Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

തെഹല്‍കയുടെ പരിദേവനം

''2002-ലെ ഗുജറാത്ത് കലാപത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ തെഹല്‍ക മാഗസിനിലൂടെയും ടി.വി-ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പുറത്തുവിടുമ്പോള്‍, അത് രാജ്യത്താസകലം വമ്പിച്ച കോളിളക്കം സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഞങ്ങള്‍ തെഹല്‍ക പ്രവര്‍ത്തകര്‍. ഗോധ്ര ട്രെയിന്‍ ദുരന്തത്തിന്റെ മറവില്‍ നരേന്ദ്രമോഡി സൃഷ്ടിച്ച നുണകളുടെ കരിമ്പുക മാഞ്ഞുപോകും, ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് സത്വരമായ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ട് ശക്തമായ ബഹുജനമുന്നേറ്റമുണ്ടാകും, നരേന്ദ്രമോഡി അധികാരം വിട്ടൊഴിയാന്‍ നിര്‍ബന്ധിതനാകും എന്നൊക്കെ ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ കൊടിയ തെറ്റുധാരണയിലായിരുന്നു...'' തെഹല്‍കയുടെ സാരഥി ആശിഷ് ഖൈതാന്റേതാണ് ഈ വരികള്‍ (തെഹല്‍ക സെപ്റ്റംബര്‍ 7). ജീവന്‍ പണയപ്പെടുത്തിയുള്ള, മാസങ്ങള്‍ നീണ്ട സാഹസിക സംരംഭമായിരുന്നു ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകള്‍ തേടിയുള്ള തെഹല്‍ക പ്രവര്‍ത്തകരുടെ സ്റ്റിംഗ് ഓപ്പറേഷന്‍. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും ഞെട്ടിക്കുന്ന സത്യങ്ങളാണ് അവര്‍ പുറത്തുകൊണ്ടുവന്നത്. കൊലയാളികളും കൊടും ഭീകരരും അവരുടെ രാക്ഷസീയ ചെയ്തികള്‍ ധീരസാഹസിക മഹാ സേവനങ്ങളെന്ന മട്ടില്‍ കാമറക്കു മുന്നില്‍ സാവേശം വിളിച്ചുപറയുന്ന ദൃശ്യങ്ങള്‍ 2007 ഒക്‌ടോബറില്‍ അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ജനത കണ്ടു. അതിന്റെ ചില ഭാഗങ്ങള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.
തെഹല്‍ക പ്രതീക്ഷിച്ചതുപോലെ രാജ്യത്തെ പിടിച്ചുകുലുക്കേണ്ട സ്‌ഫോടനം തന്നെയായിരുന്നു ആ വെളിപ്പെടുത്തലുകള്‍. പക്ഷേ, പൊതുസമൂഹം ഏറെക്കുറെ നിസ്സംഗമായാണത് വീക്ഷിച്ചത്. ചില ഒറ്റപ്പെട്ട വ്യക്തികളും ഗ്രൂപ്പുകളും മുസ്‌ലിം സംഘടനകളും ഉയര്‍ത്തിയ ഒച്ചകള്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് ആശിശ് ഖൈതാനെയും കൂട്ടുകാരെയും മാനസികമായി പീഡിപ്പിക്കാനും ധാര്‍മികവീര്യം ചോര്‍ത്തിക്കളയാനുമാണ് പലരും ശ്രമിച്ചത്. അക്കൂട്ടത്തിലുമുണ്ടായിരുന്നു ചില മുസ്‌ലിം നേതാക്കളും മനുഷ്യാവകാശ സംഘങ്ങളും. ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തുവന്ന ഘട്ടത്തിലാണ് തെഹല്‍ക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നരേന്ദ്രമോഡിയെ ഗുജറാത്തികള്‍ക്ക് കൂടുതല്‍ പ്രിയങ്കരനാക്കാനുള്ള തന്ത്രമാണതെന്നായിരുന്നു ഒരാരോപണം. സ്റ്റിംഗ് ഓപ്പറേഷന്‍ മോഡിതന്നെ പണം കൊടുത്ത് സംഘടിപ്പിച്ചതാണെന്നും ആക്ഷേപമുയര്‍ന്നു. എങ്കിലും പൊതു മുസ്‌ലിം സമൂഹവും ടീസ്റ്റ സെറ്റല്‍വാദിനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും തെഹല്‍ക റിപ്പോര്‍ട്ടിനെ കലവറയില്ലാതെ സ്വാഗതം ചെയ്തു. വംശീയ രക്തരക്ഷസുകള്‍ക്കെതിരെയുള്ള അനേകം കേസുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അത് ഏറെ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അഹ്മദാബാദ് സ്‌പെഷ്യല്‍ കോടതി 32 പേര്‍ക്ക് ശിക്ഷ വിധിച്ച നരോദ പാട്യ കൂട്ടക്കൊലക്കേസിന്റെ വിചാരണയിലും തെഹല്‍ക റിപ്പോര്‍ട്ടുകള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.
