Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

മാതാപിതാക്കളെ ആരാണ് സംരക്ഷിക്കേണ്ടത്?

എം.വി മുഹമ്മദ് സലീം

രണ്ട് പെണ്‍മക്കളും ഒരു മകനും ഉമ്മയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. പിതാവ് നേരത്തെ മരിച്ചുപോയി. ഞങ്ങള്‍ മക്കളെല്ലാം വിവാഹിതരാണ്. മൂത്തമകളുടെ (എന്റെ മുതിര്‍ന്ന സഹോദരി) കൂടെയാണ് കുറെ കാലമായി ഉമ്മയുടെ താമസം. ഇപ്പോള്‍ എന്റെ സഹോദരി ഉമ്മയുടെ ചെലവിലേക്കായി ഒരു വിഹിതം നല്‍കണമെന്ന് എന്നോട് ആവശ്യപ്പെടുന്നു. എനിക്ക് ജോലിയോ സമ്പാദ്യമോ ഇല്ല. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ കൂടി കഴിഞ്ഞാല്‍ മിച്ചമായി വലുതായൊന്നുമുണ്ടാകില്ല. അതിനാല്‍ ഭര്‍ത്താവിനോട് ഇക്കാര്യം പറയാന്‍ മടിയാണ്.
വാപ്പ മരിച്ചപ്പോള്‍ കിട്ടിയ സ്വത്തില്‍ പെണ്‍മക്കളെക്കാള്‍ കൂടുതല്‍ ജ്യേഷ്ഠനാണ് കിട്ടിയത്. കൂടാതെ ഉമ്മാക്ക് കിട്ടിയ ഓഹരി കൂടി പിന്നീട് വില്‍പന നടത്തിച്ച് ജ്യേഷ്ഠന്‍ തന്നെയാണ് എടുത്തത്. ഞങ്ങളെ അപേക്ഷിച്ച് മോശമല്ലാത്ത സാമ്പത്തികം ജ്യേഷ്ഠനുണ്ട്. എങ്കിലും ഉമ്മയുടെ ചെലവിന് കൃത്യമായി ഒന്നും കൊടുക്കാറില്ല. നാട്ടില്‍നിന്ന് വല്ലപ്പോഴും ഉമ്മാനെ സന്ദര്‍ശിക്കുമ്പോള്‍ ചില്ലറ എന്തെങ്കിലും കൊടുക്കുമെന്ന് മാത്രം. ഉമ്മാന്റെ ചെലവിനത്തില്‍ ഒന്നും കൊടുക്കാത്തതിന്റെ പേരില്‍ കുറ്റമുണ്ടാവുമോ എന്ന ഭയത്തിലാണ് ഞാന്‍. ശരീഅത്ത് പ്രകാരം ഉമ്മാക്ക് ചെലവ് കൊടുക്കാന്‍ ആര്‍ക്കാണ് ബാധ്യതയുള്ളത്? പെണ്‍മക്കള്‍ക്ക് ബാധ്യതയുണ്ടെങ്കില്‍ എത്രയാണ് വിഹിതം? പെണ്‍മക്കള്‍ക്ക് സ്വന്തമായി സമ്പാദ്യമില്ലെങ്കില്‍ അതിന്റെ പേരില്‍ അവര്‍ ശിക്ഷിക്കപ്പെടുമോ?
ആധുനിക സമൂഹത്തിലെ ആപല്‍ക്കരമായ ഒരു പ്രവണതയാണ് വൃദ്ധമാതാപിതാക്കളെ നിരാലംബരായി വിട്ട് സ്വന്തം സുഖസൌകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത്. ഇതിന്റെ ഫലമായി സമൂഹത്തില്‍ ഉളവായ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി രൂപപ്പെട്ടുവന്നതാണ് വൃദ്ധസദനങ്ങള്‍. സ്വന്തം മക്കള്‍ ശ്രദ്ധിക്കാതെ വാര്‍ധക്യകാലത്ത് ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ ആശ്രയ കേന്ദ്രമാണ് ഈ വൃദ്ധസദനങ്ങള്‍
മാതാപിതാക്കളോട് നന്മ ചെയ്യുന്നതിനും വാര്‍ധക്യ കാലത്ത് അവരെ പ്രത്യേകം പരിചരിക്കുന്നതിനും ഇസ്ലാം മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. വൃദ്ധരായ മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പറഞ്ഞു പോകരുതെന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:23). ദൈവാരാധനയോട് ചേര്‍ത്താണ് മാതാപിതാക്കള്‍ക്ക് സേവനം ചെയ്യാന്‍ പരിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത് (2:83, 4:36, 6:151, 17:23). അതിനാല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ ഇന്ന് സമുദായത്തില്‍ പ്രചരിച്ചിട്ടുള്ള അലംഭാവം കൈവെടിയേണ്ടത് അനിവാര്യമാണ്.
