Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

പിന്നില്‍ കളിക്കുന്നത് അള്‍ട്രാ സയണിസം

ജസ്റ്റിന്‍ റെയ്മണ്ടോ

ഇതിനുണ്ടായ പ്രത്യാഘാതങ്ങള്‍ ആ വീഡിയോ ചിത്രം ആഗ്രഹിച്ചതുതന്നെയോ? ആണെന്ന് ഉറപ്പില്ലായിരിക്കാം. പക്ഷേ, മറ്റെന്താണ് അവരുദ്ദേശിച്ചതെന്നും വ്യക്തമല്ലല്ലോ.
എന്തിനീ വീഡിയോ എന്നതിന് മാധ്യമങ്ങളിലൂടെ പലതരം വിശദീകരണങ്ങള്‍ നാം കേള്‍ക്കുന്നു. മുസ്‌ലിംകളിലെ തീവ്രവാദികളെയാണ് ലക്ഷ്യമിട്ടതെന്ന് മുസ്‌ലിംവിരുദ്ധ പ്രചാരകനായ സ്റ്റീവ് ക്ലെയ്ന്‍ പറഞ്ഞിരിക്കുന്നു. യു.എസിലെങ്ങും തീവ്രവാദികള്‍ ഒളിത്താവളങ്ങളൊരുക്കി കാത്തിരിപ്പുണ്ട്. അവരെ 'പുകച്ചു പുറത്തുചാടിക്കാന്‍' ഈ യൂട്യൂബ് വീഡിയോ ഉപകരിക്കുമത്രെ. പ്രകോപനമാണ് ഉദ്ദേശിച്ചതെന്ന് ചുരുക്കം. മറ്റൊരു ഭാഷ്യം, മുസ്‌ലിംകളെ പ്രവാചക സ്‌നേഹത്തില്‍നിന്ന് പരിവര്‍ത്തിപ്പിക്കാനാണിതെന്നും.
രണ്ടും വിശ്വസിക്കാനാവില്ല. ഒരു നിലവാരവുമില്ലാത്ത ചിത്രം; ഉള്ളടക്കമോ നിന്ദാപരവും. ഇത് ആരുടെ മനസ്സ് മാറ്റാനാണ്! പിന്നെ, 'പുകച്ചു ചാടിക്കലിന്റെ' കാര്യം. പറയുന്നത്ര സമര്‍ഥമായി ഒളിത്താവളങ്ങളില്‍ കഴിയുന്ന തീവ്രവാദികളുണ്ടെങ്കില്‍ ഒരു യൂട്യൂബ് ചിത്രത്തിന്റെ പേരില്‍ അവരൊക്കെ പുറത്തു ചാടുമെന്നോ?
അല്ല. ഇതിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ട്. അതറിയാനുള്ള ഒരു വഴി, ചിത്രത്തിന്റെ സംഘാടകരും പ്രചാരകരുമായി ഇതിനകം തിരിച്ചറിയപ്പെട്ടവരെ ശ്രദ്ധിച്ചൊന്നു പരിശോധിക്കുകയാണ്.
സംഭവത്തിലെ കേന്ദ്ര കഥാപാത്രം നകോല ബാസ്‌ലി നകോല എന്ന അമ്പത്തിയാറുകാരനാണത്രെ. ഈജിപ്തില്‍നിന്ന് കുടിയേറിയയാള്‍. ഒരഭിമുഖത്തില്‍ ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത് 'സാം ബാസിലി' എന്ന 'ഇസ്രയേലി-അമേരിക്കന്‍' ആയിട്ടാണ്. പക്ഷേ, വാസ്തവത്തില്‍ ഒരു കോപ്റ്റിക് ക്രിസ്ത്യാനിയാണയാള്‍ എന്നും ചെക്ക് തട്ടിപ്പിനും മയക്കുമരുന്നു കടത്തിനുമായി രണ്ടു തവണ ശിക്ഷിക്കപ്പെട്ടയാളാണെന്നും പിന്നീട് വെളിപ്പെട്ടു. ജയിലില്‍നിന്നിറങ്ങി ഒരു മാസം തികഞ്ഞിട്ടില്ല; അപ്പോഴേക്കും ഇങ്ങനെയൊന്ന് ആസൂത്രണം ചെയ്ത് തയാറാക്കി ഇറക്കാന്‍ അയാള്‍ക്ക് കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ വയ്യ. അയാള്‍ തന്നെയും, താന്‍ കേന്ദ്രബിന്ദുവാണെന്ന് വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്; താന്‍ അതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയേ ഉണ്ടായുള്ളൂ.
ആരോ അയാളെ അതിന് നിയോഗിച്ചു എന്ന് കരുതുന്നതാവും യുക്തി. എങ്കില്‍ അതാര്?
