കല്‍ക്കരി ഇടപാട് കേട്ടതു മാത്രമോ സത്യം?
1,800,000,000,000 രൂപയാണ് കല്‍ക്കരി ഇടപാടില്‍ ഇന്ത്യന്‍ ഖജനാവിന് നഷ്ടമായത്. സങ്കല്‍പ്പിക്കാനാവുന്നുണ്ടോ ഈ തുകയുടെ വലിപ്പം? പൊതുവെ സത്യസന്ധനായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൊള്ളരുതായ്മ മൂലമാണ് ഇത്രയും വലിയ സംഖ്യ രാജ്യത്തിന് നഷ്ടമായത് എന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടിയത്. അതിന്റെ ബാഹ്യമായ കാരണങ്ങളും പ്രത്യക്ഷത്തിലുള്ള അഴിമതിയും മാധ്യമങ്ങള്‍ ഏറ്റുപിടിക്കുമ്പോള്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഈ ഇടപാടിന്റെ പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിലേക്ക് മറയുകയാണ്. 150-ലേറെ കല്‍ക്കരിപ്പാടങ്ങളാണ് സി.എ.ജി ചൂണ്ടിക്കാട്ടിയ ലിസ്റ്റിലുള്ളത്. ചിദംബരവും മറ്റും പറയുന്നതു പോലെ ഇവയില്‍ എല്ലാ പാടങ്ങളില്‍ നിന്നും ഖനനം ആരംഭിച്ചിട്ടുണ്ടാവില്ല. പക്ഷേ ഈ ഖനനത്തിന് പൊതു ഖജനാവിനെ മാത്രമല്ല ഇന്ത്യന്‍ ജനതയെയും അവരുടെ പ്രകൃതി സമ്പത്തിനെയും വന്യജീവി സമ്പത്തിനെയുമൊക്കെ ബാധിക്കുന്ന മറുവശങ്ങളുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എത്രത്തോളമെന്നു വെച്ചാല്‍ ഈ 150 കല്‍ക്കരിപ്പാടങ്ങളും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങളുള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകള്‍ക്കകത്താണ് സ്ഥിതി ചെയ്യുന്നത്. വെറും സാമ്പത്തികമായ ലാഭനഷ്ടങ്ങളുടെ മാത്രം കണക്കെടുപ്പായി ഒതുങ്ങുന്ന ഈ കല്‍ക്കരി ഇടപാട് പക്ഷേ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാനൊരുങ്ങുന്നത്. രാജ്യത്തെ സംരക്ഷിത വനങ്ങളെ പച്ചക്കു തീറെഴുതി കൊടുത്തു എന്നതു തന്നെയാണ് ഈ ഇടപാടിന്റെ മറുവശം.
ഏറ്റവും ചുരുങ്ങിയത് ഒരു ദശലക്ഷം ഹെക്ടര്‍ വനങ്ങളെങ്കിലുമാണ് ഈ ഇടപാടുകളുടെ ഭാഗമായി അപ്രത്യക്ഷമാവാന്‍ പോകുന്നത്. ബംഗാള്‍ റോയല്‍ കടുവകള്‍ ഏതാണ്ട് പൂര്‍ണമായും ഇന്ത്യയില്‍ വംശഹത്യക്കിരയാകും. ഇന്ത്യയുടെ പ്രധാനപ്പെട്ട എല്ലാ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍ക്കടിയിലും കല്‍ക്കരി നിക്ഷേപമുണ്ടത്രെ. അടുത്ത 40 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ഈ ഖനന