Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 20

ആസാം അരനൂറ്റാണ്ടു മുമ്പത്തെ കേരളം

ശൈഖ് മുഹമ്മദ് കാരകുന്ന്‌

എല്ലാ അര്‍ഥത്തിലും ആസാം അരനൂറ്റാണ്ടു മുമ്പത്തെ കേരളമാണ്. വിശേഷിച്ചും അവിടത്തെ മുസ്‌ലിംകള്‍. അന്ന് കേരളത്തിലുണ്ടായിരുന്നതുപോലെ ധാരാളം മഴ ലഭിക്കുന്നു. അനവധി നദികള്‍. പല നദികള്‍ക്കും മരപ്പാലമാണ്. ജനങ്ങളില്‍ ഏറെപ്പേരും കര്‍ഷകര്‍. മിക്ക വീടുകളിലും കന്നുകാലികളെ വളര്‍ത്തുന്നു. വാഴയും തെങ്ങും കമുങ്ങും ധാരാളമായി കാണപ്പെടുന്നു. മിക്കയിടങ്ങളിലും ചെറുപ്പക്കാര്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നു. ഷര്‍ട്ടിടാതെ മുണ്ടുമാത്രം ധരിച്ച പുരുഷന്മാര്‍ക്ക് ഗ്രാമങ്ങളില്‍ ഒട്ടും പഞ്ഞമില്ല. കവലകളിലെല്ലാം ചായമക്കാനികളും പെട്ടിപ്പീടികകളും. മിക്കവാറും എല്ലാവരും പാന്‍ ചവക്കുകയും പുകവലിക്കുകയും ചെയ്യുന്നു. നഗരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ എല്ലാംകൊണ്ടും പഴയ കേരളം. ഗ്രാമങ്ങളില്‍ വലിയ വീടുകള്‍ പോലും അത്യപൂര്‍വം. വേണമെങ്കില്‍ ഗള്‍ഫും റബറുമില്ലാത്ത കേരളമെന്നു പറയാം. എന്നാല്‍ മുക്കാല്‍ നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന കേരള മുസ്‌ലിംകളുടെ അവസ്ഥയിലാണ് ആസാം മുസ്‌ലിംകള്‍. മഹാഭൂരിപക്ഷവും നിരക്ഷരര്‍. നമസ്‌കാരമോ മറ്റു ആരാധനാനുഷ്ഠാനങ്ങളോ കൃത്യമായി നിര്‍വഹിക്കാത്തവര്‍, ശഹാദത്ത് കലിമയും സൂറത്തുല്‍ ഫാത്തിഹയും പോലുമറിയാത്തവര്‍, കുളിയും നനയുമൊന്നും നിര്‍ബന്ധമില്ലാത്തവര്‍, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായി ജീവിതം നയിക്കുന്നവര്‍. ആദിവാസികളെക്കാള്‍ പിന്നാക്കര്‍.
എന്നാല്‍ ഇസ്‌ലാമിനോടും സമുദായത്തോടുമുള്ള അവരുടെ ആഭിമുഖ്യവും വൈകാരികബന്ധവും അപാരമാണ്. പറഞ്ഞുകൊടുക്കുന്നതെന്തും അത്യസാധാരണമായ താല്‍പര്യത്തോടെ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അവരെ മതപരമായും സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാര്യമായ ശ്രമമൊന്നും നടന്നിട്ടില്ലെന്നതാണ് വസ്തുത. അവരുടെ എല്ലാവിധ പിന്നാക്കാവസ്ഥയുടെയും കാരണവും അതുതന്നെ.
