ഗുജറാത്തിന് പഠിക്കുന്ന കര്‍ണാടക
2012 ആഗസ്റ്റ് 15. രാജ്യം സ്വാതന്ത്ര്യത്തിന്റെ ഓര്‍മ പുതുക്കുന്ന ദിവസത്തില്‍ ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ജീവനും വാരിപ്പിടിച്ച് നാട്ടിലേക്ക് വണ്ടി കയറാനെത്തിയ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ നീണ്ട നിരയായിരുന്നു. പൊതുവെ തിരക്കുള്ള സ്റ്റേഷനില്‍ തുടക്കത്തില്‍ ഈ കാത്തുനില്‍പ്പ് ആരുടെയും ശ്രദ്ധയില്‍ പതിഞ്ഞില്ല. എന്നാല്‍, ഗുവാഹത്തിയിലേക്ക് പോകുന്ന ട്രെയിനില്‍ കയറിക്കൂടാനായി 6000ത്തിലധികം യാത്രക്കാര്‍ ഒന്നിച്ചെത്തി. സ്റ്റേഷനും പരിസരവും ഈ തിരക്കില്‍ വീര്‍പ്പുമുട്ടി. അപ്പോഴാണ് റെയില്‍വേ അധികൃതര്‍ സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കുന്നത്. ആസാമിലേക്ക് സ്ഥിരമായി പോകുന്ന ട്രെയിനിനു പുറമെ 4000 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന രണ്ടു വണ്ടികള്‍ കൂടി നടുപ്പാതിരക്ക് റെയില്‍വേ അധികൃതര്‍ക്ക് വിടേണ്ടിവന്നു. എന്താണ് തിരക്കിന്റെ കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് ചെറിയപെരുന്നാളിന് ശേഷം ആസാം കൂട്ടക്കൊലക്ക് പകരം വീട്ടുമെന്ന ഭീതിയാണ് ഉള്ളതെല്ലാം പെറുക്കികൂട്ടി നാട്ടിലേക്ക് വണ്ടി കയറാനെത്തിയതിന്റെ കാരണമെന്ന് സ്റ്റേഷനിലെത്തിയവരില്‍ ചിലര്‍ അടക്കം പറഞ്ഞത്.
എസ്.എം.എസ് വഴിയും വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടുകളിലെത്തിയും ഇത്തരം ഭീഷണികളുണ്ടായിട്ടുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണ് ഈ പലായനമെന്നും വാര്‍ത്ത പടര്‍ന്നതോടെ ആ രാത്രി തന്നെ കര്‍ണാടകയുടെ ആഭ്യന്തരമന്ത്രി ആര്‍. അശോക് സ്റ്റേഷനില്‍ പാഞ്ഞെത്തി. ഇത്തരം സന്ദേശം ലഭിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറഞ്ഞു. എന്നാല്‍, സ്റ്റേഷനിലെത്തിയവരിലാരുടെ മൊബൈലിലേക്കും അത്തരമൊരു സന്ദേശം വന്നിരുന്നില്ല. ആഭ്യന്തരമന്ത്രി ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഉത്തരം മൗനമായിരുന്നു. ചിലര്‍ സുഹൃത്തുക്കള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു. ഇത് വ്യാജ പ്രചാരണമാണെന്നും അതില്‍ വിശ്വസിച്ച് സംസ്ഥാനം വിടരുതെന്നും മന്ത്രി തൊണ്ട കീറി പറഞ്ഞെങ്കിലും ആരും കേട്ടില്ല. രാത്രി ഇരുട്ടി വെളുത്തപ്പോഴേക്ക് 6000ത്തിലധികം പേര്‍ ആസാമിലേക്കുള്ള വണ്ടിയില്‍ സംസ്ഥാനം വിട്ടിരുന്നു. നേരം പുലര്‍ന്നതോടെ കഥ മാറി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഒരു ഭീഷണിയുമില്ലെന്നും തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും അദ്ദേഹത്തിന്റെറ വീട്ടില്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവരോട് ആണയിട്ടു. മണിപ്പൂര്‍ സ്വദേശിയായ ഡി.ജി.പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എല്ലാം കേട്ട് അവര്‍ തിരിച്ചുപോയി. എന്നാല്‍, രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഒഴുക്കു തുടര്‍ന്നു. സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമായിരുന്നു എങ്ങും. എല്ലാവരുടെ കണ്ണുകളിലും എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ഭീതി.