സ്റ്റിംഗ് ഓപ്പറേഷന്‍ പുറത്തുവന്ന് രണ്ടു മാസത്തിനു ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പൂര്‍വോപരി മികച്ച ഭൂരിപക്ഷത്തോടെ മോഡി അധികാരം നിലനിര്‍ത്തിയത് അതിനു നേരെ ഉയര്‍ന്ന സംശയത്തിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെഹല്‍കക്ക് ഉത്തരവാദിത്വമില്ലെങ്കിലും കലാപാനന്തര ഗുജറാത്തില്‍ മോഡിയുടെ തിളക്കമാര്‍ന്ന വിജയം സഗൗരവമായ വിശകലനമര്‍ഹിക്കുന്ന വിഷയമാണ്. കലാപറിപ്പോര്‍ട്ടല്ല; കലാപം തന്നെ മോഡിയുടെ വിജയം എളുപ്പമാക്കി എന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിംകള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ട തിന്മയാണ് എന്ന പൊതുബോധം ഹിന്ദുസമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുമ്പേതന്നെ വിജയിച്ചിരുന്നു. ഉന്മൂലനം ചെയ്യപ്പെടേണ്ട തിന്മയെ വിജയകരമായി ഉന്മൂലനം ചെയ്യുന്നത് അഭിനന്ദനീയമായ ധീരകൃത്യമാണല്ലോ. അത് ചെയ്ത വീരനാണ് നരേന്ദ്രമോഡി. തെഹല്‍കയുടെ സ്റ്റിംഗ് ഓപ്പറേഷന്‍ മോഡി തന്നെയാണാ മഹാവീരന്‍ എന്നുറപ്പിക്കുന്ന സാക്ഷ്യമാവുകയായിരുന്നു.
ഗുജറാത്തില്‍ ഈ മനോഭാവം ഒരു പ്രഭാതത്തില്‍ പെട്ടെന്ന് രൂപപ്പെട്ടതല്ല. അത് രൂപപ്പെടുത്തിയത് മോഡി ഒറ്റക്കുമല്ലതാനും. സംസ്ഥാനത്തിന്റെ ഭരണയന്ത്രത്തിലും വിദ്യാഭ്യാസ മണ്ഡലത്തിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഹിന്ദുത്വശക്തികളും അതിലുപരി ബഹുജനാഭിപ്രായ രൂപീകരണത്തിന്റെ പ്രബല ശക്തിയായ വാര്‍ത്താ മാധ്യമങ്ങളും ദീര്‍ഘകാലമായി അനുവര്‍ത്തിച്ചുപോന്ന വര്‍ഗീയ നിലപാടുകളുടെ ഫലമാണത്. തെഹല്‍കയുടെ അസല്‍ റിപ്പോര്‍ട്ട് ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ യാഥാര്‍ഥ്യവും അനാവരണം ചെയ്യുന്നുണ്ട്. തീവണ്ടി തീവെപ്പിന് മുസ്‌ലിംകള്‍ ഉത്തരവാദികളല്ലെന്നും അത് നേരത്തെ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഈ വശം ഫോക്കസ് ചെയ്തില്ല. അതുവഴി മുസ്‌ലിംകള്‍ തീവണ്ടി ആക്രമിച്ച് അറുപതോളം പേരെ ചുട്ടുകൊന്നതിന്റെ സ്വാഭാവിക പ്രത്യാഘാതമാണ് ഗുജറാത്ത് കലാപം എന്ന പൊതുധാരണ നിലനിര്‍ത്തുകയായിരുന്നു അവര്‍. മുഴുവന്‍ രാജ്യത്തിന്റെയും മനസ്സ് ഈവിധം രൂപപ്പെടുത്താനാണ് തല്‍പര കക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വശക്തികള്‍ മാത്രമല്ല, കഠിന ഹിന്ദുത്വത്തെ മൃതു ഹിന്ദുത്വം കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്നവരും യഥാര്‍ഥത്തില്‍ ഈ മനോഗതത്തോട് പൊരുത്തപ്പെടുകയാണ്. മുസ്‌ലിംകള്‍ രാജ്യദ്രോഹികളും ഭീകരരുമാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന നടപടികളില്‍ ബി.