ഇവരെ മറന്നതെന്തേ..?
ഇസ്ലാം മലയാളത്തില്‍ പാടുന്നു' ജമീല്‍ അഹ്മദിന്റെ നിരീക്ഷണങ്ങള്‍ അര്‍ഥവത്താണ്. ഇത്തരം അവലോകനങ്ങളില്‍ ചില നല്ല പ്രതിഭാ സമ്പത്തുകള്‍ക്കു നേരെ കണ്ണടച്ചു പോകുന്നത് ഓര്‍മ പിശകുകളാവാം. എസ്.ഐ.ഒ 'സംവേദന വേദി'യുടെ വിവിധ കാസറ്റുകളില്‍ സഹോദരന്‍ റഹ്മാന്‍ മുന്നൂരിന്റെ നിരവധി നല്ല രചനകള്‍ സംഭവിച്ചിട്ടുണ്ട്. പി.ടി അബ്ദുര്‍റഹ്മാന്റെ 'മിഅ്റാജ് രാവിലെ കാറ്റേ...' ആലപിച്ച എരഞ്ഞോളി മൂസ, ഇന്ന് വിവിധ ചാനലുകളില്‍ ശ്രോതാക്കളുടെ കണ്ണും കാതും കുളിര്‍പ്പിക്കുന്ന ശമീര്‍ ബിന്‍സി, രോഗം കൊണ്ട് അവശനെങ്കിലും ഇന്നും മുസ്ലിം ചുണ്ടുകള്‍ ആലപിക്കുന്ന നിരവധി പാട്ടുകളുടെ ശബ്ദ സമ്പന്നന്‍ പീര്‍ മുഹമ്മദ്, 'ഹിറാ' ഗാനങ്ങളിലെ യഥാര്‍ഥ ആത്മാവ് രചനകളിലൂടെ സാക്ഷാത്കരിച്ച കാനേഷ് പൂനൂരും ജമാല്‍ കൊച്ചങ്ങാടിയും.... ഇന്നും ആസ്വാദക മനസ്സുകളില്‍ ഇസ്ലാമിക ഉണര്‍വുകള്‍ മുളപ്പിക്കുന്ന ആലപ്പുഴ റംലാ ബീഗത്തിന്റെ 'അലിഫെന്ന മാണിക്യം' തുടങ്ങി എത്രയോ പാട്ടുകാര്‍, രചയിതാക്കള്‍... 'ഓത്തുപള്ളി' പാടിയ വടകര കൃഷ്ണദാസ് ഇന്നും നമുക്കന്യനല്ല. വണ്ടൂര്‍ കെ.സി, ഇ.വി അബ്ദു എന്നിവരെ എന്തേ ജമീല്‍ മറക്കാന്‍...? ധര്‍മധാരയുടെ 'തേന്മാവ്' എന്ന ശ്രാവ്യാവിഷ്കാരത്തിന്റെ സംഗീതജ്ഞന്‍ മുഹ്സിന്‍ കുരിക്കള്‍ എന്ന പേരും ഇതുപോലൊരു കുറിപ്പില്‍ ഒഴിച്ചുനിര്‍ത്തുന്നത് ന്യായീകരിക്കാവതല്ല.
പി.കെ മുഹമ്മദ് മനു
ചേലാകര്‍മത്തിന് മിക്ക സ്ഥലങ്ങളിലും ഇന്ന് സൌകര്യം കുറവാണ്. അധിക ഡോക്ടര്‍മാരും ഈ രംഗത്ത് നിന്ന് പിന്‍വാങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത് ചെയ്യുന്ന അപൂര്‍വം ഡോക്ടര്‍മാരാകട്ടെ ഭീമമായ ഫീസും, അനാവശ്യമായ കുറെ മരുന്നുകളും അടിച്ചേല്‍പിക്കുന്നു. ചില ആശുപത്രികളില്‍ ചേലാകര്‍മം ചെയ്യുന്നതിന് മൈനര്‍ ഓപ്പറേഷന് സമാനമായ ചാര്‍ജാണ് ഈടാക്കുന്നത്. മുസ്ലിം സംഘടനകളുമായി ബന്ധമുള്ള ഡോക്ടര്‍മാരെ സംഘടിപ്പിച്ച് വര്‍ഷത്തിലൊരിക്കലോ സാധ്യമായ മറ്റു രീതിയിലോ കാമ്പയിന്‍ സംഘടിപ്പിച്ച് ചേലാകര്‍മത്തിന് അവസരമൊരുക്കുകയാണെങ്കില്‍ ഈ മേഖലയിലെ ചൂഷണം പരമാവധി കുറക്കാനാവും.