മാതാപിതാക്കളുടെ സേവനത്തില്‍ അവരുടെ സാമ്പത്തികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വലിയ പ്രാധാന്യമുണ്ട്. തങ്ങളുടെ രക്തവും മജ്ജയും വറ്റിച്ച് മക്കളെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് തത്തുല്യമായി പകരം ചെയ്തുകൊടുക്കാന്‍ മക്കള്‍ക്കാവില്ല. എന്നാല്‍ അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാനും മനസ്സിനാനന്ദം പകര്‍ന്നു കൊടുക്കാനും മക്കള്‍ ശ്രദ്ധിച്ചാല്‍ സാധിക്കും.
ഈ ബാധ്യത സമ്പന്നരായ മക്കള്‍ക്ക്, സ്ത്രീ പുരുഷ ഭേദമന്യേ, നിര്‍ബന്ധമാണെന്ന് ഇസ്ലാമിക കര്‍മശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുരുഷ സന്താനങ്ങള്‍ ഉണ്ടാകുമ്പോള്‍, സ്വതന്ത്രമായ വരുമാനമുള്ളവര്‍ എന്ന അടിസ്ഥാനത്തില്‍ ബാധ്യതയില്‍ ആദ്യം വരുന്നത് അവര്‍ തന്നെയാണ്. സാമ്പത്തിക സൌകര്യമുള്ള പെണ്‍മക്കളും മാതാപിതാക്കളുടെ ചെലവുകള്‍ നിവൃത്തിച്ചു കൊടുക്കാന്‍ ബാധ്യതയുള്ളവരാണ്. ഒന്നിലധികം സന്താനങ്ങളുണ്ടാകുമ്പോള്‍ അവരുടെ കൂട്ടുത്തരവാദിത്തമാണ് വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണവും പരിപാലനവും.
നാം തുടക്കത്തില്‍ വിവരിച്ച സാമൂഹിക ഘടനയുടെ ഒരു പരിഛേദമാണ് ചോദ്യത്തില്‍ പ്രതിഫലിക്കുന്നത്. ഒരു സ്ത്രീയുടെ സംരക്ഷകനായ ഭര്‍ത്താവ് മരിച്ചു. അദ്ദേഹം വിട്ടേച്ചുപോയ സ്വത്ത് മക്കളും ഉമ്മയും ഓഹരി വെച്ചെടുത്തു. ആണ്‍ മക്കള്‍ക്ക് പെണ്‍കുട്ടികളുടെ ഇരട്ടി ഓഹരി ലഭിച്ചു. സ്വന്തം കുടുംബം പോറ്റാനും മാതാപിതാക്കളെ സംരക്ഷിക്കാനുമാണ് ഈ സമ്പാദ്യം ഉപയോഗപ്പെടുത്തേണ്ടത്.
