ആരാണ് നമ്മുടെ സമയം കവരുന്നത്?
ഇരുപതംഗങ്ങളുള്ള കമ്മിറ്റി മീറ്റിംഗ് നടക്കുകയാണ്. സുപ്രധാനമായ വിഷയം ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എല്ലാവരുടെയും സാന്നിധ്യമുണ്ടാകണമെന്ന് തീരുമാനിക്കുന്നു. രണ്ടോ മൂന്നോ പേര്‍ നിശ്ചിത സമയത്തെത്തുന്നില്ല. അത് മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങളും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഊഹിക്കാവുന്നതിലപ്പുറമാണ്. യോഗം തുടങ്ങുന്നത് ഒരു മണിക്കൂര്‍ വൈകിയാണെങ്കില്‍ നേരത്തെ എത്തിയവര്‍ക്കെല്ലാം ഓരോ മണിക്കൂര്‍ നഷ്ടപ്പെടുന്നു. ഫലത്തില്‍ പതിനേഴോ പതിനെട്ടോ മണിക്കൂര്‍ പാഴാവുന്നു. നിശ്ചിത സമയത്ത് ആരംഭിക്കുന്ന പൊതുയോഗങ്ങള്‍ നമ്മുടെ നാട്ടില്‍ അത്യപൂര്‍വമായിരിക്കും. പ്രസംഗകരുടെ വലുപ്പവും പ്രാധാന്യവുമനുസരിച്ച് അവര്‍ എത്താനുള്ള സമയവും വൈകിക്കൊണ്ടിരിക്കും. നിശ്ചിത സമയത്ത് പ്രഭാഷകരെത്തുന്നത് ഒരു പോരായ്മയായാണ് പലപ്പോഴും കണക്കാക്കപ്പെടാറുള്ളത്. ഫലമോ, യോഗത്തില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിനാളുകളുടെ വിലപ്പെട്ട മണിക്കൂറുകള്‍ നഷ്ടപ്പെടുന്നു. സംഘാടകര്‍ അസാധാരണമായ മനസ്സംഘര്‍ഷവും അസ്വസ്ഥതയും അനുഭവിക്കുകയും ചെയ്യുന്നു.
വിവാഹ വേളകളില്‍ വരനെത്താറുള്ളത് പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ വൈകിയാണ്. തല്‍ഫലമായി ഇപ്പോള്‍ വിവാഹ കര്‍മത്തില്‍ അധികമാരും സന്നിഹിതരും സാക്ഷികളുമാകാറില്ല. അഥവാ, കല്യാണത്തിനു വരുന്നവര്‍ അതിലെ പ്രധാന പരിപാടിയില്‍ പങ്കെടുക്കാറില്ല. വിവാഹ വീട്ടില്‍ വരുന്നവര്‍ ഉടനെ ഭക്ഷണം കഴിച്ച് സ്ഥലം വിടുക പതിവും സ്വാഭാവികവുമായി മാറിയിരിക്കുന്നു. വിശന്നിരിക്കാനുള്ള വിഷമവും സമയം നഷ്ടപ്പെടാതിരിക്കാനുമുള്ള ആഗ്രഹവുമാണിതിനു കാരണം. വരന്‍ വധൂഗൃഹത്തിലെത്തി വിവാഹം നടക്കുന്നത് വരെ കാത്തിരിക്കുക സമയ നിഷ്ഠയിലെ വീഴ്ച കാരണം അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. മറ്റുള്ളവരുടെ സമ്പത്ത് കട്ടോ വഞ്ചിച്ചോ മറ്റോ കവര്‍ന്നെടുത്താല്‍ തിരിച്ചുകൊടുത്ത് പശ്ചാത്താപത്തിലൂടെ പാപമുക്തനാകാം. സമയവും അതുവഴി ആയുസ്സും നഷ്ടപ്പെടുത്തിയാലോ, അതെങ്ങനെ പരിഹരിക്കും? ആര്‍ക്കും അതിനു സാധ്യമല്ല. ആയുസ്സ് പൂര്‍ണമായും കവര്‍ന്നെടുക്കല്‍ കൊലപാതകമാണ്. ആയുസ്സിലെ കുറേഭാഗം നശിപ്പിക്കലോ? കൃത്യനിഷ്ഠ പുലര്‍ത്തുന്നില്ലെങ്കില്‍ സംഭവിക്കുക അതാണ്.
