Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

അന്തസ്സിനേല്‍ക്കുന്ന മുറിവ്‌

റംസി ബാറൂദ്‌

ഗസ്സയിലെ ദുരിതം നിറഞ്ഞ അഭയാര്‍ഥിക്യാമ്പില്‍ അയല്‍ക്കാരായിരുന്നു ഞങ്ങള്‍. ഗസ്സാന്‍ ഏറെ സഹിച്ചു. ഇസ്രയേലി സൈന്യം കുടെക്കൂടെ കര്‍ഫ്യൂ വെക്കും. എല്ലാം സ്തംഭിക്കും. ആര്‍ക്കും തൊഴിലില്ല. പരമ ദാരിദ്ര്യം. ഒറ്റ മുറിയിലെ വിരസജീവിതം വല്ലാതെ മടുക്കുമ്പോള്‍ ഗസ്സാന്‍ അടുത്തേതെങ്കിലും ഫലസ്ത്വീന്‍കാരന്റെ സിഗരറ്റ് കടം വാങ്ങി രണ്ട് പുകവിടും. സഹനത്തിന്റെ സകല അതിരും വിട്ടാല്‍ അവന്‍ വീട്ടുമുറ്റത്തേക്കങ്ങ് ഇറങ്ങും. എല്ലാറ്റിനെയും തെറി വിളിക്കും, ഉറക്കെ. മതചിഹ്നങ്ങളെയും വേദങ്ങളെയും നബിമാരെയും അടക്കം. അലറി അലറി ഒടുവിലതൊരു തേങ്ങലും കരച്ചിലുമായി ഒടുങ്ങും. അപ്പോളവന് ആശ്വാസമാകും.
പക്ഷേ, ഇസ്രയേലി പട്ടാളക്കാര്‍ ഇടക്ക് വലിച്ചുകൊണ്ടുപോയി, അല്ലാഹുവിനെയും മുഹമ്മദ് നബിയെയും ചീത്ത വിളിക്കാന്‍ പറയുമ്പോള്‍ ഇതേ ഗസ്സാന്‍ പറ്റില്ലെന്ന ഒറ്റ ശാഠ്യത്തില്‍ തൊഴിയെല്ലാം സഹിച്ചു നില്‍ക്കും, അവരവന്റെ എല്ലൊടിക്കും - എന്നാലും. അനുസരണക്കേടൊന്നുമല്ല, അവര്‍ കല്‍പിച്ചതിന്‍ പടി നാലു കാലില്‍ ഇഴയാനും നായയെപ്പോലെ കുരക്കാനും യാസിര്‍ അറഫാത്തിന്റെ പോസ്റ്ററില്‍ തുപ്പാനും അവന്‍ മടിച്ചിട്ടില്ലല്ലോ. പക്ഷേ, അല്ലാഹുവിലും പ്രവാചകനിലുമെത്തുമ്പോള്‍ ഗസ്സാന്‍ വരവരക്കും; അതിനപ്പുറം കടക്കില്ല.
കര്‍ഫ്യൂ വേളകളില്‍ ഇസ്രയേലി പട്ടാളക്കാര്‍ക്ക് ബോറടിക്കും. അഭയാര്‍ഥികളെല്ലാം പൂട്ടിക്കിടക്കുന്ന വാതിലുകള്‍ക്കുള്ളിലാണ്. ഇടവഴികളിലൊന്നും കല്ലെറിയാന്‍ പയ്യന്മാരില്ല. മടുപ്പു മാറ്റാന്‍ പട്ടാളക്കാര്‍ ചെയ്യുന്ന ഒരു പണിയുണ്ട്- ഇളകിക്കിടക്കുന്ന ഏതെങ്കിലും വാതില്‍ ചവിട്ടപ്പൊളിച്ച് അകത്ത് കടന്ന് നിസ്സഹായരായ അഭയാര്‍ഥികളെ നാണം കെടുത്തും. പുരുഷന്മാര്‍ (മുതിര്‍ന്നവരും കുട്ടികളും) പാവങ്ങളായി, പറഞ്ഞതൊക്കെ ചെയ്യും. പക്ഷേ, കല്‍പനകള്‍ ദൈവത്തെയും പ്രവാചകനെയും സ്പര്‍ശിക്കുന്നതോടെ അവര്‍ വാശിക്കാരാകും. ഈ അനുസരണക്കേട് കാരണം എത്രയോ പേരുടെ എല്ല് നുറുങ്ങിയിട്ടുണ്ട്; എന്നാലും അവര്‍ വഴങ്ങില്ല.
മതാചാര്യന്മാര്‍ നിന്ദിതരുടെയും പീഡിതരുടെയും അവസാനത്തെ പ്രതീക്ഷയാണ്. ആ പ്രതീകങ്ങളോട് അവര്‍ വീറോടെ ഒട്ടിനില്‍ക്കും. പ്രതിരോധത്തിന്റെ അന്തിമ നിരയാണ് അവര്‍ക്കവ. അവ പോയാല്‍ എല്ലാംതീര്‍ന്നു.
മുസ്‌ലിംകള്‍ക്ക് ഫലസ്ത്വീന്‍ അനേക തലമുറകളിലെ കൂട്ട അപമാനത്തിന്റെ ചിഹ്നം കൂടിയാണ്. ആ പട്ടികയില്‍ പുതിയ ഇടങ്ങള്‍ കടന്നുവരുന്നു; അഫ്ഗാനിസ്താന്‍, ഇറാഖ്, യമന്‍, സുഡാന്‍, സോമാലിയ, ലിബിയ.... പല മുസ്‌ലിംകളും എന്തും സഹിക്കും; പക്ഷേ, മതചിഹ്നങ്ങളെ അവമതിക്കുന്നത് സഹിക്കില്ല; അവിടെ അവര്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടും.
