Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

വിവാദ പരമ്പരക്കു പിന്നില്‍

'മുസ്‌ലിം ലീഗാണ് കേരളം ഭരിക്കുന്നത്, ലീഗിന് അഹിതമായതൊന്നും കേരളത്തില്‍ ഇപ്പോള്‍ നടക്കില്ല... നമ്മളാണ് കൈകാര്യകര്‍ത്താക്കള്‍. അതിനാല്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം.' പട്ടാമ്പിക്കടുത്ത് ഒരു ലീഗ് സംഗമത്തില്‍ പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹീം കുഞ്ഞ് ലീഗ് പ്രവര്‍ത്തകരോട് നടത്തിയ ഈ ആഹ്വാനം കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദമായിരിക്കുകയാണ്. ബി.ജെ.പി മുതല്‍ സി.പി.എം വരെയുള്ള പ്രതിപക്ഷ കക്ഷികളും സി.എം.പി, കേരള കോണ്‍ഗ്രസ് തുടങ്ങിയ യു.ഡി.എഫ് ഘടക കക്ഷികളും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള യു.ഡി.എഫ് അനുകൂല സാമുദായിക സംഘടനകളുമെല്ലാം രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും ഇബ്‌റാഹീം കുഞ്ഞിന്റെ പ്രസ്താവനയില്‍ തെറ്റുകണ്ടില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവില്‍ അസ്വസ്ഥരാണ്. കേരള ഭരണത്തില്‍ ലീഗിനുള്ള സ്വേഛാപ്രമത്തതയുടെയും വര്‍ഗീയ അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും മുഴക്കമായാണ് പലരും മന്ത്രിയുടെ പ്രസ്താവനയെ കേള്‍ക്കുന്നത്. ലീഗ് മുസ്‌ലിം വര്‍ഗീയത ഇളക്കിവിടുന്നു, ഘടകകക്ഷികളെ വെല്ലുവിളിക്കുന്നു, ഭൂരിപക്ഷ സമൂഹത്തെ ഭീഷണിപ്പെടുത്തുന്നു, മതേതരത്വം തകര്‍ക്കുന്നു എന്നിങ്ങനെ നീണ്ടുപോകുന്നു മുറവിളികള്‍.  ജന്മഭൂമി മുതല്‍ ദേശാഭിമാനി വരെയുള്ള മാധ്യമങ്ങള്‍ ഈ വിവാദം തങ്ങള്‍ക്കാവും മട്ടില്‍ കൊഴുപ്പിച്ചുകൊണ്ടിരിക്കുന്നു.
ലീഗ് പ്രവര്‍ത്തകരുടെ സംഗമത്തിലാണ് മന്ത്രി പ്രസംഗിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെ അവരുടെ ഉത്തരവാദിത്വങ്ങളോര്‍മിപ്പിക്കുകയായിരുന്നു താനെന്നും പ്രസംഗത്തിന്റെ പൂര്‍ണ രൂപം പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുമെന്നും മന്ത്രിയും ലീഗ് നേതൃത്വവും വിശദീകരിക്കുന്നുണ്ട്. ഈ വിശദീകരണം തള്ളിക്കളയേണ്ട കാര്യമില്ല. അണികളെ ഉത്തേജിപ്പിക്കാന്‍ നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ അമിതമായ അവകാശവാദങ്ങളും ബഡായികളും തട്ടിവിടുക സാധാരണമാണ്. എതിര്‍കക്ഷികള്‍ അവരുടെ വേദികളില്‍ അതിനു മറുപടി പറയുകയോ പുഛിച്ചുതള്ളുകയോ ചെയ്യും. പ്രശ്‌നം അവിടെ അവസാനിക്കുകയാണ് പതിവ്. പക്ഷേ, വിവാദ വ്യവസായികള്‍ അതൊന്നും പരിഗണിക്കാന്‍ തയാറല്ല. സംസ്ഥാനമിതാ മുസ്‌ലിം ലീഗിന്റെ കരാള മുഷ്ടിയിലമര്‍ന്നിരിക്കുന്നു, ഉടനെ മോചിപ്പിച്ചില്ലെങ്കില്‍ കേരളം മരിച്ചുപോകും എന്ന മട്ടില്‍ മുന്നേറുകയാണവര്‍. ബി.ജെ.പിയുടെയും എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും ദൃഷ്ടിയില്‍, സര്‍ക്കാര്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടതനിവാര്യമാക്കിയിരിക്കുന്നു ഇബ്‌റാഹീം കുഞ്ഞിന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവിന്റെ മനോഗതവും ആ വഴിക്കാണ്.
