രാഷ്ട്രീയ ഐക്യം മുസ്‌ലിം ഇന്ത്യയുടെ അതിജീവന പാഠങ്ങള്‍
താങ്കളെ പരിചയപ്പെടുത്തി തുടങ്ങാം.
കുടുംബം, വിദ്യാഭ്യാസം....?
1954-ല്‍ ലഖ്‌നൗവിലാണ് ഞാന്‍ ജനിച്ചത്. നദ്‌വത്തുല്‍ ഉലമയുടെ ഒരു ബ്രാഞ്ച് ലഖ്‌നൗവിലെ തബ്‌ലീഗ് മര്‍കസിനോട് ചേര്‍ന്നുണ്ടായിരുന്നു. അവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായിലെ ഹിഫ്ദ് വിഭാഗത്തില്‍ ചേര്‍ന്നു. ഹാഫിദ് ഇഖ്ബാല്‍ സാഹിബ്, ഹാഫിദ് ഹശ്മത്തുല്ല സാഹിബ് എന്നീ ഉസ്താദുമാരുടെ മേല്‍നോട്ടത്തില്‍ ഹിഫ്ദ് കോഴ്‌സ് പൂര്‍ത്തിയാക്കി. 1974-ല്‍ നദ്‌വയില്‍ ആലിമിയത്ത് പൂര്‍ത്തിയാക്കി ഫദീലത്ത് കോഴ്‌സിനു ചേര്‍ന്നു. 1975-ല്‍ ഫദീലത്തിന് പഠിച്ച് കൊണ്ടിരിക്കെ ദാറുല്‍ ഉലൂമില്‍ ഒരു വലിയ കോണ്‍ഫറന്‍സ് നടന്നു. റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സ്‌ലര്‍ ഡോ. അബ്ദുല്ലാഹിബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അത്തുര്‍ക്കി അതില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ വെച്ച് ആ വര്‍ഷം ഉയര്‍ന്ന മാര്‍ക്കോടെ ഫദീലത്ത് പൂര്‍ത്തിയാക്കുന്ന നാല് വിദ്യാര്‍ഥികള്‍ക്ക് തന്റെ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനവസരമൊരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1976-ല്‍ ഫദീലത്ത് ഉയര്‍ന്ന മാര്‍ക്കോടെ പാസായ ആ നാലു പേരില്‍ ഒന്നാമന്‍ ഞാനായിരുന്നു. അങ്ങനെ ഞങ്ങള്‍ നാലു പേരും റിയാദ് യൂനിവേഴ്‌സിറ്റിയില്‍ ഉലൂമുല്‍ ഹദീസില്‍ (1977-1980) പി.ജി കോഴ്‌സിന് ചേര്‍ന്നു. ഫസ്റ്റ് റാങ്കോടെ പാസായ എനിക്ക് പി.എച്ച്.ഡിക്ക് അതേ സ്ഥാപനത്തില്‍ അവസരം ലഭിച്ചു. എന്റെ വിഷയം ഏതായിരിക്കണമെന്നതിനെക്കുറിച്ച് ഗൈഡും ഹദീസ് വിഭാഗം മേധാവിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. അതങ്ങനെ നീണ്ടുപോയപ്പോള്‍, എനിക്ക് ഇന്ത്യയില്‍ ഒരുപാട് ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് പറഞ്ഞ് പി.എച്ച്.ഡി സ്വപ്നം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോന്നു. 1980-ല്‍ തന്നെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്നു. ഒപ്പം യുവാക്കളെയും പണ്ഡിതന്മാരെയും വിവിധ മുസ്‌ലിം നേതാക്കളെയും ചേര്‍ത്ത് നിര്‍ത്തി ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമവും തുടങ്ങി.
എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളുമായും അവരുടെ ഉന്നത മതകലാലയങ്ങളുമായും താങ്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇതെങ്ങനെ സാധിച്ചു?
