Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

കുരുക്കൊരുങ്ങുന്നു

ശിഹാബ് പൂക്കോട്ടൂര്‍ / ഇനാമുര്‍റഹ്മാന്‍

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നാലായിരത്തോളം വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. ഈ കലാപങ്ങളിലെയെല്ലാം ഇരകള്‍ തന്നെയാണ് 80 ശതമാനത്തോളം ജയിലുകളിലുള്ളത്. കലാപത്തിന്റെ നാശനഷ്ടങ്ങള്‍ക്കു പുറമെ കുടുംബത്തിലെ ബാക്കിയുള്ള പുരുഷന്മാര്‍ ജയിലിലടക്കപ്പെടുന്ന ക്രൂരമായ പീഡനം കൂടി കലാപബാധിതര്‍ സഹിക്കേണ്ടിവരുന്നു. 90 ശതമാനത്തിലധികം കലാപങ്ങള്‍ക്കും നേതൃത്വം കൊടുത്തത് സംഘ്പരിവാര്‍ ശക്തികളാണ്. ഇതിന്റെ പേരില്‍ പോലീസ് വേട്ടക്ക് വിധേയരായത് നിരപരാധികളും നിരക്ഷരരുമായ പാവപ്പെട്ട മുസ്‌ലിം സമൂഹമാണ്. എന്നാല്‍, ഗുജറാത്ത് കലാപാനന്തരം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് (ഇതിന്റെ പിതൃത്വം ഗുജറാത്തിനാണ്) പ്രത്യേകതരം മുസ്‌ലിം വേട്ടയാണ്. വ്യാജ ഏറ്റുമുട്ടലുകള്‍, വ്യാജാരോപണങ്ങളിലൂടെ അറസ്റ്റു ചെയ്യല്‍, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, വ്യാജ പ്രചാരണങ്ങള്‍, മുസ്‌ലിം സമൂഹത്തെ നിരന്തരമായ നിരീക്ഷണത്തിന് വിധേയമാക്കല്‍ (സച്ചാര്‍ കമ്മിറ്റി ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്) തുടങ്ങിയ രീതികളിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. ഇതിനെല്ലാം വിധേയമാകുന്നത് മുസ്‌ലിം സമൂഹത്തിലെ വിദ്യാര്‍ഥികളും പ്രഫഷണലുകളുമാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലാണ് ഡോ. കേശവ് ബലിറാം രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് രൂപം നല്‍കുന്നത്. അന്ധമായ മുസ്‌ലിം വിരോധത്തിന്റെ പ്രചാരണം മാത്രമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ വി.ഡി സവര്‍ക്കര്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിലൂടെ സ്വരാജ് നേടുക സാധ്യമല്ലെന്നും അധികാരം പിടിച്ചെടുത്ത് യഥാര്‍ഥ ഹിന്ദു രാഷ്ട്രീയത്തിന് അടിത്തറ പാകുകയാണ് വേണ്ടതെന്നുമുള്ള രാഷ്ട്രീയ സുവിശേഷം നാടുനീളെ പ്രസംഗിച്ചു നടന്നിരുന്നു. മുസ്‌ലിംകളുടെ 'ശുദ്ധീകരണ'ത്തോടെയല്ലാതെ സ്വരാജില്‍ ഹിന്ദുക്കള്‍ക്ക് താല്‍പര്യമില്ലെന്ന് തുറന്നെഴുതാന്‍ അദ്ദേഹം മടികാണിച്ചില്ല. ഹിന്ദു-മുസ്‌ലിം പ്രശ്‌നത്തിന്റെ പരിഹാരത്തിന് വേണ്ടി ഇന്ത്യയെ ഹിന്ദു ഇന്ത്യയെന്നും മുസ്‌ലിം ഇന്ത്യയെന്നും രണ്ടായി തിരിക്കുകയെന്ന ആശയം പ്രചരിപ്പിച്ചവരില്‍ ലാലാ ലജ്പത് റായിയും പട്ടേലും ഉള്‍പ്പെടുന്നു. ഗാന്ധിജിയും ആസാദും തോറ്റു. നെഹ്‌റുവും പട്ടേലും ജയിച്ചു. ഇന്ത്യ വിഭജിക്കപ്പെട്ടു. ഗോള്‍വാള്‍ക്കര്‍ സംഘ് വളണ്ടിയര്‍മാരോട് പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു. 