അഞ്ചാംമന്ത്രി വിവാദം മുതല്‍ മുസ്‌ലിം ലീഗ് അനങ്ങുന്നതിനും മിണ്ടുന്നതിനുമൊക്കെ വര്‍ഗീയതയുടെയും തീവ്ര മതമൗലികതയുടെയും വര്‍ണം നല്‍കി വിവാദമുയര്‍ത്തുക കേരളത്തില്‍ ഒരു സ്ഥിരം സമ്പ്രദായമായിരിക്കുന്നു. ഇതിനു പിന്നില്‍ വ്യക്തമായ വര്‍ഗീയ താല്‍പര്യങ്ങളും  രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. അടിക്കുന്നത് ലീഗിനെയാണെങ്കിലും ലക്ഷ്യം മുസ്‌ലിം സമുദായമൊട്ടാകെയാണ്. ഏറെ പിന്നാക്കമായിരുന്ന മുസ്‌ലിം സമുദായം വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ മന്ദഗതിയിലെങ്കിലും പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ചരിത്ര ഘട്ടമാണിത്. ഈ വികസന പ്രവണത തകര്‍ക്കുകയാണിപ്പോഴത്തെ വിവാദ പരമ്പരയുടെ ലക്ഷ്യം. വിവാദങ്ങളിലൂടെ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി മുസ്‌ലിം സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ തടയാനും ഒപ്പം സ്വന്തം സങ്കുചിത താല്‍പര്യങ്ങള്‍ നേടിയെടുക്കാനുമാണ് ശ്രമം. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും ഐക്യപ്പെട്ട് പുതിയ രാഷ്ട്രീയ വിലപേശല്‍ ശക്തിയാകാനുള്ള ശ്രമത്തിന് വേഗത പകരുന്ന ഇന്ധനമാണ് മുസ്‌ലിംവിരോധമെന്ന് വ്യക്തമാണ്. കേരള അസംബ്ലിയില്‍ അക്കൗണ്ട് തുറക്കാനാവാതെ ഏറെകാലമായി വേപഥുകൊള്ളുകയാണ് ബി.ജെ.പി. അതിനാവശ്യമായ മുസ്‌ലിംവിരോധവും ഹൈന്ദവ ധ്രുവീകരണവും സംസ്ഥാനത്തുണ്ടാക്കാനായിട്ടില്ല എന്നതാണ് അവരുടെ പരാജയം. അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണിപ്പോഴത്തെ സാഹചര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമത സുന്നി വിഭാഗവും കൈവിട്ടതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുസ്‌ലിംകളില്‍ ഇനി കാര്യമായ പ്രതീക്ഷയില്ല. ഹിന്ദുസമൂഹത്തെ കൂടുതല്‍ അടുപ്പിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതിലാണ് ഇപ്പോഴവരുടെ പ്രതീക്ഷ. ആര്‍.എസ്.എസ്-ബി.ജെ.പി വേദികളില്‍ നിന്ന് ആശാവഹമായ സൂചനകള്‍ ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഹിന്ദു -മുസ്‌ലിം സാമുദായിക ധ്രുവീകരണം തങ്ങള്‍ക്കും ഗുണകരമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാവാം.
ഇതൊരു കൈവിട്ട കളിയാണ്. എന്തൊക്കെയായാലും മതമൈത്രിയും സാമുദായിക സൗഹാര്‍ദവും പുലരുന്ന സമാധാനാന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക കക്ഷികള്‍ കലുഷമാക്കിക്കൊണ്ടിരിക്കുന്നത് എന്തു വിലകൊടുത്തും കാത്തുസൂക്ഷിക്കേണ്ട ആ അന്തരീക്ഷമാണ്. സാമുദായിക ബന്ധങ്ങള്‍ സംഘര്‍ഷഭരിതമാകുന്നതിന്റെ ദുരിതത്തിനിരയാവുക ഏതെങ്കിലും ഒരു പാര്‍ട്ടിയോ സമുദായമോ മാത്രമായിരിക്കുകയില്ല; കേരള ജനത മുഴുവനുമായിരിക്കും എന്നോര്‍ക്കുന്നത് എല്ലാവര്‍ക്കും നന്ന്.
സ്വന്തം പ്രസ്താവനകള്‍ മറ്റുള്ളവര്‍ക്ക് സമുദായത്തെ അടിക്കാനുള്ള വടിയാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സമകാലീന സാഹചര്യം ലീഗ് നേതൃത്വത്തോടാവശ്യപ്പെടുന്നുണ്ട്. പ്രവര്‍ത്തകരിലാഗ്രഹിക്കുന്ന ഉത്തരവാദിത്വബോധവും പക്വതയും നേതൃത്വത്തിനന്യമായിക്കൂടാ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