1974-ല്‍ ഞാന്‍ ആലിമിയത്തിന് പഠിക്കുമ്പോള്‍ നദ്‌വയില്‍ ഒരു മഹാസമ്മേളനം നടന്നു. അതില്‍ ഫൈനല്‍ വിദ്യാര്‍ഥികളായ ഞങ്ങള്‍ 32 പേര്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചിരുന്നു. വേദിയില്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ മന്‍സൂര്‍ നുഅ്മാനി തുടങ്ങി ഇന്ത്യയിലെ മിക്ക പ്രമുഖ പണ്ഡിതന്മാരുമുണ്ട്. നദ്‌വത്തുല്‍ ഉലമായുടെ മജ്‌ലിസ് ശൂറ നടക്കുന്ന സന്ദര്‍ഭമായതിനാല്‍ ശൂറാ അംഗങ്ങളും ഉണ്ടായിരുന്നു. സമ്മേളനത്തിനിടെ നടന്ന ശൂറയില്‍ പഠനശേഷം പലയിടങ്ങളിലായി ചിതറിപ്പോകുന്ന വിദ്യാര്‍ഥികളെ ഏകോപിപ്പിക്കാനും അവരെ പരസ്പരം സഹകരിപ്പിക്കാനും ഒരു കൂട്ടായ്മ രൂപീകരിക്കണമെന്ന് തീരുമാനിച്ചു. ഫൈനല്‍ ബാച്ചിലെ ഞങ്ങള്‍ 32 പേരെ ചേര്‍ത്ത് 'അന്‍ജുമന്‍ ശബാബുല്‍ ഇസ്‌ലാം' എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ഞങ്ങളുടെ ക്ലാസില്‍ നിന്നാരംഭിച്ച ആ സംരംഭം പിന്നീട് വ്യത്യസ്ത മതകലാലയങ്ങളിലേക്കും സംഘടനകളിലേക്കും വളരുകയായിരുന്നു. നദ്‌വയില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളില്‍ എല്ലാ സംഘടനക്കാരും പ്രദേശക്കാരുമുണ്ടായത് കാരണം ആ കൂട്ടായ്മ സംഘടനാതീതമായി വളര്‍ന്നു. വ്യത്യസ്ത ആശയങ്ങളെ ബന്ധിപ്പിക്കുന്ന പാലമായി അത് വര്‍ത്തിക്കുകയും ചെയ്തു. പലരും തുടര്‍വിദ്യാഭ്യാസത്തിനായി മറ്റ് മത കലാലയങ്ങളില്‍ ചേര്‍ന്നത് കാരണം ആ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും ഈ കൂട്ടായ്മ അവസരമൊരുക്കി. അങ്ങനെ ഇന്ത്യയിലെ പ്രശസ്ത മദ്‌റസകളായ ദാറുല്‍ ഉലൂം ദയൂബന്ദ്, മസാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍, ജാമിഅ സലഫിയ്യ ബനാറസ് തുടങ്ങിയവയിലെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും ബന്ധം സ്ഥാപിച്ചു. കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് ഞാനുണ്ടായിരുന്നത് കാരണം ഈ സ്ഥാപനങ്ങളും സംഘടനാ നേതാക്കളുമായുമെല്ലാം ചെറുപ്പത്തില്‍ തന്നെ എനിക്ക് ബന്ധപ്പെടാനവസരം ലഭിച്ചു. അങ്ങനെയാണ് സംഘടനകളെയും മുസ്‌ലിം ഇന്ത്യയെയും ഞാന്‍ അടുത്തറിഞ്ഞത്.
സംഘടനകളെയും നേതാക്കളെയും അടുത്തറിയാനവസരം ലഭിച്ച ആദ്യാനുഭവങ്ങള്‍?
1975-ല്‍ നദ്‌വത്തുല്‍ ഉലമയില്‍ ഒരു വലിയ വിദ്യാഭ്യാസ കോണ്‍ഫറന്‍സ് നടത്താനും അതിലേക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരെയും സ്ഥാപന മേധാവികളെയും ക്ഷണിക്കാനും തീരുമാനിച്ചു. അതിനുവേണ്ടി മൗലാന അബ്ദുല്‍ അസീസ് ബട്ക്കലി നദ്‌വിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചു. ഞാനും അതിലംഗമായിരുന്നു. ഇന്ത്യയിലുടനീളം 5000 കിലോമീറ്റര്‍ ഞങ്ങള്‍ പര്യടനം നടത്തി. ഝാന്‍സി, ഭോപാല്‍, ഹൈദരാബാദ്, തമിഴ്‌നാട്, കേരള, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, യുപി. എന്നിവിടങ്ങളെല്ലാം ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടങ്ങളിലെ പ്രഗത്ഭ പണ്ഡിതരുമായി സംവദിക്കാനും പരിചയപ്പെടാനും അവരുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. അതൊരു വലിയ അനുഭവമായിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരെ മനസിലാക്കാനും അടുത്തറിയാനും സാധിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വവുമായും സലഫി പ്രസ്ഥാന നേതാക്കളുമായും സൂഫികളുമായും ദയൂബന്ദിലെ പണ്ഡിതന്മാരുമായുമെല്ലാം ഞങ്ങള്‍ സംവദിച്ചു. അന്ന് എനിക്ക് 20 വയസായിരുന്നു. എല്ലാ വിഭാഗക്കാരും ഇസ്‌ലാമിന്റെ വളര്‍ച്ചയും നന്മയുമാണ് ലക്ഷ്യം വെക്കുന്നതെന്നും ആത്മാര്‍ഥമായാണ് അവരെല്ലാം പ്രവര്‍ത്തിക്കുന്നതെന്നും എനിക്ക് മനസ്സിലായി. ലഭ്യമായ വിവരങ്ങളിലും വിഭവങ്ങളിലും ഏറ്റവ്യത്യാസമുള്ളതിനാല്‍ കാഴ്ചപ്പാടിലും ആശയത്തിലും അവര്‍ വ്യത്യസ്തരാവുന്നത് സ്വാഭാവികം. പരസ്പരമുള്ള മതിലുകള്‍ പൊളിച്ചാല്‍ അറിവുകളും അനുഭവങ്ങളും പങ്ക് വെക്കാനാവുമെന്നും അത് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെത്തന്നെ മാറ്റുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
പിന്നീട് ഈ രംഗത്ത് എന്തെങ്കിലും പുതിയ കാല്‍വെപ്പുകള്‍? അന്‍ജുമന്‍ ശബാബിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമായിരുന്നു?
