Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

ബലിപെരുന്നാളിനെ ബീഫ് ഫെസ്റ്റിവലാക്കേണ്ടതുണ്ടോ?

ബഷീര്‍ തൃപ്പനച്ചി

ഉദുഹിയ്യത്തിന്റെ പ്രാധാന്യത്തെയും വിതരണത്തെയും കുറിച്ച് സി.ടി ജഅ്ഫര്‍ എടയൂര്‍ എഴുതിയ ലേഖനം (ലക്കം 19) വായിച്ചപ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞുവന്ന ചില ബലിപെരുന്നാള്‍ ചിത്രങ്ങളും അതിനോടനുബന്ധിച്ച ആലോചനകളും പങ്കുവെക്കാനാണീ കുറിപ്പ്. ഒരു ബലിപെരുന്നാള്‍ ദിനം. സൗഹൃദസന്ദര്‍ശനാര്‍ഥം കൂട്ടുകാരന്റെ വീട്ടിലായിരുന്നു. സംസാരവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ സുഹൃത്തിന്റെ സ്‌നേഹനിധിയായ ഉമ്മ ഒരു വലിയ സഞ്ചിയില്‍ നിറയെ മാംസവുമായി വന്നിട്ട് പറഞ്ഞു: ''ഇതല്‍പ്പം പോത്തിറച്ചിയാണ് (ഏകദേശം അഞ്ച് കിലോ ഉണ്ടാവും). ഇന്ന് ഈ ചെറിയ മഹല്ലില്‍ 30 പോത്തിനെയെങ്കിലും അറുത്തിട്ടുണ്ടാവും. ഓരോ വീട്ടിലേക്കും പത്ത് കിലോ ഇറച്ചിയെങ്കിലുമുണ്ട്. ഇതെല്ലാം കൂടി ഞങ്ങളെന്തു ചെയ്യാനാ? ഇവിടെയാണെങ്കില്‍ ഫ്രിഡ്ജും ഇല്ല. കഴിഞ്ഞ കൊല്ലവും ഇവന്റെയൊരു കൂട്ടുകാരന്‍ വന്നപ്പോള്‍ അവനല്‍പം കൊണ്ടുപോയതിനാലാ ഞങ്ങള്‍ രക്ഷപ്പെട്ടത്.'' ഒരു നിമിഷം ഞാന്‍ കേരളത്തിലെ അത്രയൊന്നും സമ്പന്നമല്ലാത്ത എന്റെ മഹല്ലിന്റെ ചിത്രമോര്‍ത്തു. ശരാശരി ഓരോ 'മുസ്‌ലിം വീട്ടിലും' പെരുന്നാള്‍ദിനം അഞ്ചുകിലോ ഇറച്ചിയെങ്കിലും എത്തുന്നുണ്ട്. അപ്പോള്‍ പിന്നെ എന്റെ കൂട്ടുകാരന്റെ മഹല്ലിനേക്കാള്‍ സമ്പന്നമായ മറ്റു മഹല്ലുകളുടെ അവസ്ഥ എന്തായിരിക്കും?
ബലിപെരുന്നാള്‍ ദിവസത്തിലൊതുങ്ങുന്നതല്ല പലപ്പോഴും ഈ 'ബീഫ് ഫെസ്റ്റിവല്‍.' അഖീഖയുടെ പേരില്‍ പലയിടത്തുമിപ്പോള്‍ ലക്ഷങ്ങളുടെ ഉരുക്കളാണ് അറുക്കപ്പെടുന്നത്. ഒരു ഉരു അന്നത്തെ 'പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള' സ്‌പെഷ്യല്‍ സദ്യക്ക് മാത്രമുള്ളതാണ്. ഇറച്ചി വിതരണത്തിനായി രണ്ടും മൂന്നുമാണ് പലരും അറുക്കുന്നത്. വെറുതെയല്ല സിനിമകളിലും മറ്റു കലാസൃഷ്ടികളിലും മുസ്‌ലിം കുടുംബത്തെ ചിത്രീകരിക്കുമ്പോള്‍ ഇറച്ചിയും ബിരിയാണിയുമൊക്കെ തീന്‍മേശകളില്‍ നിറഞ്ഞിരിക്കുന്നത്. എത്ര തന്നെ മുന്‍വിധികളുടെ വാര്‍പ്പ് മാതൃക ആ സംവിധായകരിലും എഴുത്തുകാരിലും ആരോപിച്ചാലും അവരും ഈ മുസ്‌ലിം മഹല്ല് പരിസരങ്ങളില്‍ തന്നെയാണല്ലോ ജീവിക്കുന്നത്.