ജമാഅത്തെ ഇസ്‌ലാമിക്ക് ബംഗാളി മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ സ്വാധീനമോ പ്രവര്‍ത്തനമോ ഇല്ല. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരും സ്വാധീനവും ശക്തിയുമുള്ള ഏക മതസംഘടന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ്. നിര്‍ഭാഗ്യവശാല്‍ അതിന്റെ നേതാക്കള്‍ക്കുപോലും സമുദായസമുദ്ധാരണത്തെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടോ അതില്‍ താല്‍പര്യമോ കാണാനില്ല. ഞങ്ങള്‍ വിലാസിപ്പാറ സെന്ററിലിരിക്കെ ജംഇയ്യത്തുല്‍ ഉലമായുടെ കൊക്രജാര്‍ ജില്ലാ സെക്രട്ടറി മൗലാനാ നൂറുല്‍ ഹഖും സഹപ്രവര്‍ത്തകനും അവിടെ വന്നു. മറ്റേതൊരു അഭയാര്‍ഥിയെയും പോലെ അദ്ദേഹവും തന്റെ ദൈന്യത വിവരിക്കുകയാണുണ്ടായത്.
ബോഡോലാന്റിന്റെ തലസ്ഥാനമായ കൊക്രജാറിനടുത്തുള്ള ജൗലിയാപാറയിലാണ് നാട്. അവിടത്തെ എട്ടൊമ്പത് ഗ്രാമങ്ങളിലേക്ക് ഒരൊറ്റ വഴിയേയുള്ളൂ. അതും ഗോറല്‍ നദിയിലൂടെ. ആ പുഴക്ക് പാലമില്ല. അവിടെ ജൂലായ് 20ന് സാദത്ത് അലി എന്നൊരാള്‍ കൊല്ലപ്പെട്ടു. അത്താഴ സമയത്തായിരുന്നു ബോഡോ ആക്രമണം. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചു. തുടര്‍ന്ന് ഗ്രാമത്തിലെ മറ്റു മുസ്‌ലിംകളും അക്രമിക്കപ്പെട്ടു. അതോടെ കൂട്ട ബാങ്ക് കൊടുത്തു. ഏറെക്കഴിയുംമുമ്പേ പോലീസെത്തിയെങ്കിലും സായുധരായ ബോഡോകള്‍ അവരെ ആട്ടിയോടിച്ചു. തുടര്‍ന്ന് എല്ലാവരെയും വീടുകളില്‍ നിന്നിറക്കിവിട്ടു. എല്ലാം തല്ലിപ്പൊളിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. എങ്ങനെയോ പുഴ കടന്ന് എണ്ണായിരത്തോളംപേര്‍ നാലു കിലോമീറ്റര്‍ ദൂരെയുള്ള ഖാസിപുര ക്യാമ്പിലെത്തി. അവിടെനിന്ന് ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകര്‍ അവരെ ഗ്രാമങ്ങളില്‍നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഈ വിലാസിപാറയിലെത്തിച്ചു. മുഴുവന്‍ വീടുകളും പത്ത് പള്ളികളും മദ്‌റസകളുമെല്ലാം തറയുള്‍പ്പെടെ നശിപ്പിക്കപ്പെട്ട ദുരന്തകഥ ദൈന്യതയോടെ മൗലാനാ വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ശഫീ മദനി സാഹിബ് ചോദിച്ചു: എത്രപേര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്? അതിന് അദ്ദേഹം പറഞ്ഞത്: ''പതിനഞ്ച് ഇരുപത് പേര്‍'' എന്നാണ്. കൊല്ലപ്പെട്ടവരുടെ കണക്കും വിശദ വിവരങ്ങളും അറിയാത്തതിന്റെ അപകടവും നഷ്ടവും ശഫീ മദനി വിശദീകരിച്ചു കൊടുത്തു. നഷ്ടപരിഹാരം നേടിയെടുക്കാന്‍ വധിക്കപ്പെട്ടവരുടെ വിശദാംശം അനിവാര്യമാണല്ലോ.
