കുട്ടികളും പരിഗണനയുടെ നനവറിയണം
പ്രബോധനം ലക്കം 15-ലെ ബഷീര്‍ തൃപ്പനച്ചിയുടെയും ജമീല്‍ അഹ്മദിന്റെയും ലേഖനങ്ങള്‍ ഓരോരുത്തരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പ്രവാചകനും സ്വഹാബികളും അക്കാലഘട്ടത്തിലെ കുട്ടികളെ പരിഗണിച്ച രീതിയും പിന്നീട് ചരിത്രത്തില്‍ അവര്‍ നിര്‍വഹിച്ച പങ്കും വായിച്ച് അത്ഭുതം കൂറുന്നവര്‍, ചരിത്രം കേവലം വായിച്ചു പോകാനുള്ളതല്ലെന്നും അത് സൃഷ്ടിക്കപ്പെടാനുള്ളതാണെന്നും തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു.
ഇസ്ലാമികമായ ഉണര്‍വുകളും മുന്നേറ്റങ്ങളും ദൃശ്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനലോകത്ത്, കൌമാരക്കാരെ പ്രത്യേകമായി സംഘടിപ്പിക്കാനും അവര്‍ക്ക് ദിശാബോധം നല്‍കാനുമായി 'ടീന്‍ ഇന്ത്യ' രൂപവത്കരിക്കാന്‍ തീരുമാനിച്ചത് ഈ രംഗത്തുള്ള നല്ല കാല്‍വെപ്പ് തന്നെയാണ്.
ഇസ്ലാമിനെ മലയാളത്തില്‍ പാടിയ ചിലര്‍കൂടി...
'ഇസ്ലാം മലയാളത്തില്‍ പാടുന്നു' എന്ന ജമീല്‍ അഹ്മദിന്റെ ലേഖനം അദ്ദേഹം തന്നെ സൂചിപ്പിച്ചതുപോലെ ഏറെ വൈകിപ്പോയെങ്കിലും ശ്രദ്ധേയമായി.
മൂല്യബോധമുള്ള കലാ പാരമ്പര്യത്തെ പരിചയപ്പെടുത്തിയപ്പോള്‍ വിസ്മരിക്കാന്‍ പാടില്ലാത്തതായിരുന്നു കേരളത്തിലെ സുന്നീ മദ്റസാ പ്രസ്ഥാനം. മുസ്ലിം മുഖ്യധാരയെ അതിന്റെ ദൌര്‍ബല്യങ്ങളോടെയാണെങ്കിലും പൊതുവേദികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കിയത് ഇന്നും നിലവിലുള്ള മദ്റസകളുടെ സാഹിതീ പാരമ്പര്യമാണ്.
സമുദായത്തില്‍ ഭക്തിനിറഞ്ഞ വീണ്ടുവിചാരങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ സ്വര സിദ്ധികൊണ്ട് സാക്ഷ്യം നിര്‍വഹിച്ച ചിലര്‍ വിട്ടുപോയിട്ടുണ്ട്: എ.വി മുഹമമദ്, എം.പി ഉമ്മര്‍ കുട്ടി (തലശ്ശേരി) എന്നിവര്‍ ഉദാഹരണം. ജീവിച്ചിരിക്കുന്ന വിളയില്‍ ഫസീല, എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ് തുടങ്ങിയവരും ഈ പട്ടികയില്‍ വരേണ്ടതാണ് (പഴയകാല കഥാ പ്രസംഗരംഗത്ത് റംലാ ബീഗം, ആഇശാ ബീഗം പോലുള്ളവരുമുണ്ട്). മലയാള സിനിമാ വേദിയെ കുറിച്ച് പറയുമ്പോള്‍ യൂസഫലി കേച്ചേരിയും പൂവച്ചല്‍ ഖാദറുമൊക്കെ കടന്നുവരേണ്ടതാണ്. പോയകാലത്തെക്കുറിച്ചാണെങ്കില്‍ പി.എ സൈദു മുഹമ്മദ്, കവി ടി. ഉബൈദ്, പുലിക്കോട്ടില്‍ ഹൈദര്‍ എന്നിങ്ങനെ പലരെയും ഓര്‍ക്കാനുണ്ട്. ഏതായാലും ജമീല്‍ അഹ്മദിന്റേത് ഒരു തുടക്കമാവട്ടെ. അദ്ദേഹത്തിന്റെ തന്നെ രചനകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ജമീല്‍ അഹ്മദ്-റഹ്മാന്‍ മുന്നൂര് കൂട്ടുകെട്ട് പ്രതീക്ഷയുടെ ആശയഗരിമയും മനോഹാരിതയും നിറഞ്ഞ ഒരു വസന്തത്തെത്തന്നെ പാടി ഉണര്‍ത്തിയവരാണല്ലോ.