പ്രക്രിയയുടെ ഭാഗമായി എണ്ണമറ്റ സസ്യജാലങ്ങളും ചെറുജീവികളും നാമാവശേഷമാവുകയും ഈ മേഖല മൊത്തത്തില്‍ ഉപയോഗശൂന്യമായ തരിശുഭൂമിയായി മാറുകയും ചെയ്യും. മഹാനദി, തപ്തി, ഗോദാവരി, ഇന്ദ്രാവതി, ദാമോദര്‍ മുതലായ ഇന്ത്യയിലെ പ്രധാന നദികളിലേക്ക് ജലം ഒഴുകിയെത്തുന്ന നീര്‍ത്തടങ്ങള്‍ ഇനി നിലനില്‍ക്കണമെന്നില്ല. എണ്ണമറ്റ ആദിവാസി ഗോത്ര സമൂഹങ്ങള്‍ അവരുടെ ആവാസ കേന്ദ്രങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടും. ഇതിനോടകം തന്നെ 1987 മുതല്‍ ആരംഭിച്ച പോയ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും ഏറ്റവും കൊടിയ താപവ്യതിയാനങ്ങള്‍ ഇനി എന്നെന്നും നമ്മുടേതാവും. ഇന്ത്യ ഇത്രയും കാലം അഭിമാനപൂര്‍വം കൊണ്ടുനടന്ന പ്രകൃതി ഭംഗി ഏതാനും മുതലാളിമാരുടെയും അവര്‍ തെരഞ്ഞെടുപ്പു ഫണ്ടു കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും ദുരാഗ്രഹത്തിന്റെ ഭാഗമായി കാലാകാലത്തേക്കും നമുക്ക് നഷ്ടമാവും. കല്‍ക്കരി ഖനനം വിവാദമായതിനു തൊട്ടു പിന്നാലെ കര്‍ണാടകയില്‍ യെദിയൂരപ്പയുടെയും കൂട്ടക്കാരുടെയും ഹരജിയില്‍ കോടതി വിധി പറഞ്ഞതും അതിരപ്പള്ളി പോലുള്ള വനനശീകരണ പദ്ധതികള്‍ സുപ്രീം കോടതിയില്‍ പുനര്‍വിചാരണക്കായി കെട്ടിയെഴുന്നള്ളുന്നതും കൂട്ടി വായിക്കുക. വനവും പ്രകൃതി വിഭവങ്ങളും തീറെഴുതാനുള്ള പുതിയ പുറപ്പാടുകളുമായി നമ്മുടെ മുഖ്യമന്ത്രി 'എമര്‍ജ്' ചെയ്തു വരുന്നതും കാണാനുണ്ടല്ലോ. ദല്‍ഹിയില്‍ നിന്നു തന്നെയാവും 'ഊര്‍ജം' ലഭിച്ചത്. കല്‍ക്കരി ഇടപാടുകളിലൂടെ രാജ്യത്തിന് നഷ്ടമായതിന്റെ കണക്ക് പറഞ്ഞ് പേടിപ്പിക്കുന്നവര്‍ ഈ പാരിസ്ഥിതിക നാശത്തിന്റെ സാമ്പത്തിക മൂല്യം കണക്കാക്കാന്‍ തയാറല്ല. കല്‍ക്കരി ഖനനം അവസാനിപ്പിക്കണമെന്നല്ല, ഇപ്പോള്‍ ഖനനാവകാശം നല്‍കിയ കമ്പനികളുടെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്നേ ബി.ജെ.പി പോലും പറയുന്നുള്ളൂ. കിട്ടിയ ലൈസന്‍സ് റദ്ദാവുമ്പോള്‍ അത് പുനഃസ്ഥാപിച്ചു കിട്ടണമെങ്കില്‍ പുതിയ ലേലമോ വീതംവെക്കലോ വേണ്ടിവരുമല്ലോ. ആ വിലപേശലില്‍ കോണ്‍ഗ്രസിനു മാത്രമല്ല തങ്ങള്‍ക്കും വിഹിതം കിട്ടണമെന്നേ ഏറിയാല്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിന് അര്‍ഥം കാണാനാവൂ.
