നബിനിന്ദക്ക് പിന്നിലെ അധമ ചിന്ത
നബിനിന്ദക്കെതിരെ അക്രമാസക്തമായി പ്രതികരിക്കുന്നത് ശരിയല്ല. എന്നാല്‍ അത്തരം പ്രതികരണങ്ങളെ അപലപിക്കുന്ന പലരും, അന്യമതസ്ഥരുടെ പവിത്ര വിശ്വാസങ്ങളെ പരസ്യമായി അവമതിക്കുന്നവരെപ്പറ്റി ഒന്നും പറയുന്നില്ല. അവര്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നു എന്നു മാത്രമാണ് വാദം. ഇസ്‌ലാംവിരുദ്ധ വീഡിയോയും കാര്‍ട്ടൂണും ഉണ്ടാക്കിയ പ്രതികരണങ്ങള്‍ കാണുമ്പോള്‍ എനിക്ക് മനസ്സിലാവുന്നു, മുസ്‌ലിംകളിലെ ചിലര്‍ 'ഹോളോകോസ്റ്റ്' നിഷേധം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്ന്?
ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എനിക്ക്, യൂറോപ്പില്‍ ജൂതന്മാരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കിയ ഇരുണ്ട നാളുകളെപ്പറ്റി സംശയമില്ല. എനിക്ക് തോന്നുന്നത്, പല മുസ്‌ലിംകളും ഹോളോകോസ്റ്റിനെ ചോദ്യം ചെയ്യുന്നത് മറ്റു അനീതികളോടുള്ള പ്രതികരണമായിട്ടാവും എന്നാണ്. പുറമേക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വലിയ വക്താക്കളായാലും ജൂത തീവ്രവാദികളെ ഹോളോകോസ്റ്റ് നിഷേധം വെറിപിടിപ്പിക്കുന്നതു കാണാം. അതേസമയം. യേശുവിനെ നിഷേധിക്കുന്നതോ മോശമാക്കുന്നതോ ശരാശരി ജൂതന് പ്രശ്‌നമാകുന്നില്ല. യഹൂദമതം കഴിഞ്ഞ രണ്ടായിരം വര്‍ഷമായി യേശുവിനെ നിരാകരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ശരാശരി യഹൂദന്, യേശു തട്ടിപ്പുകാരനാണ്- മുസ്‌ലിംകള്‍ വിശ്വസിക്കുംപോലെ മഹാനായ പ്രവാചകനോ ദൈവദൂതനോ അല്ല; പല ക്രിസ്ത്യാനികളും കരുതും പോലെ രക്ഷകനോ ദൈവമോ അല്ല. യേശുവിനെ നിന്ദിച്ചാല്‍ അത് ശരാശരി യഹൂദന് ഇഷ്ടപ്പെടും. മുസ്‌ലിമിന് അങ്ങനെയുമില്ല. യേശു അടക്കം എല്ലാ പ്രവാചകരെയും ആദരിക്കാനാണ് അവന്‍ ചെറുപ്പം തൊട്ടേ പഠിക്കുന്നത്.
പ്രശ്‌നമിതാണ്: പ്രവാചകരെയും ദൈവദൂതരെയും നിന്ദിക്കുന്നത് ചിലര്‍ക്ക് രസമാണ്. എന്നാല്‍, വേറെ ചിലര്‍ക്ക് അത് അസഹ്യവുമാണ്. മറ്റു മതാചാര്യരെ നിന്ദിച്ച് പകരം വീട്ടാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ല. ഇത്തരം സാഹചര്യത്തിലാവണം പലരും ഹോളോകോസ്റ്റ് നിഷേധിച്ചും മറ്റും പകരം വീട്ടുന്നത്!
ഏതായാലും നബിവിരുദ്ധ വീഡിയോക്കു പിന്നിലെ അധമ ചിന്ത വ്യക്തമായി വരുന്നുണ്ട്. ചിത്രത്തില്‍ അഭിനയിച്ച ഒരാള്‍ പരസ്യമായി പറഞ്ഞുകഴിഞ്ഞു, മുഹമ്മദ് നബിയെപ്പറ്റി ഒന്നും അതില്‍ ആദ്യമുണ്ടായിരുന്നില്ല, പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന്. ചിത്രം വിവാദമായതോടെ ചില അഭിനേതാക്കള്‍ക്ക് നിര്‍മാതാക്കളുടെ ഭീഷണിയുണ്ടായത്രെ- മൂല ചിത്രത്തില്‍ നബിയെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നില്ല എന്ന കാര്യം പുറത്തുപറഞ്ഞാല്‍ തട്ടിക്കളയുമെന്ന്! ഇത്തരക്കാരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നത് എന്നറിയുക രസംതന്നെ.
ഭീകരവിരുദ്ധ യുദ്ധത്തിലുമുണ്ട് ഇത്തരം കാപട്യം. ലിബിയയിലെ യു.എസ് അംബാസഡര്‍ കൊല്ലപ്പെട്ടപ്പോള്‍ അമേരിക്കക്ക് നൊന്തു. അവര്‍ക്കത് ഭീകരപ്രവൃത്തിയായി. എന്നാല്‍, ഇത്തരം ചിന്താഗതികള്‍ക്ക് തീകൊടുക്കുന്നവരോ? അവര്‍ കുറ്റക്കാരേ അല്ല! ഇത്തരം പ്രകോപനങ്ങളാണ് അല്‍ഖാഇദക്കും അത്തരം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ജന്മം നല്‍കുന്നതെന്ന് അറിയുന്നില്ലേ? അവ അമേരിക്കക്ക് ഗുണം ചെയ്യില്ല-ലോകത്തിനും.
Comments