എന്നാല്‍ മകന്‍ എന്തോ കാരണത്താല്‍ മാതാവിന്റെ സംരക്ഷണം ഏറ്റെടുത്തില്ല. ആ വൃദ്ധ മൂത്ത മകളുടെ അടുക്കല്‍ അഭയം തേടിയിരിക്കുന്നു. അവള്‍ക്ക് വേറെയും ബാധ്യതകളുള്ളതിനാലാണ് സഹോദരിയോട് സഹായം തേടിയിരിക്കുന്നത്. മകന്‍ ശ്രദ്ധിക്കാത്തതിനാല്‍ മാതാവിന്റെ സംരക്ഷണം പെണ്‍മക്കളേറ്റെടുക്കണം. ഈ മാര്‍ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നതും ത്യാഗം സഹിക്കുന്നതും മഹത്തായ പ്രതിഫലം ലഭിക്കുന്ന കര്‍മമാണ്. മക്കളില്‍ ഒരാള്‍ അവഗണിക്കുമ്പോള്‍ മറ്റുള്ളവര്‍ കൂടി അതേ നിലപാട് സ്വീകരിക്കുന്നത് വളരെ മോശമായിരിക്കും. എല്ലാ മക്കളും ഒന്നിച്ച് മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ പുരുഷന്‍ രണ്ട് വിഹിതവും പെണ്‍മക്കള്‍ ഓരോ വിഹിതവുമാണ് വഹിക്കേണ്ടത്. സാമ്പത്തികമായി പരാധീനതയുള്ളവര്‍ക്ക് ഇളവുണ്ട്. സാമ്പത്തിക സൌകര്യമുള്ളവര്‍ക്ക് മാതാപിതാക്കളുടെ സംരക്ഷണം നിര്‍ബന്ധമായ ബാധ്യതയാണ്.
സ്ത്രീകള്‍ക്ക് സ്വന്തമായി സമ്പാദ്യമുണ്ടാകുമ്പോഴാണ് മാതാപിതാക്കളുടെ സംരക്ഷണം അവര്‍ക്ക് നിര്‍ബന്ധമാവുക. അതില്‍ വീഴ്ച വരുത്തിയാല്‍ അല്ലാഹുവിങ്കല്‍ അവര്‍ കുറ്റക്കാരാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തമായി സ്വത്തോ വരുമാനമോ ഇല്ലാതിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സമ്പത്തില്‍ നിന്ന് അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് സ്ത്രീകള്‍ എല്ലാ ചെലവുകളും വഹിക്കേണ്ടത്.
വലിയ്യ് ഇല്ലാതെ നികാഹ് സാധുവാകുമോ? 
എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ് ഈ ചോദ്യം. അദ്ദേഹത്തിന്റെ ബന്ധുവായ ചെറുപ്പക്കാരന്‍ ഒരു യുവതിയുമായി പ്രേമത്തിലായി. പിന്നീടവര്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു. പക്ഷേ അവളുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതിനാല്‍ തന്റെ വീട്ടുകാരുടെ സഹായത്തോടെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളെ സമീപിക്കുകയും അവര്‍ നികാഹ് നടത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ പ്രസ്തുത വ്യക്തിക്ക് സംശയം; പെണ്ണിന്റെ ബന്ധുക്കള്‍ അഥവാ വലിയ്യ് ഇല്ലാതെ നടന്ന തന്റെ നികാഹ് സാധുവാണോ എന്ന്. ഈ വിഷയത്തില്‍ ഇസ്ലാമിക വിധി എന്താണ്? 
വിവാഹം അതിപ്രധാനമായ ഒരു കര്‍മമാണ് ഇസ്ലാമില്‍. വ്യവസ്ഥാപിതമായ നിയമങ്ങളിലൂടെ ഇസ്ലാം അതിനെ അന്യൂനമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ രക്ഷാധികാരികള്‍ അവരെ പരിപാലിക്കുന്നതിലും ആവശ്യമായ വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുന്നതിലും മാത്രം ശ്രദ്ധിച്ചാല്‍ പോരാ. അനുയോജ്യരായ ഇണകളെ കണ്ടെത്തി അവരുടെ ഭാവിജീവിതം ഭദ്രമാക്കാന്‍ വേണ്ടതെല്ലാം രക്ഷാധികാരികള്‍ ചെയ്യേണ്ടതുണ്ട്.
ഒരു വിവാഹം സാധുവാകാന്‍ നാലു നിബന്ധനകള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്നതാണ് ഇസ്ലാമിക കര്‍മശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. 1) വധൂവരന്മാരുടെ നിര്‍ണയം. ആരാണ് വരനെന്നും വധു ആരാണെന്നും കൃത്യമായി നിശ്ചയിച്ചു കൊണ്ടല്ലാതെ-ഉദാഹരണമായി മക്കളിലൊരാളെ വിവാഹം ചെയ്തു തന്നു, നിങ്ങളുടെ മക്കളിലൊരാള്‍ക്ക് വിവാഹം ചെയ്തു എന്നിങ്ങനെ പറയല്‍-വിവാഹം സാധുവാകുകയില്ല. 2) ഉഭയകക്ഷി സമ്മതം. വധൂവരന്മാര്‍ പരസ്പരം അറിയുകയും കാണുകയും വിവാഹ ബന്ധത്തില്‍ തല്‍പരരാവുകയും വേണം. കന്യക സമ്മതം മൌനത്തിലൂടെ പ്രകടിപ്പിച്ചാലും മതി.