ജെ.പി ഗവണ്‍മെന്റുകളോടൊപ്പം കോണ്‍ഗ്രസ് ഗവണ്‍മെന്റുമുണ്ട്. എവിടെ ബോംബ് സ്‌ഫോടനമുണ്ടായാലും- ഉണ്ടാക്കിയത് ഹിന്ദുത്വശക്തികളാണെങ്കില്‍ പോലും- നൂറുകണക്കിനു മുസ്‌ലിംകളെ പിടിച്ച് കല്‍തുറുങ്കിലടക്കുന്നു. ആരെയൊക്കെയോ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമായ മുസ്‌ലിം ചെറുപ്പക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. അടുത്ത കാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന ഇമെയില്‍ വിവാദം അനുസ്മരണീയമാണ്. പോലീസിന്റെ ഇമെയില്‍ ചോര്‍ത്തല്‍ തക്ക സമയത്ത് വെളിപ്പെട്ടതുകൊണ്ട് ഇവിടെ തല്‍ക്കാലം വേട്ട തുടങ്ങാനായിട്ടില്ല. സെപ്റ്റംബര്‍ ആറിന് നാഗ്പൂര്‍ വിമാനത്താവളത്തിലരങ്ങേറിയ വിമാന റാഞ്ചല്‍ മറ്റൊരു ഉദാഹരണമാണ്. ഒരു സംഘം സായുധ കമാന്റോകള്‍ വിമാനം മോചിപ്പിക്കാന്‍ സാഹസിക യത്‌നം നടത്തുന്നു. വിമാനം റാഞ്ചിയ ഭീകരന്മാരെല്ലാം വെള്ള തൊപ്പിയും നീണ്ട കുര്‍ത്തയുമണിഞ്ഞവര്‍. അതായത് തികഞ്ഞ മുസ്‌ലിംകള്‍. പക്ഷേ, അങ്ങനെയൊരു വിമാന റാഞ്ചല്‍ യഥാര്‍ഥത്തില്‍ നടന്നിരുന്നില്ല. സംഭവം ഒരു മോക്ക് ഡ്രില്ലായിരുന്നു; മുസ്‌ലിം തീവ്രവാദികള്‍ വിമാനം റാഞ്ചിയാല്‍ അവരെ എങ്ങനെ കീഴ്‌പ്പെടുത്താമെന്ന് പഠിക്കാന്‍. വിമാനം റാഞ്ചുന്നത് മുസ്‌ലിംകള്‍ മാത്രമായിരിക്കുമെന്ന ആപത്കരമായ ഒരു സന്ദേശം ഇതുവഴി ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പ്രാദേശിക മുസ്‌ലിംകള്‍ അതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീലിന് കത്തെഴുതിയതായി ടൈംസ് ഓഫ് ഇന്ത്യ (സെപ്റ്റംബര്‍ 9) റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു വല്ല ഫലവുമുണ്ടാകുമോ ആവോ. ഇതൊന്നും യാദൃഛിക സംഭവങ്ങളല്ല. എല്ലാം ആസൂത്രിതമായ നടപടികളാണ്. ഇന്ത്യയെ മുഴുവന്‍ ഗുജറാത്താക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ എന്ന് മതേതര കക്ഷികളെങ്കിലും മനസ്സിലാക്കാത്തത് കഷ്ടമാണ്!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