ഒട്ടും അത്ഭുതമില്ല, പുതിയ ഇസ്‌ലാംവിരുദ്ധ സിനിമ (ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്) സംവിധാനം ചെയ്തത് ഒരു അശ്ലീലമെഴുത്തുകാരനായതില്‍; അത് പ്രചരിപ്പിക്കുന്നത് വലതുപക്ഷ വര്‍ഗീയവാദികളായതില്‍; അതിനെ ഏറ്റെടുക്കുന്നത് മുസ്‌ലിം രാജ്യങ്ങളിലെ അമേരിക്കന്‍ അതിക്രമങ്ങള്‍ക്ക് സ്തുതിപാടുന്നവരായതില്‍.
2005-ല്‍ നബിയെ നിന്ദിച്ച് 'ജിലന്‍സ് പോസ്റ്റന്‍' എന്ന ഡാനിഷ് പത്രത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധപ്പെടുത്തി; 2010-ല്‍ ടെറിജോണ്‍ എന്ന പാതിരി ഖുര്‍ആന്‍ കത്തിച്ചു. പാശ്ചാത്യരാണ് ഈ അക്രമികള്‍ എന്നത് മുസ്‌ലിംകളെ പ്രത്യേകം രോഷം കൊള്ളിച്ചത് സ്വാഭാവികം. അബൂഗുറൈബില്‍ ഇറാഖികളെ മനുഷ്യത്വഹീനമായി ചവിട്ടിത്തേച്ചത്, ഗ്വാണ്ടനമോയില്‍ അന്യായമായി പിടിച്ചിട്ട് മര്‍ദിച്ചത്, അഫ്ഗാനിസ്താനിലെ ബഗ്രാം തടവറയിലിട്ട് ക്രൂരദണ്ഡനങ്ങള്‍ നടത്തിയത്, ദശലക്ഷങ്ങളെ കൊന്നും അംഗവിഹീനരാക്കിയും നശിപ്പിച്ചത്, ഇമ്മാതിരി ഒരായിരം ഉദാഹരണങ്ങള്‍. എല്ലാം പാശ്ചാത്യരില്‍നിന്ന് മുസ്‌ലിംകള്‍ അനുഭവിച്ചിരിക്കുന്നു.
ഈ പശ്ചാത്തലമൊന്നും കാണാതെ 'മുസ്‌ലിംരോഷം' (ന്യൂസ് വീക്ക് വാരികയുടെ കവര്‍!) ആവിഷ്‌കാരസ്വാതന്ത്ര്യത്തോടു മാത്രം ചേര്‍ത്തു ഉപന്യാസ വിഷയമാക്കുന്നവര്‍ വിഷയം കൂട്ടിക്കുഴക്കുകയാണ്. പ്രവാചകനെ ഉന്നമിട്ടുള്ള അനേകം കാര്‍ട്ടൂണുകള്‍ ആഫ്രിക്കയിലും തെക്കനമേരിക്കയിലും എന്തിന്, ചില അറബ് നാടുകളില്‍ പോലും പുറത്തുവന്നിട്ടുണ്ട്. സൗത്താഫ്രിക്കയിലെ മെയില്‍, ഗാര്‍ഡിയന്‍ പത്രങ്ങള്‍ ഇക്കാര്യത്തില്‍ കുപ്രസിദ്ധി ആര്‍ജിച്ചവയാണ്. 2010-ലെ ലോകകപ്പിനു തൊട്ടുമുമ്പ് ജോനതന്‍ ഷാപിറോ കാര്‍ട്ടൂണ്‍ വരച്ച് പ്രശസ്തി നേടാന്‍ നോക്കി. പ്രാദേശിക തലത്തില്‍ ചില പ്രതിഷേധങ്ങളല്ലാതെ അന്താരാഷ്ട്ര രംഗത്ത് ഒരു ഒച്ചപ്പാടും ഇതുകൊണ്ടൊന്നും ഉണ്ടായില്ല. നിരന്തരം മുറിവുണ്ടാക്കിയശേഷം അപമാനത്തിന്റെ ഉപ്പുകൂടി പുരട്ടുന്ന പാശ്ചാത്യരോടുള്ള രോഷം വെറും കാര്‍ട്ടൂണോ പുസ്തകങ്ങളോ മാത്രം സൃഷ്ടിക്കുന്നതല്ല. മനുഷ്യത്വത്തിന് നിരക്കാത്ത പാശ്ചാത്യ നിഷ്ഠുരതകള്‍ ആ രോഷത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
മുസ്‌ലിം പ്രദേശങ്ങളില്‍ ബോംബ് വര്‍ഷിക്കെ പിന്നാലെ വരുന്ന അപമാനം കൂടി സഹിഷ്ണുതയോടെ ഏറ്റുവാങ്ങണമെന്ന് ചിലര്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഗസ്സാനെ ഓര്‍ക്കും. അതെ, ഗസ്സാന്മാര്‍ നായയെപ്പോലെ ഇഴയും, നിവൃത്തികെട്ട് കുരച്ചുകാട്ടും. പക്ഷേ, സ്വയം നബിയെ ഉച്ചത്തില്‍ തെറി വിളിക്കുന്ന ഗസ്സാന്മാര്‍ പോലും മര്‍ദകര്‍ പറഞ്ഞാല്‍ അതു ചെയ്യില്ല. മനുഷ്യത്വത്തിന്റെയും അന്തസ്സിന്റെയും നെല്ലിപ്പടിയാണ് അവര്‍ക്കത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