ബോഡോകളുടെ മനസ്സറിയാന്‍ അപകടം പതിയിരിക്കുന്ന വഴികളിലൂടെ...
കെ.സി മൊയ്തീന്‍ കോയ
ആസാം പ്രശ്‌നപരിഹാരത്തിന് വഴി തുറക്കണമെങ്കില്‍ ബോഡോകളുമായും അവരുടെ നേതൃത്വവുമായും സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ആശങ്കകളും അറിയണം. അതിനൊരു ശ്രമം നടത്തി നോക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഈ ഉദ്ദേശ്യത്തോടെ ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി ശാഫി മദനി സാഹിബ്, ആസാം റിലീഫ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ശംസ് അഹ്മദ് സാഹിബ് എന്നിവരുമൊന്നിച്ച് ഞങ്ങള്‍ ഐ.ആര്‍.ഡബ്ലിയുവിന്റെ പ്രവര്‍ത്തകര്‍ ക്രോകജാറിലെ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ അവകാശ സംരക്ഷണ ഓഫീസിലേക്ക് ചെന്നു. അവിടത്തെ ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ബോഡോലാന്‍ഡില്‍ ചെന്ന് ബോഡോകളെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍, അവര്‍ സി.ആര്‍.പി.എഫിലെ കമാന്‍ഡറുമായി ബന്ധപ്പെട്ടു. നാല് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ അദ്ദേഹം ഏര്‍പ്പാടാക്കി തന്നു. അവരുടെ തന്നെ വണ്ടിയില്‍ യാത്രയും ചെയ്യാം. ബോഡോലാന്റ് അതിര്‍ത്തിയിലെത്തിയപ്പോള്‍ അവിടത്തെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഇറങ്ങി. ക്യാമ്പ് ഇന്‍ചാര്‍ജ് എന്‍.ആര്‍ രാജ്പത് കര്‍ണാടക സ്വദേശിയാണ്. മൂന്ന് വര്‍ഷം കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് മലയാളത്തിലാണ് സംസാരിച്ചത്. അദ്ദേഹം ഞങ്ങളെ പ്രത്യേകം ഓര്‍മപ്പെടുത്തി: ''ഈ പ്രദേശം ആസാം പോലീസിന്റെ കീഴിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ബോഡോകള്‍ സര്‍വായുധ സജ്ജരാണ്. ഏത് നിമിഷവും അവര്‍ പതിയിരുന്ന് അക്രമിച്ചേക്കാം.'' ക്യാമ്പിന് ചുറ്റും തന്നെ മണല്‍ ചാക്കുകള്‍ അട്ടിയിട്ട് പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുകയാണ്. ആദ്യം ഏഴ് പട്ടാളക്കാരുള്ള ഒരു വാഹനം ഞങ്ങള്‍ക്ക് മുമ്പെ പുറപ്പെട്ടു. തോക്കും തിരയുമെല്ലാമെടുത്ത് രാജ്പതും ഞങ്ങളോടൊപ്പം വന്നു. പട്ടാള വണ്ടിക്ക് പിറകില്‍ കാറിലാണ് ഞങ്ങള്‍ സഞ്ചരിച്ചത്. റോഡിന് ഇരുവശവും കത്തിക്കരിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങള്‍. അവക്കിടയില്‍ കേടുപാടുകളൊന്നുമില്ലാതെ ഒന്നോ രണ്ടോ പള്ളികളും കണ്ടു. ബാജ്യഗാവിലെ ഒരു ചര്‍ച്ചിന് മുമ്പില്‍ പട്ടാള വാഹനം നിര്‍ത്തി. ആക്രമണത്തിന് ഇരയായ ബോഡോകളുടെ ഒരു ക്യാമ്പ് അവിടെയായിരുന്നു. പ്രദേശത്തെ മുഖ്യനായ പ്രേമാനന്ദിനെ ക്യാമ്പില്‍ ഫോണ്‍ ചെയ്ത് വരുത്തിയിരുന്നു. മതജാതി പരിഗണനകളില്ലാതെ ജമാഅത്ത് നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മദനി സാഹിബ് അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട ശേഷം നേതൃത്വവുമായി ആലോചിക്കാതെ ഒന്നും പറയാന്‍ പറ്റില്ലെന്നായി അദ്ദേഹം. ''ഒരൊറ്റ ബംഗ്ലാദേശിയെയും ഇവിടെ പൊറുപ്പിക്കില്ല. അവര്‍ തിരിച്ച് പോണം. ബാക്കിയൊക്കെ ചര്‍ച്ചയാവാം'' എന്നും അദ്ദേഹം കടുപ്പിച്ച് പറഞ്ഞു. പിന്നെ ഞങ്ങളെത്തിയത് ക്രോകജാറിലെ ഗാരാഗുരി ബോഡോ ക്യാമ്പിലായിരുന്നു. 