3) വലിയ്യ് അഥവാ രക്ഷകര്‍ത്താവ്. പിതാവ്, സഹോദരന്മാര്‍, പിതൃസഹോദരന്മാര്‍ എന്നിങ്ങനെ ശറഇല്‍ സംരക്ഷണ ബാധ്യതയുള്ളവരാണ് വിവാഹത്തില്‍ വധൂ ദാനം നിര്‍വഹിക്കേണ്ടത്. 4) സാക്ഷികള്‍. പരസ്യമായി സമൂഹത്തെ അറിയിച്ചുകൊണ്ട് നിര്‍വഹിക്കേണ്ട കര്‍മമാണ് വിവാഹം. മൂന്നാമത്തെ നിബന്ധനയായ രക്ഷാധികാരിയെ കുറിച്ച് നബിവചനത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. രക്ഷാധികാരിയെ കൂടാതെ ഒരു സ്ത്രീ സ്വയം വിവാഹിതയാവുകയാണെങ്കില്‍ ആ വിവാഹം അസാധുവാണെന്ന് നബി(സ) പഠിപ്പിക്കുന്നു. രക്ഷാധികാരിയില്ലാതെ വിവാഹം സാധുവല്ല എന്ന് അവിടുന്ന് അരുള്‍ ചെയ്തിട്ടുണ്ട്. ഈ വിഷയകമായി നിവേദനം ചെയ്യപ്പെട്ട തിരുവചനങ്ങള്‍ ലഭിക്കാതെ പോയത് കൊണ്ടാവാം ഇമാം അബൂഹനീഫ(റ) രക്ഷാധികാരിയെ കൂടാതെ തനിക്കിഷ്ടപ്പെട്ട ഒരു പുരുഷന് സ്വയംവരമായി അര്‍പ്പിക്കാന്‍ സ്ത്രീക്ക് അനുവാദമുണ്ട് എന്ന് അഭിപ്രായപ്പെട്ടത്.

സ്ത്രീകള്‍ക്കനുയോജ്യമായ അന്വേഷണം വന്നാല്‍ ആ വിവാഹം നടത്തിക്കൊടുക്കുകയാണ് രക്ഷാധികാരി ചെയ്യേണ്ടത്. പരസ്പരം ഇഷ്ടപ്പെടുന്ന അനുയോജ്യമായ ബന്ധങ്ങള്‍ രക്ഷാധികാരികള്‍ തടഞ്ഞു നിര്‍ത്താന്‍ പാടില്ല. സ്ത്രീകളെ അനുയോജ്യമായ വിവാഹബന്ധത്തില്‍ നിന്നും തടഞ്ഞ് നിര്‍ത്തുകയും അവര്‍ക്ക് ലഭിക്കാനുള്ള സാമ്പത്തിക സൌകര്യങ്ങള്‍ ചൂഷണം ചെയ്യുകയും പതിവായിരുന്നത് അവസാനിപ്പിച്ചു പരിശുദ്ധ ഖുര്‍ആന്‍. രക്ഷാധികാരികള്‍ ഇല്ലാത്ത വിവാഹകര്‍മത്തിന്റെ ഉത്തരവാദിത്വം ഭരണാധികാരിക്കാണ്.