സമയത്തിന്റെ വില
ഇവിടെ എല്ലാവരും ഓടുകയാണ്. നില്‍ക്കാത്ത പ്രയാണം. ലക്ഷ്യസ്ഥാനം മരണമാണ്. ജനനത്തോടെ ഇതാരംഭിച്ചിരിക്കുന്നു. ഒടുക്കം മരണത്തോടെ മാത്രം. പിന്നിട്ട പാതയിലേക്ക് തിരിച്ചു പോക്കില്ല. മോഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, അതസാധ്യം. യുവത്വം നിത്യമാവണമെന്നോ തിരിച്ചു കിട്ടണമെന്നോ ആഗ്രഹിക്കാത്തവരുണ്ടാവില്ലല്ലോ. എല്ലാവരും എല്ലായ്‌പ്പോഴും മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരാള്‍ക്ക് പതിനാറു വയസ്സാകുന്നതോടെ പതിനഞ്ചുകാരന്‍ മരിക്കുന്നു. ബാല്യം കടന്നുവരുന്നതോടെ ശൈശവം പിരിഞ്ഞു പോകുന്നു. കൗമാരം കിളിര്‍ക്കുന്നതോടെ ബാല്യം കൊഴിയുന്നു. യുവത്വം പ്രാപിക്കുന്നതോടെ കൗമാരം മരിക്കുന്നു. വാര്‍ധക്യത്തിന്റെ വരവോടെ യുവത്വം വിടവാങ്ങുന്നു. ഇതൊക്കെയും മരണം തന്നെ. ആയുസ്സില്‍ ഓരോ നിമിഷവും വര്‍ധിക്കുന്നതോടെ അത്രയും മരണത്തിലേക്ക് അടുക്കുന്നു. എന്നാല്‍ ഇതോര്‍ക്കുന്നവര്‍ അപൂര്‍വമാണ്. അവര്‍ ആയുസ്സിന്റെ വിലയും സമയത്തിന്റെ അമൂല്യതയും അറിയുന്നു.
മറ്റു പലതും തിരിച്ചു പിടിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ സമയം അതിനൊട്ടും വഴങ്ങുകയില്ല. അതിനാലാണ് പ്രമുഖ പണ്ഡിതനായ ഹസന്‍ ബസ്വരി ഇങ്ങനെ പറഞ്ഞത്: ''ഓരോ പ്രഭാതവും പിറന്നു വീഴുന്നത് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ്: അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്ടി. നിന്റെ കര്‍മത്തിനു സാക്ഷി. അതിനാല്‍ നീ എന്നെ ഉപയോഗപ്പെടുത്തുക. ഞാന്‍ പോയ്ക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചു വരില്ല.''
ഐഹിക ജീവിതം വളരെ ഹ്രസ്വമാണ്. ചുട്ടു പഴുത്ത ഇരുമ്പില്‍ പതിക്കുന്ന വെള്ളത്തുള്ളിയോടാണ് മഹാഭാരതം അതിനെ ഉപമിച്ചത്. നബി തിരുമേനി നീങ്ങിപ്പോവുന്ന നിഴലിനോടും വഴിപോക്കന്റെ സത്രത്തിലെ വിശ്രമത്തോടും ഇതിനെ ഉപമിച്ചിരിക്കുന്നു. ''മനുഷ്യന്‍ അറുപതു കൊല്ലം ജീവിച്ചാല്‍ പാതിയും രാത്രി കവര്‍ന്നെടുക്കുന്നു. കാല്‍ ഭാഗം ഒന്നുമറിയാതെ അശ്രദ്ധമായി ഇടത്തും വലത്തും നടന്നു തീര്‍ക്കുന്നു. അവശേഷിക്കുന്നതിന്റെ മൂന്നിലൊന്ന് വ്യാമോഹങ്ങളും അത്യാഗ്രഹങ്ങളുമായി സമ്പത്തിനും കുടുംബത്തിനുമായി വിനിയോഗിക്കുന്നു. ബാക്കിയുള്ളത് നരയും രോഗവും, ഇവിടെ നിന്നു കെട്ടുകെട്ടുന്നതിനെയും യാത്രയാവുന്നതിനെയും സംബന്ധിച്ച ദുഃഖവുമായി കഴിക്കേണ്ടിവരുന്നു.''
ഐഹിക ജീവിതത്തിന്റെ ഈ ക്ഷണികതയെ സംബന്ധിച്ച ശരിയായ ബോധമുണ്ടാവുക മരണാനന്തരം മറു ലോകത്തു വെച്ചാണ്. തീരെ ഫലപ്പെടാത്ത സമയത്ത്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്ന നാളിലെ സ്ഥിതി ഓര്‍ക്കുക. അന്നവര്‍ക്ക് തോന്നും: തങ്ങള്‍ അന്യോന്യം തിരിച്ചറിയാന്‍ മാത്രം പകലില്‍ ഇത്തിരിനേരമേ ഭൂമിയില്‍ താമസിച്ചിട്ടുള്ളൂവെന്ന്'' (യൂനുസ് 45).
സമയം ദൈവദത്തമാണ്. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹം. അതുകൊണ്ടുതന്നെ അതിന്റെ വിനിയോഗത്തെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടും. പ്രവാചകന്‍ പറയുന്നു: ''ആയുസ്സ് എന്തിന് വിനിയോഗിച്ചു; യുവത്വം ഏത് കാര്യത്തിന് നശിപ്പിച്ചു; ധനം എങ്ങനെ സമ്പാദിച്ചു, എങ്ങനെ വിനിയോഗിച്ചു; അറിവ് കൊണ്ട് എന്ത് ചെയ്തു എന്നീ നാലു കാര്യങ്ങളെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയുടെയും ഇരു കാലുകളും മുന്നോട്ടു നീങ്ങുകയില്ല''(തിര്‍മിദി).
