Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

റേച്ചല്‍ കോറി കൊല്ലപ്പെട്ടതില്‍ പങ്കില്ലെന്ന് ഇസ്രയേലി കോടതി

മൂസക്കുട്ടി വെട്ടിക്കാട്ടിരി

2003-ല്‍ ഫലസ്ത്വീനിലെ ഗസ്സയില്‍ ഇസ്രയേലി സൈനിക ബുള്‍ഡോസറിനടിയില്‍പെട്ട് കൊല്ലപ്പെട്ട യു.എസ് ആക്ടിവിസ്റ്റ് റേച്ചല്‍ കോറിയുടെ കൊലപാതകത്തില്‍ ഇസ്രയേലിന് പങ്കില്ലെന്ന് കോടതി വിധിച്ചു. സംഭവം യാദൃഛികമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഗസ്സയില്‍ ഫലസ്ത്വീനികളുടെ വീടുകള്‍ ഇസ്രയേലി സൈന്യം പൊളിച്ചുമാറ്റുന്നതിനെ പ്രതിരോധിക്കുന്നതിനിടയിലാണ് പ്രശസ്ത അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഫലസ്ത്വീന്‍ അനുകൂല ഇന്റര്‍നാഷ്‌നല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് അംഗവുമായിരുന്ന 23കാരി റേച്ചല്‍ കോറി കൊല്ലപ്പെട്ടത്. ബുള്‍ഡോസറിനുമുമ്പില്‍ നിലയുറപ്പിച്ച റേച്ചലിനു മേല്‍ ഇസ്രയേലി സൈനിക ബുള്‍ഡോസര്‍ കയറിയാണ് മരണം.
സൈനിക നടപടിക്കെതിരെ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തെ പ്രതിചേര്‍ത്ത് റേച്ചലിന്റെ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. കോടതി വിധി അത്യന്തം നിരാശാജനകമാണെന്നും തങ്ങളുടെ കുടുംബം കോടതി വിധിയില്‍ ഏറെ ദുഃഖിതരാണെന്നും റേച്ചലിന്റെ മാതാവ് പ്രതികരിച്ചു. ബുള്‍ഡോസറിന്റെ ഡ്രൈവര്‍ റേച്ചലിനെ ശ്രദ്ധിച്ചിരുന്നില്ലെന്ന ഇസ്രയേലി കോടതിയുടെ പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്ന് റേച്ചലിന്റെ കൊലപാതകത്തിന് സാക്ഷിയായിരുന്ന ഒരു ബ്രിട്ടീഷ് ആക്ടിവിസ്റ്റ് പറഞ്ഞു. ഇസ്രയേല്‍ കോടതി വിധിയില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി.
'നാം' ഉച്ചകോടി വിജയം ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് താക്കീതെന്ന് ഇറാന്‍
അമേരിക്കയുടെ ഉപരോധ ഭീഷണിയുണ്ടായിരുന്നിട്ടും 'നാം' (ചേരിചേരാ) ഉച്ചകോടി വിജയമാക്കാന്‍ കഴിഞ്ഞത് ഇത്തരം ഭീഷണികളൊന്നും വിലപ്പോവില്ലെന്നതിന്റെ തെളിവാണെന്ന് ഇറാന്‍ ഭരണകൂടം. ഇന്ത്യയും ഈജിപ്തുമടക്കം മുപ്പതിലധികം രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തത് ചരിത്ര വിജയമായാണ് ഇറാന്‍ കാണുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ച് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉച്ചകോടിയില്‍ പങ്കെടുത്തതും ഇറാന്‍ ചൂണ്ടിക്കാട്ടി. 
35 വര്‍ഷത്തോളം നീണ്ട അകല്‍ച്ചക്ക് ശേഷം ഇതാദ്യമായി ഒരു ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇറാന്‍ സന്ദര്‍ശിക്കുന്നുവെന്നതു തന്നെ മുഹമ്മദ് മുര്‍സിയുടെ ഉച്ചകോടിയിലെ സാന്നിധ്യം ശ്രദ്ധേയമാക്കി. ഉച്ചകോടിയില്‍ പങ്കെുത്ത ബാന്‍ കി മൂണ്‍ ഇറാനിലെ പ്രതിപക്ഷം ഉന്നയിക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ഇറാനെ പഴിചാരിയപ്പോള്‍ സിറിയക്കെതിരെ കടുത്ത നിലപാടുമായി മുഹമ്മദ് മുര്‍സിയുടെ ശബ്ദം വേറിട്ടുനിന്നു. എന്നാല്‍, സിറിയന്‍ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം ഇറാന്‍ ഈജിപ്ത് ബന്ധത്തെ ബാധിക്കുകയില്ലെന്നും മുര്‍സി വ്യക്തമാക്കി.
പുതിയ നയതന്ത്ര ചുവടുവെപ്പുകളുമായി മുര്‍സിയുടെ ചൈനാ പര്യടനം
