് വിട്ടു അല്‍-ഫാദിയിലേക്ക്
2010 ജൂലൈയില്‍ സക്കറിയ്യന്‍ ക്രൂസേഡിന്റെ തകര്‍ത്താട്ടം അല്‍-ഹയാത്ത് നിര്‍ത്തി. 2011 ഏപ്രിലില്‍ നോര്‍ത്ത് അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും ഒരേസമയം സ്വന്തം ചാനല്‍-'അല്‍-ഫാദി' തുടങ്ങി. ഇവാഞ്ചലിസ്റ്റുകള്‍ മില്യന്‍ കണക്കിനു ഡോളര്‍ സക്കറിയ്യക്കു വേണ്ടി വാരി യെറിയാന്‍ തയാറായി. കാരണം ഒരു മുസ്‌ലിം രാജ്യത്ത് അധിനിവേശം നടത്തുന്നതിനേക്കാള്‍ പ്രയോജനം ചാനല്‍ സംപ്രേഷണം വഴി മതപ്രചാരണത്തിനും ഇസ്‌ലാമോഫോബിയ വളര്‍ത്താനും കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഹോളിവുഡ് സിനിമ ചെയ്തുവരുന്ന 'സേവനങ്ങളും' മറ്റൊന്നല്ലല്ലോ.
ടോക്‌ഷോയും പ്രാര്‍ഥനയും ഇസ്‌ലാം നിരൂപണവും സംശയ നിവാരണവും ഒക്കെയായി പുതിയ ചാനല്‍ കത്തിക്കയറി. എന്നാല്‍ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെ മുസ്‌ലിം നേതാക്കള്‍ നടത്തിയ ക്ഷണം സുരക്ഷാ കാരണം പറഞ്ഞ് ഇയാള്‍ കൈയൊഴിഞ്ഞു. കാണാമറയത്തിരുന്നു ദുഷ്പ്രചാരണവും വാദമുഖങ്ങളും നിരത്തുന്ന ഇദ്ദേഹത്തിന്റെ നിഘണ്ടുവില്‍ സംവാദം എന്നൊന്നില്ല.
പ്രതിവര്‍ഷം ആറ് മില്യനോളം മുസ്‌ലിംകള്‍ സക്കറിയ്യയുടെ ഷോയില്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് അല്‍-ജസീറ ചാനല്‍ ചര്‍ച്ചയില്‍ അഹ്മദ് അല്‍-ഖത്താനി ചൂണ്ടിക്കാണിച്ചതു ഇയാളുടെ സ്വാധീനം വരച്ചുകാട്ടുന്നു.
നബിനിന്ദകന്‍-ഇസ്‌ലാം നിന്ദകന്‍
പ്രവാചകനെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും നികൃഷ്ടമായ പ്രയോഗങ്ങളാണു സകല ആംഗല പദങ്ങളും അറബിപദങ്ങളും ഉപയോഗിച്ച് ഇയാള്‍ നടത്തിപ്പോന്നത്. പക്വതയുള്ള ഒരു മതപുരോഹിതനില്‍ നിന്നുണ്ടാകാവതല്ല ഇതൊന്നും. പകയും വിദ്വേഷവും അസൂയയും കലര്‍ന്ന ആ വാക്കുകള്‍ പരാമര്‍ശയോഗ്യം പോലുമല്ല!
ഈജിപ്തിലെ ഇയാളുടെ വാസകാലത്ത് താനുള്‍പ്പെട്ട കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കു നേരെ തീവ്ര സലഫികള്‍ നടത്തിയ ഒറ്റപ്പെട്ട നീക്കങ്ങളാണു ഇയാളെ ഇസ്‌ലാം വിരുദ്ധനാക്കിയതെന്നാണു നിരൂപകര്‍ നിരീക്ഷിക്കുന്നത്.
പ്രവാചകനിന്ദ സിനിമയായി അവതരിച്ചതോടെ ഉയര്‍ന്ന പ്രതിഷേധം കത്തിപ്പടര്‍ന്നപ്പോള്‍ അമേരിക്കയിലെ ലോസ്ആഞ്ചലസ് ടൈംസ് പത്രം പറഞ്ഞത്: 'സക്കറിയ്യ ബുത്തുറുസിന്റെ സൈദ്ധാന്തിക സ്വാധീനത്തിലാണ് 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്' എന്ന സിനിമ രൂപം കൊണ്ടത്' എന്നായിരുന്നു.
