പെയ്തുകൊണ്ടിരിക്കുന്ന കഥകള്‍
വിങ്ങുന്ന സായാഹ്നത്തിലെ ഒരു പത്ത് മഴത്തുള്ളികള്‍ മതി, നിങ്ങളുടെ ജാലകത്തിന് ചുവട്ടിലെങ്ങോ കിടന്നിഴഞ്ഞിരുന്ന പുഴു പിന്നെ ജീവന്‍ തിളച്ചുമറിയുന്ന ചിറകുകളുമായി പറന്നുയര്‍ന്നുവരും. ജീവിതത്തിന്റെ ഒരു കൂത്താട്ടം. എഴുത്തുകളും ഇങ്ങനെയല്ലേ ഉണ്ടാകുന്നത്... പാറ്റകള്‍ പൊടിയുന്നത് പോലെ. ചോദിക്കുന്നത് ഉറൂബ്.
ചില എഴുത്തുകള്‍ക്ക് മഴയുടെ താളമുണ്ടാകും. നനവുണ്ടാകും. പുതുമണ്ണിന്റെ മണവും മാര്‍ദവവുമുണ്ടാകും. പി.കെ പാറക്കടവിന്റെ 'നമുക്ക് മഞ്ചങ്ങളില്‍ മുഖാമുഖം ഇരിക്കാം' എന്ന പുസ്തകത്തിലെ കഥകള്‍ വായിച്ചുതീര്‍ന്നിട്ടും നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്നു.
വായുവിലത്രയും വിഷം നിറച്ച്, മരങ്ങളത്രയും വെട്ടിമാറ്റി ഭൂമിയെ മൊത്തം മൊട്ടയടിച്ച് ഒരു ബാര്‍ബറായി മനുഷ്യന്‍ ഗതിമാറുന്ന കാലങ്ങളെ വരയുന്നു പി.കെ പാറക്കടവ്.
''അയാള്‍ക്ക് കാല്‍തെറ്റി, വീണിടത്തുനിന്നും അയാള്‍ എഴുന്നേറ്റതേയില്ല, ഒരിക്കലും. പുഴു ശരീരത്തിലേക്ക് കയറി അയാളെ തിന്നാന്‍ തുടങ്ങി.... പുഴു അയാളുടെ കഴിഞ്ഞകാല ദുഷ്‌ചെയ്തികളെ ഓര്‍മപ്പെടുത്തി... പുഴു പറയുന്നതൊന്നും അയാള്‍ കേട്ടില്ല. ജീവിച്ചിരിക്കുമ്പോള്‍ പുഴുവിന്റെയും പുല്‍ക്കൊടിയുടെയും ഭാഷ മനസ്സിലാക്കാത്തവന്‍, മരിച്ചുകഴിഞ്ഞാല്‍ എങ്ങനെ അറിയാനാണ് ഇതൊക്കെ...''
ബാല്യം, വൃദ്ധന്മാര്‍ക്കിപ്പോള്‍ ഒരു കടങ്കഥയായിത്തീര്‍ന്നിട്ടുണ്ടാകും. ജീവിതത്തെക്കുറിച്ച് എഴുതാന്‍ തുനിയുന്നവരെല്ലാം, ശൈശവം ഭാഷയിലേക്ക് പകര്‍ത്തുന്നിടത്ത് പരാജയപ്പെട്ടേ മതിയാകൂ എന്ന് പറയുന്നുണ്ട് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരാമുഖം എന്ന നോവലില്‍. അബോധത്തിന്റെ പെരുംകടലിലെവിടെയോ സ്വഛന്ദം വിഹരിക്കുന്ന ശൈശവമെന്ന സ്വര്‍ണ മത്സ്യത്തെ ഭാഷയുടെ വലയിട്ടു പിടിക്കാന്‍ എഴുത്തിന്റെ ഏത് മുക്കുവന് കഴിയും...?
ബാല്യത്തിലേക്ക് തിരിഞ്ഞു നടക്കുന്ന വൃദ്ധന്റെ കഥ പറയുന്നു പി.കെ. മേശപ്പുറത്തിരിക്കുന്ന കൊച്ചുമോന്റെ നോട്ടുപുസ്തകത്തില്‍നിന്ന് ഒരു താള് വിറച്ച് വിറച്ച് പറിച്ചെടുക്കുന്നു അയാള്‍. കടലാസ് ഒടിക്കുകയും മടക്കുകയും ചെയ്ത് തോണിയുണ്ടാക്കുകയാണ്. പുറത്താരും ഇല്ലെന്ന് ഉറപ്പുവരുത്തി, ആയാസപ്പെട്ട് മുറ്റത്തേക്കിറങ്ങി... കുനിഞ്ഞ് നിന്ന് അതീവ ശ്രദ്ധയോടെ കടലാസ് തോണി ഇറവെള്ളത്തിലേക്ക് ഒഴുക്കി.