തുടര്‍ന്ന് എന്താണ് അഭയാര്‍ഥികളുടെ കാര്യത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന ചോദ്യത്തിനും അദ്ദേഹത്തിനൊന്നും പറയാനുണ്ടായിരുന്നില്ല. അപ്പോള്‍ അനിവാര്യമായും പൂര്‍ത്തീകരിക്കേണ്ട നിയമനടപടികളെ സംബന്ധിച്ചും മറ്റും മദനി സാഹിബ് വിശദീകരിച്ചുകൊടുത്തു. മൗലാനാ നൂറുല്‍ ഹഖ് അനുസരണമുള്ള ഒരനുയായിയെപ്പോലെ എല്ലാം കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജമാഅത്തെ ഇസ്‌ലാമി റിലീഫ് കമ്മറ്റി ഏറ്റെടുത്ത എഴുപത് ക്യാമ്പുകളിലൊഴിച്ച് എവിടെയും രേഖകള്‍ ശരിപ്പെടുത്താനുള്ള ശ്രമമോ നിയമനടപടികളോ ആസൂത്രണത്തോടെയുള്ള എന്തെങ്കിലും പ്രവര്‍ത്തനമോ കാര്യമായി നടക്കുന്നില്ലെന്ന ഞങ്ങളുടെ കേട്ടറിവിനെ ശരിവെക്കുന്നതായിരുന്നു പ്രദേശത്തെ ഏറ്റവും സുശക്തമായ മതസംഘടനയുടെ ജില്ലാ നേതാവിന്റെ പ്രതികരണം. അതോടൊപ്പം കൂടുതല്‍ ക്യാമ്പുകള്‍ ഏറ്റെടുക്കാനുള്ള കഴിവോ പ്രവര്‍ത്തകരോ ജമാഅത്തിനില്ല.
ബോഡോകളുമായുള്ള ബന്ധത്തെ സംബന്ധിച്ച ഞങ്ങളുടെ ചോദ്യത്തിന്, മൗലാനയുടെ മറുപടി വളരെ നല്ല ബന്ധമാണെന്നും ബോഡോകള്‍ പറയുന്നവര്‍ക്കാണ് ഞങ്ങള്‍ വോട്ടുചെയ്യുന്നതെന്നും ബോഡോകള്‍ക്കായി ഡല്‍ഹിയില്‍ പോയി പ്രകടനംപോലും നടത്തിയിട്ടുണ്ടെന്നുമായിരുന്നു. മറ്റെല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നതുപോലെ ബോഡോകളും മുസ്‌ലിംകളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ആവശ്യം കഴിഞ്ഞാല്‍ നശിപ്പിക്കുന്നു. അതോടൊപ്പം തങ്ങള്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയാന്‍പോലും മുസ്‌ലിംകള്‍ക്കും അവരുടെ നേതാക്കള്‍ക്കും കഴിയുന്നുമില്ല.
സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം വെസ്റ്റ് വിലാസിപാറ എം.എല്‍.എ ഹാഫിസ് ബഷീറിന്റെ സഹോദരന്‍ റൂഹുല്‍ ഖുദ്ദൂസ് ഞങ്ങളെ രാത്രി ഭക്ഷണത്തിനു ക്ഷണിച്ചു. ആസാമിലെ മുഖ്യപ്രതിപക്ഷവും ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയസംഘടനയുമായ എ.ഐ.യു.സി.എഫിന്റെ എം.എല്‍.എയാണ് ഹാഫിസ് ബഷീറുദ്ദീന്‍. അദ്ദേഹവും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ദേശീയ ആക്ടിംഗ് സെക്രട്ടറി മൗലാനാ ഹകീമുദ്ദീന്‍ ഖാസിമിയും രാത്രിഭക്ഷണത്തിനു കൂടെയുണ്ടായിരുന്നു. അഭയാര്‍ഥികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാം എം.എല്‍.എ പറയുമെന്ന് ജംഇയ്യത്ത് നേതാവ് ഹകീമുദ്ദീന്‍ ഖാസിമി അറിയിച്ചെങ്കിലും താന്‍ അഭയാര്‍ഥി ക്യാമ്പുകളിലൊന്നും പോയിട്ടില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ തനിക്കതിന് പരിമിതികളുണ്ടെന്നുമാണ് എം.എല്‍.എ പറഞ്ഞത്.
നാലു മാസത്തിലേറെ മുസ്‌ലിംകളെ കൂടാതെ ബോഡോകള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നതാണ് എം.എല്‍.എ ഹാഫിസ് ബഷീറിന്റെ പ്രതീക്ഷ. കാരണം കല്‍പണിക്കാരും കച്ചവടക്കാരും കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമെല്ലാം മുസ്‌ലിംകളാണെന്നതു തന്നെ.