'ഈ സംഘമാരംഭിച്ചത് മുസ്‌ലിം അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് മാത്രമല്ല. പ്രത്യുത, ആ രോഗത്തെ പൂര്‍ണമായും വേരറുത്ത് കളയുന്നതിന് വേണ്ടിയാണ്.' അതിനു ശേഷം മുസ്‌ലിംകളെ എങ്ങനെ നശിപ്പിക്കാമെന്ന ഗവേഷണത്തിലാണ് സംഘം ഏര്‍പ്പെട്ടിരിക്കുന്നത്. സ്‌പെയ്‌നില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ നശിപ്പിക്കാന്‍ ഉപയോഗിച്ച മാര്‍ഗങ്ങളെ കുറിച്ച് അവര്‍ വിശദമായി പഠിച്ചു. ഇസ്‌ലാമിന്റെ ആഗോള ശത്രുക്കളായ സയണിസത്തെയും ഓറിയന്റലിസത്തെയും അവര്‍ കൂട്ടുപിടിച്ചു.
ബി.ജെ.പി സര്‍ക്കാറിന്റെ കാലത്താണ് സംഘ് സിദ്ധാന്തത്തിന് പ്രായോഗിക രൂപം കൈവരുന്നത്. ബിജേഷ് മിശ്രയും പിന്നീട് എല്‍.കെ അദ്വാനിയും തെല്‍അവീവ് സന്ദര്‍ശിച്ച് ഇസ്രയേലുമായി പ്രതിരോധ, സൈനിക കരാറുണ്ടാക്കുന്നതും, ഗുജറാത്ത് കലാപം അരങ്ങേറുന്നതും ഇതേ സമയത്താണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം നടന്ന ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു ഗുജറാത്ത് കലാപങ്ങള്‍. ഇതിനു ശേഷം ഇന്ത്യയില്‍ വ്യാപകമായി വ്യാജ ഏറ്റുമുട്ടലുകള്‍ നടക്കാന്‍ തുടങ്ങി. ഭീകര ബന്ധം, പാകിസ്താന്‍ ചാരന്മാര്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം സമൂഹത്തിലെ പ്രഫഷണലുകളെയും ടെക്‌നോ-മെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ഥികളെയുമാണ് എന്‍കൗണ്ടറുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നത്. മെട്രോ സിറ്റികളിലെ ഒരു പ്രതിഭാസമായി വ്യാജ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. മുസ്‌ലിം സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സുരക്ഷയും ജീവസുരക്ഷയും ഇന്ത്യയിലെ തലസ്ഥാന നഗരിയില്‍ പോലും ലഭ്യമല്ലാതായി. പ്രമുഖരായ ഡോക്ടര്‍മാരെയും പത്രപ്രവര്‍ത്തകരെയും ന്യൂജനറേഷന്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും പോലീസിംഗിന് വിധേയമാക്കുകയും വിചാരണ കൂടാതെ തടവില്‍ വെക്കുകയും ചെയ്തു. ബി.ജെ.പിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ ഇതില്‍ യാതൊരു ഭേദവും പ്രകടിപ്പിച്ചില്ല.
