ഇസ്‌ലാമിക് ബാങ്കിംഗ്
പലിശയെക്കുറിച്ച് ഞാനെഴുതിയ പുസ്തകത്തില്‍, ബാങ്കിംഗ് സമ്പ്രദായവും അത് വഴിയുള്ള ഇടപാടുകളും ഒരു നിലക്കും തെറ്റോ നിയമവിരുദ്ധമോ അല്ലെന്ന് സ്ഥാപിക്കുന്നുണ്ട്. ആധുനിക നാഗരികത സംഭാവന ചെയ്ത എണ്ണമറ്റ സ്ഥാപനങ്ങളിലൊന്നാണ് ബാങ്ക്. അതിന്റെ പ്രാധാന്യവും പ്രയോജനവും ആര്‍ക്കും നിഷേധിക്കാനാവുകയില്ല. ഒരു തിന്മ കടത്തിക്കൂട്ടി ആ സ്ഥാപനത്തെ മലിനപ്പെടുത്തുന്നു എന്നത് മാത്രമാണ് പ്രശ്നം. ആധുനിക കാലത്തെ പരിഷ്കൃത ജീവിതത്തിനും വ്യാപാര ഇടപാടുകള്‍ക്കും വളരെ പ്രയോജനകരവും ഒഴിച്ച് കൂടാന്‍ പറ്റാത്തതുമായ ഒട്ടനവധി നിയമാനുസൃത സേവനങ്ങള്‍ ചെയ്യുന്നു എന്നതാണ് ബാങ്കിംഗിന്റെ ഒന്നാമത്തെ ഗുണം. പണമടക്കല്‍, പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്ത് നൊടിയിടയില്‍ എത്തിക്കല്‍, അന്താരാഷ്ട്ര ബിസിനസിന് സൌകര്യമേര്‍പ്പെടുത്തല്‍, വിലപിടിച്ചവ സൂക്ഷിക്കാനുള്ള ലോക്കറുകള്‍, കടപ്പത്രങ്ങള്‍, ട്രാവലര്‍ ചെക്കുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ്, കമ്പനി ഷെയറുകള്‍ വില്‍ക്കാനുള്ള സൌകര്യമൊരുക്കല്‍ തുടങ്ങി ഒട്ടേറെ സേവനങ്ങള്‍. തിരക്ക് പിടിച്ച ഒരാളെ സംബന്ധിച്ചേടത്തോളം ഈ സേവനങ്ങള്‍ നല്‍കുന്ന ആശ്വാസമെത്രയാണ്. ഇതിനൊക്കെ ബാങ്കിന് ചെറിയ കമീഷന്‍ നല്‍കിയാല്‍ മാത്രം മതി. ഈ സംവിധാനങ്ങളൊക്കെ സ്ഥിര സ്വഭാവത്തില്‍ നിലനില്‍ക്കേണ്ടത് വളരെ അനിവാര്യമാണ്.
ബിസിനസ്, വ്യവസായം, കൃഷി തുടങ്ങി ഏതൊരു സാമ്പത്തിക മേഖലയുടെയും വളര്‍ച്ചക്ക്, സമൂഹത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മിച്ച ധനം ഒരു കേന്ദ്ര റിസര്‍വോയറില്‍ സമാഹരിക്കപ്പെടേണ്ടത് അനിവാര്യമാണ്. എങ്കിലേ സമൂഹ ജീവിതത്തിന്റെ സര്‍വ തലങ്ങളിലേക്കും ആ പണം ആവശ്യാനുസൃതം വിതരണം ചെയ്യാനൊക്കൂ. ചെലവ് കഴിച്ച് അല്‍പം മിച്ചം വെക്കുന്ന സാധാരണക്കാരനും ബാങ്കിംഗ് സംവിധാനം അനുഗ്രഹമാണ്. ആ ചെറിയ സംഖ്യ എങ്ങനെ പ്രയോജനകരമായ സംരംഭങ്ങളില്‍ മുടക്കും എന്നാലോചിച്ച് തല പുണ്ണാക്കേണ്ടതില്ലല്ലോ. ആ സംഖ്യ അയാള്‍ ഈ കേന്ദ്ര റിസര്‍വോയറില്‍ നിക്ഷേപിക്കുന്നു. ആ പണമെടുത്ത് ബാങ്ക് ഉല്‍പാദനപരമായ സംരംഭങ്ങളില്‍ മുടക്കുകയും അതില്‍ നിന്ന് കിട്ടുന്ന ലാഭം ഇത്തരക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ബാങ്ക് മേധാവികളും ഉദ്യോഗസ്ഥരും ഫിനാന്‍സ് മേഖലയുമായി നിരന്തരം ബന്ധപ്പെടുന്നതിനാല്‍ അവര്‍ക്ക് നല്ല കാഴ്ചപ്പാടും പ്രവര്‍ത്തന പരിചയവും ഈ മേഖലയില്‍ ഉണ്ടാകും. ബിസിനസുകാര്‍ക്കോ വ്യവസായികള്‍ക്കോ മറ്റു പ്രഫഷനല്‍ സംരംഭകര്‍ക്കോ അതിത്രത്തോളം ഉണ്ടാവണമെന്നില്ല. ഈ കാഴ്ചപ്പാടും പരിചയവും നല്ല കാര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ സാമ്പത്തിക മേഖലക്കാകെ അത് ഉണര്‍വ് പകരും. പണം പൂഴ്ത്തിവെക്കുക പോലുള്ള സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് മാത്രം. ഇത്ര മികച്ച ഒരു സംവിധാനം അതിന്റെ നന്മകളെല്ലാം കളഞ്ഞ് കുളിച്ച് തലകീഴായ് മറിയുന്നത് പലിശ കടന്നുവരുമ്പോഴാണ്. മുഴുവന്‍ സമൂഹത്തെയും അത് പ്രതികൂലമായി ബാധിക്കുന്നു. പലിശക്കെണിയിലൂടെ സമൂഹത്തിന്റെ സമ്പത്താകെ ചിലയാളുകളുടെ കൈകളിലെത്തിച്ചേരുക എന്നതും അവരത് ജനവിരുദ്ധ സംരംഭങ്ങളില്‍ മുടക്കുക എന്നതുമാണ് പിന്നെ സംഭവിക്കാനുള്ള ദുരന്തം. ഈ രണ്ട് തിന്മകളെയും ഉന്മൂലനം ചെയ്താല്‍ ബാങ്കിംഗ് മേഖല ശുദ്ധമായിത്തീരും. അത് സര്‍വ ജനങ്ങള്‍ക്കും പ്രയോജനകരമായിത്തീരും. ബാങ്കര്‍മാര്‍ക്ക് വരെ ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക നേട്ടം അത് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.
പലിശ നിരോധിച്ചാല്‍ ബാങ്കുകളിലേക്ക് പണമൊഴുകുന്നത് നിലക്കും എന്ന് ചിലര്‍ ഭയപ്പെടുന്നുണ്ട്. ആ ഭയത്തിന് യാതൊരു അടിസ്ഥാനവുമില്ല. പലിശ എന്ന ഉത്തേജകം ഇല്ലെങ്കില്‍ ജനം ബാങ്കില്‍ കാശിടില്ല എന്നാണവര്‍ പറയുന്നത്. പലിശ മാത്രമല്ലല്ലോ ഉത്തേജകം. ലാഭം എന്ന ഉത്തേജകം ഉണ്ടായാലും മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയും. ലാഭം ഉറപ്പില്ലെന്നതും ഉണ്ടെങ്കില്‍ തന്നെ അത് എത്രയെന്ന് നേരത്തെ പറയാന്‍ കഴിയില്ലെന്നതും ശരി തന്നെ. ഒരു പക്ഷെ പലിശയെക്കാള്‍ കുറഞ്ഞ തുകയായിരിക്കും ചിലപ്പോള്‍ ലാഭമായി കിട്ടിയിട്ടുണ്ടാവുക. മറ്റു ചിലപ്പോള്‍ പലിശ നിരക്കിനേക്കാള്‍ ലാഭം കിട്ടാനും സാധ്യതയുണ്ട് എന്നതിനാല്‍ ഈ നഷ്ടം നികത്തപ്പെടാവുന്നതേയുള്ളൂ. ബാങ്കാവട്ടെ അതിന്റെ മറ്റെല്ലാ കര്‍ത്തവ്യങ്ങളും നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ പലിശയില്ലെങ്കിലും ജനം ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ തയാറാവുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. എന്ന് മാത്രമല്ല പലിശ ഇല്ലാതാവുന്നതോടെ ബിസിനസ് മേഖലയില്‍ വലിയ ഉണര്‍വ് പ്രകടമാവും. തൊഴിലവസരങ്ങള്‍ കൂടും. വരുമാനം വര്‍ധിക്കും. സ്വാഭാവികമായും ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്ന തുകയും കൂടും.
ഒരു പലിശരഹിത ബാങ്കിംഗ് വ്യവസ്ഥയില്‍, ലാഭം ലഭിക്കാനാണ് ബാങ്കില്‍ പണം നിക്ഷേപിക്കുന്നതെങ്കില്‍ പണമടക്കുന്നവര്‍ ബാങ്കുമായി ഒരു പങ്കാളിത്ത കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ബാങ്ക് ഈ പണം ബിസിനസ്, വ്യവസായം, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ മുതല്‍മുടക്കും. ഈ രീതിക്ക് രണ്ട് പ്രധാന മെച്ചങ്ങളുണ്ട്. ഒന്ന്: ബാങ്കറുടെ താല്‍പര്യവും ബിസിനസുകാരന്റെ താല്‍പര്യം ഇവിടെ ഒന്നായിത്തീരുകയാണ്. അതിനാല്‍ എല്ലാ കാര്യങ്ങളിലും രണ്ട് കക്ഷികളും പരസ്പരം സഹകരിച്ചാണ് നീങ്ങുക. ആവശ്യത്തിന് പണമെത്തിക്കാന്‍ ബാങ്ക് എപ്പോഴും ജാഗ്രത കാണിക്കും (പലിശസഹിത ബാങ്കിംഗില്‍ നേരത്തെ വ്യവസ്ഥ ചെയ്തപ്രകാരം ബിസിനസുകാരനില്‍ നിന്ന് മുതലും പലിശയും തിരിച്ചുവരുന്നുണ്ടോ എന്ന് മാത്രമേ ബാങ്കര്‍ക്ക് നോട്ടമുള്ളൂ). അതിനാല്‍ ഇന്നത്തെ സമ്പദ്ഘടനയെ ഇടക്കിടെ സ്തംഭിപ്പിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ ഏറെക്കുറെ ഇല്ലാതാക്കാന്‍ തന്നെ പലിശരഹിത വ്യവസ്ഥക്ക് സാധിക്കും.
രണ്ട്: ബാങ്കര്‍മാര്‍ക്ക് ഫിനാന്‍സ് മേഖലയില്‍ കഴിവും പരിചയവുമുണ്ട്. സംരംഭകര്‍ക്ക് ബിസിനസ് വ്യവസായ സംരംഭങ്ങളില്‍ ഇതിന് സമാനമായ അറിവും പരിചയവും വേറെയും. പക്ഷേ, ഇന്നത്തെ ബാങ്കിംഗ് സമ്പ്രദായത്തില്‍ ഈ രണ്ട് കക്ഷികളും ശത്രുക്കളെപ്പോലെ പരസ്പരം ഇടഞ്ഞ് നില്‍പ്പാണ്. പലിശരഹിത വ്യവസ്ഥയില്‍ ഈ രണ്ട് കക്ഷികളുടെയും സഹകരണത്തിന്റെയും പരസ്പര ധാരണയുടെയും വിശാല മേഖലകളാണ് തുറക്കപ്പെടുക. അത് ഇടപാടില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും പ്രയോജനകരമായിത്തീരുകയും ചെയ്യുന്നു. മുതല്‍ മുടക്കിന്റെയും മറ്റും അനുപാതം നോക്കിയാണ് ലാഭം വീതിക്കപ്പെടുക.
ഈ സംവിധാനത്തില്‍, ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിന്റെ മൊത്തം നിയന്ത്രണവും ബാങ്കര്‍മാരുടെ കൈവശമാകില്ലേ എന്നൊരു ആശങ്ക ഉയര്‍ന്ന് വരാം. അത് തടയാന്‍ സംവിധാനമുണ്ടാകും. ഒരു ഇസ്ലാമിക വ്യവസ്ഥിതിയില്‍ പൊതുഖജനാവിന്റെ (ബൈത്തുല്‍ മാല്‍) കീഴിലായിരിക്കും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ ഉടമയിലുള്ള ബാങ്കുകള്‍ അന്യായമായ രീതിയില്‍ അവരുടെ മൂലധനശക്തി പ്രയോഗിക്കുന്നുണ്ടെങ്കില്‍ അത് തടയാനും നിയമം കൊണ്ട് വരും.
വളരെ സംക്ഷിപ്തമായ ഒരു രൂപരേഖ വരക്കുക മാത്രമാണ് ചെയ്തത്. പലിശരഹിത സംവിധാനം സാധ്യമാണ് എന്ന തീരുമാനത്തില്‍ തന്നെയാണ് അന്വേഷിച്ച് ചെല്ലുമ്പോള്‍ നാം എത്തിച്ചേരുക.
Comments