കുട്ടികളെപ്പോലെയാവാം അവരെ നിങ്ങളാക്കല്ലേ
മനുഷ്യജീവിതത്തിലെ വസന്തകാലമാണ് കൗമാരം. പൂക്കളും പൂമണവും പൂന്തേനും നിറഞ്ഞ, ആകര്‍ഷിക്കാനും ആകര്‍ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന സ്വപ്നങ്ങള്‍ നിറഞ്ഞ മോഹിപ്പിക്കുന്ന പുഷ്‌കലകാലം. ശരീരത്തെ അറിയാത്ത ശൈശവകാലവും ശരീരത്തോട് കലഹിക്കുന്ന വാര്‍ധക്യവും മനുഷ്യനുണ്ട്. ശരീരത്തെ സ്‌നേഹിക്കുകയും ശരീരത്തെ തന്നെ ഒരാഘോഷമാക്കുകയും ചെയ്യുന്ന കാലവും മനുഷ്യനുണ്ട്. അതാണ് കൗമാരം. ജീവിതത്തിലെ സുപ്രധാനവും ദീര്‍ഘവുമായ രണ്ട് ഘട്ടങ്ങള്‍ക്കിടയിലെ ഒരു ചെറിയ കാലയളവ്. പത്തിനും പത്തൊമ്പതിനുമിടയിലുള്ള പ്രായമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം കൗമാര കാലം. വലതുകാല്‍ യൗവനത്തിലും ഇടതുകാല്‍ ബാല്യത്തിലും നില്‍ക്കുന്ന അവസ്ഥ. ചില കാര്യങ്ങളില്‍ ഞാന്‍ കുട്ടിയല്ലേ എന്ന ഭാവം, മറ്റു ചിലതില്‍ ഞാന്‍ മുതിര്‍ന്നില്ലേ എന്ന ചോദ്യം. ബാല്യത്തില്‍ നിന്ന് യൗവനത്തിലേക്കുള്ള ഈ സഞ്ചാരകാലം ഒരു സംക്രമദശയാണ് (Transition Period). ഈ ഘട്ടത്തിലാണ് ഒരു കുട്ടി ശാരീരികമായും മാനസികമായും വൈകാരികമായും ലൈംഗികമായും വളരുന്നത്. വിശ്വാസവും അസ്തിത്വബോധവുമുള്ള വ്യക്തിയായും നല്ല സാമൂഹിക ജീവിയുമായുമൊക്കെ ഒരാളെ മാറ്റിത്തീര്‍ക്കുന്ന വ്യക്തിത്വരൂപീകരണം നടക്കുന്ന വളര്‍ച്ചാകാലവും ഇതുതന്നെ.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിത്വം തങ്ങള്‍ക്കുണ്ടെന്ന് കൗമാരം തിരിച്ചറിയുകയും സ്വന്തമായ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ തുടങ്ങുകയും ചെയ്യുന്നു. അതോടെ മുതിര്‍ന്നവരില്‍ നിന്ന് ഒരകല്‍ച്ച സംഭവിക്കുകയും സമപ്രായക്കാരോട് കൂടുതലിടപഴകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വീടും വീടിന്റെ ചുറ്റുപാടുമായി ഒതുങ്ങിയിരുന്ന കുട്ടിയുടെ ലോകം പുറത്തേക്ക് വികസിക്കുന്നു. സ്വന്തം അനുഭവങ്ങളിലും കഴിവുകളിലും കൂടുതല്‍ വിശ്വാസമര്‍പ്പിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. കൗമാരദശയുടെ വളര്‍ച്ചാഘട്ടമായി ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മുതിര്‍ന്നവര്‍ വിസമ്മതിക്കുമ്പോഴാണ് കൗമാരകാലം സംഘര്‍ഷഭരിതമാകുന്നത്. തങ്ങള്‍ കൈയിലെടുത്ത് വളര്‍ത്തിയ കുട്ടി, സ്വന്തം ഇഷ്ടപ്രകാരം നടക്കാനും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍ പോലും പതറുന്നു. കുഞ്ഞ് വലുതായി എന്ന് വിശ്വസിക്കാന്‍ വിസമ്മതിക്കുന്ന അവരുടെ മനസ്സില്‍ ആശങ്ക നിറയുന്നു. കൗമാരത്തിലൂടെ കടന്നു പോകുന്ന കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസവും വിക്ഷുബ്ധതയും മനസ്സിലാക്കാതെ വിലക്കുകളും വിലങ്ങുകളുമായി അവരുടെ രക്ഷാകര്‍തൃബോധം ഉണരുന്നു. ഈ തലമുതിര്‍ന്ന മനസ്സാണ് പലപ്പോഴും കൗമാരത്തെ പ്രശ്‌നകലുഷിതമാക്കുന്നത്.