ആ സാഹചര്യത്തിലും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും എഴുതിയ പ്ലക്കാര്‍ഡുകളുമായി സ്റ്റേഷനിലെത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ആറു പേര്‍ അടങ്ങുന്ന സംഘമാണ് സ്റ്റേഷനിലെത്തിയതെങ്കിലും അതുവരെ മൗനം പാലിച്ചവര്‍ക്ക് സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് രംഗത്തിറങ്ങാന്‍ അത് പ്രേരകമായി. ആര്‍.എസ്.എസ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സ്റ്റേഷനിലെത്തി. മുസ്‌ലിം സംഘടനകളും മറ്റും രംഗത്തിറങ്ങി. സര്‍ക്കാര്‍ മിഷ്‌നറി സജീവമായി. ആരോ പറഞ്ഞുപരത്തിയ കെട്ടുകഥ മാത്രമാണിതെന്ന് എല്ലാവരും ആവര്‍ത്തിച്ചു. എന്നിട്ടും ഭീതി ഒഴിയാതെ പലായനം തുടര്‍ന്നു. ആഗസ്റ്റ് 16,17,18 തീയതികളിലായി ബംഗളുരുവില്‍നിന്ന് മാത്രം 30000ത്തിലധികം വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ തിരിച്ചു പോയി. ഹൈദരാബാദിലും ഇതാവര്‍ത്തിച്ചു. രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം എത്ര ദുര്‍ബലമാണെന്നതിന്റെ ഏറ്റവും ശക്തമായ തെളിവായി ഈ സംഭവത്തെ കാണാം.
വെറുമൊരു വ്യാജ പ്രചാരണത്തിന്റെ പേരില്‍ പോലും എല്ലാം വാരിപ്പിടിച്ച് ജനം ഓടിരക്ഷപ്പെടുന്ന സാഹചര്യം. മഹത്തായ സംസ്‌കൃതി അവകാശപ്പെടുന്ന ഒരു രാജ്യത്ത് സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ ആഴം എത്രമാത്രം ഭീതിദമാണെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. രാജ്യമൊട്ടാകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഒരു ചെറിയ തീപ്പൊരി നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിഗോളമായി മാറുമെന്ന സ്ഥിതിവിശേഷം എല്ലായിടത്തുമുണ്ട്, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും. പുറമേക്ക് അത് പ്രകടമല്ലെങ്കിലും അകത്ത് വര്‍ഗീയ ധ്രുവീകരണത്തിന്റെ വേരുകള്‍ അതിവേഗം പടരുകയാണ്. ബി.ജെ.പി അധികാരത്തിലെത്തുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ ഇതുണ്ടാവൂ എന്നും ഗുജറാത്ത് മോഡല്‍ കൂട്ടക്കുരുതിയിലാണ് വര്‍ഗീയത വളരുന്നതെന്നും വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. അതൊരു മനഃസ്ഥിതിയാണ്. രാജ്യം അതിവേഗം അതിന്റെ പിടിയിലായിക്കൊണ്ടിരിക്കുന്നു. ഏതു നിമിഷവും പൊട്ടാന്‍ പോകുന്ന ഒരഗ്നിപര്‍വതത്തിന്റെ പുറത്താണ് നാം നിലകൊള്ളുന്നത് എന്നതാണ് വസ്തുത.