ഇന്ന് നിലവിളക്ക് കൊളുത്തുന്നവര്‍ നാളെ തേങ്ങയുടക്കുമോ?
ഡോ. കെ.ടി ജലീല്‍ 27-8-2012-ന് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ 'നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്ലിമിന്റെ ആലോചനകള്‍' എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ വിചാരങ്ങള്‍ ഇവിടെ കുറിക്കുന്നു.
മുസ്ലിംകള്‍ പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുകയും കൈകൂപ്പുകയും ചെയ്യണമെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. മുസ്ലിംകള്‍ പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുകയും കൈകൂപ്പുകയും ചെയ്താല്‍ തീരുന്നതാണോ മുസ്ലിംകളോടും ഇസ്ലാം മതത്തോടും നിക്ഷിപ്ത താല്‍പര്യക്കാര്‍ ജനമനസ്സുകളില്‍ സൃഷ്ടിച്ചെടുത്ത തെറ്റിദ്ധാരണകള്‍. സാധാരണക്കാരായ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ ഇവിടെ വിദ്വേഷങ്ങളൊന്നുമില്ല. അവര്‍ പരസ്പരം ശത്രുക്കളുമല്ല. അവരില്‍ ആരൊക്കെയോ വിഷം കുത്തിവെക്കുകയാണ്. തങ്ങളുടെ മതാനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്നതോടൊപ്പം എല്ലാ മതങ്ങളെയും അംഗീകരിച്ച് ആദരിച്ച് ജീവിക്കുകയാണ് വേണ്ടത്.
ഇന്ന് നിലവിളക്ക് കൊളുത്തിയാല്‍ നാളെ ഭൂമിപൂജയിലും ഗണപതിഭഗവാന്റെ പ്രതിഷ്ഠക്ക് മുമ്പില്‍ തേങ്ങയുടച്ച് കൊണ്ടുള്ള ഉദ്ഘാടന ചടങ്ങുകളിലും പങ്കുകൊള്ളേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളിലും വിശ്വാസത്തിന്റെ ഭാഗമായി മാറി നിന്നാല്‍ എങ്ങനെയാണ് സ്വയം ചെറുതായി തോന്നുക. ഹിന്ദുത്വ ശക്തികള്‍ നിയന്ത്രിക്കുന്ന ദേശീയ മാധ്യമങ്ങള്‍ സംഘ്പരിവാറിന്റെ സാംസ്കാരിക അധിനിവേശത്തിന് ബോധപൂര്‍വം മണ്ണൊരുക്കിക്കൊടുക്കുകയാണ്. ദൂരെ നിന്ന് കൈകൂപ്പുന്നതിനേക്കാള്‍ മനുഷ്യ മനസ് കൂടുതല്‍ അടുക്കുക പരസ്പരം ആശ്ളേഷിക്കുമ്പോഴാണല്ലോ. പക്ഷേ, നമ്പൂതിരിക്കും ചണ്ഡാളനും അതിന് കഴിയുമോ? അയിത്തം നിലനില്‍ക്കുന്ന സവര്‍ണ ബോധത്തിന്റെ തന്ത്രമാണ് കൈകൂപ്പല്‍.
മതവിഭാഗങ്ങള്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കുന്നതോടൊപ്പം തന്നെ പരസ്പരം അംഗീകരിച്ചും ആദരിച്ചും സ്നേഹ ബഹുമാനങ്ങളോടെയും ഐക്യത്തോടെയും രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ഒപ്പം ജനങ്ങള്‍ക്കിടയിലും മതവിഭാഗങ്ങള്‍ക്കിടയിലും അവിശ്വാസം സൃഷ്ടിച്ച് ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ ലഹളകള്‍ സംഘടിപ്പിക്കുന്ന ജാതി മത ശക്തികളെ തുറന്നു കാണിക്കുകയും അത്തരം ദുഷ്ട ശക്തികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്. മറിച്ചുള്ള വാദങ്ങള്‍ സാംസ്കാരിക അധിനിവേശം മുഖ്യ അജണ്ടയാക്കി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങലാണ്.
