Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

എമര്‍ജിംഗ് കേരള പിന്നില്‍ കളിക്കുന്നതാര്?

പി.ഐ നൗഷാദ്‌

യു.ഡി.എഫ് സര്‍ക്കാര്‍ ദീര്‍ഘകാലമായി ഒരുക്കൂട്ടിയെടുത്ത് കേരളത്തിന്റെ മുഖഛായ മാറ്റാന്‍ കൊണ്ടുവന്ന എമര്‍ജിംഗ് കേരള വിവാദങ്ങള്‍കൊണ്ട് സമ്പന്നമായിരിക്കുന്നു. സാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി സംഘടനകളും പ്രതിപക്ഷവും മാത്രമല്ല ഭരണപക്ഷത്തുനിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് എമര്‍ജിംഗ് കേരളക്കെതിരെ 'എമര്‍ജ്' ചെയ്തിട്ടുള്ളത്. വിവാദത്തിന്റെ അടിസ്ഥാനം വെബ്‌സൈറ്റില്‍ നല്‍കിയ പദ്ധതികളാണെന്നും അവയെല്ലാം അംഗീകരിച്ചതല്ലെന്നും അവ നീക്കം ചെയ്യുമെന്നും ഒടുവില്‍ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ തീരുമാനമായി പ്രഖ്യാപിക്കേണ്ടിവന്നു. എമര്‍ജിംഗ് കേരളയില്‍ ധാരണാപത്രത്തില്‍ ഒപ്പിടില്ലെന്നും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ അംഗീകരിക്കില്ലെന്നും പറയേണ്ടിവന്നു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വികസനത്തിന്റെ അവസാന വണ്ടിയില്‍ വെച്ച കാല്‍ പിറകോട്ട് വെക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇതിന്റെ സൂത്രധാരകരില്‍ പ്രധാനിയായ ധനമന്ത്രി കെ.എം മാണി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ക്ഷണം സ്വീകരിച്ച് അധ്വാനവര്‍ഗസിദ്ധാന്തം അവതരിപ്പിക്കാന്‍ പോയിരിക്കുന്നതിനാല്‍ ചീഫ് വിപ്പ് ജോര്‍ജാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതിനാല്‍ സത്യം സത്യമായി പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഇല്ലന്ന് പറയുന്ന നെല്ലിയാമ്പതി പദ്ധതി, വാഗമണ്ണിലെ ഗോള്‍ഫ് ക്ലബ്ബ് തുടങ്ങി എല്ലാ അപകടകരമായ പദ്ധതികളും സ്ഥാപിച്ചെടുക്കാന്‍ ചാനല്‍ മതിയാകാതെ ഫേസ്ബുക്കില്‍ പേജ് തുറന്നിരിക്കുകയാണ് ചീഫ് വിപ്പ്.
കേരള വികസനത്തിന്റെയും സംരംഭകത്വത്തിന്റെയും മികച്ച സാധ്യതകള്‍ മന്ത്രിമാരുടെയും അവരുടെ ഓരം പറ്റിനില്‍ക്കുന്ന സ്വാര്‍ഥംഭരികളുടെയും കൊള്ളലാഭ മോഹം നിമിത്തം ഇല്ലാതാകുന്നതിന്റെ മികച്ച ഉദാഹരണമാവുകയാണ് എമര്‍ജിംഗ് കേരള. കേരളത്തില്‍ മൂലധനമിറക്കാന്‍ പ്രവാസികളും അല്ലാത്തവരുമായ പുതു നിക്ഷേപകര്‍ തയാറാണ്. കേരളത്തിലെ മികച്ച മനുഷ്യശേഷി ഉപയോഗപ്പെടുത്തി, നമ്മുടെ സവിശേഷമായ സാമൂഹിക സാഹചര്യവും പാരിസ്ഥിതിക പ്രാധാന്യവും പരിഗണിച്ചുകൊണ്ട് അവര്‍ക്ക് നിക്ഷേപമിറക്കാനും കേരളത്തിന് അനുഗുണമാകുന്ന പദ്ധതികള്‍ സാക്ഷാത്കരിക്കാനും സാധ്യമാകും. അതിന് അധികാരികള്‍ക്ക് കേരളത്തിന്റെ ഭാവിയെക്കുറിച്ച് ശരിയായ വീക്ഷണം ഉണ്ടാകണം. എമര്‍ജിംഗ് കേരളയുടെ മൗലികമായ ദൗര്‍ബല്യം അത് അത്തരമൊരു ആശയത്തെ പ്രതിനിധീകരിക്കുന്നില്ല എന്നതാണ്. മറിച്ച് കേരള വികസനത്തിന് ഭരണകൂടം കാണുന്നത് അമേരിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന, കോര്‍പ്പറേറ്റ് ഇംഗിതങ്ങള്‍ക്ക് പ്രാധാന്യമുള്ള കുമിള സമ്പദ്ശാസ്ത്രത്തിന്റെ രീതിയെ തന്നെ അനുകരിക്കുക എന്നതാണ്.
മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നതുപോലെ പദ്ധതികള്‍ വെബ്‌സൈറ്റില്‍ ആകസ്മികമായി വന്നുചേര്‍ന്നതല്ല. കേരളത്തെ ഒരു സാമ്പത്തിക ഹബ് ആക്കുകയെന്ന ഉദ്ദേശ്യത്തോടെ ദീര്‍ഘകാലത്തെ ആലോചനകളും ആസൂത്രണങ്ങളും എമര്‍ജിംഗ് കേരളക്ക് പിന്നിലുണ്ട്. പക്ഷേ, ആ ആസൂത്രണങ്ങള്‍ക്ക് ദുഷിച്ച താല്‍പര്യങ്ങളും ലക്ഷ്യവുമുണ്ടായിരുന്നതിനാല്‍ ഒട്ടും സുതാര്യമായിരുന്നില്ലെന്ന് മാത്രം. മാസങ്ങള്‍ക്ക് മുമ്പേ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ മുഖ്യമന്ത്രിയും വ്യവസായ ധനകാര്യമന്ത്രിമാരും കാബിനറ്റ് സെക്രട്ടറിമാരും കേരള ആസൂത്രണ ഉപാധ്യക്ഷന്‍ ചന്ദ്രശേഖരനും അടങ്ങുന്ന സംഘത്തിന്റെ റോഡ്‌ഷോകളുണ്ടായിരുന്നു. ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനത്തിനും വ്യവസായത്തിനും ടൂറിസത്തിനും ഭൂമി, ഊര്‍ജം, വെള്ളം തുടങ്ങി അടിസ്ഥാന വിഭവങ്ങള്‍, കുറഞ്ഞ നിര്‍വഹണ ചെലവ്, 90 ദിവസത്തിനുള്ളില്‍ പദ്ധതികള്‍ക്കുള്ള അംഗീകാരം, വേഗതയില്‍ കാര്യങ്ങള്‍ നടക്കാന്‍ മന്ത്രിസഭ അംഗീകാരത്തിനു പകരം ഉപസമിതി അംഗീകാരം തുടങ്ങി അഞ്ചു വര്‍ഷത്തേക്ക് വരുമാനത്തിന് പൂര്‍ണമായ നികുതി ഇളവുകള്‍വരെ ഈ റോഡ്‌ഷോകളില്‍ വാഗ്ദാനങ്ങളുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ടൂറിസം, കയര്‍, കരിമണല്‍ ഖനനം, ലോജിസ്റ്റിക്‌സ്, ആരോഗ്യ മേഖല, വിദ്യാഭ്യാസം, സുഗന്ധ വിളകള്‍, ഐ.ടി, റീട്ടയില്‍ രംഗം, കാര്‍ഷിക രംഗം ഉള്‍പ്പെടെ 26 മേഖലകളില്‍ 175-ലധികം പദ്ധതികള്‍ എമര്‍ജിംഗ് കേരളയില്‍ ഇടംപിടിച്ചത്. പുതിയ വ്യവസായങ്ങള്‍, വാണിജ്യങ്ങള്‍, സംരംഭകത്വങ്ങള്‍, സാമ്പത്തിക ഇടപാടു കേന്ദ്രങ്ങള്‍ എന്നിവക്കുവേണ്ടി നിക്ഷേപമിറക്കുന്നതിനായി സര്‍ക്കാരുമായും ബിസിനസ് ഗ്രൂപ്പുകളുമായും കരാറുകളില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യങ്ങളാണ് എമര്‍ജിംഗ് കേരളയില്‍ ഒരുക്കിയിരിക്കുന്നത്. ഈ ദിനങ്ങളില്‍ ബിസിനസ് ടു ബിസിനസ് (B2B), ബിസിനസ് ടു ഗവണ്‍മെന്റ് (B2G) ചര്‍ച്ചകളും കരാറുകളും ഉണ്ടാകുമെന്നതിനാല്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും ലേമെറിഡിയനില്‍ ഉണ്ടാകണമെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഉയര്‍ന്ന വിവാദം ഇതിനെ എങ്ങനെയാണ് ബാധിക്കുകയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