1990-ല്‍ അദ്വാനിയുടെ രഥം ഉരുണ്ടതിനു പിറകെയാണ് ഫാഷിസത്തിന് രാജ്യത്ത് രാഷ്ട്രീയ ശക്തിയും സംഘടിത രൂപവും ഉണ്ടാവുന്നത്. അതിന്റെ ഏറ്റവും വളക്കൂറുള്ള മണ്ണായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു പിറകെ കര്‍ണാടകയും മാറി. വര്‍ഗീയത വേരുപിടിക്കുന്നത് ഒരു സുപ്രഭാതത്തിലല്ല. അത് പതിയെ പതിയെയാണ് സമൂഹത്തിലേക്ക് വരുന്നത്. 1990 മുതല്‍ 2000 വരെ ആറു മാസത്തിലൊരിക്കല്‍ കര്‍ണാടകയില്‍ ഒരു വര്‍ഗീയ സംഘര്‍ഷം എന്നതായിരുന്നു കണക്കുകള്‍. എന്നാല്‍, 2000 മുതല്‍ 2002 വരെ മാസത്തിലൊരിക്കല്‍ എന്നതായി സാഹചര്യം. 2002 മുതല്‍ 2004 വരെ ആഴ്ചയിലൊരു സംഘര്‍ഷം എന്ന രീതിയിലേക്ക് പുരോഗമിച്ചു. വര്‍ഗീയ മനസ് ശക്തിപ്പെടുന്നത് എങ്ങനെയാണ് എന്നതിന്റെ വ്യക്തമായ ചൂണ്ടു പലകയാണിത്. 1998-നും 2008-നുമിടയില്‍ കര്‍ണാടകയില്‍ മാത്രം വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 36000 കേസുകളാണ്. ഇതിലൊന്നും കാര്യമായ നടപടിയുണ്ടായില്ല. വര്‍ഗീയത വേരുപിടിച്ച പശിമയുള്ള മണ്ണില്‍ താമര വിരിഞ്ഞു. 2008-ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീടങ്ങോട്ട് അധികാരത്തിന്റെ ബലത്തിലായി കളികള്‍. ഇക്കാലയളവില്‍ സംസ്ഥാനത്ത് സ്‌ഫോടനങ്ങളുണ്ടായി. ബംഗളുരിലും ഹുബ്ലിയിലും അത് സംഭവിച്ചു. 2009-ല്‍ മംഗലാപുരത്ത് ശ്രീരാം സേനയുടെ നേതൃത്വത്തില്‍ പബ്ബ് ആക്രമണം നടന്നു. പ്രമോദ് മുത്തലിക്കെന്ന ഒന്നാന്തരം ഫാഷിസ്റ്റ് ഈ സംഭവത്തോടെ മുഖ്യധാരയിലേക്ക് വന്നു. വടക്കുള്ള പ്രവീണ്‍ തൊഗാഡിയക്ക് പകരമായി തെക്ക് മുത്തലിക്കുണ്ടായി. 42 കേസുകളുണ്ടായിരുന്ന മുത്തലിക്കിന്റെ എല്ലാ കേസുകളും യെദിയൂരപ്പ മന്ത്രിസഭ എഴുതിതള്ളി. 2009-ല്‍ എ.ബി.വി.പിയുടെ തേര്‍വാഴ്ചയായിരുന്നു. ഈ കേസുകളും മന്ത്രിസഭ എഴുതി തള്ളി. 2012-ലും അതാവര്‍ത്തിക്കുന്നു. ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവതിയും സംസാരിച്ചാല്‍ വര്‍ഗീയ സംഘര്‍ഷമായി മാറാന്‍ നിമിഷങ്ങള്‍ മതിയെന്ന സാഹചര്യമാണുള്ളത്. ബല്‍ഗാമില്‍ അടുത്തിടെയുണ്ടായ നിസ്സാര സംഭവത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടു പേര്‍ക്ക്. എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കാമ്പസുകളിലും മറ്റും അക്രമം തുടര്‍ച്ചയായി നടക്കുന്നു. 2013-ല്‍ ഒരു തെരഞ്ഞെടുപ്പിലേക്കു കൂടി സംസ്ഥാനം പോകുകയാണ്. അധികാരത്തില്‍ എങ്ങനെയും തിരിച്ചെത്തുകയെന്ന അജണ്ട മാത്രമാണ് നാലു വര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാരെ മാറ്റേണ്ടിവന്ന് നാണംകെട്ട ബി.ജെ.പി സര്‍ക്കാറിനു മുന്നിലുള്ളത്. അഴിമതിയുടെ കറപുരളാത്ത, സര്‍ക്കാര്‍ ഭൂമി പതിച്ചുവില്‍ക്കാത്ത മന്ത്രിമാര്‍ ആരുമില്ലെന്ന് പറയാം. അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യത തീര്‍ത്തും വിരളമായ ഒരു സര്‍ക്കാറിനു മുന്നില്‍ അവശേഷിക്കുന്ന ഏക വഴിയാണ് വര്‍ഗീയതയുടെ പെരുമ്പറ. അതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ പിടികൂടിയ സംഭവം.
എന്താണ് കേസ്?
