മുഹമ്മദ് നബിയെ വെറുതെ വിടുക
ചരിത്രം കണ്ട ഏറ്റവും മഹാനായ പ്രവാചകന്‍ മുഹമ്മദ്‌നബിയെപ്പറ്റി ഇല്ലാത്ത ഓരോന്ന് പറഞ്ഞ് പരത്തി കുഴപ്പം കുത്തിപ്പൊക്കി കലാപം സൃഷ്ടിക്കുന്നത് ക്രൈസ്തവ രാജ്യങ്ങളിലെ ചില കലാകാരന്മാരുടെയും കവികളുടേയും സാഹിത്യകാരന്മാരുടെയും ഒരു ക്രൂരവിനോദമായിരിക്കുന്നു. യഥാര്‍ഥ സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും കലാകാരന്മാര്‍ക്കും ഇതില്‍ പങ്കൊന്നുമില്ല. തീരെ അറിയപ്പെടാത്ത മൂന്നാംകിട ഞാഞ്ഞൂള്‍ പാമ്പുകള്‍ തലയും വാലും ഉള്ളവയായതുകൊണ്ട് ഞങ്ങളും വിഷപ്പാമ്പുകളുടെ വര്‍ഗത്തില്‍പെട്ടവയാണെന്ന് പൊങ്ങച്ചം പറയുന്നത് കാണുമ്പോള്‍ പുഛം തോന്നുന്നു. പണവും പ്രസിദ്ധിയും ലഭിക്കുമെങ്കില്‍ എന്ത് ചെയ്യുന്നതിനും മടിയില്ലാത്ത ഈ കശ്മലന്മാര്‍ക്ക് ആരെപ്പറ്റിയാണ് പറയുന്നതെന്നോ എന്താണ് പറയുന്നതെന്നോ നോക്കാനില്ല.
ഈ മണ്ണും ഭൂമിയും ആരുടെയും കുത്തകയോ സ്വന്തമോ അല്ല. എത്രയെത്ര ജനവര്‍ഗങ്ങള്‍ ജീവിച്ചിരുന്നതാണ് ഈ ഭൂമി. ഇന്ന് ക്രൈസ്തവരോ മറ്റ് ജനതകളോ ജീവിക്കുന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുമ്പ് മറ്റ് ജനപദങ്ങളാണ് ജീവിച്ചിരുന്നത്. അവരുടെ പൊടിപോലും ഇന്ന് കാണാനില്ല. ഇന്നത്തെ ഈ തലമുറയിലെ ആളുകളുടെ ഗതിയും അങ്ങനെ മാത്രമേ ആവാനിടയുള്ളൂ. അവര്‍ക്കും ഉണ്ടായിരുന്നു അവരുടേതായ മതവും മതവിശ്വാസങ്ങളും. സ്വന്തം മതവും താല്‍പര്യങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതകള്‍ അവരും കാണിച്ചിരുന്നു. പക്ഷേ സ്ഥിരമായ വിജയമോ പരാജയമോ ആര്‍ക്കും കിട്ടിയില്ല. പ്രവാചകനിന്ദ നടത്തുന്ന ഇന്നത്തെ കാര്‍ട്ടൂണിസ്റ്റുകളാകട്ടെ സിനിമാക്കാരകട്ടെ ആരും അതിന് അപവാദമല്ല.