അബ്ദുല്‍ ഷുക്കൂര്‍ പയ്യോളി
ഇസ്ലാമിക പ്രസ്ഥാനംകാലം മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു
ആറ് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച പി.കെ ജമാലിന്റെ 'ഇസ്ലാമിക പ്രസ്ഥാനം വിശാല ഭൂമിക തേടുമ്പോള്‍' എന്ന ലേഖനങ്ങളും തുടര്‍ന്ന് ബഷീര്‍ തൃപ്പനച്ചിയുടെ പ്രതികരണവും പ്രസ്ഥാനത്തില്‍ അടിയന്തര ചര്‍ച്ച അര്‍ഹിക്കുന്ന വിഷയങ്ങളാണ്. സമാനമായ അഭിപ്രായങ്ങള്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലവും സി. ദാവൂദും മുന്‍കാലങ്ങളില്‍ അവതരിപ്പിച്ചതോര്‍ക്കുന്നു.
മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമായി പറയപ്പെടുന്നത്, മുസ്ലിം ഭരണാധികാരികള്‍ക്കും സംഘടനാ നേതൃത്വത്തിനും മനുഷ്യവിഭവശേഷി വേണ്ടവണ്ണം വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. ഭരണകര്‍ത്താക്കളൊക്കെ സ്വേഛാധിപതികളും സംഘടനകളൊക്കെ കേഡര്‍ അവസ്ഥയിലും ആയതുകൊണ്ട് സ്വതന്ത്ര ചിന്തയോ അതിനനുസൃതമായ പ്രവര്‍ത്തനങ്ങളോ കാര്യക്ഷമമല്ല എന്നത് അതിന് ഒരു കാരണമാകാം. കൊളോണിയല്‍കാലത്തെ ഈ കേഡര്‍ വ്യവസ്ഥയുടെ മൂര്‍ത്തരൂപം മാര്‍ക്സിസത്തിലാണ് ഏറ്റവും കൂടുതല്‍ പ്രകടം. അതിന്റെ പ്രേതം ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണല്ലോ സെക്രട്ടറിയുടെ വാക്കല്ല സംഘടനയുടെ അവസാനത്തെ വാക്ക് തുടങ്ങിയ തര്‍ക്കവും മറ്റും.
ജമാലിന്റെ ലേഖനത്തില്‍ ശഹീദ് ഹസനുല്‍ ബന്നാ വിമര്‍ശകരെ വിളിച്ചുവരുത്തി അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു എന്ന് പറയുന്നുണ്ട്. ഇത് അനുകരണീയമായ മാതൃകയാണ്. സമാന ചിന്താഗതിക്കാരുടെ തീരുമാനത്തില്‍ പലപ്പോഴും പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരാന്‍ പ്രയാസമാണ്. സംഘടനയുടെ മെല്ലെ പോക്ക് നയം മറ്റൊരു പ്രതിസന്ധിയാണ്. കാലഘട്ടത്തിനനുസൃതമായ നയപരിപടിയാണ് വളര്‍ച്ചയുടെ നിദാനം. ഏഴു പതിറ്റാണ്ടായിട്ടും വളര്‍ച്ചയുടെ ഗ്രാഫ് ഉയരാത്തതിന്റെ കാരണം പ്രവര്‍ത്തകരെ സ്ഫുടം ചെയ്തെടുക്കാനുള്ള കാലവിളംബമാണ് എന്ന് പറയുന്നത് കടന്ന പ്രയോഗമല്ലേ?
അറബ് മുസ്ലിം ഭൂരിപക്ഷമുള്ള നാട്ടില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വക്താക്കളായ റാശിദുല്‍ ഗനൂശിയും മുഹമ്മദ് മുര്‍സിയും ഭരണത്തിലേറിയിട്ടും ഇസ്ലാമിക ശരീഅത്ത് നടപ്പാക്കാന്‍ ധൃതി കാണിക്കാതിരിക്കാനുള്ള കാരണം അതിനോടുള്ള വിമുഖത കൊണ്ടല്ലല്ലോ! കുറ്റമറ്റ ജനാധിപത്യത്തില്‍ കൂടി ലക്ഷ്യം നേടാന്‍ കഴിയും എന്ന് അവര്‍ക്ക് ശുഭാപ്തി വിശ്വാസമുള്ളതുകൊണ്ടാണ്.