സി.എ.ജിയുടെ കണ്ടെത്തലുകള്‍
മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച ഹന്‍സ് രാജ് ആഹിര്‍ എന്ന എം.പി മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കാറുണ്ടായിരുന്ന വിവരമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ വ്യാപകമായ അഴിമതി നടക്കുന്നുണ്ട് എന്ന ആരോപണം. 2005-ല്‍ യു.പി.എ ഒന്നാം സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്ത് അദ്ദേഹം കല്‍ക്കരി വകുപ്പിന്റെ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നു. ദല്‍ഹിയില്‍ നിന്നുള്ള തീവണ്ടികള്‍ കേരളത്തിലേക്കോടുന്ന വഴിയിലാണ് കല്‍ക്കരിയുടെ ഗന്ധമുള്ള ഈ മണ്ഡലത്തിന്റെ അതിരുകള്‍. ഇന്ത്യയുടെ ഊര്‍ജാവശ്യത്തിന്റെ നാലിലൊന്ന് വേണമെങ്കില്‍ ഈ ഏരിയയില്‍ നിന്നു മാത്രം കുഴിച്ചെടുക്കാനാവും. കല്‍ക്കരിയുടെ കറുത്ത നിറം പടര്‍ന്ന പാളങ്ങളാണ് ഈ റെയില്‍വേ സ്റ്റേഷന്റെ പ്രത്യേകത തന്നെ. മണ്ണിനടിയില്‍ ദശലക്ഷക്കണക്കിന് ടണ്‍ കല്‍ക്കരിയുടെ നിക്ഷേപം കിടക്കുന്ന ചന്ദ്രപൂരില്‍ ഹന്‍സ്‌രാജിന്റെ പ്രധാനവിഷയമായിരുന്നു ഖനികളും ഖനനവും. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പോലും അന്നത് കാര്യമായി എടുത്തില്ല. പലതവണ ഹന്‍സ്‌രാജ് ബി.ജെ.പി നേതാക്കളെ കാണാന്‍ ചെന്നിരുന്നു. തന്റെ നേതാക്കളെ കുറിച്ചു തന്നെയാണ് അന്ന് അദ്ദേഹം കൂടുതലും പരാതി പറയാറുണ്ടായിരുന്നതും. ബി.ജെ.പിയുടേതടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തുന്ന കല്‍ക്കരി ഖനികളില്‍ കൈവെക്കാന്‍ പക്ഷേ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി തയാറായി. രണ്ടാമതും യു.പി.എ അധികാരത്തില്‍ വന്നതിനു ശേഷമായിരുന്നു കൃത്യമായി പറഞ്ഞാല്‍ ഈ മാറ്റം. 2009-നു ശേഷം. പാര്‍ട്ടിക്കകത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് ആരൊക്കെയാണ് കല്‍ക്കരി പാടങ്ങള്‍ കൈവശം വെക്കുന്നതെന്ന് കൃത്യമായി കണക്കെടുത്ത്, ഒടുവില്‍ പാര്‍ട്ടി ഖനന മാഫിയക്കു നേരെ തിരിയാന്‍ തയാറായി. ആ യുദ്ധത്തിനൊടുവില്‍ സി.ഐ.ജിയുടെ സഹായത്തോടെ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു തന്നെ ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചു. അവരൊഴികെയുള്ള എന്‍.ഡി.എ ഘടകകക്ഷികളും ഏതാണ്ടെല്ലാ പ്രതിപക്ഷ കക്ഷികളും കൂട്ടത്തോടെ എതിര്‍ത്തിട്ടും ഇതെഴുതുന്ന ദിവസം വരെ തുടര്‍ച്ചയായി എട്ടു ദിവസം ബി.ജെ.പി പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. അസാധാരണമായിരുന്നു ബി.ജെ.പിയുടെ ഈ നീക്കം. അതിലേറെ അസാധാരണമായിരുന്നു ഈ അഴിമതിക്കേസിന്റെ തുടക്കവും വളര്‍ച്ചയും.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കല്‍ക്കരി മന്ത്രാലയം പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന്റെ ചുമതലയിലുണ്ടായിരുന്ന കാലത്ത് ഖനനാവകാശം വിതരണം ചെയ്തതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ദേശീയ ഓഡിറ്റര്‍ ജനറല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 1.86 ലക്ഷം കോടി മുതല്‍ 3.86 ലക്ഷം കോടി രൂപവരെ നഷ്ടം പൊതുഖജനാവിന് ഉണ്ടായിട്ടുണ്ടെന്നാണ് ഈ വിലയിരുത്തല്‍. സി.എ.