എം.പിമാര്‍, എം.എല്‍.എമാര്‍, ഹിന്ദുത്വ സംഘടനയിലെ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍കര്‍ എന്നിവരെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് ഹുബ്ലി, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നായി 11 പേരെ തിരുവോണ ദിനത്തില്‍ പിടികൂടുന്നു. പിന്നീട് വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നു പേരെ കൂടി പിടികൂടി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയിലെ എഞ്ചിനീയര്‍, ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടിയിലുള്ളത്. സമൂഹത്തിലെ ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ കന്നഡ പ്രഭ പത്രത്തിലെ കോളമിസ്റ്റ് പ്രതാപ് സിംഹയെയും എഡിറ്റര്‍ വിശ്വേശ്വര ഭട്ടിനെയും കൊല്ലാന്‍ പദ്ധതിയിട്ടുവെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. സുഊദി അറേബ്യയിലുള്ളവരുടെ നിര്‍ദേശ പ്രകാരമാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും ലശ്കറെ ത്വയ്യിബ, ഹുജി എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണിവരെന്നും പോലീസ് പറയുന്നു. അതേസമയം, പോലീസ് കള്ളക്കഥ ചമച്ചാണ് മുസ്‌ലിം യുവാക്കളെ പിടികൂടിയതെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനകം സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. പോലീസ് ഭാഷ്യത്തിലുള്ള പൊരുത്തക്കേടുകളും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 26-ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പിടികൂടിയെന്ന് എഫ്.ഐ.ആറില്‍ പറയുമ്പോള്‍ പോലീസ് കമീഷണര്‍ പറഞ്ഞത് മൂന്നു മാസത്തോളം നിരീക്ഷണം നടത്തിയതിന് ശേഷമാണ് അറസ്റ്റെന്നാണ്. അതുപോലെ 29-ന് രാവിലെ ബംഗളുരുവിലെ ഫഌറ്റില്‍ നിന്ന് പിടികൂടിയ സംഘത്തിലുള്ള ശുഐബ് മിര്‍സ പോലീസ് രേഖയില്‍ 12.30-ന് ശേഷമാണ് പിടിയിലാവുന്നതെന്നാണ് പറയുന്നത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലീസ് ഭാഷ്യത്തെ ചോദ്യം ചെയ്യുന്നത്.
മാധ്യമ ഭീകരത
'എല്ലാ മുസ്‌ലിംകളും ഭീകരരല്ല, എന്നാല്‍ എല്ലാ ഭീകരരും മുസ്‌ലിംകളാണ്'. മുന്‍ ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ ഉരുക്കു മനുഷ്യനുമായ എല്‍.കെ അദ്വാനിയുടെ വാക്കുകളാണിത്. നമ്മുടെ രാജ്യത്ത് ഭീകരതയുടെ പേരില്‍ മുസ്‌ലിംകള്‍ എന്തുകൊണ്ട് തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നു എന്നതിന് വേറെ തെളിവുകള്‍ വേണ്ടെന്ന് സൂചിപ്പിക്കുന്നതാണ് അദ്വാനിയുടെ പരാമര്‍ശം. പലരും ഉള്ളില്‍ കൊണ്ടുനടക്കുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുബോധമാണ് അദ്വാനി ഈ വാക്കുകളിലൂടെ വലിച്ചു പുറത്തിട്ടത്. അങ്ങനെയൊരു പൊതുബോധം നിര്‍മിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മാധ്യമങ്ങളാണ് എന്ന് തീവ്രവാദ കേസുകളുടെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ മനസ്സിലാകും. രാജ്യത്ത് എവിടെ സ്‌ഫോടനം നടന്നാലും തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളുണ്ടായാലും അറബി പേരുള്ള ഭീകര സംഘടനകളുടെ പേരുകള്‍ നിമിഷനേരം കൊണ്ട് ചാനലുകളില്‍ ഫഌഷായി തെളിഞ്ഞു തുടങ്ങുന്നു. തൊട്ടു പിറകെ മുസ്‌ലിം യുവാക്കള്‍ പിടിയിലായതിന്റെയും നെടുനീളന്‍ കുറ്റസമ്മതമൊഴികളുടെയും നടക്കാതെ പോയ ഭീകരാക്രമണങ്ങളുടെയും ഞെട്ടിക്കുന്നതും നിറംപിടിപ്പിച്ചതുമായ കഥകള്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രതാളുകളില്‍ നിറയുന്നു. ചാനലുകള്‍ പള്ളിമിനാരങ്ങളുടെയും മുസ്‌ലിം സംഘടനകളുടെ ഓഫീസുകളുടെയും ദൃശ്യങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നു. വര്‍ഷങ്ങളായി ഇതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കഥകള്‍ തുടര്‍ച്ചയായി വായിക്കുന്ന സാധാരണ വായനക്കാരില്‍ ഇങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍, ഇങ്ങനെ പിടികൂടുന്നവരില്‍ പലരും വര്‍ഷങ്ങളുടെ ജയില്‍വാസത്തിനു ശേഷം നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ബോധപൂര്‍വം നല്‍കാതെ, അല്ലെങ്കില്‍ അപ്രധാനമായി നല്‍കി മുസ്‌ലിംവിദ്വേഷം അരക്കിട്ടുറപ്പിക്കുക എന്ന 'മഹത്തായ ധര്‍മവും' കൂടി മാധ്യമങ്ങള്‍ നിറവേറ്റുന്നുണ്ട്. അതിന് ഉദാഹരണങ്ങള്‍ നിരത്താന്‍ പോയാല്‍ സ്ഥലം മതിയാവാതെ വരും.
എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നു ചോദിച്ചാല്‍ പുഴുവരിച്ച പൊതുമാനസികാവസ്ഥ മാധ്യമ പ്രവര്‍ത്തകരും മുതലാളിമാരും വെച്ചു പുലര്‍ത്തുന്നുവല്ലാതെ മറ്റൊരുത്തരം ഉണ്ടെന്ന് തോന്നുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മുസ്‌ലിം യുവാക്കളുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ മാധ്യമ വിചാരണയെ കാണാം. ഇതുമായി ബന്ധപ്പെട്ട് ബംഗളുരു പ്രസ് ക്ലബില്‍ സെപ്റ്റംബര്‍ അഞ്ചിന് ബുധനാഴ്ച ഒരു വാര്‍ത്താ സമ്മേളനം നടന്നു. 'കോമു സൗഹാര്‍ദ വേദികെ' എന്ന മനുഷ്യാവകാശ സംഘടനയായിരുന്നു അത് സംഘടിപ്പിച്ചത്. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകനും മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. എ.കെ സുബ്ബയ്യയും മനുഷ്യാവകാശ പ്രവര്‍ത്തകരായ ലളിതാ നായകും കെ.എല്‍ അശോകുമാണ് അതിന് നേതൃത്വം നല്‍കിയത്. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുബ്ബയ്യ സംസാരിച്ചത്. പോലീസ് കഥ മെനയുകയാണെന്ന് അവരുടെ രേഖകളില്‍ നിന്നു തന്നെ വ്യക്തമാണെന്നും വിശ്വസ്തരും മതേതര സ്വഭാവമുള്ളവരുമായ സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും സുബ്ബയ്യ പറഞ്ഞു. മുസ്‌ലിം സമൂഹത്തോടുള്ള വെറുപ്പ് സമൂഹത്തില്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും ആര്‍.എസ്.എസ്സിന്റെ നിര്‍ദേശപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായും അദ്ദേഹം വെട്ടി തുറന്നു പറഞ്ഞു. അവിടെയും നിര്‍ത്താതെ സര്‍ക്കാര്‍വിരുദ്ധ സമരങ്ങള്‍ നടത്തുന്ന മുസ്‌ലിംകളല്ലാത്തവരെ നക്‌സലുകളാക്കി പിടികൂടുകയും മുസ്‌ലിംയുവാക്കളെ ഭീകരാക്രമണ കേസില്‍പെടുത്തി പിടികൂടുകയും ചെയ്യുകയെന്നത് രാജ്യവ്യാപകമായുള്ള പ്രതിഭാസമായി മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒന്നാണെന്നു കൂടി അദ്ദേഹം പറഞ്ഞു വെച്ചു.
