മുസ്‌ലിംകള്‍ സ്വന്തമാക്കുന്ന ഭാവനയുടെ അധികാരങ്ങള്‍
മാലിപ്പുറം വളപ്പ് പന്തക്കല്‍ മുഹമ്മദ് എന്ന എറണാകുളം മഹാരാജാസ് കോളേജില്‍ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും മുഹമ്മദ് നബിയും ചില സവിശേഷതകള്‍ പങ്കിടുന്നുണ്ട്. ഒരു സാദാ വില്ലേജ് ഓഫീസറും നിയോ കണ്‍സര്‍വേറ്റീവുകളും ഒന്നിക്കുന്ന ഒരു ഭാവനാ ലോകം ഒരു പേരിനു ചുറ്റും ഉണ്ടാവുന്ന ഒരു ലോക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.
ഈജിപ്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കോപ്റ്റിക് ക്രൈസ്തവനെന്ന് പറയപ്പെടുന്ന സാം ബാസിലി നിര്‍മിച്ച സിനിമയായ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്’ആണ് മുസ്‌ലിംകളുമായി ബന്ധപ്പെട്ട പുതിയ മത/രാഷ്ട്രീയ വിവാദം. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മുന്‍ കോളനി രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം കുടിയേറ്റം ശക്തിപ്പെട്ട എണ്‍പതുകളുടെ അവസാനം തുടങ്ങിയ സല്‍മാന്‍ റുഷ്ദി വിവാദം മുതല്‍ ഇപ്പോള്‍ ഏകദേശം അവസാനിച്ച ഡാനിഷ് കാര്‍ട്ടൂണ്‍ വരെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യ’ചര്‍ച്ചകളുടെ പുതിയ പതിപ്പാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം നൂറ് സയണിസ്റ്റുകള്‍ ചേര്‍ന്ന് അഞ്ചു ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് 'ഇസ്‌ലാമിന്റെ കാപട്യം തുറന്നുകാട്ടുന്ന' സിനിമയുമായി രംഗത്ത് വന്നത്. ഡെസര്‍ട്ട് വാരിയര്‍ എന്ന് ആദ്യം പേര് നല്‍കിയെങ്കിലും കുറച്ചു കൂടി എരിവു പകരാന്‍ ഇന്നസന്‍സ് ഓഫ് ബിന്‍ലാദിന്‍’എന്നും ഒടുവില്‍ തീ ആളി കത്തിക്കാന്‍ ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്’എന്നും പേരു മാറുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ ഇത് ഈജിപ്ഷ്യന്‍അമേരിക്കന്‍ ബ്ലോഗറും കോപ്റ്റിക് െ്രെകസ്തവനുമായ മോറിസ് സാദിക് അറബിയിലേക്ക് ഡബ് ചെയ്ത് സാര്‍വത്രികമായ പ്രചാരണത്തിനിറക്കി ശരിക്കും ഒരു സംഭവമാക്കുകയായിരുന്നു. എന്താണ് ഈ സിനിമയുടെ രാഷ്ട്രീയം എന്നതിനെ കുറച്ചുള്ള ചര്‍ച്ചകളില്‍ ഏറെ മുഴച്ചു കാണുന്നത് 'കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും' 'വെറുപ്പുല്‍പാദിപ്പിക്കുന്ന പ്രസംഗങ്ങളും' തമ്മിലുള്ള വ്യത്യാസമാണ്. കല മനുഷ്യരെ ഒന്നിപ്പിക്കുമെന്നും ഇത്തരം വെറുപ്പുല്‍പ്പാദിപ്പിക്കുന്ന സിനിമകള്‍ മനുഷ്യരെ പരസ്പരം തമ്മില്‍ അകറ്റുമെന്നുമാണ് അതിന്റെ ന്യായം. അതായത്, കല നല്‍കുന്ന ഭാവനയുടെ ലോകം മനുഷ്യസ്വാതന്ത്ര്യത്തിന്റേതാണ് എന്നത് ഇക്കാലത്തെ കോമണ്‍സെന്‍സ് തന്നെ ആകുന്നു. ഈ വാദം അത്യന്തം സങ്കീര്‍ണമാണ്.