ജിയെ കൊണ്ട് കല്‍ക്കരി മന്ത്രാലയത്തിലെ ഇടപാടുകള്‍ പരിശോധിപ്പിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്തിയതും ഇത്തരമൊരു അന്വേഷണം നടത്തിച്ചതും ഫലത്തില്‍ ബി.ജെ.പിയുടെ മാത്രം മിടുക്കായിരുന്നു. കോണ്‍ഗ്രസിനെതിരെ അഴിമതി ആയുധമായി വളര്‍ത്തിക്കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ക്ക് രണ്ട് സുപ്രധാന പിടിവള്ളികള്‍ ഇട്ടുകൊടുത്തതും സി.എ.ജിയായിരുന്നു. 2ജി സ്‌പെക്ട്രം കേസായിരുന്നു ഇതില്‍ ആദ്യത്തേത്. അതേസമയം 1993 മുതല്‍ നിലവിലുള്ള സമ്പ്രദായം മാത്രമായിരുന്നു ഇപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെട്ട കല്‍ക്കരി ഖനനം. അതില്‍ 2004 മുതല്‍ 2009 വരെയുള്ള കാലയളവിലെ നഷ്ടം മാത്രം കണക്കാക്കുകയും അത് പ്രധാനമന്ത്രിയുടെ ഓഫീസിനു നേര്‍ക്ക് മാത്രമായി തിരിച്ചു വിടുകയും ചെയ്യാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. നിലവിലെ സി.എ.ജി വിനോദ് റായിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെ പോലുള്ളവര്‍ ആരോപണം ഉന്നയിക്കാന്‍ വഴിയൊരുക്കുന്നതും ഇത്തരം പഴുതുകളാണ്. ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്ന സി.എ.ജിയായിരുന്ന ടി.എന്‍ ചതുര്‍വേദി പില്‍ക്കാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന് എം.പിയാവുകയാണുണ്ടായത്. ഇപ്പോഴത്തെ സി.എ.ജിക്കും രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നാണ് ദിഗ്‌വിജയ് സിംഗ് ആരോപിച്ചത്. ഈ ആരോപണങ്ങള്‍ എന്തായിരുന്നാലും നിര്‍ഭയമായി പൂര്‍ണ സ്വാതന്ത്ര്യത്തോടെ കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പരിശോധിക്കാനുള്ള ഈ ഓഫീസിന്റെ ഭരണഘടനാപരമായ അധികാരത്തെയാണ് യു.പി.എ സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. സി.എ.ജിയുടെ റിപ്പോര്‍ട്ട് നടക്കാത്ത ഖനനത്തെ കുറിച്ച ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് ചിദംബരവും സല്‍മാന്‍ ഖുര്‍ശിദും പ്രകാശ് ജയ്‌സ്വാളും ആരോപിച്ചു. പാര്‍ലമെന്റില്‍ സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ച ചര്‍ച്ച നടക്കുന്നതിനു മുമ്പേ തന്നെ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ഈ പരാമര്‍ശങ്ങള്‍ തള്ളിക്കളയുമെന്ന് ഉറപ്പു പറയാന്‍ ഡോ: മന്‍മോഹന്‍ സിംഗ് തന്റെ പ്രസ്താവനയിലൂടെ ധൈര്യപ്പെട്ടത് പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനമന്ത്രി ഒരിക്കലും നടത്താന്‍ പാടില്ലായിരുന്ന പരാമര്‍ശമായിരുന്നു ഇത്.
കല്‍ക്കരിപാടം ഇടപാടുകളില്‍ അഴിമതി നടന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കോണ്‍ഗ്രസും ബി.ജെ.പിയും ഇതില്‍ ഒരേപോലെ തെറ്റുകാരാണെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാനാവുക. ബി.ജെ.പി പുറമേക്ക് വിശുദ്ധന്റെ നിലപാടെടുക്കുകയും മറുഭാഗത്ത് കോണ്‍ഗ്രസ് ഉരുണ്ടുകളിക്കുകയും ചെയ്യുന്നതാണ് രണ്ടിലൊരു കൂട്ടര്‍ക്ക് വിശ്വാസ്യതയും മറ്റേ കൂട്ടര്‍ക്ക് ക്ഷീണവും ഉണ്ടാക്കുന്നത്. നടന്ന ഇടപാടുകള്‍ പൂര്‍ണമായും റദ്ദാക്കാന്‍ പ്രധാനമന്ത്രി കാര്യാലയം സമ്മതിക്കുന്നില്ല. ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനും യു.പി.