'ഇറയത്ത് നിന്ന് കാലം ഇറ്റിത്തീരുകയാണ്. വൃദ്ധന്റെ നെഞ്ചില്‍ ഭാരമുള്ള മറ്റൊരു തോണി ആടിയാടി ഉലയുകയാണ്.'
അയാള്‍ വീടുവെച്ചത് ലോണെടുത്തിട്ടാണ്. തവണകളായി തിരിച്ചടച്ചാല്‍ മതി. വാഹനം വാങ്ങിയതും അങ്ങനെ തന്നെ. ഫ്രിഡ്ജ്, ടി.വി, വാഷിംഗ്‌മെഷീന്‍.. മരണത്തിന്റെ മാലാഖയോട് അയാള്‍ ഒരുവരം മാത്രം ചോദിച്ചത്രെ.
'തവണകള്‍'
തവണകളായി തന്നെയാണ് അയാളീ ലോകത്ത് നിന്ന് കൂടൊഴിഞ്ഞതും... ആദ്യം മുട്ടിന് താഴെ കുഴഞ്ഞ് കിടപ്പായി. പിന്നെ അരക്കു താഴെ... പിന്നെ കഴുത്തിന് താഴെ....
ആര്‍ത്തിയുടെ കാലികകാലത്തെ പി.കെ എമ്പാടും പരിഹസിക്കുന്നു.
ചെറുപ്പം മുതല്‍ അവന്‍ ശീലിച്ചത് പട്ടിണിയാണ്. ഉപ്പയുടെ മരണാനന്തരം മൂന്നാം നാള്‍, പക്ഷേ ആ ബാലന് നല്ലൊരു സദ്യ കിട്ടി. ജീവിതത്തിലാദ്യമായാണവന്‍ രുചിയറിഞ്ഞ് ഭക്ഷിക്കുന്നത്.
'ചൂടുള്ള നെയ്‌ചോറും ഇറച്ചിയും കൊതിതീരുംവരെ തിന്നതിന് ശേഷം കൈകഴുകി കുട്ടി നേരെ അകത്തേക്ക്...
അകത്ത് ഇരുട്ടിന് കൂട്ടിരിക്കുന്ന ഉമ്മയുടെ മടിയിലേക്ക് കയറി അവന്‍ ചോദിക്കുന്നു: 'ഉമ്മാ, ഉമ്മ എപ്പഴാ മരിക്വാ'
'ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം വിശപ്പാണെന്ന പവിത്രന്‍ തീക്കുനിയുടെ വാക്കുകളാണ് പി.കെയുടെ സദ്യ എന്ന കഥ വായിച്ചപ്പോള്‍ ഓര്‍മവന്നത്.
വാക്കുകള്‍ വേണ്ടിടത്ത് കൃത്യമായി വീഴുമ്പോഴാണ് അത് അവതാരങ്ങളാകുന്നത്. വാക്കുകള്‍ക്ക് ജീവന്‍ വെക്കുന്നത്. ഹാസ്യം രോഷമായും രോഷം അഗ്നിയായും വായനക്കാരെ പൊള്ളിക്കുന്നത്. കൊല്ലലും കൊല്ലിക്കലും ദിനചര്യയായ ഒരു നാടിന്റെ വേദനയെ എത്ര തീക്ഷ്ണമായാണ് പി.കെ 'നാദാപുരം' എന്ന കഥയില്‍ പകര്‍ത്തുന്നത്.
'അടുത്തെവിടെ നിന്നോ ബോംബ് പൊട്ടുന്ന ശബ്ദം.'
'മോനെ എണീക്ക്... രാവിലത്തെ ബോംബ് പൊട്ടി... എന്നിട്ടും എന്തൊരുറക്കാ...'
മോന്‍ പതുക്കെ എഴുന്നേറ്റ് ജാലകപ്പാളി തുറന്നു. കരിഞ്ഞ മാംസത്തിന്റെ മണം. മോന്‍ ചോദിച്ചു: 'ആരാളീ... ഓലോ... ഞമ്മളോ...? (ആരാണ്? അവരോ നമ്മളോ?)
വലുതുകളെ പ്രണയിക്കുന്നവരാണ് നമ്മള്‍. അയല്‍ക്കാരന്റെ വീടിനേക്കാള്‍ അല്‍പമെങ്കിലും വലുപ്പം തന്റെ വീടിന് വേണം. അല്ലേല്‍ ഉറക്കം കെടാന്‍ അത് തന്നെ മതി. ജീവിതത്തില്‍ മാത്രമല്ല, എഴുത്തിലും ലാളിത്യം വേണമെന്ന് നമ്മെ പഠിപ്പിച്ച എഴുത്തുകാരനാണ് പി.കെ പാറക്കടവ്. നമുക്ക് മഞ്ചങ്ങളില്‍ മുഖാമുഖം ഇരിക്കാം എന്ന പുസ്തകത്തിലും കത്തുന്ന കഥകളിലൂടെ പി.കെ നമുക്ക് വഴികാട്ടുന്നു. ചെറുതുകളുടെ മഹത്വം ഓതിപ്പഠിപ്പിക്കുന്നു.
Comments