ജമാല്‍ കടന്നപ്പള്ളി കണ്ണൂര്‍
ധ്യാനസ്ഥാന്‍ മാത്രമാണോ ഭാരതം
മൂന്ന് ലക്കങ്ങളിലായി പ്രബോധനം വാരികയില്‍ വന്ന സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖന പരമ്പര കൌതുകപൂര്‍വം വായിച്ചു.
ഭാരതീയ ദര്‍ശനങ്ങളിലും വേദോപനിഷത്തുകളിലും ധ്യാനയോഗത്തിന് നല്‍കിയ പ്രാധാന്യം ലേഖകന്‍ യുക്തിഭദ്രമായി പ്രതിപാദിച്ചിട്ടുണ്ട്. മതപരവും ആത്മീയവുമായ വിഷയങ്ങളില്‍ തല്‍പരരായവര്‍ക്ക് വ്യത്യസ്തമായ ഒരു ചിന്തക്ക് വക നല്‍കുന്നവയാണ് ലേഖനങ്ങള്‍. എന്നാല്‍ ഭാരതത്തെ ധ്യാനസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട് പൂര്‍ണമായി യോജിക്കാന്‍ ആവുന്നില്ല. ആത്മസാക്ഷാത്കാരത്തിനുള്ള മാര്‍ഗങ്ങള്‍ ഗഹനവും സങ്കീര്‍ണവുമാണ്. അവ ധ്യാനയോഗത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റു യോഗ മാര്‍ഗങ്ങളില്‍ ധ്യാനയോഗം കുറേ കൂടി വിശിഷ്ടമാണെന്ന് ഭഗവദ്ഗീതയില്‍ ആറാം അധ്യായം 46-ാം ശ്ളോകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതുപോലെ തന്നെ കര്‍മം, ഭക്തി, ജ്ഞാനം എന്നീ മാര്‍ഗങ്ങളും വിശിഷ്ട സാധനകളായി പ്രസ്താവിച്ചിട്ടുണ്ട്. മത ധര്‍മങ്ങളെ വ്യാപാരമാക്കുന്നതില്‍ എല്ലാ മതങ്ങളും തുല്യമായ പങ്കുവഹിക്കുന്നുണ്ട്. അതില്‍ യൂറോപ്യനെന്നോ ഭാരതീയനെന്നോ അറേബ്യനെന്നോ ഒരു തരം തിരിവും വേണമെന്ന് തോന്നുന്നില്ല. ആത്മീയതയുടെ പേരില്‍ നടക്കുന്ന ധൂര്‍ത്തും ചൂഷണങ്ങളും നിര്‍ഭയം ചൂണ്ടിക്കാട്ടേണ്ടവ തന്നെയാണ്.
ആചാര്യന്മാരുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും കുറവ് കൊണ്ടല്ല മനുഷ്യന്‍ പ്രാകൃതനായി ജീവിക്കുന്നത്. അവയൊന്നും പ്രായോഗികമാക്കാന്‍ സാധാരണ മനുഷ്യന് സാധിക്കുന്നില്ല എന്നതാണ് സത്യം. ജ്ഞാനവും ധ്യാനവുമൊന്നും ജന്മസിദ്ധമായ കഴിവുകള്‍ മാത്രമല്ല. അവ നേടിയെടുക്കാന്‍ പരിശീലനവും സാധകങ്ങളും ആവശ്യമാണ്. ഏതായാലും പ്രസ്തുത ലേഖനങ്ങള്‍ ഗഹനമായ ഒരു വായനാനുഭവം തന്നെയായിരുന്നു.
