Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

അത്താതുര്‍ക്കിന്റെ ചിത്രങ്ങള്‍ അപ്രത്യക്ഷമാവുന്നു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

തുര്‍ക്കിയില്‍ മതനിരാസം കുത്തിനിറച്ച സ്കൂള്‍ പാഠ്യപദ്ധതികളില്‍ കാതലായ മാറ്റം വരുത്തിയാണ് പുതിയ സ്കൂള്‍ വര്‍ഷാരംഭം കുറിച്ചത്. പുതിയ സ്കൂള്‍ വര്‍ഷാരംഭത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരിട്ട് സ്കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍വഹിച്ചു. അത്താതുര്‍ക്കിന്റെ കാലത്ത് അടച്ചിട്ടിരുന്ന ഇസ്ലാമിക പാഠശാലകളായ ഇമാം ഖത്വീബ് സ്കൂളുകളും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഖുര്‍ആനും ഇസ്ലാമിക പാഠങ്ങളും 'ഐഛിക' വിഷയങ്ങളാക്കി സിലബസില്‍ ഉള്‍പ്പെടുത്തി. പെണ്‍കുട്ടികള്‍ക്ക് പര്‍ദയടക്കം ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കി വ്യക്തി സ്വാതന്ത്യ്രം പുനഃസ്ഥാപിച്ചു. ഇമാം ഖത്വീബ് സ്ഥാപനങ്ങളടക്കം വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ച ഉര്‍ദുഗാന്‍ ഭാവിയില്‍ ആരുടെയും പൌരസ്വാതന്ത്യ്രം ഹനിക്കപ്പെടുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി.
'തീവ്രവാദികളെയോ വിഘടനവാദികളെയോ സൃഷ്ടിക്കാനല്ല, രാജ്യത്തെ സേവിക്കാന്‍ സന്നദ്ധതയുള്ള ഉത്തമ കര്‍മ ഭടന്മാരെ വാര്‍ത്തെടുക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍' അദ്ദേഹം പറഞ്ഞു. ഇക്കാലമത്രയും അത്താതുര്‍ക്കിന്റെ പടങ്ങള്‍ നിര്‍ബന്ധമായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉര്‍ദുഗാന്റെ ചിത്രവുമേന്തി വിദ്യാര്‍ഥികള്‍ 'ബാക് റ്റു സ്കൂള്‍' ആഘോഷിക്കുന്ന ചിത്രം പത്രങ്ങള്‍ കൌതുകത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
അതിനിടെ, പര്‍ദ ധരിച്ചെത്തിയ ഒരു പെണ്‍കുട്ടിയെ പുറത്താക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ യൂനിവേഴ്സിറ്റി ഗോള ശാസ്ത്രവിഭാഗം പ്രഫസറെ അറസ്റു ചെയ്തായി 'അനാതോള്‍ ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു. വ്യക്തി സ്വാതന്ത്യ്രം ഹനിച്ചുവെന്ന കുറ്റത്തിന്റെ പേരിലാണ് അറസ്റ്.
ഖാലിദ് മിശ്അല്‍ ഉറച്ചുതന്നെ
ഫലസ്ത്വീന്‍ പോരാട്ട സംഘടനയായ 'ഹമാസ്' രാഷ്ട്രീയ കാര്യമേധാവി ഖാലിദ് മിശ്അല്‍ തല്‍സ്ഥാനത്ത് വീണ്ടും തുടരാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി 'അല്‍ജസീറ' റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നേതൃസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകാനിരിക്കെയാണ് ഖാലിദ് മിശ്അല്‍ തന്റെ തീരുമാനം വ്യക്തമാക്കിയത്. ഹമാസിന്റെ ഉന്നത നേതാക്കള്‍ മിശ്അലിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഫലസ്ത്വീന്‍ പഠനകേന്ദ്രം മേധാവി ഇബ്റാഹീം അല്‍ദറാവി പറഞ്ഞു. ഹമാസ് ഉന്നത നേതാക്കളെ കൂടാതെ അറബ് ഇസ്ലാമിക ലോകത്തെ പ്രമുഖരും ഖാലിദ് മിശ്അലിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
അറബ് വസന്തത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നേതൃമാറ്റം അനിവാര്യമാണ്. ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതുരക്തം വേണം. ഇതാണ് മിശ്അലിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫലസ്ത്വീന്‍ സമൂഹത്തില്‍ ഹമാസിന്റെ ജനപിന്തുണ വര്‍ധിച്ചതിലും അറബ് ഇസ്ലാമിക ലോകത്ത് പാര്‍ട്ടിക്ക് ലഭിച്ച സ്വീകാര്യതയിലും ഖാലിദ് മിശ്അലിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വം സ്വാധീനം ചെലുത്തിയതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഖാലിദ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം ഗസ്സ ഭരണകൂടം മേധാവി ഇസ്മാഈല്‍ ഹനിയ്യയോ ഹമാസ് രാഷ്ട്രീയകാര്യ ഉപമേധാവി മൂസ അബൂമര്‍സൂഖോ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
സിറിയന്‍ ജനത പട്ടിണിഭീഷണിയില്‍
തുടര്‍ച്ചയായ ആക്രമണവും ഉപരോധവും കാരണം സിറിയന്‍ ജനത പട്ടിണിയിലേക്ക് നീങ്ങുന്നതായി വിവിധ അന്താരാഷ്ട്ര റിലീഫ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ബശ്ശാര്‍ സേന ഭക്ഷ്യ ഉല്‍പാദന യൂനിറ്റുകളും മറ്റും ലക്ഷ്യംവെക്കുന്നതിനാല്‍ സിറിയയിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലെയും ജനങ്ങള്‍ക്ക് ഭക്ഷണമോ മറ്റു അവശ്യ സാധനങ്ങളോ ലഭിക്കുന്നില്ല. രണ്ടുമാസത്തിലേറെ നീണ്ട സര്‍ക്കാര്‍ ഉപരോധം കാരണം അനേകം കുടുംബങ്ങള്‍ കഷ്ടപ്പെടുന്നു. സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം പോലും അസാധ്യമായ സാഹചര്യത്തില്‍ യു.എന്നിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന World Food Programme (WFP), International Committee of the Red Cross (ICRC)  തുടങ്ങി വിവിധ ചാരിറ്റി സംഘടനകള്‍ സിറിയയില്‍ സഹായമെത്തിക്കാന്‍ സൌകര്യം നല്‍കണമെന്ന് ബശ്ശാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈജിപ്ത്-സുഡാന്‍ ബന്ധങ്ങളില്‍മഞ്ഞുരുക്കം
കഴിഞ്ഞവാരം നടന്ന സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീറിന്റെ ഈജിപ്ത് സന്ദര്‍ശനം അറബ് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന അനേകം പ്രശ്നങ്ങളുണ്ട്. അന്താരാഷ്ട്ര തലങ്ങളില്‍ സുഡാന്റെ ആവശ്യങ്ങള്‍ക്ക് ഈജിപ്തിന്റെ പിന്തുണ നേടിയെടുക്കുകയെന്നതും ഉമറുല്‍ ബശീര്‍ ലക്ഷ്യമിടുന്നുണ്ട്. പുറത്താക്കപ്പെട്ട ഏകാധിപതി ഹുസ്നി മുബാറക്കിന്റെ അവസാന കാലത്ത് ഏറെ വഷളായ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുര്‍സിയുമായുള്ള കൂടിക്കാഴ്ചയില്‍ സാധിച്ചതായി അറബ് മാധ്യമങ്ങള്‍ വിലയിരുത്തി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ, കാര്‍ഷിക മേഖലയുടെ പരിപോഷണം, രാജ്യ സുരക്ഷാകാര്യങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായി ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വക്താവ് യാസിര്‍ അലി പറഞ്ഞു. സുഡാനിലെ വ്യവസായ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഈജിപ്ഷ്യന്‍ നിക്ഷേപകരെ സുഡാന്‍ പ്രസിഡന്റ് ക്ഷണിച്ചു. മാറിയ സാഹചര്യത്തില്‍ ഏതാണ്ട് ഒരേ ചിന്താധാരകളെ -ഒന്ന് ജനാധിപത്യവും മറ്റേത് മിലിട്ടറിസവുമാണെങ്കിലും - പ്രതിനിധീകരിക്കുന്ന മേഖലയിലെ രണ്ട് പ്രധാന രാജ്യങ്ങള്‍ തമ്മില്‍ അടുക്കുന്നത് രാഷ്ട്രീയ വൃത്തങ്ങള്‍ താല്‍പര്യപൂര്‍വമാണ് നോക്കിക്കാണുന്നത്.