എമര്‍ജിംഗ് കേരള മുന്നോട്ട് വെക്കുന്ന പ്രധാന പദ്ധതികളുടെ ഗുപ്ത താല്‍പര്യങ്ങളും സംഘാടക പ്രധാനികളുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നത്, യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂവിനിയോഗ നിയമ ഭേദഗതികളുടെ പശ്ചാത്തലത്തിലാണ്. തോട്ടം മേഖലയില്‍ ഏക്കറിന് ഒരു രൂപക്ക് പാട്ടത്തിന് എടുത്ത് എസ്റ്റേറ്റുകള്‍ സ്ഥാപിച്ചവര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കേണ്ട സമയമാണ്. ഭൂരഹിതരായവരുടെ സമരം ശക്തമായതിനാല്‍ പഴയതുപോലെ നാമമാത്ര തുകക്ക് ആ ഭൂമികള്‍ കൈമാറാന്‍ കഴിയില്ല. അതിനുമപ്പുറം ഭൂമി ലഭിച്ചവര്‍ ലക്ഷക്കണക്കിന് രൂപക്ക് ആ ഭൂമിയും കൈയേറിയ റവന്യൂ വനഭൂമിയും കൃത്രിമ പട്ടയങ്ങളുണ്ടാക്കി മുറിച്ച് വിറ്റുകൊണ്ടിരിക്കുകയാണ്. അവയെല്ലാം തിരിച്ചുപിടിക്കാന്‍ തുടങ്ങിയാല്‍ മലയോര മേഖലയില്‍ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ഭൂമി കുംഭകോണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയും പല രാഷ്ട്രീയ പ്രമാണിമാരുടെയും തനിനിറം വെളിപ്പെടുകയും ചെയ്യും. തോട്ടം മേഖലയില്‍ നടക്കുന്ന ഭൂമികൊള്ളക്ക് നിയമ പരിരക്ഷ നല്‍കാനാണ് തോട്ടഭൂമി തോട്ടേതര ആവശ്യങ്ങള്‍ക്കും ടൂറിസത്തിനും ഉപയോഗിക്കാമെന്ന ഭൂപരിഷ്‌കരണ നിയമഭേദഗതി നടപ്പാക്കിയത്. കൂടാതെ കൈയേറിയ വനം-റവന്യൂഭൂമിയുടെ ഉടമസ്ഥത ലഭിക്കാന്‍ കൂട്ടുസംരംഭകത്വത്തിന്റെ പേരില്‍ വ്യവസായ/വാണിജ്യ ഗ്രൂപ്പുകള്‍ക്ക് കൈമാറാനുള്ള സാധ്യതയും 'എമര്‍ജിംഗ്' മുന്നോട്ട് വെക്കുന്നുണ്ട്. കരഭൂമിയിലെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നീര്‍ത്തട സംരക്ഷണ നിയമഭേദഗതിയും കൊണ്ടുവന്നു. എമര്‍ജിംഗ് കേരളയിലെ പല പദ്ധതികളും മലയോര മേഖല കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളാണെന്നതും അവക്കാവശ്യമായ ഭൂമി നൂറുകണക്കിന് ഏക്കറാണെന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ഭൂരഹിതര്‍ക്ക് ലഭിക്കേണ്ടതും റവന്യൂ, വനം വകുപ്പുകളുടെ കൈവശമിരിക്കേണ്ടതുമായ ഭൂമി സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ എമര്‍ജിംഗില്‍ പതിയിരിക്കുന്നുവെന്ന ഭീതി ശക്തിപ്പെടുന്നത് ഇക്കാരണത്താലാണ്. വെറുതയല്ല പി.സി ജോര്‍ജ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് അക്രമാസക്തനാകുന്നതും ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നതും.