ഗുരുതരമായ അതിക്രമം
മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനെക്കാള്‍ ഗുരുതരമായ തെറ്റും കുറ്റവുമാണ് അവരുടെ സമയം കവര്‍ന്നെടുക്കുന്നതും നഷ്ടപ്പെടുത്തുന്നതും. ഒരിക്കലും എത്ര ശ്രമിച്ചാലും തിരിച്ചു കിട്ടാത്ത അമൂല്യമായതിനെയാണ് സമയനിഷ്ഠ പുലര്‍ത്താതെ മറ്റുള്ളവരില്‍ നിന്ന് താന്‍ തട്ടിയെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതെന്ന് ഏറെ പേരും ഓര്‍ക്കാറില്ല. അനാവശ്യ വര്‍ത്തമാനങ്ങളില്‍ തളച്ചിട്ട് മറ്റുള്ളവരുടെ സമയം നശിപ്പിക്കുന്നതും ഗുരുതരമായ അതിക്രമമാണ്. താന്‍ കാരണം ആരുടെയും സമയം അനാവശ്യമായി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഇസ്‌ലാമിലെ ആരാധനാനുഷ്ഠാനങ്ങള്‍ സമയനിഷ്ഠ പരിശീലിപ്പിക്കാന്‍ പര്യാപ്തവും വളരെയേറെ സഹായകവുമാണ്. അഞ്ചു നേരത്തെ നമസ്‌കാരം സമയ നിര്‍ണിതവും സമയ ബന്ധിതവുമാണ്. വെള്ളിയാഴ്ചയിലെ ജുമുഅയും അവ്വിധം തന്നെ. നോമ്പ് നിര്‍ണിതമായ മാസത്തിലാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ടത് നിശ്ചിത സമയം മുതലാണ്. നോമ്പ് അവസാനിപ്പിക്കേണ്ടത് വളരെ കൃത്യമായ സമയത്തും. സകാത്ത് നല്‍കേണ്ടതും വര്‍ഷത്തിലൊരിക്കലാണ്. ഹജ്ജിന് നിശ്ചിത മാസവും ദിവസവും സമയവുമുണ്ട്. ഇവ്വിധം എല്ലാ ആരാധനാ കര്‍മങ്ങളും സമയനിഷ്ഠയോടെ നിര്‍വഹിക്കാനും കൃത്യത പാലിക്കാനും സമയം പാഴാക്കാതിരിക്കാനും ശക്തമായി ആഹ്വാനം ചെയ്യുന്ന ഇസ്‌ലാമിന്റെ അനുയായികളുടെ ഇന്നത്തെ അവസ്ഥ ഒട്ടും സന്തോഷകരമോ സംതൃപ്തമോ അല്ല.
ഇക്കാര്യത്തില്‍ ബെഗോവിച്ചിന്റെ വിലയിരുത്തല്‍ വളരെ ശ്രദ്ധേയമത്രെ. 1995-ല്‍ കയ്‌റോവില്‍ ഒരു സമ്മേളനം നടക്കുകയുണ്ടായി. ഫൈസല്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അതില്‍ പ്രഭാഷണം നടത്താന്‍ അവസരം നല്‍കപ്പെട്ടിരുന്നു. മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലിജാ അലി
ഇസ്സത്ത് ബെഗോവിച്ച് തന്റെ പ്രഭാഷണത്തിലിങ്ങനെ പറഞ്ഞു: ''എന്റെ മനസ്സില്‍ നാലു ചോദ്യങ്ങളുണ്ട്. അവക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്നവര്‍ക്ക് ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് നല്‍കപ്പെടേണ്ടതാണ്. ആ നാലു ചോദ്യങ്ങളിലൊന്നിതാണ്. ഇസ്‌ലാം സമയ നിഷ്ഠക്ക് വമ്പിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓരോ കാര്യത്തിലും അത് സമയം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്ത് തീരെ സമയനിഷ്ഠ പുലര്‍ത്താത്ത വിഭാഗം ഇന്ന് മുസ്‌ലിംകളത്രെ. മുസ്‌ലിംകളുടെ ഏതെങ്കിലും സമ്മേളനം കൃത്യസമയത്ത് തുടങ്ങിയതായി എനിക്കോര്‍മയില്ല.''
സമയത്തിന്റെ വില മനസ്സിലാക്കി അത് പരമാവധി പ്രയോജനപ്പെടുത്താനും ലാഭിക്കാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. സമയ നിഷ്ഠ പാലിക്കാതെ മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്തുന്നതും അവരെ അതുവഴി പ്രയാസപ്പെടുത്തുന്നതും കൊടിയ കുറ്റമാണെന്ന വസ്തുത മറക്കാതിരിക്കുക. സമയപരമായ അച്ചടക്കവും നിഷ്ഠയും വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമത്രെ.
Comments