പരിഷ്‌കൃതരെന്നും സംസ്‌കാരസമ്പന്നരെന്നും മിഥ്യാഭിമാനം കൊള്ളുന്ന ക്രൈസ്തവര്‍ ജീവിക്കുന്ന പല രാജ്യങ്ങളിലും പണ്ട് പ്രാകൃതരും അപരിഷകൃതരുമായിരുന്ന ജനങ്ങളായിരുന്നു ജീവിച്ചിരുന്നത്. അവരുടെ പരമ്പരയില്‍പെട്ടവര്‍ അതിന്റെ തുടര്‍ച്ചയായി ഇന്നും ജീവിക്കുന്നു എന്നുമാത്രം. അത്ര വലിയ മേന്മയോ മേധാവിത്തമോ ആര്‍ക്കുമില്ല അവകാശപ്പെടാനായി. സംസ്‌കാരത്തിന്റെ അവസാന വാക്കല്ല വെള്ളക്കാരും യൂറോപ്യന്മാരും. എത്ര വലിയ മോഹനവാഗ്ദാനങ്ങള്‍ വെച്ച്‌നീട്ടിയാലും അത് സ്വീകരിക്കാതെ നിരസിക്കുന്നവരും ക്രൈസ്തവ മതം സ്വീകരിക്കാത്തവരുമായ ജനലക്ഷങ്ങള്‍ എത്രയോ ഉണ്ട് ഈ ഭൂമിയില്‍.
പട്ടിണിയിലും ദാരിദ്ര്യത്തിലും ജനിച്ച് നരകയാതന അനുഭവിച്ച് ജീവിക്കുന്ന ഏഷ്യന്‍ ആഫ്രിക്കന്‍ ദരിദ്രരാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ മനുഷ്യ മക്കളെ എത്രയെത്ര വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടരാക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ക്കും സംസ്‌കാരത്തിന്റെ കുത്തകക്കാരായ യൂറോപ്യന്മാര്‍ക്കും കഴിയാത്തതെന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ പ്രവാചകനായ മുഹമ്മദിനെ കരിവാരിത്തേച്ച് വികൃതമാക്കിയത് കൊണ്ടോ ദൈവത്തിന്റെ വചനമായ ഖുര്‍ആന്‍ പൈശാചികമെന്ന് മുദ്രകുത്തിയത് കൊണ്ടോ ആളുകള്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. പ്രവാചകനായ മുഹമ്മദ് മുസ്‌ലിംകള്‍ക്ക് എല്ലാ കാര്യത്തിലും ഉല്‍കൃഷ്ട മാതൃകയായിരിക്കുമ്പോള്‍, സ്വന്തം പ്രവാചകനായ യേശു ക്രിസ്ത്യാനികള്‍ക്ക് ഒരു തരത്തിലും മാതൃകയല്ലാത്ത കേവലം ആരാധനാപാത്രം മാത്രമാണ്.
മാരകായുധമായ കുരിശ് ക്രൈസ്തവര്‍ക്ക് രക്ഷയുടെയും പാപപരിഹാരത്തിന്റെയും പ്രതീകമാണ്. ആര്‍ക്കും എന്തും പറഞ്ഞ് പരിഹസിക്കാനുള്ള കളിപ്പാട്ടമല്ല മുസ്‌ലിംകള്‍ക്ക് അവരുടെ പ്രിയങ്കരനായ മുത്തുനബി. മറ്റുള്ളവരുടെ ആട്ടും തുപ്പും അടിയും തൊഴിയും പീഡനങ്ങളുമേറ്റ് പിടയുന്ന യേശുവിന്റെ ദയനീയ കാഴ്ചകണ്ട് നില്‍ക്കുന്നതില്‍ ക്രൈസ്തവര്‍ക്ക് ആക്ഷേപമില്ല. അതെല്ലാം സഹിക്കുന്നതിനും ഏറ്റുവാങ്ങുന്നതിനും വിധിക്കപ്പെട്ട ആളാണ് യേശു. അതുകൊണ്ട് ക്രൈസ്തവര്‍ക്ക് യേശുവിന്റെ വേദന സ്വന്തം വേദനയല്ല. അദ്ദേഹം വഹിക്കുന്ന കുരിശ് സ്വന്തം കുരിശല്ല. ശാരീരികമായോ ആത്മീയമായോ അനുഭവപ്പെടാത്ത ആ കുരിശ് സാങ്കല്‍പികം മാത്രം.