സക്കറിയ്യന്‍ സ്‌കൂളിലെ വിത്തുകളായിരുന്നു, സിനിമയുടെ പിന്നാമ്പുറത്തെന്നു വെളിപ്പെട്ടു. 80-ഓളം പേരാണു അണിയറയിലുണ്ടായിരുന്നത്. ലോസ്ആഞ്ചല്‍സും കാലിഫോര്‍ണിയയുമായിരുന്നു ഗൂഢാലോചനയുടെ പ്രഭവ കേന്ദ്രങ്ങള്‍. 2000 വര്‍ഷം മുമ്പുള്ള ഈജിപ്ഷ്യന്‍ രാജവാഴ്ചയുടെ പശ്ചാത്തലത്തിലുള്ള സിനിമയെന്നായിരുന്നു സ്‌ക്രിപ്റ്റ് മുന്നില്‍വെച്ച് അഭിനേതാക്കളോടു പറഞ്ഞതും ഷൂട്ടു ചെയ്തതും.
സക്കറിയ്യയുടെ അനുയായിയും ക്രിസ്ത്യന്‍ തീവ്രവാദിയുമായ സ്റ്റീവ് ക്ലീന്‍ ആണ് ആദ്യ തിരക്കഥ ഒരുക്കിയത്. കണ്‍സള്‍ട്ടന്റും ഇയാള്‍ തന്നെ. 'വാരിയേഴ്‌സ് ഓഫ് ഡെസര്‍ട്ട്' എന്ന കഥ രചിച്ചത്, നിര്‍മാതാവും സംവിധായകനും മറ്റൊരു കോപ്റ്റിക് ക്രിസ്ത്യാനിയായ 55-കാരന്‍ നകോല ബാസ്‌ലി നകോലയായിരുന്നു. സാം ബാസ്‌ലി എന്ന അപരനാമത്തിലാണു ഷൂട്ടിംഗ് തീരുവോളം ഇയാള്‍ പരിചയപ്പെടുത്തിയത്! ഇവാഞ്ചലിക് കോപ്റ്റുകളായ നിരവധിപേര്‍ ഇയാള്‍ക്കു പിന്തുണ നല്‍കി. ഗ്യാസ് സ്റ്റേഷന്‍ ഉടമയും കാലിഫോര്‍ണിയയിലെ സെറിറ്റോസ്‌കാരനുമായ ഇയാള്‍ 2010-ല്‍ ബാങ്കുതട്ടിപ്പു കേസില്‍ 21 മാസത്തെ തടവു ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് തിരക്കഥയിലെ സംഭാഷണം ഷൂട്ടിംഗിനു ശേഷം മാറ്റിയാല്‍ പ്രവാചക നിന്ദ പ്രമേയമായുള്ള സിനിമയാക്കാമെന്നു കണ്ടെത്തിയത്.
ഇതിനായി മകന്‍ അബനോബ് ബാസ്‌ലിയെ ഭാര്യാബന്ധുക്കളില്‍നിന്നു ധനശേഖരണത്തിനു കയ്‌റോയിലയച്ചു. 60,000 ഡോളര്‍ ശേഖരിച്ചു. മീഡിയ ഫോര്‍ ക്രൈസ്റ്റിന്റെ ബാനറില്‍ നിര്‍മാണം തുടങ്ങുന്നത് പരോളിലിറങ്ങിയാണ്. നകോലയുടെ വീട്ടിലും മീഡിയ ഫോര്‍ ക്രൈസ്റ്റിന്റെ ഡ്യൂവര്‍ത്തിലെ കാര്യാലയത്തിലുമായിരുന്നു ഷൂട്ടിംഗ്. ഡ്യൂവര്‍ത്തിലെ 'ക്രിസ്ത്യന്‍ ചാരിറ്റി' എന്ന ഇവാഞ്ചലിക്കല്‍ സംഘടനയുടെ തലവനും 'ക്രിസ്ത്യന്‍' ടി.വി ചാനലിന്റെ അമരക്കാരനുമായ ജോസഫ് നസ്‌റല്ലയുടെ സഹകരണത്തോടെ ചിത്രം പൂര്‍ത്തിയാക്കി.
നകോല-നസ്‌റല്ല-സ്റ്റീവ് അച്ചുതണ്ട് രൂപപ്പെടുത്തിയത് സക്കറിയ്യന്‍ സ്വാധീനമായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ 100 ജൂതന്മാര്‍ ഷെയറെടുത്ത് നല്‍കിയ അഞ്ചു മില്യന്‍ ഡോളര്‍ വിനിയോഗിച്ചെന്ന കഥയും നകോല പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്തു വായിക്കുക.