ഔദ്യോഗിക രേഖകളനുസരിച്ച്, ചിത്രത്തിനു വേണ്ട അനുമതി വാങ്ങിയത് 'മീഡിയ ഫോര്‍ ക്രൈസ്റ്റ്' എന്ന സംഘമാണ്. ജോസഫ് നസറുല്ലാ അബ്ദുല്‍ മസീഹ് എന്നയാളാണ് നടത്തിപ്പുകാരന്‍. അറബിയില്‍ ക്രൈസ്തവ പരിപാടികള്‍ ഇറക്കുകയാണ് പതിവു ജോലി. ഈയിടെ ഇറക്കിയ 'മാര്‍ഗം' എന്ന ഫിലിമില്‍ അറിയപ്പെടുന്ന ഇസ്‌ലാംവിരുദ്ധരായ പാമില ജെല്ലറും റോബര്‍ട്ട് സ്‌പെന്‍സറുമൊക്കെ ഉണ്ടായിരുന്നു. 'ഇന്നസെന്‍സ്' പോലൊരു ചിത്രം നിര്‍മിക്കേണ്ടതിനെപ്പറ്റി പാമിലയുടെ ബ്ലോഗില്‍ ഫെബ്രുവരി മാസത്തിലൊരു കുറിപ്പുണ്ടായിരുന്നു.
ഒരു 'മുഹമ്മദ് വിരുദ്ധ' ചിത്രമിറക്കാന്‍ വന്‍തുക സംഭാവന വാഗ്ദാനം ചെയ്യപ്പെട്ടതായും അതില്‍ എഴുതിയിരുന്നു.
ജോസഫ് അബ്ദുല്‍ മസീഹ് ഇപ്പോള്‍ പറയുന്നത്, താന്‍ പറഞ്ഞതല്ല നകോല നിര്‍മിച്ചത്, അയാള്‍ ചതിച്ചു എന്നൊക്കെയാണ്. ഇതു പക്ഷേ, ആരും വിശ്വസിക്കുന്നില്ല. ഏതായാലും ഒരു വസ്തുതയുണ്ട്. പാമില ജെല്ലറും മറ്റുമായി ഇയാള്‍ ബന്ധപ്പെട്ടു തുടങ്ങുമ്പോഴേക്കും 'മീഡിയ ഇന്‍ ക്രൈസ്റ്റി'ന്റെ വരുമാനം കുതിച്ചുയരുന്നുണ്ടായിരുന്നു. 2009-ല്‍ രണ്ടു ലക്ഷം ഡോളറായിരുന്നത് 2010-ല്‍ 6.34 ലക്ഷവും 2011-ല്‍ 10 ലക്ഷവുമായി ഉയര്‍ന്നു. എവിടെ നിന്നാണ് ഇത്രയേറെ പണം വന്നത്?
വിവാദ ചിത്രത്തിനാവശ്യമായ പണം നൂറ് ജൂതദാതാക്കളില്‍നിന്ന് കിട്ടി എന്നാണ് നകോല വിശദീകരിച്ചത്. അതും വിശ്വസിക്കുക പ്രയാസം. പണം എവിടെ നിന്ന് കിട്ടിയെന്നത് അന്വേഷിച്ചറിയേണ്ട കാര്യമാണ്. പക്ഷേ, ഇന്ന് ഈ അമേരിക്കന്‍ നാട്ടില്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്ന പരകോടികള്‍ വരുന്ന 'നവയാഥാസ്ഥിതിക' പണത്തില്‍ ഏതാനും ലക്ഷങ്ങള്‍ നകോലയെപ്പോലെ ഇരട്ടക്കുറ്റവാളിയും വിശ്വസിക്കാന്‍ കൊള്ളാത്തവനുമായ ഒരാളുടെ കൈയിലെത്തുക പ്രയാസമുള്ള കാര്യമല്ല. ഏതോ അള്‍ട്രാസയണിസ്റ്റ് സൂത്രധാരരുടെ ഉപകരണം മാത്രമാകാം അയാള്‍. ഈ സംഭവത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു വിഷയമേയല്ല. നകോലയെ ന്യായീകരിക്കുന്നവര്‍ വില്ലനെ വീരനായകനാക്കുകയാണ്.
പടിഞ്ഞാറന്‍ ലോകത്തിന്റെ തൊലിക്കടിയില്‍ ഒരു കെട്ട വ്രണം പഴുത്തുവരുന്നുണ്ട്. ഇസ്‌ലാംവിരുദ്ധ ഭ്രാന്ത് തലക്കുകയറി കുറെപേരെ കൊന്ന ആന്‍ഡ്രെ ബെയ്‌വിക്കിലൂടെ പുറത്തുവന്നത് അതിന്റെ ചലമാണ്. പാമില ജെല്ലര്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന, ബ്രിട്ടീഷ് മുസ്‌ലിംകളെ വിരട്ടുന്നത് തൊഴിലാക്കിയ സംഘത്തിന് യൂറോപ്പില്‍ പുതിയ പതിപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവരുടെ ജാഥകളില്‍ പറക്കുന്നത് ഇസ്രയേലി പതാകയാണ്. മുന്‍ ഇടതുപക്ഷക്കാരന്‍ ഡേവിഡ് ഹോറോവിറ്റ്‌സിന്റെ 'ഫ്രീഡം സെന്ററാ'ണ് പാമില ജെല്ലറുടെ 'ജിഹാദ് വാച്ച്' സ്‌പോണ്‍സര്‍ ചെയ്യുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