478 കുടുംബങ്ങളിലെ 2019 പേര്‍ ഈ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ഇവരുടെ വീടുകള്‍ കത്തിക്കപ്പെട്ടിരുന്നു. ഇവിടെ കത്തിക്കപ്പെട്ട വീടുകളില്‍ പകുതി മുസ്‌ലിംകളുടേതും പകുതി ബോഡോകളുടേതുമാണ്. ബോഡോലാന്റില്‍ മൊത്തം 33 ശതമാനം ബോഡോകളാണ്. മുസ്‌ലിംകളും ഹിന്ദുക്കളുമുള്‍പ്പെടെയുള്ളവര്‍ 67 ശതമാനം. അതേസമയം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 60 ശതമാനം ബോഡോകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ മറ്റു വിഭാഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടെന്ന് ക്യാമ്പില്‍ വെച്ച് ഞങ്ങളുമായി സംസാരിച്ച ബോഡോ വംശക്കാരനായ അധ്യാപകന്‍ സമ്മതിച്ചു. മുസ്‌ലിംകള്‍ 'ക്വാളിറ്റി'യില്‍ അല്ല, 'ക്വാണ്ടിറ്റി'യിലാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പരാതി പറഞ്ഞു. ''ബോഡോ കുടുംബത്തില്‍ 2-3 കുട്ടികള്‍ ഉണ്ടാവുമ്പോള്‍ മുസ്‌ലിംകളിലത് 5-6 ആണ്. എന്നാല്‍, ആ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലൊന്നും മുസ്‌ലിംകള്‍ ശ്രദ്ധിക്കുന്നുമില്ല.'' ഒറ്റ ബംഗ്ലാദേശിയും ഈ പ്രദേശത്ത് ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും പട്ടയവും ഐഡി കാര്‍ഡുമൊന്നുമില്ലാത്തവര്‍ കണ്ടേക്കും. അതിനര്‍ഥം അവരൊക്കെ ബംഗ്ലാദേശികളാണ് എന്നല്ലല്ലോ. ക്യാമ്പിലെ മറ്റൊരാള്‍ വളരെ യാഥാര്‍ഥ്യ ബോധത്തോടെയാണ് സംസാരിച്ചത്. ബോഡോകളും മുസ്‌ലിംകളും പരസ്പരം അടുത്തറിയാന്‍ സ്‌നേഹസംഗമങ്ങള്‍ നടത്തണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. പുനരധിവാസത്തിനും മറ്റുമായി സര്‍ക്കാര്‍ കൃത്യമായ ഒരു നയരേഖ ഉണ്ടാക്കുകയും വേണം. ''മുസല്‍മാന്‍ ഭായി ലോകിന്റെ വീടുകള്‍ ബോഡോകളും ബോഡോകളുടെ വീടുകള്‍ മുസല്‍മാന്‍ഭായി ലോകുമാണ് പുനര്‍നിര്‍മിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള നിര്‍ബന്ധിത പുനരധിവാസം (compulsory rehabilitation) കൊണ്ട് കാര്യമില്ല.'' സംഭാഷണത്തിലുടനീളം അദ്ദേഹം മുസ്‌ലിംകളെക്കുറിച്ച് സ്‌നേഹപൂര്‍വം 'മുസ്‌ലിം ഭായിലോക്' എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇത്തരത്തില്‍ പരസ്പര ധാരണയോട് കൂടിയ ഒരു പുനരധിവാസത്തിനാണ് ജമാഅത്ത് ശ്രമിക്കുന്നതെന്നും ഇതെക്കുറിച്ച് മുഖ്യമന്ത്രിയുമായും ബോഡോ നേതാവ് ഹഗ്രാമ മോഹിലാരിയെ പ്രതിനിധീകരിച്ച് വന്ന രാജ്യസഭാ എം.പി ബിസ്വജിത് ദൈമാറിയുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ശാഫി മദനി സാഹിബ് അറിയിച്ചു. മറ്റൊരു സ്ഥലത്ത് ചെന്നപ്പോള്‍ വിശാലമായ പ്രദേശത്ത് വെവ്വേറെ ടെന്റുകളിലായി ഓരോ കുടുംബവും താമസിക്കുന്നതാണ് കണ്ടത്. വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു അത്. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് സാന്താള്‍ വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലമാണ് അതെന്നാണ്. സാന്താള്‍ വിഭാഗക്കാര്‍ ഹിന്ദുക്കളാണ്. 1996-ല്‍ ബോഡോകള്‍ ഇവരെയും ആട്ടിയോടിച്ചിരുന്നു. അന്ന് മുസ്‌ലിംകളാണ് അവര്‍ക്ക് അഭയം നല്‍കിയിരുന്നത്. അതിന് പ്രത്യുപകാരമായി മുസ്‌ലിംകള്‍ക്ക് ടെന്റുകള്‍ കെട്ടിക്കൊടുത്ത് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തിരിക്കുകയാണ് സാന്താള്‍ വിഭാഗക്കാര്‍.
Comments