പട്ട്യേരികുന്നി കൃഷ്ണന്‍ അടിയോടി കരിയാട്
അല്‍പം വിട്ടുവീഴ്ച ചെയ്താലെന്താണ്
ലക്കം 16-ല്‍ കെ.എ സിദ്ദീഖ് ഹസന്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് പ്രേരകം. മുസ്ലിം സമൂഹം ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ് അതില്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും ഇന്ത്യയിലും ലോകത്തും ഇസ്ലാമിക സമൂഹം ഒരു തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്. അതെക്കുറിച്ച് ഒരു തിരിച്ചറിവുണ്ടാവണം.
ഉദാഹരണമായി, മലബാര്‍ പ്രദേശത്തിന്റെ സ്ഥിതി വിലയിരുത്തുക. 1921-ലെ മലബാര്‍ കലാപത്തിനു ശേഷം മാപ്പിളമാര്‍ മഹാ ദുരിതത്തില്‍ അകപ്പെട്ടു. ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ അടിച്ചമര്‍ത്തുകയും വാഗണ്‍ ട്രാജഡിയിലൂടെയും മറ്റും കൂട്ടക്കൊല നടത്തുകയും ധാരാളം പേരെ അന്തമാനിലേക്ക് നാടുകടത്തുകയും ചെയ്തപ്പോള്‍ അശരണരായ അനാഥക്കുട്ടികള്‍ക്ക് ആലംബമായത് വടക്കെ ഇന്ത്യയിലെ പഞ്ചാബിലെ ഖസൂരി സഹോദരന്മാരുടെ പരിലാളനയാണ്. ജെ.ഡി.റ്റി ഇസ്ലാം അന്ന് അവരാണ് സ്ഥാപിച്ചത്. എന്നാല്‍, ഇന്ന് വടക്കെ ഇന്ത്യയിലെങ്ങും മുസ്ലിം സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ അമേരിക്കന്‍-സയണിസ്റ്-ഫാഷിസ്റ് ശക്തികളുടെ തന്ത്രങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ആസാമില്‍ നാലഞ്ചു ലക്ഷം മുസ്ലിം സഹോദരങ്ങളാണ് ആകാശത്തിനു കീഴില്‍ ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ കഷ്ടപ്പെടുന്നത്. അവരുടെ പൌരത്വം പോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ കക്ഷിഭേദം മറന്നു വമ്പിച്ച ദുരിതാശ്വാസ നടപടികളാണ് കേരളത്തിലെ മുസ്ലിം സമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ വടക്കെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും കുട്ടികളെ കേരളത്തിലെ പല സ്ഥാപനങ്ങളും ദത്തെടുത്ത് സംരക്ഷിച്ചും പഠിപ്പിച്ചും വരുന്നുണ്ട്. ഒരു നൂറ്റാണ്ടിനിടയിലുള്ള വലിയ ഒരു തിരിച്ചുവരവാണ് ഇത് സൂചിപ്പിക്കുന്നത്.
സച്ചാര്‍ കമീഷന്റെ കണ്ടെത്തലനുസരിച്ച് ഇന്ത്യയിലെ ഏറ്റവും അധഃസ്ഥിത സമൂഹം മുസ്ലിംകളാണ്. വെള്ളം കോരികളും വിറകുവെട്ടികളും റിക്ഷാവാലകളുമാണ് പലയിടത്തും മുസ്ലിംകള്‍. അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോ റോഡുകളോ വ്യവസായ ശാലകളോ ഇല്ല. അതുണ്ടാക്കാനുള്ള ശ്രമങ്ങളുമില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്ത് കൂട്ടക്കൊലയും മുസ്ലിം സമൂഹത്തെ ചകിതരും നിരാശരുമാക്കിത്തീര്‍ത്തു. തീവ്രവാദികളെന്ന് മുദ്രകുത്തി നേരത്തേ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നത് ചേരിനിവാസികളെയായിരുന്നെങ്കില്‍ ഇപ്പോള്‍ വിദ്യാ സമ്പന്നരായ യുവാക്കളാണ് ഇരകള്‍. വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിച്ചിരിക്കുന്നു.