എന്നാല്‍ മുഹമ്മദിന്റെ കാര്യം അങ്ങനെയല്ല. എതിരാളികള്‍ അദ്ദേഹത്തില്‍ ഏല്‍പിക്കുന്ന വേദന ജനകോടികള്‍ സ്വന്തം ഹൃദയത്തില്‍, അക്ഷരാര്‍ഥത്തില്‍ അനുഭവിച്ച് തീര്‍ക്കുകയാണ്. അദ്ദേഹം ആക്ഷേപിക്കപ്പെടുമ്പോള്‍ ആത്മാര്‍ഥമായി തേങ്ങുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്നത് എവിടെയുമുള്ള മനുഷ്യഹൃദയങ്ങളാണ്. സ്‌നേഹത്തിന്റെയും വേദനയുടെയും ഭാഷ മനസ്സിലാക്കുന്ന അലിവുള്ള മനുഷ്യ ഹൃദയങ്ങള്‍. അത് പാറയല്ല, കല്ലല്ല, ജീവരക്തം തുടിക്കുന്ന സ്‌നേഹത്തിന്റെ ഉറവിടങ്ങള്‍. സ്‌നേഹത്തിന്റെ ഭാഷയേ അതിന് വശമുള്ളൂ. വെറുപ്പും വിദ്വേഷവും അവിടേക്ക് കടന്ന് ചെല്ലാറില്ല. എന്നാല്‍ എല്ലാവര്‍ക്കും വശമല്ല ആ ഭാഷയും ശൈലിയും. യേശു തന്നെ പറഞ്ഞു ''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ രാജ്യം അവര്‍ക്കുള്ളത്.''
മുഹമ്മദ്‌നബിയെ എത്രതന്നെ ആക്ഷേപിച്ചാലും തിരിച്ച് പറഞ്ഞ് പകരം ചോദിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല. മുഹമ്മദിനെ ആക്ഷേപിക്കുന്നതിന് പകരമായി യേശുവിനെ നിന്ദിക്കാനോ പരിഹസിക്കാനോ ഒരു മുസ്‌ലിം തയാറാവില്ല. അവരുടെ തന്നെ പ്രവാചകനാണ് മഹാനായ യേശു. ഇസ്‌ലാം മതത്തിലെ അഞ്ച് പ്രമുഖ പ്രവാചകന്മാരില്‍ ഒരാളാണ് മറിയത്തിന്റെ പുത്രനായ യേശു എന്നത് മുസ്‌ലിംകള്‍ക്ക് മറക്കാനാവില്ല. മറ്റേതൊരു പ്രവാചകനും കൊടുക്കുന്നതു പോലുള്ള സ്‌നേഹബഹുമാനങ്ങള്‍ യേശുവിനോടും മുസ്‌ലിംകള്‍ കാണിച്ചേ തീരൂ. അക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള അനാദരവും പരിശുദ്ധ ഖുര്‍ആനില്‍ അനുവദിക്കുന്നില്ല. പക്ഷേ, ക്രൈസ്തവര്‍ക്ക് മനസ്സിലാകാത്തതാണ് ഈ നേരിന്റെ മാര്‍ഗം.
മുഹമ്മദ് എന്ന നബി മുസ്‌ലിംകള്‍ക്ക് ശരീരത്തിന്റെ മജ്ജയാണ്, മാംസമാണ്, രക്തമാണ്, ജീവനാണ്, ജീവന്റെ ജീവനാണ്. അതുകൊണ്ട് നല്ലവരായ ക്രൈസ്തവ സമൂഹമേ, മുഹമ്മദിനെ അദ്ദേഹത്തിന്റെ പാട്ടിന് വിടുക. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക അതാണ് വിവേകം. ആര്‍ക്കും എപ്പോഴും ഓടിക്കയറാനുള്ള ചാഞ്ഞ മരമല്ല മുഹമ്മദ്.
Comments