എ തയാറല്ല. ഇടപാടില്‍ അഴിമതി നടന്നിട്ടില്ല എങ്കില്‍ ഈ രണ്ടു ആവശ്യങ്ങളും കോണ്‍ഗ്രസിന് അംഗീകരിക്കാവുന്നതല്ലേ ഉള്ളൂ? കല്‍ക്കരി പാടങ്ങള്‍ ലഭിച്ച കമ്പനികളുടെ കണക്ക് ഓരോന്നോരോന്നായി എടുത്തു പരിശോധിച്ചാല്‍ കുറെക്കൂടി പരിഹാസ്യമായ ചിത്രമാണ് കാണാനാവുക. കോണ്‍ഗ്രസ് എം.പി വിജയ് ധാര്‍ദയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ് ഝാര്‍ഖണ്ഡില്‍ മൂന്ന് പാടങ്ങളുടെ ഉടമസ്ഥാവകാശമുള്ള അഭിജിത്ത് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ്. നവീന്‍ ജിന്‍ഡലിന് ഒറീസയിലും ഝാര്‍ഖണ്ഡിലുമായി ഇതുവരെ ഖനനം ആരംഭിച്ചിട്ടില്ലാത്ത ഏതാനും പാടങ്ങളുടെ ഉടമസ്ഥാവകാശമുണ്ട്. എസ്.കെ.എസ് ഇസ്പാറ്റ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാള്‍ കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായിയുടെ സഹോദരനാണ്. റിലയന്‍സ്, ടാറ്റ തുടങ്ങിയ ഭീമന്‍മാരൊക്കെ ഈ പട്ടികയിലുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സഹായി പ്രധാനമന്ത്രിക്ക് നേരിട്ടെഴുതിയ കത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അതേസമയം ഝാര്‍ഖണ്ഡില്‍ അര്‍ജുന്‍ മുണ്ടý ഒപ്പുവെച്ച 44 ഇടപാടുകളും സംശയാസ്പദമാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇതേ കുറിച്ച് അന്വേഷണം നടത്താനായി സി.ബി.ഐ സംഘം ഝാര്‍ഖണ്ഡിലേക്കു പുറപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വലം കൈയും രാജ്യസഭാ എം.പിയുമായ അജയ് സന്‍ചേതിയുടെ പേര് സി.ഐ.ജി റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ സന്‍ചേതിക്ക് അനുവദിച്ച കല്‍ക്കരിപ്പാടം മൂലം പൊതുഖജനാവിന് 900 കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.
റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന മറ്റൊരു ഭീമനാണ് റിലയന്‍സ്. റിലയന്‍സിന് ഖനനാവകാശമുള്ള ശാസന്‍ പ്രോജക്ടില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളിലേക്ക് കല്‍ക്കരി മറിച്ചുവിറ്റ വകയില്‍ അവര്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ 29,000 കോടിയെങ്കിലും ലാഭമുണ്ടാക്കിയിട്ടുണ്ടാവുമെന്നാണ് സി.എ.ജി പ്രത്യേകം തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. സി.എ.ജിയുടെ പരാമര്‍ശങ്ങള്‍ നേരത്തെയറിഞ്ഞ റിലയന്‍സ് തങ്ങളുടെ അവിഹിത വ്യാപാരം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചിരുന്നു. ഈയിടെ ഉത്തരേന്ത്യയില്‍ പവര്‍ഗ്രിഡില്‍ കുഴപ്പം ഉണ്ടാവുകയും വിവിധ നഗരങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തതിന് കാരണങ്ങളിലൊന്ന് റിലയന്‍സ് അടക്കമുള്ള കല്‍ക്കരി ഭീമന്മാരുടെ പൊടുന്നനെയുള്ള ഈ പിന്‍വലിയലായിരുന്നു. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതോല്‍പ്പാദനത്തെ ഇടക്കാലത്ത് വല്ലാതെ പ്രോത്സാഹിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത കാലത്ത് ചുവടുമാറ്റി ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകളിലൂടെയുള്ള വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതിനോട് കുത്തകകള്‍ക്കുള്ള നീരസവും വൈദ്യുതി ഉല്‍പ്പാദനം സ്വകാര്യവല്‍ക്കരിക്കാനുള്ള അവരുടെ താല്‍പര്യവും ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നു.