ഇതൊക്കെയുണ്ടെങ്കിലും രാജ്യത്തൊട്ടാകെ മുസ്ലിം സമൂഹത്തിന് തിരിച്ചറിവുണ്ടാവുന്നുണ്ട്. മക്കാ മസ്ജിദ്, അജ്മീര്‍ തുടങ്ങിയ ഭീകരാക്രമണങ്ങളില്‍ എത്രയോ മുസ്ലിം ചെറുപ്പക്കാരെയാണ് ജയിലിലിട്ട് മര്‍ദിച്ച് ജീവിതം നരകതുല്യമാക്കിയത്. ഹിന്ദുത്വ ഭീകരരാണ് അതിനു പിന്നിലെന്ന് തെളിഞ്ഞിട്ടും ജയില്‍ മോചിതരായ നിരപരാധികള്‍ക്ക് നിസ്സാരമായ നഷ്ടപരിഹാരമാണ് നല്‍കിയത്. നഷ്ടപ്പെട്ട അവരുടെ യൌവനം ആരു തിരിച്ചുനല്‍കും? പീഡിതര്‍ക്ക് നിയമസഹായം നല്‍കുന്നതിനും മറ്റും ഭയപ്പാട് നിലനില്‍ക്കുന്ന അവസരത്തിലാണ് വിഷന്‍ 2016 രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യയിലൊട്ടാകെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന മഹത്തായ ഒരു സഹായ പദ്ധതിയാണ് വിഷന്‍ 2016. അതിന്റെ ചുവട് പിടിച്ച് മറ്റു പല സംഘടനകളും സഹായങ്ങള്‍ നല്‍കുന്നു എന്നതും ശുഭോദര്‍ക്കമാണ്. സമൂഹത്തിന്റെ ദുരിതങ്ങളെ പറ്റിയുള്ള ആ പൊതു ഉണര്‍വ് എത്രയും ശ്ളാഘനീയമാണ്.
ഇന്ത്യന്‍ മുസ്ലിംകളില്‍ ദിശാബോധമുണ്ടാക്കുന്ന ഒരു കൂട്ടായ്മയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എല്ലാ ജനവിഭാഗങ്ങളെയും അതില്‍ ഭാഗഭാക്കാക്കണം. മുഴുവനാളുകളും സന്തുഷ്ടരായിരിക്കുമ്പോഴാണ് ഒരു രാജ്യം പുരോഗതി നേടുക.
കെ.ടി ഹുസൈന്‍ ശിവപുരം
സമുദായത്തിന് മുന്‍ഗണനാക്രമം പിടികിട്ടാത്തതെന്ത്?
'മനസ്സ് വെച്ചാല്‍ നമുക്ക് വരുംകാലങ്ങളെ വരയാനാകും' എന്ന സിദ്ദീഖ് ഹസന്റെ ലേഖനത്തില്‍ (ലക്കം 16) ഇന്ത്യന്‍ മുസ്ലിംകളുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും അദ്ദേഹം സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ കോറിയിട്ടിരിക്കുന്നു. വേലി തന്നെ വിള തിന്നുമ്പോള്‍, കള്ളന്‍ കപ്പലില്‍ തന്നെയാകുമ്പോള്‍ ഇനി ആരെയാണ് നാം പഴിചാരുക? എന്തുകൊണ്ടാണ് ഈ സമുദായത്തിന് ജീവിതത്തിന്റെ മുന്‍ഗണനാക്രമം ഇനിയും പിടികിട്ടാത്തത്?
ഇതേ ലക്കത്തിലെ പി.ബി.എം ഫര്‍മീസിന്റെ 'സുതാര്യമായ യാത്രപോലും ടാര്‍ജറ്റ് ചെയ്യപ്പെടുന്ന വിധം' എന്ന അനുഭവക്കുറിപ്പു കൂടി വായിച്ചപ്പോള്‍, ഈ തിരക്കഥയുടെ നേര്‍ക്ക് നേരെയുള്ള ചലച്ചിത്രാവിഷ്കാരമായാണ് അത് തോന്നിയത്. ആയിരം മഅ്ദനിമാര്‍ ജയിലറകളില്‍ അടക്കപ്പെടുന്നതിന്റെ രൂപം നമുക്കിപ്പോള്‍ ശരിക്കും മനസ്സിലാകുന്നുണ്ട്...!
അബ്ദുല്‍ ജബ്ബാര്‍ പുഞ്ചക്കോട്, അജ്മാന്‍
Comments