പറയുന്നത് പ്രമുഖ അഭിഭാഷകനും മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ആയതുകൊണ്ട് അതിന് സ്വാഭാവികമായും നല്ല കവറേജ് കിട്ടേണ്ടതാണ്. പ്രത്യേകിച്ച് കത്തി നില്‍ക്കുന്ന സുപ്രധാനമായൊരു കേസിനെക്കുറിച്ച് അതിന്റെ മറുവശം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തപ്പെടുമ്പോള്‍ തീര്‍ച്ചയായും അതിന് വാര്‍ത്താ പ്രാധാന്യമുണ്ട്. എന്നാല്‍ പിറ്റേ ദിവസം, അതായത് സെപ്റ്റംബര്‍ ആറിനിറങ്ങിയ പ്രമുഖ പത്രങ്ങളൊന്നും ഈ വാര്‍ത്താ സമ്മേളനത്തിന്റെ ഒരു വരി പോലുമില്ലാതെയാണ് ഇറങ്ങിയത്! ഹിന്ദുവാണ് വാര്‍ത്ത പേരിനെങ്കിലും നല്‍കിയത്. മലയാളത്തില്‍ മാധ്യമവും. ഇംഗ്ലീഷിലും മലയാളത്തിലും ഇറങ്ങിയ പ്രമുഖ പത്രങ്ങളെല്ലാം അരിച്ചു പെറുക്കിയെങ്കിലും അങ്ങനെയൊരു വാര്‍ത്ത കണ്ടില്ല. തീവ്രവാദ കേസില്‍ മുസ്‌ലിം അനുകൂല സമീപനം സ്വീകരിച്ചാല്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായാലും അതു നല്‍കേണ്ടതില്ലെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു ഈ തമസ്‌കരണം. കോമു സൗഹാര്‍ദ വേദികെയുടെ വാര്‍ത്താ സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ് പോലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച് ബംഗളുരു പ്രസ്‌ക്ലബില്‍ മുസ്‌ലിം സംഘടനകളുടെ വാര്‍ത്താ സമ്മേളനവും നടന്നിരുന്നു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം പോലും കണ്ടില്ലെന്ന് നടിച്ച മാധ്യമങ്ങള്‍ മുസ്‌ലിം സംഘടനകള്‍ പറഞ്ഞതിന് ചെവികൊടുത്തില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. യഥാര്‍ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മുസ്‌ലിംവിരുദ്ധ വാര്‍ത്തകളില്‍ മാത്രമാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായിരുന്നു ഇത്. കാരണം, മാധ്യമങ്ങള്‍ കുറ്റവാളികളെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതിനു വിരുദ്ധമായി പറയുന്നത് കൊടുത്ത് വായനക്കാരുടെ രസം കളയേണ്ടതില്ലല്ലോ.
പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ഭീകരകഥകളുടെ പ്രളയം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ആ കുത്തൊഴുക്കില്‍ പോലീസ് കഥയുടെ മറുവശമൊന്നും തേടാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി ഭീകര വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ ജനം വായിച്ചും കണ്ടും ഞെട്ടി. ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടു, പാകിസ്താനിലേക്ക് പോയി, സുഊദിയില്‍ നിന്ന് പരിശീലനം നേടി, വിദ്യാസമ്പന്നരായ ഭീകരര്‍ പോലീസിന് തലവേദനയാകുന്നു, ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആളെ കൂട്ടുന്ന സംഘം, അല്‍ഖാഇദയുടെ ഓണ്‍ ലൈന്‍ മാസിക കണ്ട് ജിഹാദിനിറങ്ങി പുറപ്പെട്ടവര്‍, ഭീകര സംഘം പിടിയിലായതോടെ രാജ്യം രക്ഷപ്പെട്ടു തുടങ്ങി എരിവും പുളിയുമൊക്കെ ധാരാളമുള്ള തകര്‍പ്പന്‍ വാര്‍ത്തകളായിരുന്നു വന്നത്. പ്രതികളില്‍ നിന്ന് വന്‍ തുക, അതായത് 1100 രൂപ പിടികൂടിയെന്നു വരെ വാര്‍ത്ത നല്‍കിയവരുണ്ട്. സഹികെട്ട് ബംഗളുരു പോലീസ് കമീഷണര്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഔദ്യോഗികമായി പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത നല്‍കരുതെന്നഭ്യര്‍ഥിക്കുന്ന സാഹചര്യം വരെയുണ്ടായി. ചെറിയൊരു സംഘമാണ് കേസന്വേഷിക്കുന്നതെന്നും അവരാരും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നില്ലെന്നും മറ്റുള്ളവര്‍ പറയുന്നത് കേട്ട് വാര്‍ത്ത നല്‍കരുതെന്നും പോലീസ് പറഞ്ഞു. ഒരുപക്ഷേ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും പോലീസിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കം.
