ആസാം സാമൂഹിക സൗഹാര്‍ദത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം
ബോഡോ കലാപത്തെത്തുടര്‍ന്ന് നാടു വിട്ടോടിയ കലാപ ബാധിതര്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ബോഡോ തീവ്രവാദികള്‍ നിയമവിരുദ്ധമായി കൈവശം വെച്ച മുഴുവന്‍ ആയുധങ്ങളും സര്‍ക്കാര്‍ പിടിച്ചെടുക്കണം. 2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 'ബോഡോ ലാന്റ് ടെറിട്ടറി കൗണ്‍സില്‍' നിയമത്തിലെ വിവേചനം അവസാനിപ്പിക്കണം. കലാപബാധിത മേഖലകളിലെ അരക്ഷിതാവസ്ഥ അവസാനിപ്പിച്ച് സാമൂഹിക സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. ഈ മേഖലകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. റിലീഫ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. പുനരധിവാസം ത്വരിതപ്പെടുത്തി വിദ്യാഭ്യാസ രംഗത്തെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കേണ്ടതുണ്ട്.
കലാപബാധിത മേഖലകളിലെ റിലീഫ് ക്യാമ്പുകള്‍ ജമാഅത്ത് നേതാക്കള്‍ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അങ്ങേയറ്റം ശോചനീയമാണ് ക്യാമ്പുകളിലെ അവസ്ഥ. കോരിച്ചൊരിയുന്ന മഴ പല ക്യാമ്പുകളെയും വെള്ളത്തിലാക്കിയിരിക്കുന്നു. ക്യാമ്പുകളില്‍ മെഡിക്കല്‍ സേവനം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. കേരളത്തില്‍ നിന്നു വന്ന ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരും എം.ഇ.എസ് ഡോക്ടര്‍മാരും ഈ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ രംഗത്ത് ഇനിയും കൂടുതല്‍ സേവനം ആവശ്യമാണ്. ഒരു ക്ലാസ് റൂമില്‍ 18-ഉം 15-ഉം കുടുംബങ്ങളെയാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള അവശ്യ സംവിധാനങ്ങളില്ലാതെയാണ് ആയിരക്കണക്കിന് കുടുംബങ്ങളെ ഓരോ ക്യാമ്പുകളിലും താമസിപ്പിച്ച് കൊണ്ടിരിക്കുന്നത്.
വിലാസിപ്പാറ, നാത്തിദുര, ബിജ്‌നി എന്നീ മൂന്ന് മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമി റിലീഫ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 298 ക്യാമ്പുകളില്‍ 70 ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ഏറ്റെടുത്തിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ജനസേവന വിഭാഗം സെക്രട്ടറി ശഫീഅ് മദനി സാഹിബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ടെന്റ് നിര്‍മാണത്തിനാവശ്യമായ ഷീറ്റുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം, നഷ്ടപ്പെട്ട ഡോക്യുമെന്റുകള്‍ സംഘടിപ്പിക്കുക, മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് സംവിധാനമൊരുക്കുക, നിയമനടപടികള്‍ സ്വീകരിച്ച് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് അവരുടെ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിച്ച് കൊടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ ഈ മേഖലയില്‍ നടന്നുവരുന്നത്. സെപ്റ്റംബര്‍ 20-നാണ് ജമാഅത്തെ ഇസ്‌ലാമി കേരള നേതാക്കള്‍ ആസാമിലെത്തിയത്. കേരള അമീര്‍ ടി. ആരിഫലി, അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍, സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍, സംസ്ഥാന കൂടിയാലോചനാ സമിതിയംഗം മമ്മുണ്ണി മൗലവി, ജനസേവന വിഭാഗം സെക്രട്ടറി പി.സി ബഷീര്‍ എന്നിവരാണ് സംഘത്തിലുള്ളത്. എ.യു.ഡി.എഫ്, ജംഇയ്യത്തുല്‍ ഉലമാ നേതാക്കളുമായും ജമാഅത്ത് നേതാക്കള്‍ സംസാരിച്ചു.
Comments