ഓരോ മലയാളിയും പ്രബോധനത്തെ അറിയട്ടെ
സമൂലമായ മാറ്റങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഗള്‍ഫ് നാടുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന നിങ്ങളോട് ആ മാറ്റങ്ങളെക്കുറിച്ച് ഉപന്യസിക്കേണ്ട കാര്യമില്ല. കാരണം, നിങ്ങളുടെ കണ്‍മുമ്പിലാണ് ആ മാറ്റങ്ങളില്‍ മിക്കതും അരങ്ങേറുന്നത്. നാം പിന്നിട്ട ഇരുപതാം നൂറ്റാണ്ടിനെ സംഭവബഹുലമായ നൂറ്റാണ്ട് എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കാറ്. പുതിയ പുതിയ ദര്‍ശനങ്ങളുടെ അരങ്ങേറ്റം (അവയില്‍ പലതും അങ്ങേയറ്റം മാരകമായിരുന്നെങ്കില്‍ കൂടിയും), രണ്ട് ലോകയുദ്ധങ്ങള്‍, ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ തകര്‍ച്ച... ഇങ്ങനെ ആ നൂറ്റാണ്ടിനെ അടയാളപ്പെടുത്തുന്നതായി ഒട്ടനവധി മഹാ സംഭവങ്ങളുണ്ട്.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തെക്കുറിച്ച് നമുക്കൊട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. അത് പീഡനത്തിന്റെയും വേട്ടയാടലിന്റെയും ദശകമായിരുന്നു. അമേരിക്കയിലുണ്ടായ ഇരട്ട ടവര്‍ ആക്രമണത്തിന്റെ മറപിടിച്ച് ആ രാഷ്ട്രവും അതിന്റെ സഖ്യകക്ഷികളും ഇറാഖ്, അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ ഭീകര താണ്ഡവമാടി. പക്ഷേ, നാം ജീവിക്കുന്ന നൂറ്റാണ്ടിന്റെ രണ്ടാം ദശകം തികഞ്ഞ പ്രതീക്ഷയുടേതാണ്. ഇസ്‌ലാമില്‍ നിന്നും ഇസ്‌ലാമിക പാരമ്പര്യത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട മധ്യ പൗരസ്ത്യ ദേശത്തെ ജനസമൂഹങ്ങള്‍ പതിറ്റാണ്ടുകളായി അധികാരത്തില്‍ അള്ളിപ്പിടിച്ച് നിന്ന ഏകാധിപതികളെ കശക്കിയെറിഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ മാറ്റങ്ങള്‍ക്ക് ഇന്ധനമായി വര്‍ത്തിക്കുന്നത് ഇസ്‌ലാമാണെന്ന കാര്യത്തില്‍ സംശയമില്ല. അതൊരു പ്രത്യേക ബ്രാന്റ് ഇസ്‌ലാമല്ല. വിവിധ ചിന്താധാരകളുടെ ഇസ്‌ലാമികതകള്‍ക്കെല്ലാം അതില്‍ പങ്കുണ്ട്.
ഇസ്‌ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളാണ് മാറ്റത്തിന് രാസത്വരകമായി വര്‍ത്തിച്ചത് എന്നാണ് പറഞ്ഞുവരുന്നത്. പ്രബോധനം വാരികയുടെ മുഖ്യമായ ഒരു സമകാലിക പ്രസക്തിയും അതാണ്. മാറ്റങ്ങളെ പഠിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും ഏതെങ്കിലും ചിന്താധാരക്ക് മാത്രമായി അതിന്റെ പിതൃത്വം പതിച്ചു നല്‍കാതെ, അതില്‍ പങ്കുവഹിച്ച എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ ഇടം നല്‍കാനുള്ള വിശാലത. പ്രബോധനം ആറര പതിറ്റാണ്ട് നീളുന്ന അതിന്റെ ചരിത്രത്തിലുടനീളം ഒട്ടും ലോഭമില്ലാതെ ഈ വിശാല സമീപനം കൈക്കൊണ്ടിട്ടുണ്ട്. നന്മയുടെ സംരംഭങ്ങള്‍ ആരുടേതായാലും കൊടിയും ബാനറും നോക്കാതെ വാരിക അതിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ക്കും അവരുടെ പത്രങ്ങള്‍ക്കും അനുകരിക്കാവുന്ന ഒരു പത്രപ്രവര്‍ത്തന ശൈലി അത് വെട്ടിത്തെളിക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനും ഇസ്‌ലാമിക സമൂഹത്തിനും വലിയ സേവനങ്ങള്‍ ചെയ്യുന്ന നേതാക്കളുടെയും പണ്ഡിതന്മാരുടെയും അഭിമുഖങ്ങള്‍ നിരന്തരം നിങ്ങള്‍ക്കതില്‍ വായിക്കാന്‍ കഴിയും.
സ്വന്തം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ എല്ലാ വിഭാഗങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്ന, വ്യത്യസ്ത ആശയധാരകളെ വിലമതിക്കുന്ന പുതിയൊരു സംസ്‌കാരവും ധാര്‍മികതയുമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. പ്രബോധനത്തിന്റെ പ്രചാരണത്തിലൂടെ ആ മഹത്തായ ദൗത്യമാണ് നാം ഏറ്റെടുക്കുന്നത്.
യു.ഇ.എയില്‍ ഇത് പ്രബോധനം കാമ്പയിന്‍ കാലമാണ്. 2012 ഒക്‌ടോബര്‍ മാസമാണ് നാമതിന് വേണ്ടി നീക്കിവെക്കുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളി വായനക്കാര്‍ക്കും പ്രബോധനത്തെ പരിചയപ്പെടുത്താനുള്ള സന്ദര്‍ഭം. പ്രബോധനത്തെ പരിചയപ്പെടുത്തുന്നതിലൂടെ ഇസ്‌ലാമിക സംസ്‌കാരത്തെയും മൂല്യങ്ങളെയുമാണ് നിങ്ങള്‍ പരിചയപ്പെടുത്തുന്നത്.
ഇന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്ന സാമൂഹിക സ്ഥാപനം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ -കുടുംബം. ആ സ്ഥാപനത്തെ തകര്‍ക്കാന്‍ സംഘടിതമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യസമൂഹം തലമുറകളായി കാത്തുപോരുന്ന ധാര്‍മികതയെയും സദാചാരത്തെയും അടിയോടെ പൊളിച്ചുകളയുകയാണ് അവരുടെ ലക്ഷ്യം. ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ നമ്മുടെ കുട്ടികളും സ്ത്രീകളുമായിരിക്കും. സ്ത്രീകള്‍ക്ക് ആരാമവും കുട്ടികള്‍ക്ക് മലര്‍വാടിയും പ്രസിദ്ധീകരിച്ചുകൊണ്ട് നാം ശക്തമായ ഒരു പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ഈ രണ്ട് പ്രസിദ്ധീകരണങ്ങളുടെ കൂടി കാമ്പയിന്‍ കാലമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും കൈകളില്‍ അവ എത്തുന്നുണ്ടെന്നും നാം ഉറപ്പുവരുത്തുക.
നിങ്ങളുടെ സര്‍വ പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്.
സസ്‌നേഹം,
ടി. ആരിഫലി
അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള
Comments