എന്നിട്ടും വാര്‍ത്തകള്‍ തുടര്‍ന്നു. കാരണം അവര്‍ക്ക് മതിയായിട്ടില്ല. ഉസാമാ ബിന്‍ ലാദിന്റെ മരണത്തില്‍ സംഘത്തിലുള്ള ഒരാള്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു, മറ്റൊരാള്‍ ഇസ്‌ലാമിക തത്ത്വശാസ്ത്രത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു എന്നുവരെയുള്ള 'സുപ്രധാന' വിവരങ്ങള്‍ മാധ്യമങ്ങള്‍ വായനക്കാര്‍ക്ക് നല്‍കി. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന യുവാക്കളെ കുറിച്ചാണ് ഈ പറയുന്നതെന്നോര്‍ക്കണം. പോലീസ് പറയുന്നത് ശരിയാണെങ്കില്‍ കൊലപാതക ശ്രമം മാത്രമാണ് പിടിയിലായവരുടെ മേലുള്ള കുറ്റം. ഇതില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കാനിരിക്കുന്നു. എന്നാല്‍, ഇതൊന്നും മാധ്യമങ്ങള്‍ക്ക് വിഷയമല്ല. അതൊന്നും അന്വേഷിക്കാന്‍ നേരവുമില്ല. പിടിയിലായവര്‍ മുസ്‌ലിംകളാണ്, അതുകൊണ്ട് തന്നെ ഭീകരവാദികളാവാനേ തരമുള്ളൂ. ഇതാണ് കാഴ്ചപ്പാട്. അതു തിരുത്താന്‍ ഇനി ദൈവം തമ്പുരാന്‍ ഇറങ്ങിവന്ന് പറഞ്ഞാലും തയാറല്ല എന്നതാണ് നിലപാട്. കുറ്റപത്രം പോലും നല്‍കുന്നതിനു മുമ്പ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത് ജനാധിപത്യ മര്യാദകള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്ന വാദമൊന്നും അതിനു മുന്നില്‍ വിലപ്പോവില്ല. ഇങ്ങനെ മാധ്യമ പ്രചാരണം നടത്തി വേട്ടയാടപ്പെട്ട പല കേസുകളിലും പിന്നീട് നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയക്കപ്പെട്ട നിരവധി ഉദാഹരണങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും പോലീസ് പറയുന്ന കഥകളും അല്ലാത്തതും വെച്ചു വിളമ്പുകയാണ് മാധ്യമപ്രവര്‍ത്തകര്‍.
2007 ജൂലെ രണ്ടിന് ആസ്‌ത്രേലിയയില്‍ ഗ്ലാസ്‌ഗോ അന്താരാഷ്ട്ര വിമാനത്താവള ആക്രമണ കേസില്‍ പിടിയിലായ ഒരു ഡോക്ടര്‍ ഹനീഫിനെക്കുറിച്ച് ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്കൊക്കെ ഓര്‍മയുണ്ടാവും. കര്‍ണാടകയിലെ ചിക്മംഗളുരു ജില്ലയില്‍ നിന്നുള്ള ഹനീഫിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ എന്തൊക്കെയായിരുന്നു. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധം, സിമിയുടെ പ്രവര്‍ത്തകന്‍, ഭീകരവാദ ശൃംഖലയിലെ കണ്ണി, ടെറര്‍ ഡോക്ടര്‍ (ഭീകര ഡോക്ടര്‍) എന്നുവരെ വിശേഷണങ്ങളുണ്ടായി. പ്രതി ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരുമാസം ഏകാന്ത തടവു വരെ വിധിച്ചു. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ കഥ മാറി. 2007 ഡിസംബര്‍ 21-ന് ഹനീഫിനെ വെറുതെ വിട്ടു. 2008-മേയില്‍ ഹുബ്ലിയിലെ കോടതി വളപ്പില്‍ സ്‌ഫോടനം നടന്നു. ഉടന്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നു. സിമിയാണ് പിന്നിലെന്ന് അച്ചു നിരത്തപ്പെട്ടു. കുറ്റവാളികളെ മാധ്യമങ്ങള്‍ തന്നെ തീരുമാനിച്ചു. നിരവധി മുസ്‌ലിം യുവാക്കളെ പിടികൂടി. ജാമ്യം പോലും നല്‍കാതെ വര്‍ഷങ്ങള്‍ ജയിലിലിട്ടു. എന്നാല്‍ നാഗരാജ് ജമ്പഗിയെന്ന ശ്രീരാമ സേനയുടെ നേതാവും അനുയായികളുമാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഇങ്ങനെ എത്രയോ കേസുകളുണ്ട്. കര്‍ണാടകയില്‍ സംഭവിച്ച രണ്ടു പ്രമുഖ സംഭവങ്ങളെന്ന നിലയിലാണ് ഇതു ചൂണ്ടിക്കാട്ടിയത്. ഓര്‍മകള്‍ മരിച്ചിട്ടില്ലാത്ത വായനക്കാര്‍ക്കു വേണ്ടിയാണിത്. മാധ്യമങ്ങളില്‍ ഇനിയും കഥകള്‍ വരും. മുസ്‌ലിം ഭീകരതയാണെങ്കില്‍ അതിന് ഒരു പരിധിയുമുണ്ടാവില്ല. വായനക്കാരന്‍ പരിധി നിശ്ചയിക്കുന്നതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാ ഭീകരരും മുസ്‌ലിംകളല്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്താനെങ്കിലും ഈ ഉദാഹരണങ്ങള്‍ ഉപകരിച്ചാല്‍ അത്രയും നല്ലത്.