ഭാവനയുടെ ഈ സൗകര്യം തന്നെയല്ലേ മാലിപ്പുറം വളപ്പ് പന്തക്കല്‍ മുഹമ്മദ് എന്ന പി.ജി വിദ്യാര്‍ഥിക്ക് മുസ്‌ലിം തീവ്രവാദി വിഭാഗത്തില്‍പ്പെട്ടതല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ കേരളത്തിലെ സാദാ വില്ലേജ് ഓഫീസറും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. താനൊരിക്കലും അറിയാത്ത, നേരിട്ട് പരിചയമില്ലാത്ത, വേറെ ഏതോ ഒരു സാഹചര്യത്തില്‍ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ കുറിച്ച് തട്ടുതകര്‍പ്പന്‍ കഥയല്ലേ അയാള്‍ ഉണ്ടാക്കിയത്. അയാള്‍ തന്റെ ഭാവനക്കനുസരിച്ച് ഒരു കഥയുണ്ടാക്കി കടലാസില്‍ എഴുതി പ്രസിദ്ധീകരിച്ചു. ശരിക്കുമാലോചിച്ചാല്‍ നാമൊക്കെ സ്വകാര്യമായി പലതും എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. അതൊന്നും എഴുത്ത്’ആവാത്തത് അത് പൊതുജീവിതത്തിലേക്ക് പ്രവേശനം ലഭിക്കാത്തതിനാലാണ് (പ്രസിദ്ധീകരിക്കാത്തതിനാലാണ്). ഇവിടെ നമ്മുടെ വില്ലേജ് ഓഫീസര്‍ അത് വളരെ അനായാസമായി സര്‍ട്ടിഫൈ ചെയ്ത് പൊതുമണ്ഡലത്തിലേക്ക് കടത്തി വിടുന്നതില്‍ വിജയിച്ചിരിക്കുന്നു. ആരെങ്കിലും തീവ്രവാദിയാണ് എന്ന് സാക്ഷ്യപ്പെടുത്തിയാല്‍ അതങ്ങനെയല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ആരോപണം ഉന്നയിച്ചവനല്ല നേരെ തിരിച്ചു ആരോപിതന്‍ അത് ചെയ്തുകൊള്ളണം എന്ന സമകാലിക ഭരണകൂട മാധ്യമ യുക്തി ഈ സാക്ഷ്യപ്പെടുത്തലുകളില്‍ ഉണ്ട്.
ലോകത്തില്‍ തന്നെ മുസ്‌ലിംകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പേരാണ് മുഹമ്മദ്. 'തീവ്രവാദി വിഭാഗത്തില്‍പ്പെട്ടതല്ല' എന്ന സാക്ഷ്യപത്രം കിട്ടിയ കേരളത്തിലെ ഒരു മുസ്‌ലിമിന്റെ പേരും മുഹമ്മദാവുന്നത് അതുകൊണ്ട് കൂടിയാണ്. പ്രവാചകനെ വാക്കിലും നോക്കിലും ഒക്കെ കണിശമായി പിന്തുടരുന്ന ഒരു ജീവിത ലോകം ആണ് മുസ്‌ലിംകളുടേത്. ഡാനിഷ് കാര്‍ട്ടൂണ്‍, റുഷ്ദി വിവാദം ഇവയുടെയൊക്കെ സാഹചര്യത്തില്‍ സബാ മഹ്മൂദ് നിരീക്ഷിക്കുന്നത് മുസ്‌ലിംകള്‍ ഇത്ര വേഗം പ്രതികരിക്കുന്നത് ആ മുഹമ്മദ് എന്ന ആദര്‍ശ മാതൃകക്ക് ചുറ്റും സംഘടിപ്പിക്കപ്പെട്ട സവിശേഷമായ മത സ്വത്വം മൂലമാണ്. അതോടൊപ്പം ഈയൊരു സിനിമ(ഭാവന) തങ്ങളെ തന്നെ അധിനിവേശം ചെയ്യുന്ന ഒരു കൊളോണിയല്‍ ശക്തിയുടേതാണ് എന്ന തിരിച്ചറിവാണ്. ഈ തിരിച്ചറിവിന്റെ ആഴം മനസ്സിലാവണമെങ്കില്‍ ഇറാഖിലും അഫ്ഗാനിലും മാത്രം കൊല്ലപ്പെട്ടവരുടെ കണക്ക് എട്ടു മില്യന്‍ ആണ് എന്നറിഞ്ഞാല്‍ മതി. നാല് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടപ്പോഴേക്കും അമേരിക്കന്‍ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയെങ്കില്‍ എത്ര യുദ്ധ കപ്പലുകള്‍ ആണ് അമേരിക്ക കൊന്നതിനു പകരമായി നീങ്ങേണ്ടിയിരുന്നത്?