ജനാധിപത്യ ഈജിപ്തിലെ പ്രഥമ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയുടെ ചൈനാ പര്യടനത്തിന് അറബ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വര്‍ധിച്ച പ്രാധാന്യമാണ് നല്‍കിയത്. പ്രസിഡന്റിന്റെ അറബേതര രാജ്യങ്ങളിലേക്കുള്ള പ്രഥമ സന്ദര്‍ശനമെന്നതിലുപരി മേഖലയില്‍ പുതിയ രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങള്‍ രൂപപ്പെടാന്‍ സന്ദര്‍ശനം കാരണമാകുമെന്നാണ് മാധ്യമങ്ങളുടെ നിരീക്ഷണം. ചൈനയുമായി അടുക്കുന്നതില്‍ ഈജിപ്തിന്റെ പരമ്പരാഗത 'സുഹൃത്തുക്ക'ളായ അമേരിക്കയും ഇസ്രയേലും പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അധികാരമേറ്റ് കേവലം രണ്ട് മാസത്തിനകം നടത്തിയ പ്രസ്തുത സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്നത് മാത്രമല്ല ചൈനയും അറബ് രാജ്യങ്ങളും തമ്മില്‍ രൂപപ്പെടാനിരിക്കുന്ന സൗഹൃദത്തിന്റെ തുടക്കമായി മാറുമെന്നതും മുര്‍സിയുടെ സന്ദര്‍ശനത്തിന് പ്രാധാന്യമേറ്റുന്നു.
മുഹമ്മദ് മുര്‍സിയുടെ സന്ദര്‍ശനത്തിന് ചൈനീസ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്. പീക്കിങും കയ്‌റോയും തമ്മിലുള്ള ബന്ധത്തില്‍ സുപ്രധാന കാല്‍വെയ്പാണ് മുര്‍സിയുടെ ചൈനാ പര്യടനമെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറഞ്ഞു. ഈജിപ്തിലെ ചൈനീസ് നിക്ഷേപം വര്‍ധിപ്പിക്കാനും അറബ് ചൈനീസ് സഹകരണം ശക്തിപ്പെടുത്താനും ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തി. ചൈനയുമായി 500 കോടിയിലധികം ഡോളര്‍ വിലവരുന്ന വിവിധ നിക്ഷേപ കാരാറുകളില്‍ ഇരു നേതാക്കളും ഒപ്പിട്ടു.
'തെരഞ്ഞെടുപ്പ് നടത്തുക അല്ലെങ്കില്‍ അധികാരമൊഴിയുക'
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി രാഷ്ട്രീയ പരിഷ്‌കരണം സാധ്യമാക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ അധികാരം വിട്ടൊഴിയണമെന്നും ജോര്‍ദാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഭരണകൂടത്തോടാവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി. അറബ് ലോകത്ത് നടക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ജോര്‍ദാന് മാത്രം വിട്ടുനില്‍ക്കാനാകില്ലെന്നും ഭരണകൂടത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പരിഷ്‌കരണം നടപ്പാക്കുകയോ അധികാരം വിട്ടൊഴിയുകയോ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞു. 
തലസ്ഥാന നഗരമായ അമ്മാനില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം മുസ്‌ലിം ബ്രദര്‍ഹുഡ് സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുസ്‌ലിം ബ്രദര്‍ഹുഡ് മുതിര്‍ന്ന നേതാവ് കാളിം ആയിഷ് എന്തു വിലകൊടുത്തും രാഷ്ട്രീയ പരിഷ്‌കരണമെന്ന ആവശ്യവുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. പരിഷ്‌കരണത്തിനുവേണ്ടി ജോര്‍ദാനില്‍ നടക്കുന്ന മുറവിളി മുസ്‌ലിം ബ്രദര്‍ഹുഡിനൊപ്പം മറ്റു പാര്‍ട്ടികളും താമസിയാതെ ഏറ്റുപിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ജര്‍മനിയില്‍ ഇസ്‌ലാമിക് ബാങ്കിനു പച്ചക്കൊടി
തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന Kuveyt Turk investment fund ജര്‍മനിയില്‍ പ്രഥമ ഇസ്‌ലാമിക് ബാങ്ക് തുറക്കുന്നു. ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇസ്‌ലാമിക് ബാങ്ക് നിലവിലെ യൂറോ പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും അതിനെ വിജയകരമായി മുന്നേറുന്ന ഇസ്‌ലാമിക് ബാങ്കിംഗിന്റെ ഗുണഭോക്താക്കളാകാനും സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് വന്‍ വിജയമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആകര്‍ഷണീയമായ നിക്ഷേപവും മാന്യമായ സേവനവും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിക് ബാങ്കിംഗിന് വന്‍ സാധ്യതയാണുള്ളതെന്ന് ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് ബാങ്കിംഗ് പ്രതിനിധി പറഞ്ഞു. 
ഊഹക്കച്ചവടത്തിലധിഷ്ഠിതമായ ഫിനാന്‍സിംഗ് സംവിധാനമാണ് നിലവിലെ യൂറോ പ്രതിസന്ധിക്ക് മുഖ്യകാരണമെന്നും സുരക്ഷിത നിക്ഷേപമെന്ന ഇസ്‌ലാമിക് ബാങ്കിംഗ് ആശയം പ്രതീക്ഷ നല്‍കുന്നതാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