മതനിന്ദക്കെതിരെ നിയമനിര്‍മാണം വേണം
ന്യൂദല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റും പരിഷ്‌കൃത ലോകത്തെ മറ്റെല്ലാ ഗവണ്‍മെന്റുകളും മതകീയ വ്യക്തിത്വങ്ങളെ സംരക്ഷിക്കുന്നതിന് സമഗ്രമായ മതനിന്ദാവിരുദ്ധ നിയമം കൊണ്ടുവരണമെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി ആവശ്യപ്പെട്ടു. ഞങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. പക്ഷേ, മറ്റുള്ളവരെ അവഹേളിക്കാനും ഇകഴ്ത്താനുമുള്ളതാണോ ഈ സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കപ്പെടണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതവ്യക്തിത്വങ്ങളെ തേജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ നിയമം വേണമെന്ന് ഐക്യരാഷ്ട്രസഭയില്‍തന്നെ ആവശ്യമുയര്‍ന്നതാണ്. മൊത്തം ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന മുസ്‌ലിം സമൂഹം ഏറ്റവും സമാദരണീയനായി കാണുന്ന വ്യക്തിത്വമാണ് മുഹമ്മദ്‌നബിയുടേത്. മുസ്‌ലിംകള്‍ മാത്രമല്ല, നേര്‍വഴിയില്‍ ചിന്തിക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കുന്നു. സിനിമ നിര്‍മിച്ചും കാര്‍ട്ടൂണ്‍ വരച്ചും കള്ളങ്ങള്‍ കെട്ടിച്ചമച്ചും ആ വ്യക്തിത്വത്തെ അപമാനിക്കുന്നത് മുസ്‌ലിംകള്‍ക്ക് സഹിക്കാനാവില്ല. ഈ വികാരം മാനിക്കാന്‍ എല്ലാവരും തയാറാകണം. വിമോചകനായും മനുഷ്യര്‍ക്കാകെ കാരുണ്യമായും ആഗതനായ പ്രവാചകന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ നടത്തേണ്ടതെന്നും പ്രകോപനങ്ങള്‍ക്ക് വശംവദരായി അതിക്രമത്തിന്റെ മാര്‍ഗത്തിലേക്ക് തിരിയരുതെന്നും അദ്ദേഹം ഉണര്‍ത്തി.
ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം
ചെറുകിട വ്യാപാരികളെ തകര്‍ക്കും
ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനം നാലരക്കോടി ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് ജമാഅത്ത് അഖിലേന്ത്യാ അമീര്‍ മുന്നറിയിപ്പ് നല്‍കി. ഇത് രാജ്യത്തെയും പ്രതിസന്ധിയിലാക്കും. സാമ്പത്തിക പരിഷ്‌കരണത്തിന്റെ പേരിലാണ് ഈ നടപടികള്‍. പക്ഷേ, വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട കമ്പനികള്‍ക്കാണ് ഇതുകൊണ്ടുള്ള ലാഭം. മുതലാളിത്ത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഗവണ്‍മെന്റ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിലും അമീര്‍ ആശങ്ക രേഖപ്പെടുത്തി. രാസവളങ്ങള്‍ക്ക് മൂന്നും അഞ്ചും ഇരട്ടിവരെയാണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇത് കര്‍ഷകരുടെ നില കൂടുതല്‍ അപകടത്തിലാക്കും.
യു.പിയിലെ സാമുദായിക സംഘര്‍ഷം
ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും വലിയ തോതിലുള്ള സാമുദായിക കലാപങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നുമുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് വളരെ ആശങ്കാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുമ്പോള്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് സംബന്ധമായ പ്രായോഗിക നടപടികള്‍ അദ്ദേഹം ഉടന്‍ കൈകൊള്ളേണ്ടിയിരിക്കുന്നു. പോലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും മുസ്‌ലിംകള്‍ക്ക് ന്യായമായ പ്രാതിനിധ്യം നല്‍കിയും സച്ചാര്‍-രംഗനാഥ മിശ്ര കമീഷന്‍ നിര്‍ദേശങ്ങള്‍ പ്രയോഗവത്ക്കരിച്ചും വര്‍ഗീയ ശക്തികളെ ഫലപ്രദമായി തളയ്ക്കാന്‍ കഴിയും.
Comments