ഖനികളും രാഷ്ട്രീയ പാര്‍ട്ടികളും
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവുമധികം പണം കൊയ്യുന്ന മേഖലയാണ് ഖനികള്‍. ഉദാഹരണത്തിന് ഗംഗാനദിയുടെ മലിനീകരണവും നദിക്കരയിലെ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉത്തരഖണ്ഡ് സര്‍ക്കാറിന്റെ പങ്ക്. കഴിഞ്ഞ ജൂണില്‍ ഡെറാഡൂണില്‍ യോഗസന്യാസി രാംദേവിന്റെ നിരാഹാര സമരം റിപ്പോര്‍ട്ട് ചെയ്യാനും സ്വാമിയെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും മാധ്യമങ്ങളും ദേശീയ നേതാക്കളും തിക്കിത്തിരക്കിയ അതേ ആശുപത്രിയുടെ ഐ.സി.യുവില്‍ മരണാസന്നനായി കിടന്ന, രാംദേവ് ആശുപത്രി വിട്ടതിന്റെ പിറ്റേ ദിവസം അന്തരിച്ച സ്വാമി നിഗമാനന്ദ എന്തിനെതിരെയായിരുന്നു സമരം ചെയ്തതെന്നും എന്തുകൊണ്ട് ഈ സന്യാസിയുടെ സമരം അവഗണിക്കപ്പെട്ടുവെന്നും ഒരാളും തിരക്കിയില്ല. ഗംഗാനദിയെ മലിനമാക്കുന്ന രീതിയില്‍ ഹരിദ്വാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ അടച്ചു പൂട്ടണമെന്നായിരുന്നു നിഗമാനന്ദയുടെ ആവശ്യം. ഈ ക്വാറികളാവട്ടെ ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം പൊന്‍മുട്ടയിടുന്ന താറാവുകളായിരുന്നു. 115 ദിവസം സമരം കിടന്ന നിഗമാനന്ദ സമാധിയടഞ്ഞു. കരിങ്കല്‍ ക്വാറികളോ സ്വാമി നിഗമാനന്ദയോ ദേശീയ മാധ്യമങ്ങളില്‍ ഒരു ദിവസത്തിലധികം വാര്‍ത്തയായതുമില്ല. ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരുടെ ഖനനവും യെദിയൂരപ്പയും ഖനനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട അഴിമതിക്കഥകളാണ്. ഏറ്റവുമൊടുവില്‍ പ്രകൃതിക്ക് ദോഷം ചെയ്‌തേക്കുമെന്ന മാധവറാവു കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെച്ച ഖനന പദ്ധതിയാണ് കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഒത്താശയോടെ കോടതിയിലൂടെ പൊടിതട്ടി പുറത്തുവരുന്നത്. മതിയായ പഠനം നടത്താതെയാണ് കമ്മിറ്റി ഈ വാദമുന്നയിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റൊരിടത്തും സ്വകാര്യ വ്യക്തികള്‍ക്ക് കല്‍ക്കരി ഖനനം ചെയ്യാനുള്ള അവകാശമില്ല. മേഘാലയിലും മറ്റും ഒരാളുടെ ഭൂമിക്കടിയില്‍ കല്‍ക്കരി നിക്ഷേപമുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ സ്വകാര്യസ്വത്തായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗവണ്‍മെന്റിന് ആ ഭൂമി ഏറ്റെടുക്കാനോ അവിടെ ഖനനം ചെയ്യാന്‍ തയാറുള്ള ഏതെങ്കിലും കുത്തകകളെ ഏല്‍പ്പിക്കാനോ കഴിയില്ല. വ്യക്തികള്‍ക്ക് കഴിയില്ലെങ്കില്‍ അവര്‍ക്ക് ഈ ഭൂമി ആര്‍ക്കെങ്കിലും വില്‍ക്കുകയുമാവാം. ഏറ്റെടുക്കലിന്റെയോ ബലംപ്രയോഗിക്കലിന്റെയോ രീതികളില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അതല്ല ചിത്രം. അവിടെ കുത്തകകളാണ് ഖനനം ചെയ്യുന്നത്. പലപ്പോഴും തദ്ദേശീയരെ തരംതാണ രീതിയില്‍ വഞ്ചിച്ചു കൊണ്ടാണ് ഈ കമ്പനികള്‍ സ്ഥലം ഏറ്റെടുക്കാറുള്ളതും. ഉദാഹരണത്തിന് ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലെ ഗവ്‌റ ഖനികള്‍. 