പക്ഷേ, ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഒരു കപ്പലും അമേരിക്ക ലക്ഷ്യമാക്കി നീങ്ങില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് മുസ്‌ലിം എന്ന ആശയം പുതിയ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇറാഖ് അടക്കമുള്ള സമകാലിക അധിനിവേശത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന തന്റെ ഫ്രെയിംസ് ഓഫ് വാര്‍: വെന്‍ ലയിഫ് ഈസ് ഗ്രീവബില്‍? എന്ന പുസ്തകത്തില്‍ ജൂഡിത് ബട്‌ലര്‍ നാം ലോകത്തെ കുറിച്ച് ആലോചിക്കുന്ന ഫ്രെയിമുകള്‍ ചില ജീവിതങ്ങളെയും മരണങ്ങളെയും കൂടുതല്‍ അനുശോചനവും വിലാപവും അര്‍ഹിക്കുന്നതും, ചില ജീവിതങ്ങളെയും മരണങ്ങളെയും ഒരു തരത്തിലുള്ള വിലാപമര്‍ഹിക്കാത്ത പാഴ്‌വസ്തുക്കളാക്കിയും മാറ്റുന്നുവെന്ന് പറയുന്നു. തങ്ങള്‍ പാഴ്‌വസ്തുക്കളല്ല എന്നും പ്രതിക്ഷേധിക്കാനും പ്രതികരിക്കാനും കഴിയുന്ന ഒരു ജനസമൂഹം ആണെന്നുമുള്ള പ്രഖ്യാപനമാണ് ഇറാഖ്-അഫ്ഗാന്‍ അനന്തര ലോകത്ത് മുസ്‌ലിംകള്‍ നിര്‍വഹിക്കുന്നത്. സൂക്ഷ്മമായി പറഞ്ഞാല്‍ മുസ്‌ലിം പ്രക്ഷോഭം എന്നത് കോളനിവിരുദ്ധ ഭാവനയുടെ ഒരു തിരസ്‌കാരമാണ്. ഈ പ്രക്ഷോഭങ്ങള്‍ നവകൊളോണിയലിസത്തിനെതിരെ ഒരു സ്വയം നിര്‍ണയത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നുണ്ട്. കൊളോണിയലിസം അടിസ്ഥാനപരമായി ഭാവനയുടെ ഒരു അധികാര ലോകം ആണ് എന്ന് പഠിപ്പിച്ചത് ഫ്രഞ്ച് അധിനിവേശത്തിനെതിരെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭാഗമായി പോരാടുകയും എഴുതുകയും ചെയ്ത ഫ്രാന്‍സ് ഫാനന്‍ ആയിരുന്നു. ഫാനനെ സംബന്ധിച്ചേടത്തോളം നീഗ്രോ എന്നത് ഒരു കൊളോണിയല്‍ ഭാവനയായിരുന്നു. ഫാനന്‍ പറയുന്നത് യൂറോപ്പ് നീഗ്രോയെ സൃഷ്ടിച്ചു. നീഗ്രോ നെഗ്രിറ്റൂഡിനെ സൃഷ്ടിച്ചു. അപകോളനിവത്കരണം യൂറോപ്പിനെ ഭാവനയില്‍ തന്നെ സ്വയം പുനര്‍നിര്‍മിക്കുന്നതല്ല, പകരം പുതിയ ഒരു ഭാവനയുടെ ഒരു നിര്‍മാണം(നെഗ്രിറ്റൂഡ്) ആണ് ലക്ഷ്യമിടുന്നതെന്നാണ് ഫനാന്‍ പറഞ്ഞത്.
അമേരിക്കയിലിരുന്ന് സിനിമ ഉണ്ടാക്കുന്നയാളുടെ ഭാവനയും കേരളത്തിലെ സാദാ വില്ലേജ് ഓഫീസറുടെ ഭാവനയും ഒരു പ്രത്യേക തരത്തിലുള്ള ഒരു മുസ്‌ലിമിനെ നിര്‍മിച്ചെടുക്കുന്നുണ്ട്. അത്തരം ഭാവനകളോട് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കുന്നതിലുപരി ആ ഭാവനയെ തന്നെ തിരസ്‌കരിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ കര്‍തൃത്വത്തിന്റെ ഭാഗമാണ് എസ്.ഐ.ഒ എറണാകുളം ജില്ലാ സമിതി മാലിപ്പുറത്തെ എളങ്കുന്നപ്പുഴ വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് മുതല്‍ ലോകമെങ്ങും അലയടിക്കുന്ന യു.എസ് എംബസി ഉപരോധവും. അത് സ്വയം ഭാവന ചെയ്യാനുള്ള മുസ്‌ലിംകളുടെ അധികാരത്തെ തിരിച്ചു പിടിക്കാനുള്ളതാണ്.
Comments