1981-82 കാലത്ത് ഞാന്‍ നദ്‌വയില്‍ അധ്യാപനരംഗത്താണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ശരീഅ വിഭാഗം കൂടുതല്‍ സജീവമാക്കി. പ്രബന്ധങ്ങള്‍ കാര്യക്ഷമവും ഈടുറ്റതുമാക്കി. 1982-ന്റെ അവസാനകാലത്താണ് അന്‍ജുമന്‍ ശബാബിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ ശ്രദ്ധയൂന്നുന്നത്. വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതര സംസ്ഥാനങ്ങളില്‍ അവരോടൊപ്പം പര്യടനങ്ങള്‍ നടത്തി. അവിടങ്ങളില്‍ നദ്‌വ പൂര്‍വ വിദ്യാര്‍ഥികളെ ചേര്‍ത്ത് ശബാബിന് ഘടകങ്ങളുണ്ടാക്കി. ഈ സന്ദര്‍ഭത്തില്‍ തന്നെ ദയൂബന്ദിലെ സഈദ് അഹ്മദ് അക്ബറാബാദി, മൗലാന സഈദ് അഹ്മദ് പാലന്‍പൂരി, മൗലാന അസ്അദ് മദനി, അര്‍ശദ് മദനി തുടങ്ങിയ പണ്ഡിതന്മാരെ സന്ദര്‍ശിച്ചു. എല്ലാവരെയും ശബാബിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ഇതിന്റെ അടിസ്ഥാന കാര്യങ്ങളോട് യോജിച്ച അവര്‍ സഈദ് അഹ്മദ് അക്ബറാബാദിയുടെ നേതൃത്വത്തില്‍ ജംഇയ്യത്തു ശബാബിന്റെ ഒരു സമ്മേളനം ദയൂബന്ദില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളോട് ശബാബിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് അക്ബറാബാദി അഭ്യര്‍ഥിച്ചു. ദയൂബന്ദ് ഒന്നടങ്കം അതിനോട് യോജിച്ചു. പക്ഷേ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് വിമുഖത കാണിച്ചതിനാല്‍ അത് വേണ്ടരീതിയില്‍ കര്‍മമേഖലയില്‍ പ്രതിഫലിച്ചില്ല. അല്ലായിരുന്നുവെങ്കില്‍ ദയൂബന്ദിന്റെയും സലഫിയ്യയുടെയും നദ്‌വത്തുല്‍ ഉലമായുടെയും ഇതര മദ്‌റസകളുടെയും വിദ്യാര്‍ഥികളുടെ ഒരു വന്‍ സംഘടിത രൂപമായി ശബാബ് പരിണമിച്ചേനെ. അത് ഇന്ത്യയില്‍ വലിയ മാറ്റത്തിനും നവോത്ഥാനത്തിനും നിമിത്തമാവുകയും ചെയ്യുമായിരുന്നു. അങ്ങനെ സാധ്യമായില്ലെങ്കിലും ശബാബ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയി. അറബ് ലോകത്തും അത് പരിചയപ്പെടുത്തപ്പെട്ടു. അലീഗഡിലും മറ്റും പഠിച്ചിരുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രവര്‍ത്തകര്‍ ശബാബുമായി സഹകരിച്ച് പല സംസ്‌കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകവെ, അബുല്‍ ഹസന്‍ അലി നദ്‌വിയുടെ നിരന്തര ആവശ്യപ്രകാരം എനിക്ക് ഗ്രന്ഥരചനയിലേക്കും എഴുത്തിലേക്കും ശ്രദ്ധ തിരിക്കേണ്ടിവന്നു. അറബിയില്‍ നിന്ന് ഉര്‍ദുവിലേക്കും തിരിച്ചും ഒരു പാട് ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്തത് ഇക്കാലത്താണ്. ശബാബിന്റെ മാസാന്ത ക്യാമ്പുകളും വാര്‍ഷിക പ്രോഗ്രാമുകളും സജീവമായി അപ്പോഴും തുടര്‍ന്നു. യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൗലാനാ അബുല്‍ ഹസന്‍ നദ്‌വിയുടെ മുഖ്യ പ്രഭാഷണങ്ങളായിരുന്നു ആ സമ്മേളനങ്ങളുടെ സവിശേഷത.
ശബാബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടയിലാണ്, സംഘടന മുന്നോട്ട് വെക്കുന്ന വിശാലാര്‍ഥത്തിലുള്ള കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആവശ്യമാണെന്ന് ചിന്ത ഉണ്ടായത്. അങ്ങനെയാണ് 1985-ല്‍ ജാമിഅ സയ്യിദ് അഹ്മദ് ശഹീദ് സ്ഥാപിതമായത്. ഭൗതിക വിദ്യാഭ്യാസവും ആത്മീയ വിദ്യാഭ്യാസവും ഇഴ ചേര്‍ത്ത വിദ്യാഭ്യാസ പദ്ധതിയാണവിടെ നടപ്പാക്കിയത്. അതിന് പിന്നീട് ഒരുപാട് ശാഖകള്‍ ഉണ്ടായി. അതിന് കീഴില്‍ മദ്‌റസകള്‍, ആശുപത്രികള്‍, ടെക്‌നിക്കല്‍ സ്‌കൂളുകള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ഇടയിലുള്ള അകലം കുറക്കാനും ഇരുസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമായുള്ള ബന്ധം സുദൃഢമാക്കാനുമാണ് ഞങ്ങള്‍ ശ്രദ്ധ വെച്ചത്. അതില്‍ ഏറെക്കുറെ ഞങ്ങള്‍ വിജയിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. പോകുന്നിടത്തെല്ലാം അതിന് ബ്രാഞ്ചുകളുണ്ടാക്കി. ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കാള്‍ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്. അതാണ് കാലവും സമുദായവും ആവശ്യപ്പെടുന്നതും.
ഐക്യ ശ്രമങ്ങളും മറ്റും വിദ്യാഭ്യാസ മേഖലയില്‍ പരിമിതമാണോ? രാഷ്ട്രീയത്തില്‍ വല്ല ചുവടുവെപ്പിനും ശ്രമിച്ചിട്ടുണ്ടോ?
ഇന്ന് രാഷ്ട്രീയം ചൂഷണോപാധിയാണ്. വളരെ നിന്ദ്യവും പരിതാപകരവുമായ നിലയിലേക്ക് അത് അധഃപതിച്ചിരിക്കുന്നു. നീതിയുടെയും നന്മയുടെയും ജനസേവനത്തിന്റെതുമായ ഖുലഫാഉറാശിദുകള്‍ കാണിച്ചുതന്ന മാതൃകകള്‍ പുനഃസ്ഥാപിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഈ ലക്ഷ്യാര്‍ഥം മുസ്‌ലിം-അമുസ്‌ലിം പാര്‍ട്ടികളെയും സംഘടനകളെയും ഒരുമിച്ച് കൂട്ടാന്‍ ഈ വര്‍ഷം ഇത്തിഹാദ് ഫ്രന്റ് എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിരുന്നു. വലിയ തയാറെടുപ്പുകളൊന്നും ഇല്ലാതിരുന്നിട്ടും ഇക്കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടാന്‍ സഖ്യത്തിന് കഴിഞ്ഞുവെന്നത് ആവേശം നല്‍കുന്ന അനുഭവമാണ്. 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ കൂട്ടായ്മ വളര്‍ത്താനും വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കോണ്‍ഗ്രസ് അല്ലെങ്കില്‍ ബി.ജെ.പി എന്ന സ്ഥിരം നാടകം അവസാനിക്കേണ്ടതുണ്ട്. ബി.ജെ.പിയെ കാട്ടി പേടിപ്പിച്ച് മുസ്‌ലിം വോട്ടുകള്‍ നേടുന്ന കോണ്‍ഗ്രസ് നയത്തെ മറിച്ചിടാന്‍ സാധിക്കണം. ഇതിന് ഒരു മൂന്നാം മുന്നണി രംഗത്ത് വന്നേ മതിയാകൂ. മാനവിക നന്മയിലും മൂല്യത്തിലും അടിയുറച്ച് നില്‍ക്കുന്ന എല്ലാ മതവിഭാഗങ്ങളെയും സംഘടനകളെയും ഒരുമിച്ച് ചേര്‍ത്ത് ഈ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ നമുക്ക് സാധിക്കണം. അതിനുള്ള ആസൂത്രണങ്ങളിലും ശ്രമങ്ങളിലുമാണിപ്പോള്‍ ഇത്തിഹാദ് ഫ്രന്റ് ഉള്ളത്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരു പൊതു നേതൃത്വമില്ലാത്തതാണ് അവരുടെ മുഖ്യപ്രശ്‌നമെന്ന വിലയിരുത്തലിനെ എങ്ങനെ കാണുന്നു?