1981ല്‍ ആണ് ഈ പ്രദേശത്തു നിന്നും ഖനനം ആരംഭിച്ചത്. ഇതിനകം 400 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ പാടത്തുനിന്നും കുഴിച്ചെടുത്തു കഴിഞ്ഞു. അന്ന് 20 ഏക്കര്‍ സ്ഥലം ഗ്രാമീണരില്‍ നിന്നും ഏറ്റെടുത്ത് ആരംഭിച്ച ഖനനം ഇനി മുന്നോട്ടു പോകണമെങ്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്തേ പറ്റൂ. പക്ഷേ ഏക്കറിന് 6 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിക്കുന്ന വില. രണ്ട് ഏക്കറുകള്‍ക്ക് വീതം ഒരു അവകാശിക്ക് ജോലിയും നല്‍കും. അതേസമയം കോടികള്‍ അറ്റാദായമുള്ള ഈ സൗത്ത് ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡ് കമ്പനി സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലാണ് ഇന്നും ഗ്രാമീണരില്‍ നിന്നും ഭൂമി വാങ്ങുന്നത്. മറുഭാഗത്ത് ഗ്രാമീണരില്‍ നിന്നും ഭൂമി ചുളുവിലക്ക് തട്ടിയെടുത്ത പലരും ഇന്ന് കമ്പനിയുമായി വിലപേശുന്നുമുണ്ട്. കല്‍ക്കരിയുടെ മാര്‍ക്കറ്റ് വിലയോ ഭൂമിവിലയോ ഈ കുത്തക ഭീമന്മാര്‍ക്ക് ബാധകമാവുന്നില്ല. ഝാര്‍ഖണ്ഡും ബീഹാറും ഒറ്റ സംസ്ഥാനമായിരുന്ന കാലത്ത് ടാറ്റ നടത്തിപ്പോന്ന കല്‍ക്കരി ഖനനത്തിന് വെറും 100 രൂപയായിരുന്നു പ്രതിവര്‍ഷ പാട്ടം! ബ്രിട്ടീഷുകാരുടെ കാലത്ത് നിശ്ചയിച്ച ഈ പാട്ടത്തുക വര്‍ധിപ്പിക്കണമെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടപ്പോള്‍ ലാലുവിനെ പരിഹസിക്കുകയാണ് ദേശീയ മാധ്യമങ്ങള്‍ അന്ന് ചെയ്തത്. ഈ മേഖലയില്‍ വ്യാപകമായി നടക്കുന്ന പകല്‍കൊള്ള നിയന്ത്രിക്കാന്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ ഒറീസ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയ പ്രാദേശിക ഗവണ്‍മെന്റുകളോ ഇന്നോളം തയാറായതുമില്ല. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കല്‍ക്കരി ഖനനത്തിന് ഇപ്പോള്‍ മന്‍മോഹന്‍ സിംഗ് അനുവര്‍ത്തിച്ച അതേ നയം തന്നെയാണ് അവിടം ഭരിക്കാന്‍ അവസരം കിട്ടിയ ബി.ജെ.പി സര്‍ക്കാറുകളും പുലര്‍ത്തിയത്. എന്തേ ഈ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നില്ല?
കല്‍ക്കരി ഖനനം പരിസ്ഥിതിക്ക് ദോഷം തട്ടാത്ത രീതിയില്‍ നടത്തണമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇപ്പോഴും ആവശ്യപ്പെടുന്നില്ല. ഇനി ആവശ്യപ്പെടാന്‍ പോകുന്നുമില്ല. എല്ലാവരും ചേര്‍ന്ന് പണമൂറ്റുന്ന ഒരു വന്‍ അക്ഷയഖനിയാണ് ഖനനമേഖല. തെരഞ്ഞെടുപ്പു കാലത്ത് ഏറ്റവുമധികം കള്ളപ്പണം വാരിവിതറുന്ന വ്യവസായ മേഖല. കല്‍ക്കരിയും കരിമണലും തൊട്ട് വെറും പാറക്കല്ല് വരെ രാഷ്ട്രീയക്കാരന്റെ അഗോചരമായ വരുമാനത്തിന്റെ വറ്റാത്ത സ്രോതസ്സുകളാണ്. അതിന്റെ അടിസ്ഥാനത്തില്‍ തൊട്ടുകളിക്കാന്‍ ഒരുത്തനും ധൈര്യമുണ്ടായിട്ടില്ല.
[email protected]
Comments