കൂട്ടുകാരും സ്വകാര്യലോകവും കൗമാരത്തിന്റെ അനിവാര്യതയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. സുഹൃത്തുക്കളാണ് അവരുടെ ലോകം. മറ്റ് ഏതൊരു ബന്ധത്തെക്കാളും കൗമാര മധ്യത്തിലെത്തിയ മകനോ മകളോ ഇഷ്ടപ്പെടുന്നത് അവരുടെ കൂട്ടുകാരോടൊപ്പം ചെലവിടാനാണ്. ഇവിടെ മാതാപിതാക്കള്‍ക്ക് ചെയ്യാനുള്ളത് നല്ല കൂട്ടുകാരെ അവര്‍ക്ക് വേണ്ടി കണ്ടെത്തുക, അവരെപോലെ അവരുടെ കൂട്ടുകാരെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. ഇങ്ങനെ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും അംഗീകാരവും പ്രോത്സാഹനവും സമപ്രായക്കാരുടെ പിന്തുണയും ലഭിക്കുന്നവരുടെ ടീനേജ് കാലം സുന്ദരമായി കടന്നുപോകും. കൗമാരത്തെ പരിപൂര്‍ണ സ്വതന്ത്രമായി തുറന്നുവിടണമെന്നല്ല ഇപ്പറഞ്ഞതിന്റെ ചുരുക്കം. മാതാപിതാക്കള്‍ കൗമാരക്കാരെ കുഞ്ഞുങ്ങളെപോലെ സ്വന്തം ചിറകിനുള്ളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് അവരുടെ തന്നെ വളര്‍ച്ചയെയാണ് മുരടിപ്പിക്കുക. തെറ്റായ ബന്ധങ്ങളിലേക്കും ശീലങ്ങളിലേക്കും വീഴാതിരിക്കാനുള്ള മേല്‍നോട്ടവും നിര്‍ദേശങ്ങളും ഉള്ളുതുറന്ന സംഭാഷണവുമാണ് കൗമാരമാവശ്യപ്പെടുന്നത്, തീരുമാനങ്ങളും അടിച്ചേല്‍പിക്കലുമല്ല. തങ്ങളുടെ മേല്‍നോട്ടത്തിലാവണം കൗമാരക്കാര്‍ എല്ലാം ചെയ്യേണ്ടതെന്ന് മുതിര്‍ന്നവര്‍ ശഠിക്കാന്‍ പാടില്ല. പകരം സന്തുലിതമായ അന്തരീക്ഷം അവര്‍ക്കൊരുക്കിക്കൊടുക്കുക.
കൗമാരം വ്യക്തിത്വരൂപീകരണ കാലമാണ്. സ്വന്തമായ അഭിപ്രായങ്ങളും വിസമ്മതങ്ങളുമുണ്ടാകുന്ന പ്രായം. വിയോജിപ്പുകളുണ്ടാകുന്നത് അത്ര മോശമായ കാര്യമല്ല. 'എല്ലാ കാര്യങ്ങളിലും എന്റെ അഭിപ്രായമാണ് എന്റെ മക്കള്‍ക്കും' എന്ന നിലപാട് ചിലപ്പോഴെങ്കിലും അപക്വമായേക്കാം. ഏകാഭിപ്രായത്തേക്കാള്‍ ഭിന്നാഭിപ്രായങ്ങളാണ് ഏറെ മെച്ചപ്പെട്ട തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുക. പറയാനുള്ളത് പങ്ക്‌വെക്കാനുള്ള ഇടമുണ്ടാകുമ്പോഴാണ് ജീവിതത്തില്‍ സന്തോഷം വര്‍ധിക്കുക. ദുഃഖം അലിഞ്ഞില്ലാതാവുകയും ചെയ്യുക. തുറന്ന് സംസാരിക്കാനുള്ള ഇടം കൗമാരത്തിന് അനുവദിക്കാതിരിക്കുമ്പോള്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘമായിരിക്കും അവരുടെ മനസ്സില്‍ ഉരുണ്ടു കൂടുക. അത് ഇടിവെട്ടി പെയ്യാന്‍ ഒരു ചെറിയ കാറ്റ് മാത്രം മതിയാകും. പിന്നെ അതില്‍ ഒലിച്ചു പോകുന്നത് ഒരു കുടുംബത്തിന്റെ മൊത്തം സ്വസ്ഥ ജീവിതമായിരിക്കും. അതുകൊണ്ട് ഇഷ്ടങ്ങള്‍ പങ്കുവെക്കാന്‍ കൗമാരത്തിന് അവസരം നല്‍കണം. ഇഷ്ടങ്ങള്‍ മാറ്റിവെക്കുമ്പോള്‍ അസംതൃപ്തിയാണ് അവരുടെ മനസ്സില്‍ തളം കെട്ടുക. അതിരില്ലാത്ത ഭാവനയുടെ കാലമാണ് കൗമാരം. അവരുടെ ചില അഭിപ്രായങ്ങള്‍ ബാലിശമാകാം. അവരുടെ സ്വപ്നങ്ങളെ കളങ്കപ്പെടുത്താതെ, സങ്കല്‍പങ്ങള്‍ക്ക് പോറലേല്‍ക്കാതെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് തിരിച്ചറിവുകള്‍ നല്‍കുകയാണ് വേണ്ടത്. അവരുടെ ആഗ്രഹങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയോ ആശയങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതവരില്‍ നിഷേധസ്വഭാവമാണ് വളര്‍ത്തുക. വിവേകമല്ല വികാരമാണ് കൗമാരത്തിന്റെ അടയാളം. തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്‌നേഹത്തോടെ വേണം അതവരെ ബോധ്യപ്പെടുത്താന്‍. മറിച്ചുള്ള ശ്രമങ്ങള്‍ പാഴാവുകയേയുള്ളൂ.