മുസ്‌ലിംകള്‍ക്കിവിടെ ഒരുപാട് സംഘടനകളുണ്ട്. അവക്കെല്ലാം പ്രഗത്ഭരായ നേതാക്കളുമുണ്ട്. അവരുടെ കര്‍മ മണ്ഡലങ്ങളില്‍ പ്രോത്സാഹജനകമായ പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ട് പോകുന്നുമുണ്ട്. ഇവരെല്ലാം ഒരുമിച്ചുചേരുന്ന കൂട്ടായ്മകളും ഇന്ത്യയിലുണ്ട്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉദാഹരണം.
നമുക്ക് നേതൃത്വവും സംയുക്തവേദിയുമില്ലാത്തത് രാഷ്ട്രീയരംഗത്ത് മാത്രമാണ്. കാലവും സമുദായവും തേടുന്ന ഏറ്റവും വലിയ ആവശ്യവും അതാണ്. ചില സംസ്ഥാനങ്ങളില്‍ കരുത്ത് തെളിയിച്ച രാഷ്ട്രീയ സംഘടനകള്‍ മാത്രമാണിന്ന് മുസ്‌ലിംകള്‍ക്കുള്ളത്. ആസാമില്‍ ബദ്‌റുദ്ദീന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ, ഹൈദരാബാദില്‍ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, കേരളത്തില്‍ മുസ്‌ലിം ലീഗ് തുടങ്ങിയവ. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും ഈ രംഗത്തേക്ക് വന്നിരിക്കുന്നു. എന്നാല്‍, ഈ സംഘടനകളും മറ്റിതര മതസ്ഥരുടെ വേദികളും ഒരുമിച്ച് ചേരുന്ന രാഷ്ട്രീയ ശക്തിയാണ് നിലവില്‍ വരേണ്ടത്. ഈ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു യു.പിയിലെ ഇലക്ഷന് മുമ്പ് 'ഇത്തിഹാദ് ഫ്രന്റ്' രൂപീകരിച്ചത്. മതവിഷയങ്ങളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്ന സാമുദായിക കൂട്ടായ്മ ഉണ്ടായതുപോലെ, രാഷ്ട്രീയത്തിലും ഒരു നേതൃകൂട്ടായ്മ അനിവാര്യമായിരിക്കുന്നു. മീഡിയാ രംഗത്തുള്ള സജീവമായ ഇടപെടലാണ് സമുദായം അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു രംഗം. പ്രിന്റ് മീഡിയയുടെയും ഇലക്‌ട്രോണിക്‌സ് മീഡിയയുടെയും അഭാവമാണ് മുസ്‌ലിം സമുദായം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളുടെയും മുഖ്യകാരണങ്ങളിലൊന്ന്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങളും മദ്ഹബ് നിലപാടുകളും നിലനിര്‍ത്തുമ്പോള്‍ തന്നെ ഇത്തരം പൊതു ആവശ്യങ്ങള്‍ക്കായി വിശാലത കാണിക്കുവാന്‍ സംഘടനകള്‍ക്ക് സാധിക്കണം. ഇവിടെ നമ്മള്‍ ഐക്യപ്പെട്ടില്ലെങ്കില്‍ ദീനുല്‍ ഇസ്‌ലാമിന്റെ പ്രതിനിധികളാണെന്ന് പറയാന്‍ നമുക്കെന്തര്‍ഹതയാണുള്ളത്.
Comments