Prabodhanm Weekly

Pages

Search

2012 ഒക്‌ടോബര്‍ 6

കരയെടുക്കുന്ന കടലിന്റെ അന്യായം

യൂനുസ് ഏലംകുളം

കാല് നല്‍കുന്നതിന് മുമ്പേ തന്നെ
കാലൂന്നാന്‍ കര നല്‍കി ദൈവം

പങ്ക്‌വെപ്പ് മാനവികമെങ്കില്‍
മര്‍ത്യ വിഹാരത്തിന്
കരഭൂമി യഥേഷ്ടം

കരയൊന്നായ് പതിച്ചേകിയാലും
ഒരുത്തന്റെ പോലും
ദുരക്ക് ശമനമാവില്ല

ആര്‍ത്തി മൂത്തവരുടെ
വികസന കെണിയാല്‍
കാലൂന്നിയ കര കവരപ്പെടുന്നവര്‍
കണ്ണീരുമായ് കടലിലിറങ്ങുന്നു

സിംഹാസനമേറാന്‍ തൊട്ടെണ്ണിയ
തലകള്‍ തകര്‍ക്കാന്‍ താഴ്ന്നിറങ്ങും
അധികാര ഗര്‍വിന്റെ യന്ത്രപ്പക്ഷിയെ
തുരത്താനൊച്ചവെക്കേണ്ടവര്‍
ശബ്ദം മറന്ന് ശാന്തരാകുന്നു

ഇനി പറയൂ
ആര്‍ത്തലച്ചെത്തി കരയെടുക്കാതിരിക്കാന്‍
കടലിനെന്തുണ്ട് ന്യായം?

മുറിഞ്ഞുപോയ സംഗീതം
കണ്ണടച്ച് ഇരുട്ടാക്കയല്ല,
ഇരുട്ടില്‍
കണ്ണടച്ച് 
പ്രകാശ ബിന്ദുക്കള്‍ 
തേടുകയാണ്.

മൗനത്തിലേക്ക് ഒളിച്ചോടുകയല്ല
നിശബ്ദതയില്‍,
തകരപ്പാട്ടകളില്‍ കൊട്ടി മുറിഞ്ഞുപോയ സംഗീതം തേടുകയാണ്.

സ്വപ്നങ്ങളില്‍;
മരണം കടന്നെത്തേണ്ട
ചക്രവാളങ്ങള്‍

നിരാശയുടെതല്ല,
മരീചികകള്‍ സത്യമാവുമത്രെ...

അതിനാല്‍ ലോകമേ...
ഞാനുറങ്ങട്ടെ...
എന്റെ കണ്‍പോളകള്‍ക്കുള്ളില്‍
തെളിയുന്ന
പ്രകാശ ബിന്ദുക്കള്‍
പടര്‍ന്ന്, ഒരു കടലായ്
തിരയിളക്കി ഇരുട്ടിനെ
സംഹരിക്കുന്നതുവരെ
നിശബ്ദയായ് കണ്ണടച്ചിരിക്കട്ടെ...

എന്റെ ഉറക്കം അരാഷ്ട്രീയമല്ല...
നദ ടി.കെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