സഹിഷ്ണുത പ്രസംഗിക്കുന്നവര്‍
യൂറോപ്പിലും യു.എസിലും ഇസ്‌ലാംവിദ്വേഷത്തിന്റെ സത്വം താണ്ഡവമാടുകയാണിന്ന്. ബ്രിട്ടനില്‍ രഹസ്യാന്വേഷകര്‍ മുസ്‌ലിം സമൂഹങ്ങളെ ലക്ഷ്യമിടുന്നു. സ്വിറ്റ്‌സര്‍ലന്റില്‍ 2009-ല്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം, അവിടെ പള്ളികള്‍ക്ക് മിനാരം പണിയാന്‍ പാടില്ലെന്നതാണ്. 2010-ല്‍ നിര്‍മിച്ച നിയമമനുസരിച്ച് ഫ്രാന്‍സില്‍ നിഖാബ് (മുഖപടം) ധരിച്ച് പൊതുസ്ഥലങ്ങളിലിറങ്ങിക്കൂടാ. മുസ്‌ലിം വസ്ത്രരീതികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പലപ്പോഴും ആളുകളുടെ വര്‍ഗീയചിന്ത വെളിപ്പെടുത്തുന്നു.
മുസ്‌ലിംകള്‍ അപകടകാരികളാണ് എന്ന വിശ്വാസം പ്രചരിപ്പിക്കപ്പെടുകയാണ്. മുന്‍കൂട്ടി അറിയാവുന്ന പ്രതികരണം വിളിച്ചുവരുത്താന്‍ പാകത്തില്‍ കാര്‍ട്ടൂണും വീഡിയോയും ഇറക്കുന്നത് ഈ വിശ്വാസം ഊട്ടിയുറപ്പിക്കണമെന്ന ചിന്തയോടെയാണ്. മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൊടിയ മുന്‍വിധികള്‍ക്കും വിവേചനങ്ങള്‍ക്കും ശക്തിപകരുകയാണ്.
ബ്രിട്ടനില്‍ ബ്രിട്ടീഷ് നാഷ്‌നല്‍ പാര്‍ട്ടിയും ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ എല്ലാ പരിധിയും ലംഘിക്കുന്നു. അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. ന്യൂയോര്‍ക്കിലെ ഇരട്ട കെട്ടിടം നിന്നിരുന്ന മേഖലയില്‍ മുസ്‌ലിം കേന്ദ്രവും പള്ളിയും സ്ഥാപിക്കുന്നതിനെതിരെ സാറാ പാലിന്‍ വിവാദമിളക്കി. ട്വിറ്ററില്‍ അധമ വര്‍ഗീയ സൂക്തങ്ങള്‍ പ്രവഹിച്ചു. പള്ളിയെന്നാല്‍ ഭീകരതയുടെ സ്മാരകം എന്നുവരെ ചിലരെഴുതി.
ഭീകരതയുടെ ജീവിക്കുന്ന പ്രതീകങ്ങളായ ജോര്‍ജ്ബുഷും റംസ് ഫെല്‍ഡും കോണ്ടലിസാ റൈസും ഡിക്‌ചെനിയും ബില്‍ ക്ലിന്റനും ടോണി ബ്ലെയറുമൊക്കെ ഇരിക്കെയാണിത്! രാജ്യങ്ങളെ നശിപ്പിച്ച ഇവര്‍ക്ക് പഴിയില്ല.
ഇസ്‌ലാമിക ചിഹ്നങ്ങളെ അവമതിക്കുന്നത് മുസ്‌ലിംകളെ ചാപ്പകുത്താന്‍ വേണ്ടിയാണ്. അറബ്-മുസ്‌ലിം രാജ്യങ്ങളില്‍ അമേരിക്കയും അവരുടെ പാവകളും ആഭ്യന്തര സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. വംശീയതയുടെയും ഹിംസയുടെയും നീണ്ട ചരിത്രമുള്ള പാശ്ചാത്യലോകം അന്യരെ ഭിന്നിപ്പിച്ച് ഭരിക്കുന്നു. എന്നിട്ട് സഹിഷ്ണുത പ്രസംഗിക്കുന്നു. സ്വിറ്റ്‌സര്‍ലന്റില്‍ പള്ളിമിനാരങ്ങളുണ്ടാക്കി നോക്കുക. അല്ലെങ്കില്‍ പാരീസില്‍ നിഖാബ് ധരിച്ചുനോക്കുക. ഒന്നും വേണ്ട, സാറാ പാലിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കുക- അപ്പോഴറിയാം സഹിഷ്ണുതയുടെ ആഴം.
Comments