ജീവിതം വിവാഹത്തോടെ അവസാനിക്കുകയല്ല, ഒരു കുടുംബവുമായി പുതിയ ബന്ധം രൂപപ്പെടുകയാണ്. മനുഷ്യ പ്രകൃതി അനുസരിച്ച് പലപ്പോഴും ഈ ബന്ധത്തില്‍ വിള്ളലുകളും പോറലുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സ്ത്രീയുടെ ഭാഗത്ത് നിന്ന് രക്ഷാധികാരിയുടെ സാന്നിധ്യവും സഹായവും അനിവാര്യമാണ്. പിണക്കം മൂര്‍ഛിച്ച് ബന്ധം വിഛേദിക്കാന്‍ പുരുഷന്‍ മുതിര്‍ന്നാല്‍ തിരിച്ചുപോകാനൊരു വീടും അഭയ കേന്ദ്രവും സ്ത്രീക്കുണ്ടാവണം. ഈ പരിഗണനയിലെല്ലാം വലിയ്യ് വിവാഹബന്ധത്തിന്റെ അനിവാര്യ ഘടകമാണെന്ന് ഗ്രഹിക്കാം.
രക്ഷാധികാരിയില്‍ നിന്ന് സ്വതന്ത്രമായി സ്ത്രീപുരുഷന്മാര്‍ പ്രണയബന്ധിതരാവുന്നതും വിവാഹിതരാവുന്നതും ഇസ്ലാമിക സംസ്കാരത്തിനന്യമാണ്. ഇസ്ലാമിക വീക്ഷണത്തില്‍ വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധമല്ല; രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വിവാഹത്തിലൂടെ ജന്മം നല്‍കുന്ന സന്താനങ്ങള്‍ക്ക് ഇരു കുടുംബങ്ങളുമായി രക്തബന്ധമുണ്ട്. ഈ മഹനീയ കുടുംബ സങ്കല്‍പവും പ്രണയത്തിലൂടെ രൂപപ്പെട്ട് കുടുംബങ്ങളില്‍ നിന്ന് ഞെട്ടറ്റുപോകുന്ന ദാമ്പത്യബന്ധവും തമ്മില്‍ താരതമ്യമില്ല.
വിവാഹം നടക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ കാര്യങ്ങളാണ് മുകളില്‍ പറഞ്ഞതത്രയും. ചോദ്യത്തിലുന്നയിച്ച് പ്രശ്നം എല്ലാം കഴിഞ്ഞ ശേഷമുള്ളതാണ്. ഭൌതിക നിയമങ്ങളില്‍ പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ പരസ്പരം അനുരാഗബദ്ധരായാല്‍ സിവില്‍ നിയമമനുസരിച്ച് വിവാഹിതരാകാം. ഇസ്ലാമില്‍ രക്ഷാധികാരിയുടെയോ ഭരണാധികാരിയുടെയോ അംഗീകാരമില്ലാതെ വിവാഹം സാധുവാകുകയില്ല.
ചോദ്യത്തില്‍ ഒരുത്തരവാദപ്പെട്ട കാര്‍മികന്‍ ഉപര്യുക്ത വിവാഹം നടത്തിക്കൊടുത്തുവെന്ന് പറയുന്നു. അത് എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ചാലേ ശര്‍ഇല്‍ സാധുവായ രീതിയിലാണോ പ്രസ്തുത കര്‍മം നടന്നതെന്ന് പറയാനാകൂ. സ്ത്രീയുടെ രക്ഷാധികാരി അന്യായമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ അവരെ മറികടക്കുന്നത് ശരിയല്ല. എല്ലാ നിലക്കും അനുയോജ്യമായ ഒരു ബന്ധം വെറും വാശിയുടെ പേരില്‍ തടഞ്ഞതാണെങ്കില്‍ ഭരണാധികാരിക്കും ഖാദിക്കും ഇടപെടാം.
ഉടമയുടെ അനുവാദമില്ലാത്ത ഗള്‍ഫ് സമ്പാദ്യം? 
ഞാന്‍ അഞ്ചു വര്‍ഷമായി യു.എ.ഇയില്‍ ഡ്രൈവര്‍ ആണ്. സുഊദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ചരക്കു കൊണ്ടുപോയി തിരിച്ചുവരുമ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വാഹനത്തില്‍ അധികമായി ഘടിപ്പിച്ച ടാങ്കില്‍ നിറയെ പെട്രോള്‍ കൊണ്ടുവന്നു സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറി നല്ലൊരു തുക സമ്പാദ്യമായി നേടിയിട്ടുണ്ട്. പൊതുവെ എല്ലാവരും ചെയ്യുന്ന ഈ രീതി തെറ്റോ ശരിയോ? രാജ്യ നിയമത്തിനു വിരുദ്ധമായ പ്രവൃത്തികളില്‍ ഇതു ഉള്‍പ്പെടുമോ? 
ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ വിഹിതമോ അവിഹിതമോ ആയ അനേകം മാര്‍ഗങ്ങളില്‍ സമ്പാദിക്കുന്നത് പ്രവാസികളുടെ ശീലമാണ്. വേണ്ടത്ര ധാര്‍മിക ബോധം ഇല്ലാത്തവര്‍ ഇതിലെ ശരിയും തെറ്റും അന്വേഷിക്കാറില്ല. ഈ സാഹചര്യത്തില്‍ തന്റെ സമ്പാദ്യം ഹലാലോ ഹറാമോ എന്ന് തിരിച്ചറിയാന്‍ പ്രബോധനത്തിലേക്ക് ചോദ്യമയച്ച സഹോദരന്‍ അഭിനന്ദനമര്‍ഹിക്കുന്നു.
സമ്പത്ത് വാരികൂട്ടുന്ന വഴിയും ചെലവഴിക്കുന്ന വഴിയും സംശുദ്ധമായിരിക്കണം. അന്ത്യനാളില്‍ അതിന്റെ വിശദീകരണം ചോദിച്ചിട്ടേ ബാക്കി വിചാരണയുള്ളൂ എന്ന് നബി(സ) തിരുമേനി പഠിപ്പിക്കുന്നുണ്ട്. സമ്പാദന മാര്‍ഗങ്ങളില്‍ നിഷ്കര്‍ഷ പുലര്‍ത്തുന്നവര്‍ പോലും ദുര്‍വ്യയത്തിന്റെ പരിധിയില്‍ പെടുന്ന പലതും ചെയ്തു പോകുന്നു. തിരുശിക്ഷണങ്ങള്‍ ബോധപൂര്‍വം പഠിക്കാത്തതും ഓര്‍ക്കാത്തതുമാണ് ഇതിന് കാരണം.
ചോദ്യകര്‍ത്താവുന്നയിച്ച 'കച്ചവടം' ഹലാലായും ഹറാമായും ചെയ്യാന്‍ സാധ്യതയുള്ളതാണ്. കമ്പനി ഉടമയുടെ അനുവാദത്തോടെയാണെങ്കില്‍ ഹലാലാണ്. ഉടമയുടെ കാര്യദര്‍ശിയുടെ അറിവോടെ ആയാലും മതി. എന്നാല്‍ വില്‍പന ചരക്ക് വാങ്ങുന്നത് സ്വന്തം പണം കൊണ്ടായിരിക്കണം. കമ്പനിയുടെ പണം കൊണ്ടാണ് വാങ്ങുന്നതെങ്കില്‍ ലാഭവിഹിതത്തില്‍ കമ്പനി പങ്കാളിയാകും. ഡ്രൈവര്‍ സ്വന്തം പണം കൊടുത്ത് ഇന്ധനം വാങ്ങി കൊണ്ടുവന്ന് വില്‍ക്കുന്നത് വാഹനമുടമ അറിയാതെയാണെങ്കില്‍ അതില്‍നിന്ന് ലഭിക്കുന്ന ലാഭം തികച്ചും ഹലാലാണെന്ന് പറയാന്‍ കഴിയില്ല. ലാഭമുണ്ടായത് വിലകുറഞ്ഞ നാട്ടില്‍നിന്ന് വിലകൂടിയ നാട്ടിലേക്ക് കൊണ്ടുവന്നതിനാലാണ്. ഇതിനുപയോഗിച്ച വാഹനത്തിന് ന്യായമായ വാടക ഉടമക്ക് അര്‍ഹതപ്പെട്ടതാണ്.
ചരക്കുകള്‍ വില കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വാങ്ങി വില കൂടിയ രാജ്യത്ത് വില്‍പന നടത്തുന്നതിന് ശര്‍ഇല്‍ വിരോധമില്ല. വന്‍തോതില്‍ ഇക്കാര്യം ചെയ്യുന്നത് മാത്രമാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുള്ളത്. അതിനാല്‍ ഇതൊരു കള്ളക്കടത്തായി കണക്കാക്കേണ്ടതില്ല.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