അബൂബകര്‍ പട്ടണത്ത്
കവിതകള്‍ പറയുന്നത്
വരികള്‍ കുറുക്കി, ആശയക്കനമുള്ള വാക്കുകള്‍ സന്നിവേശിപ്പിച്ച് സുഗ്രാഹ്യ ഭാഷയില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന വൃത്തക്കുരുക്കുകളില്ലാത്ത കലാരൂപങ്ങളാണ് ഇന്നത്തെ കവിതകള്‍. ഇത്തരം കവിതകള്‍ പദ്യ-വൃത്ത പ്രാസ രഹിതമായതിനാലാവാം സാധാരണക്കാരും ഇതിന്റെ ഇഷ്ടതോഴരായത്. സമകാലിക സാമൂഹിക വിഷയങ്ങളാണ് പലപ്പോഴും ഇവയുടെ ഇതിവൃത്തം.
പത്ര-വാരിക- മാസികകളില്‍ ആധുനിക കവിതകളെന്ന പേരു ചേര്‍ക്കപ്പെട്ട ഗദ്യകവിതകള്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. പ്രബോധനം അതിനായി ഒരു പേജു തന്നെ ഒരുക്കിയത് ശ്ളാഘനീയമാണ്. ഉള്‍ക്കനമുള്ള കാവ്യാവിഷ്കാരങ്ങള്‍ക്ക് വായനക്കാരേറിവരുന്നുവെന്നതാണ് നേര്.
ജമീല്‍ അഹ്മദിന്റെ വസന്തകാലത്തെ പെരുന്നാളും നോമ്പു കവിതകളും ഹൃദ്യവും ഈടുറ്റതുമായിരുന്നു. ബിജു വളയന്നൂരിന്റെ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ആവിഷ്കാരങ്ങളും പ്രോത്സാഹനാജനകമാണ്.അടിയുറപ്പുള്ള ലേഖനങ്ങളാല്‍ സമൃദ്ധമായ പ്രബോധനത്തില്‍ കവിതകള്‍ കൂടി ഉള്‍ച്ചേരുമ്പോഴാണ് പ്രബോധനം മലയാള ഭാഷക്ക് പ്രിയങ്കരമാവുന്നത്.
പി.എ ഉസ്മാന്‍ പാടല
സാധാരണക്കാര്‍ക്കും അനുഭവങ്ങളുണ്ട്
ലക്കം 12-ലെ കലാം കൊച്ചിയെഴുതിയ 'ഓര്‍മയിലെ ഇഖ്വാന്‍ സുഹൃത്തുക്കള്‍' എന്ന കത്ത് വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കട്ടെ.
മിഡിലീസ്റില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അറബ് വസന്തത്തിന്റെ ശുഭ സൂചകമായ മാറ്റങ്ങളില്‍ ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രവര്‍ത്തകര്‍ ഏറെ ആഹ്ളാദചിത്തരാണ്. ഓരോ ഇസ്ലാമിക പ്രവര്‍ത്തകന്റെയും കൊച്ചു കൊച്ചു ജീവിത പ്രയാണത്തിനിടയില്‍ മറക്കാനാവാത്ത ഇത്തരം ജീവിത മുഹൂര്‍ത്തങ്ങളുണ്ടാകും. പക്ഷേ, അവയൊരിക്കലും മറ്റുള്ളവരുമായി പങ്കുവെക്കപ്പെടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞുപോകുന്നു. കാരണം സാധാരണക്കാരായ ഇസ്ലാമിക പ്രവര്‍ത്തകര്‍ നല്ല പ്രസംഗകരോ എഴുത്തുകാരോ നേതാക്കളോ ആയി വളരണമെന്നില്ല. അത്തരം പ്രമുഖരേക്കാള്‍ ജീവിതാനുഭവങ്ങള്‍ സാധാരണക്കാരില്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യും.
സന്തോഷത്തിന്റെയും സന്താപത്തിന്റെയും കൊച്ചു കൊച്ചു ജീവിതമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കാന്‍ പ്രബോധനം വായനക്കാരായ സാധാരണ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സ്ഥിരം കോളം അനുവദിക്കുന്നത് നല്ലതാണ്.
ശാഫി മൊയ്തു
Comments