ബാങ്ക്വിളിക്ക് ചെവികൊടുത്ത
റഷ്യന്‍ യുവതി ഇസ്ലാം ആശ്ളേഷിച്ചു
തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ വിനോദയാത്രക്കെത്തിയ റഷ്യന്‍ യുവതിയെ പള്ളി മിനാരങ്ങളില്‍നിന്നുതിര്‍ന്ന ബാങ്ക് വിളി ഇസ്ലാമിലെത്തിച്ചു. ബാങ്ക് മനം മാറ്റിയത് 25 കാരിയായ മാരിയ ലാബൊദല്‍സ്കി(ങമൃശമ ഹമയീ റലിസ്യെ)യെയാണ്. തുര്‍ക്കി പട്ടണമായ ഖൂനിയയില്‍ വെച്ച് ഇസ്ലാം ആശ്ളേഷിച്ച മാരിയ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തി വരുന്നു. ഇസ്ലാമിനെക്കുറിച്ച് വായിച്ചറിഞ്ഞ വിവരങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ ഇസ്ലാമിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടുവെന്നും മാരിയ പറഞ്ഞു. ഖൂനിയ നഗരത്തിലെ ഇസ്ലാമിക കേന്ദ്രം മേധാവി ശൈഖ് ശുക്രിയാണ് മരിയയെ ഇസ്ലാം ആശ്ളേഷിക്കാനും തുടര്‍ പഠനത്തിനും സഹായം നല്‍കുന്നത്. ഉസ്മാനിയ കാലഘട്ടത്തിലെ ഇസ്ലാമിക പൈതൃക ശേഷിപ്പുകളില്‍ ആകൃഷ്ടരായി വിദേശ വിനോദ സഞ്ചാരികള്‍ ഇസ്ലാമിനെ പഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ടെന്ന് ശൈഖ് ശുക്രി പറഞ്ഞു.
യൂറോപ്പിലെ മുസ്ലിം വളര്‍ച്ച
ജൂത ലോബിയെ അലട്ടുന്നുവെന്ന്
യൂറോപ്യന്‍ നാടുകളില്‍ ജനസംഖ്യാപരമായും സാമൂഹിക ഇടപെടലുകളിലൂടെയും മുസ്ലിം സമൂഹം സ്വാധീനം നേടുന്നത് യൂറോപ്യന്‍ ജൂത ലോബിയെ അലോസരപ്പെടുത്തുന്നു. ഇസ്ലാമിനെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടാന്‍ അവരെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകവും ഇതുതന്നെയാണ്. പാശ്ചാത്യ മാധ്യമങ്ങളിലെ സ്വാധീനമുപയോഗിച്ച് ഇസ്ലാമിനെതിരെ ഭീതി സൃഷ്ടിക്കുന്ന സയണിസ്റ് ചുവയുള്ള ഗവേഷണ ലേഖനങ്ങളും മുസ്ലിം ജനസംഖ്യാ വിവരണങ്ങളും മറ്റും നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്. എല്ലാ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഉപയോഗിച്ചാണ് ഇത്തരം കുപ്രചാരണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. യൂറോപ്പിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളും മാധ്യമ സ്ഥാപനങ്ങളും ജൂത ലോബിയുടെ കൈവശമായത് മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കാന്‍ സഹായിക്കുന്നു. അമേരിക്കന്‍ നാടുകളും യൂറോപ്പും കേന്ദ്രീകരിച്ച് ഇസ്ലാമിനെതിരെ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ജൂത തീവ്രവാദ ലോബിയുടെ തന്ത്രപരമായ നീക്കങ്ങളുടെ ഫലമാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