മുസ്‌ലിം യുവാക്കളോട്
മുസ്‌ലിം യുവാക്കളില്‍, പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരില്‍ തീവ്രവാദത്തിന്റെ ബീജമുണ്ടെന്നും ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന പരുവത്തിലാണ് അതെന്നും വരുത്തിത്തീര്‍ക്കേണ്ടത് ചിലരുടെയൊക്കെ ആവശ്യമാണ്. അതിലേക്ക് അവരെ കൊണ്ടെത്തിക്കാന്‍ ഏതു വേഷവും കെട്ടാന്‍ അവര്‍ തയാറാകുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഇന്‍ഫോര്‍മര്‍മാര്‍ എന്നത് അത്തരം രീതികളിലൊന്നാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അത്തരക്കാരെ ഫോണും ബൈക്കും ശമ്പളവുമൊക്കെ നല്‍കി നിയമിക്കുന്നു. പിന്നീട് അവരുമായി തെറ്റുമ്പോള്‍ ഭീകരവാദികളായി മുദ്രകുത്തി പിടികൂടുന്നു. പാര്‍ലമെന്റാക്രമണത്തില്‍ തൂക്കുമരം വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരു, മുംബൈ ആക്രമണത്തില്‍ ഇപ്പോള്‍ പിടിയിലായ അബൂ ജന്‍ദല്‍ തുടങ്ങിയവരൊക്കെ ഇന്‍ഫോര്‍മര്‍മാരും പിന്നീട് ഭീകര പ്രവര്‍ത്തനം നടത്തിയവരുമായിരുന്നുവെന്നാണ് പോലീസ് തന്നെ പറയുന്നത്. 2007-ല്‍ പിടിയിലായ ഇര്‍ശാദ് അലി, മുആരിഫ് ഖമര്‍ എന്നീ ചെറുപ്പക്കാരും ദല്‍ഹി പോലീസിന്റെ ഇന്‍ഫോര്‍മര്‍മാരായിരുന്നു. ഒരു ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി തെറ്റിപ്പിരിഞ്ഞ ഇവരെ ഭീകര കേസില്‍ പിടികൂടി. എന്നാല്‍ തങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് കാണിച്ച് ഇവര്‍ കോടതിയെ സമീപിക്കുകയും സി.ബി.ഐ അന്വേഷണത്തില്‍ അവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. തീഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ അവര്‍ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് രാജ്യത്ത് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ചാടിക്കാന്‍ നന്നായി സംസാരിക്കാന്‍ കഴിയുന്ന 'ഉസ്താദു'മാരെ ചുമതലപ്പെടുത്തുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കുണ്ടെന്ന് വ്യക്തമായി ആ കത്തില്‍ പരാമര്‍ശിച്ചിരുന്നു. സംഭവം നടന്നു കഴിഞ്ഞാല്‍ പിന്നെ അവര്‍ അപ്രത്യക്ഷരാവും. ബംഗളുരു കേസില്‍ പിടിയിലായവരില്‍ രണ്ടു പേര്‍ ഒരു ഉസ്താദുമായി പരിചയമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. സക്കീര്‍ ഉസ്താദെന്നാണ് ഇയാളുടെ പേരു പറഞ്ഞിരിക്കുന്നത്. ഇയാളാരാണെന്നോ എവിടെയാണെന്നോ ഇവര്‍ക്കു പോലും അറിയില്ല. അതുകൊണ്ടു തന്നെ ഈ കേസിലും ഇര്‍ശാദ് അലിയുടെ കത്തില്‍ പറയുന്നതുപോലുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം സ്വാഭാവികമായും സംശയിക്കപ്പെടേണ്ടതുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ്. അയാളെ ഇനി കാണില്ല. അടുത്ത ലക്ഷ്യം തേടി അയാള്‍ പോയിട്ടുണ്ടാവും. അന്വേഷണ ഏജന്‍സികള്‍ വിരിക്കുന്ന ഇത്തരം വലകള്‍ തിരിച്ചറിയുകയെന്നതാണ് മുസ്‌ലിം യുവാക്കള്‍ അടിയന്തരമായി ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇത്തരം കേസുകള്‍ ആവര്‍ത്തിക്കപ്പെടും. അതിന് കേരളമെന്നോ കര്‍ണാടകയെന്നോ വ്യത്യാസമുണ്ടാവില്ല.
Comments