എമിര്‍ജിംഗ് കേരളയും കഴിഞ്ഞ യു.ഡി.എഫ് കാലത്ത് കൊട്ടിഘോഷിച്ച് നടത്തിയ ജിമ്മിന്റെ പരാജയ പാതയിലേക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ ആഗോള നിക്ഷേപത്തെ അഹമഹമികയാ പിന്തുണച്ച മലയാള മനോരമ തന്നെ ഒടുവില്‍ സമ്മതിച്ചു ജിം പൊളിയായിരിന്നുവെന്ന്. ''തീര്‍ച്ചയായും ജിമ്മിന്റെ ബാക്കിപത്രത്തില്‍ കൂടുതലും നിരാശതന്നെയാണ്. ധാരണയനുസരിച്ച് നിക്ഷേപമെത്തിയില്ല. പല പദ്ധതികളും വിവാദങ്ങളിലും തടസ്സങ്ങളിലും കുടുങ്ങി. പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അവലോകനങ്ങള്‍ തുടര്‍ച്ചയായി നടത്തി തടസ്സങ്ങള്‍ നീക്കാന്‍ താല്‍പര്യം കാണിച്ചതുമില്ല'' (മലയാള മനോരമ, സെപ്റ്റംബര്‍ 3, എഡിറ്റോറിയല്‍). ജിമ്മിലെ പരാജയത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വിശേഷിച്ച് ഒരു പാഠവും പഠിച്ചില്ലായെന്ന് തെളിയിക്കുന്നതാണ് എമര്‍ജിംഗ് കേരളയുടെ ഒരുക്കവും പദ്ധതികളും. ലോകത്തുതന്നെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിന്റെ സ്വഭാവം അട്ടിമറിക്കുന്ന പദ്ധതികള്‍ തത്ത്വദീക്ഷയില്ലാതെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിന്റെ ഭാവിയെ തകര്‍ക്കുകയാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തഃസത്തക്ക് എതിരാണ് എമര്‍ജിംഗ് കേരളയിലെ പല പദ്ധതികളും. കാടും കടലും പുഴയും പാടവുമെല്ലാം മുറിച്ച് വില്‍ക്കുന്നത് വികസനമല്ല, വിനാശമാണ്. പശ്ചിമഘട്ടവും അതില്‍ നിന്നുത്ഭവിക്കുന്ന പുഴകളും അതിനെത്തുടര്‍ന്നുള്ള കായലുകളും പാടങ്ങളുമാണ് കേരളത്തിന്റെ ജീവനും ജീവിതവും. അവയില്ലാതായാല്‍ കേരളം തന്നെയാണ് ഇല്ലാതാവുക. വികസനം കേരളത്തെ മനോഹരമാക്കാനാണ്, ഇല്ലാതാക്കാനല്ല എന്ന തിരിച്ചറിവാണ് കേരളോന്മുഖമായ നിക്ഷേപ സമാഹരണത്തിന് കരുത്ത് പകരുക. ആ തിരിച്ചറിവാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നതും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