ഇവാഞ്ചലിസ്റ്റുകള്‍ സിനിമാ പ്രചാരണത്തിനും കൈയും മെയ്യും മറന്നു രംഗത്തിറങ്ങിയിരുന്നു. മോറിസ് സദക്ക് എന്ന ക്രിസ്ത്യന്‍ തീവ്രവാദി സെപ്റ്റംബര്‍ ഒമ്പതിന് അറബി ഭാഷയില്‍ ഡബ്ബുചെയ്ത സിനിമയുടെ 14 മിനിറ്റു വരുന്ന ട്രെയ്‌ലര്‍ 'നാഷ്ണല്‍ അമേരിക്കന്‍ കോപ്റ്റിക് അസംബ്ലി'യുടെ ബ്ലോഗിലെത്തിച്ചു. ഈ ട്രെയ്‌ലര്‍ ഈജിപ്തിലെ 'അല്‍-നാസ്' ടി.വി പുറത്തുവിട്ടു. അതോടെ പ്രതിഷേധം കത്തിപ്പടര്‍ന്നു.
നേരത്തെ ഇംഗ്ലീഷ് ട്രെയ്‌ലര്‍ (ജൂലൈ രണ്ടിന്) യൂ-ട്യൂബിലെത്തിയിരുന്നു. അഭിനേതാക്കളുടെതല്ലാത്ത സംഭാഷണ ശബ്ദം ഓവര്‍ ഡബ്ബു ചെയ്തശേഷം 2012 ജൂണ്‍ 23-ന് കാലിഫോര്‍ണിയയിലെ വിന്‍ ഹോളിവുഡ് തിയറ്ററില്‍ പത്തംഗ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യ പ്രദര്‍ശനത്തില്‍ നല്‍കിയ പേര് 'ഇന്നസെന്‍സ് ഓഫ് ബിന്‍ലാദന്‍' എന്നായിരുന്നു. ഇതാണു പിന്നീട് മാറ്റി ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ് എന്നാക്കിയത്.
ലക്ഷ്യം കണ്ടപ്പോള്‍
സിനിമയുടെ പേരില്‍ ലിബിയയിലെ ബെന്‍ഗാസിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് സലഫി തീവ്രവാദികളായ അന്‍സ്വാറുശ്ശരീഅഃ ആയിരുന്നു. കോണ്‍സല്‍ ക്രിസ് സ്റ്റീവുള്‍പ്പെടെ നാലു അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ആക്രമണം വന്‍ പ്രതിഷേധമുയര്‍ത്തി. തുനീഷ്യയിലും സലഫി ഗ്രൂപ്പുകള്‍ അക്രമാസക്തരായി. രാഷ്ട്രീയ നേട്ടത്തിനു പ്രവാചകനിന്ദാ പ്രശ്‌നം സലഫികള്‍ ഉപയോഗിച്ചതോടെ സക്കറിയ്യ ബുത്തുറുസ് വീണ്ടും രംഗത്തെത്തി. 'ഇസ്‌ലാം ഭീകരമതമാണെന്ന സിനിമയുടെ പ്രമേയം ശരിവെക്കുന്നതാണ് സിനിമക്കെതിരെയുള്ള പ്രതികരണങ്ങള്‍. ഇസ്‌ലാം മുഴുവന്‍ ലോകത്തിനും ഭീകരതയാണു സമ്മാനിക്കുന്നത്!'
ഇവാഞ്ചലിസ്റ്റുകളും സാമ്രാജ്യത്വവും ലക്ഷ്യം നേടിക്കഴിഞ്ഞു. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഫ്രഞ്ച് വാരിക ചാര്‍ലി ഹെബദോ പ്രവാചകനിന്ദയുടെ പുതിയ വാറോലയുമായി രംഗത്തെത്തുമ്പോഴും പ്രതിഷേധം കത്തിയാളുകയാണ്. സംവാദങ്ങളുടെ സാധ്യത മറന്നുള്ള കൊഞ്ഞനം കാട്ടലാണു യൂറോപ്യന്‍ രീതിശാസ്ത്രം. അക്രമങ്ങള്‍ നടത്തി പകരം ചോദിച്ചതുകൊണ്ട് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഒരു നേട്ടവും അതുണ്ടാക്കില്ല, കോട്ടമല്ലാതെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