ഓരോ മഹല്ലിലും (ചിലയിടത്ത് സംഘടനകളുടെ കീഴിലായിരിക്കും) ബലിപെരുന്നാളിന് അറുക്കുന്ന ആടുമാടുകളുടെ എണ്ണത്തിന്റെ വര്‍ധനവ് അഭിമാനവും തന്‍പോരിമയുമായിട്ടാണവര്‍ കൊണ്ടാടുന്നത്. ഇതെല്ലാം എത്തുന്ന ഓരോ വീട്ടിലും അതുകൊണ്ടുണ്ടാകുന്ന അടുക്കള ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പല വീട്ടുകാരും പെരുന്നാള്‍ദിനത്തില്‍ ഇറച്ചിപ്പൊതിയുമായി വരുന്നവരെ ഗൗനിക്കാറേയില്ല. പിന്നെയും ആര്‍ക്കുവേണ്ടിയാണിത്രയധികം മാടുകളെ അറുത്തുകൂട്ടുന്നത്. 'നിങ്ങളറുക്കുന്നതിന്റെ രക്തവും മാസംവുമല്ല; അതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് അല്ലാഹുവിനാവശ്യം' എന്നതിനെ എങ്ങനെയാണ് നാം വായിക്കുക? പൊങ്ങച്ചവും ഗര്‍വുമായി നമ്മുടെ ബലികള്‍ മാറുന്നുണ്ടോ എന്ന് ബലിക്കൊരുങ്ങുന്ന ഓരോരുത്തരും ഈ പെരുന്നാളിന് മുമ്പെങ്കിലും പുനരാലോചന നടത്തേണ്ടതാണ്.
സദുദ്ദേശ്യമാണ് ബലിക്ക് പിന്നിലുള്ളതെങ്കില്‍ അതിന്റെ മാംസം ഏറ്റവും അര്‍ഹരിലേക്കെത്തിക്കുന്നതിനെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ലക്ഷക്കണക്കായ ആസാമിലെ അഭയാര്‍ഥികളടക്കമുള്ള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ചിത്രം പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനാര്‍ഹമെന്ന് തന്നെ പറയട്ടെ, അവരുടെ ദുരിതങ്ങള്‍ ആവുംവിധം പരിഹരിക്കാന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളെല്ലാം മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തിലെങ്കിലും അവര്‍ക്ക് സുഭിക്ഷമായ ഭക്ഷണമൊരുക്കാന്‍ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അതത് സംഘടനകള്‍ നടത്തുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ഈ വര്‍ഷത്തെ ബലികര്‍മം ഇത്തരം ദുരിതബാധിതര്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതികളാണ്. കേരളത്തിലെ ഓരോ മഹല്ലിലെ കുടുംബത്തിനും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷിക്കാനുള്ള മാംസത്തിനപ്പുറമുള്ള ബലിമൃഗങ്ങളെ ഓരോരുത്തരും തങ്ങള്‍ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ മുഖേന അത്തരം സംരംഭങ്ങളിലേക്ക് സമര്‍പിക്കാനുള്ള സന്‍മനസ് കാണിക്കേണ്ടിയിരിക്കുന്നു. ആ സന്നദ്ധതയായിരിക്കും ഒരുപക്ഷേ ഈ പെരുന്നാളിന്റെ ത്യാഗങ്ങളിലൊന്നായി അല്ലാഹു നമുക്കായി രേഖപ്പെടുത്തുക. മഹല്ല് സംഘടനാ നേതൃത്വവും ഖത്വീബുമാരും അതിനായി മുന്നിട്ടിറങ്ങുകയാണെങ്കില്‍ കേരളീയ മുസ്‌ലിംകളിലത് പുതുചരിത്രം സൃഷ്ടിക്കും.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