മൊസാദും സി.ഐ.എയും ആര്‍.എസ്.എസും ഇന്റലിജന്‍സ് വൃത്തങ്ങളും ചേര്‍ന്ന ഒരു കോക്കസാണ് ജനാധിപത്യ ഇന്ത്യയില്‍ മേല്‍ക്കോയ്മ നേടിയിട്ടുള്ളത്. ബട്‌ലാ ഹൗസ് ഏറ്റുമുട്ടലില്‍ രാജ്യത്തുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഏറ്റുമുട്ടല്‍ എന്ന പേരില്‍ ആസൂത്രിതമായ ഉന്മൂലനങ്ങളാണ് നടന്നത് എന്ന് ബോധ്യപ്പെട്ടത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നിരന്തരമായ ടോര്‍ച്ചറിംഗിന് വിധേയമാവേണ്ടി വരുന്നത് ഇന്ത്യയില്‍ സ്ഥിര സംഭവമായി മാറിയിരിക്കുന്നു. ഹോസ്റ്റലുകളില്‍ പ്രവേശനം നിഷേധിക്കല്‍, ക്വാര്‍ട്ടേഴ്‌സ് ലഭ്യമാക്കാതിരിക്കല്‍, കാമ്പസുകളില്‍ പ്രത്യേകമായ ടാര്‍ഗറ്റഡ് ഗ്രൂപ്പായി നിശ്ചയിക്കല്‍ ഇങ്ങനെ ഈ വേട്ടയുടെ അനന്തരഫലം നീളുന്നു. ദല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കുന്ന മലയാളി മുസ്‌ലിം വിദ്യാര്‍ഥികളുടെ പോലും വീടുകളില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്നു. ലാപ്‌ടോപ്പും ടെലസ്‌കോപ്പുമേന്തിയവര്‍ പ്രത്യേക സമുദായത്തില്‍ പെട്ടവരാണെങ്കില്‍ വിലങ്ങുവെച്ചു ജയിലില്‍ തള്ളേണ്ടവരാണെന്ന് സര്‍ക്കാറും മീഡിയയും വിധിയെഴുതുന്നു.
മൊസാദിന് ഇന്ത്യയില്‍ ഏറ്റവും പ്രിയപ്പെട്ടത് ഗുജറാത്തും കര്‍ണാടകയും കേരളവുമാണെന്ന് അവര്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചതാണ്. കേരളം തീവ്രവാദികളുടെ ഹബ്ബാണെന്ന് വിദേശ രാജ്യങ്ങളിലുള്ള എഴുത്തുകാരും അക്കാദമിക വിദഗ്ധരും വരെ വിശകലനം ചെയ്തു തുടങ്ങിയിട്ടുണ്ട്. പോലീസ് സംവിധാനത്തിലുള്ളവര്‍ മാത്രമല്ല, കേരളത്തിലെ യൂനിവേഴ്‌സിറ്റികളിലെ പ്രഫസര്‍മാരിലും അക്കാദമിക വിദഗ്ധരിലും വരെ ഇസ്രയേലുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവരുണ്ട്. കേരളത്തില്‍ നിന്ന് പുറത്തു പോയി പഠിക്കുന്നവരില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം മുമ്പത്തേക്കാള്‍ കൂടുതലാണ്. ‘ദല്‍ഹി മലപ്പുറത്തേക്ക്’ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ഇതാണ് തെളിയിക്കുന്നത്. ഹൈദരാബാദിലും ദല്‍ഹിയിലും ബംഗളുരിലും മുംബൈയിലും മലപ്പുറത്തെയും കണ്ണൂരിലെയും വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം വളരെ കൂടുതലാണ്. ഇതില്‍ വിറളി പൂണ്ടവര്‍ ഇവരെ പ്രത്യേകമായ നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നു. പുതിയ കോഴ്‌സുകളില്‍ പഠിക്കുന്ന, തൊഴില്‍ ചെയ്യുന്ന മുസ്‌ലിം ചെറുപ്പക്കാരനെ അറസ്റ്റു ചെയ്താല്‍ മൊബൈല്‍ കൈയില്‍ വെച്ചതു മുതല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതു വരെയുള്ള കേസുകള്‍ തലയില്‍ കെട്ടിവെക്കുന്ന തരത്തിലുള്ള അന്വേഷണമാണ് ഇവിടെ നടക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള പത്രങ്ങള്‍ മുതല്‍ അത്യാധുനിക സംവിധാനങ്ങളുള്ള ചാനലുകള്‍ വരെയും ഗമണ്ടന്‍ വിഡ്ഢിത്തങ്ങള്‍ ഉറക്കെ ഘോഷിക്കുകയും ചെയ്യുന്നു. ലൗ ജിഹാദും കശ്മീര്‍ റിക്രൂട്ട്‌മെന്റുമടക്കം എന്തെല്ലാം കെട്ടിച്ചമച്ച കഥകളാണ് എഴുന്നള്ളിച്ചത്. ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പൊട്ടി കാറ്റൊഴിഞ്ഞ പോലെ വ്യാജമാണെന്ന് തെളിഞ്ഞിട്ടുപോലും പെരുപ്പിച്ച വാര്‍ത്തകളും വ്യാജ പരിവേഷങ്ങളും അഴിച്ചു വെക്കാന്‍ തയാറാവാതെ വീണ്ടും പുതിയ ഇരകള്‍ക്കു വേണ്ടി വട്ടമിട്ടു പറക്കാനാണ് മീഡിയ ശ്രമിച്ചിട്ടുള്ളത്. രാജ്യത്ത് നടന്ന മിക്ക സ്‌ഫോടനങ്ങളുടെയും പിന്നില്‍ സംഘ്പരിവാറിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനും അതൊരു വിഷയമേ ആയില്ല. ഒടുവില്‍, ബംഗളുരിലെ പതിനൊന്ന് ചെറുപ്പക്കാരെ അറസ്റ്റുചെയ്ത് ജയിലിലടക്കാന്‍ പോലീസ് പറഞ്ഞ കാരണം അവരുടെ കൈയില്‍ ആയിരത്തഞ്ഞൂറു രൂപയും ലാപ്‌ടോപ്പും ഇറാന്റെയും ചെന്നൈയുടെയും മാപ്പുകളുമുണ്ടെന്നതാണ്. ഇവിടെ കുറ്റങ്ങളല്ല പ്രധാനം, കുറ്റത്തിനു വേണ്ടി ഫ്രെയിം ചെയ്‌തെടുക്കുന്ന രൂപങ്ങളും വേഷങ്ങളുമാണ്. ബംഗളുരിലെ പോലീസിന്റെ യൂനിഫോമിന്റെയും മസ്തിഷ്‌കത്തിന്റെയും നിറം കാവിയാണ്. ബി.ജെ.പി സര്‍ക്കാറിന്റെ അനിശ്ചിതാവസ്ഥയിലും സര്‍ക്കാര്‍ സംവിധാനങ്ങളെ കാവിവല്‍കരിക്കുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ബംഗളുരില്‍ നടന്ന കര്‍ണാടക പോലീസിന്റെ രണ്ട് ട്രെയ്‌നിംഗ് ക്യാമ്പുകളിലെയും മുഖ്യാതിഥി നരേന്ദ്രമോഡി ആയിരുന്നു. മോഡിയുടെ ട്രെയ്‌നിംഗ് ലഭിച്ച പോലിസ് സംവിധാനമാണ് കര്‍ണാടകയിലുള്ളത്. ജുഡീഷ്യറിയില്‍ വരെ എത്തിനില്‍ക്കുന്ന കാവിവല്‍ക്കരണത്തെ ഏത് സര്‍ക്കാര്‍ മാറി വന്നാലും മാറ്റിപ്പണിയാന്‍ പ്രയാസമാണ്. പന്നിയെ അറുത്ത് പള്ളിയില്‍ വിതറുക, ഓരോ മുസ്‌ലിം വീടിനെയും പ്രത്യേകമായി മാര്‍ക്കു ചെയ്യുക(അഹ്മദാബാദില്‍ കലാപത്തിനു മുമ്പ് ചെയ്തതു പോലെ), മുസ്‌ലിം സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുക, പര്‍ദയിട്ട സ്ത്രീകളോട് ക്രൂരമായ വിവേചനം പ്രകടിപ്പിക്കുക തുടങ്ങിയ ഗുജറാത്തിന്റെ എല്ലാ തനിയാവര്‍ത്തനങ്ങളും ബംഗളുരിലും കര്‍ണാടകയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ബംഗളുരു സ്റ്റേഡിയത്തില്‍ കളികാണാന്‍ പ്രവേശിച്ച മലയാളികളായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. ഗര്‍ഭിണിയുടെ വയറു പിളര്‍ത്തി ഭ്രൂണം കുന്തത്തില്‍ നിര്‍ത്തി ആഹ്ലാദിക്കുന്ന അഹ്മദാബാദിലെ ബാബു ബജ്‌റംഗിയെപ്പോലെ കര്‍ണാടകയില്‍ പ്രമോദ് മുത്തലിക്കുമുണ്ട്. കര്‍ണാടകയിലെ ഓരോ മുക്കിലും ഗുജറാത്തിന്റെ മണമുണ്ട്. ഏത് സ്‌കൂള്‍ കുട്ടിയുടെ അടുത്തു നിന്നും ലഭിക്കാവുന്ന ചില സാധനങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ സര്‍വീസിലും പ്രഫഷണല്‍ മേഖലയിലും കഴിവു തെളിയിച്ച പ്രമുഖരെ പീഡിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തില്‍ പതിവായിക്കൊണ്ടിരിക്കുകയാണ്.
അറബ്, ഉര്‍ദു ചാനലുകള്‍ കര്‍ണാടകയില്‍ നിരോധിക്കണമെന്നാണ് സംഘ് ശക്തികള്‍ മുറവിളി കൂട്ടുന്നത്. അവ ഭീകരവാദത്തിലേക്ക് നയിക്കാന്‍ കാരണമാവുമെന്നാണ് അവര്‍ ഇതിനു ന്യായമായി പറയുന്നത്. സംഘ് ശക്തികളുടെ ജനാധിപത്യ ധ്വംസനം അരങ്ങു തകര്‍ക്കുമ്പോഴും ഗുജറാത്തിലെന്ന പോലെ കോണ്‍ഗ്രസും മറ്റു ‘മതേതര’ പാര്‍ട്ടികളും ഇവിടെ മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഗുജറാത്തിലെ കേസുകള്‍ പുറത്ത് നടത്തുന്നതു പോലെ മഅ്ദനിയടക്കമുള്ളവരുടെ കേസുകളും വിചാരണയും കര്‍ണാടകക്ക് പുറത്ത് നടത്തിയാല്‍ മാത്രമേ നീതി ലഭ്യമാവുകയുള്ളൂ. ഈ സാമൂഹിക ഉന്മൂലനത്തിന് അറുതി വരുത്താന്‍ ജനാധിപത്യ സമൂഹത്തിന്റെ ജാഗ്രത ഏറെ ആവശ്യമാണ്.
ബംഗളുരിലെ മുസ്‌ലിം വേട്ട മംഗലാപുരം വഴി കേരളത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമവും തകൃതിയാണ്. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റു പോലുമില്ലെന്ന് ഞെളിഞ്ഞിരുന്ന് സൊറ പറയുന്നവര്‍ ഇവിടെ നടക്കുന്ന സാമൂഹിക ധ്രുവീകരണത്തെക്കുറിച്ച് അജ്ഞരാണ്. ജാഗ്രതയോടെ ചെറുത്തു നില്‍ക്കേണ്ട നീതിനിഷേധമാണ് ഓരോ ദിവസവും നമ്മുടെ സുപ്രഭാതങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