പരിഹാരം: താല്‍ക്കാലികവും സ്ഥിരവും
ബോഡോലാന്റില്‍ നിന്ന് പുറംതള്ളപ്പെട്ട അഭയാര്‍ഥികള്‍ തങ്ങളുടെ ഇടങ്ങളിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. അതിനു പ്രാഥമികമായി വേണ്ടത് സുരക്ഷിതത്വമാണ്. ബോഡോകളുടെ വശമുള്ള നിയമവിരുദ്ധമായ ആയുധങ്ങള്‍ പിടിച്ചെടുക്കാതെ ഇതുസാധ്യമല്ല. അതിനുള്ള ഇഛാശക്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം തിബത്ത്, നേപ്പോള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍നിന്ന് ആയുധങ്ങള്‍ വരുന്നത് തടയുകയും വേണം. നശിപ്പിക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം. തകര്‍ക്കപ്പെട്ട കൃഷി, കച്ചവടം, കന്നുകാലികള്‍ എന്നിവക്ക് നഷ്ടപരിഹാരം നല്‍കണം, ജീവിതം കരുപ്പിടിപ്പിക്കുന്നതുവരെ ഭക്ഷണസാധനങ്ങള്‍ നല്‍കുകയും വേണം. സര്‍വോപരി ബോഡോകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സര്‍ക്കാറും മതനേതാക്കളും പക്വമതികളായ പൊതുപ്രവര്‍ത്തകരും മുന്‍കൈയെടുക്കണം. ബംഗ്ലാദേശികള്‍ ആരൊക്കെ, എപ്പോള്‍ വന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തുകയും പുകമറ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുകയും വേണം.
ഞങ്ങള്‍ ആസാം വിടുന്നതിനുമുമ്പ് യാത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാവിപരിപാടികള്‍ ആലോചിക്കാനായി ജമാഅത്തെ ഇസ്‌ലാമി ആസാം സംസ്ഥാന ആസ്ഥാനത്ത് ഒത്തുകൂടി. ഉത്തര ആസാം അമീര്‍ കിഫായതുല്ലയും സെക്രട്ടറിയും ദക്ഷിണ ആസാം അമീര്‍ സുല്‍ഫിക്കര്‍ അലി ഗാസിയും എ.പി.സി.ആറിന്റെ ആസാം ചാപ്റ്റര്‍ ഭാരവാഹി അഡ്വക്കറ്റ് അബ്ദുറഹ്മാനും മറ്റു ബന്ധപ്പെട്ട വ്യക്തികളും അതില്‍ സംബന്ധിച്ചു. ശഫീ മദനി സാഹിബാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. അഭയാര്‍ഥികളില്‍ തീവ്രവാദ ചിന്തവളരാന്‍ ഒരു കാരണവശാലും ഇടവരുത്തരുതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. വടി കൊടുത്ത് അടി വാങ്ങരുതെന്നും കൂട്ടക്കൊലകള്‍ക്കും കൂട്ട അറസ്റ്റുകള്‍ക്കുമൊക്കെ വഴിയൊരുക്കുന്ന അവിവേകം ഒരു കാരണവശാലും ഉണ്ടാവരുതെന്നും ബോഡോകളുമായി നല്ലബന്ധം സ്ഥാപിക്കണമെന്നും താന്‍ ക്യാമ്പംഗങ്ങളെ എപ്പോഴും ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന കാര്യം ശഫീഅ് മദനി സാഹിബ് അനുസ്മരിച്ചു.
ജീവിതത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത ദുരിതാനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഞങ്ങള്‍ ആവശ്യമായ സഹായങ്ങളെല്ലാം സാധ്യമാകുന്ന പരമാവധി ചെയ്യാമെന്ന തീരുമാനമെടുത്തു. അക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചാണ് ആസാമിനോട് വിടപറഞ്ഞത്.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