കൗമാരത്തിന്റെ മനസ്സിന് മാത്രമല്ല ശരീരത്തിനും ബുദ്ധിക്കും തര്‍ബിയത്ത് അത്യാവശ്യമാണ്. എല്ലാറ്റിനും അവസരമൊരുക്കുമ്പോഴാണ് സന്തുലിതത്വം ഉണ്ടാവുക. ഇസ്‌ലാമിക കര്‍മങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാന്‍ മക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്ന മാതാപിതാക്കള്‍ അവരുടെ ശാരീരിക മാനസിക വളര്‍ച്ചക്കാവശ്യമായ തര്‍ബിയത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്. തര്‍ബിയത്തിനുതകുന്ന സ്ഥാപനങ്ങളെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് ദൂരെയുള്ള സ്ഥാപനങ്ങളിലേക്ക് കൗമാരക്കാരെ പറിച്ച് നടുമ്പോള്‍ അവരുടെ ശാരീരിക മാനസിക തര്‍ബിയത്തിനാവശ്യമായ സൗകര്യങ്ങളവിടെയുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ക്ക് ബാധ്യതയുണ്ട്.
കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും അവരുടെ ശാരീരിക തര്‍ബിയത്തിനാവശ്യമായ കളിസ്ഥലവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നത് ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്ന സംഘടനാ സംസ്‌കാരം വളര്‍ത്തിയെടുക്കണം. ഇത്തരം അജണ്ടകള്‍ കൂടി ചേര്‍ത്തുവെക്കുമ്പോഴേ കൗമാരത്തിന്റെയും ചെറുപ്പത്തിന്റെയും കൂട്ടായ്മ ഒരുക്കുന്ന സംഘടനകള്‍ക്ക് അവരോട് നീതി പുലര്‍ത്താനാകൂ. കുട്ടികള്‍ക്ക് ചെറുപ്പത്തിലേ അമ്പെയ്ത്തും കുതിരസവാരിയും പഠിപ്പിക്കാന്‍ റസൂല്‍(സ) നിര്‍ദേശം നല്‍കിയിരുന്നു. പ്രവാചക ശിഷ്യര്‍ അത് നടപ്പിലാക്കുകയും ചെയ്തു. ആ തര്‍ബിയത്തിന്റെ ഫലമായിട്ടാണ് പിതാക്കളോടൊപ്പം കൗമാരക്കാരായ മക്കളും പ്രവാചകന്റെ കൂടെ യുദ്ധങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്നത്. കൗമാരത്തിനോട് അകലുകയല്ല, അടുത്തിടപഴകുകയാണ് അവര്‍ ചെയ്തത്.
പത്താം വയസ്സു മുതല്‍ കുട്ടികളെ രക്ഷിതാക്കളുടെ കിടപ്പറയില്‍ നിന്ന് മാറ്റിക്കിടത്തണമെന്ന പ്രവാചകാധ്യാപനം കൗമാരത്തിന്റെ തുടക്കം പ്രായപൂര്‍ത്തിയുടെയും തിരിച്ചറിവിന്റെയും ആരംഭം കൂടിയാണെന്ന സൂചനയാണ്. കുട്ടി എന്നതിനേക്കാള്‍ മുതിര്‍ന്നവരുടെ ലിസ്റ്റിലാണ് പ്രവാചകന്‍ പലപ്പോഴും കൗമാരത്തെ ഉള്‍പ്പെടുത്തിയത്. നേതൃത്വമടക്കമുള്ള സകല ഉത്തരവാദിത്വങ്ങള്‍ക്കും റസൂല്‍ കൗമാരത്തെയും പരിഗണിച്ചു.
കൗമാരം നേതൃത്വം നല്‍കിയ ഇസ്‌ലാം
കൗമാരത്തിന്റെ സംഘര്‍ഷത്തെക്കാള്‍ അതിന്റെ അപാര സാധ്യതയെയാണ് ഇസ്‌ലാം അഡ്രസ് ചെയ്തത്. തങ്ങള്‍ക്ക് ശരിയെന്ന് ബോധ്യപ്പെട്ട വസ്തുതകള്‍ ഏത് പ്രതിബന്ധങ്ങള്‍ക്ക് മുമ്പിലും തുറന്ന് പ്രഖ്യാപിക്കാനുള്ള തന്റേടം കൗമാരത്തിന്റെ സാധ്യതയാണ്. അതിന് മുമ്പിലെ വരുംവരായ്മകളെ അവരൊട്ടും കൂസുകയില്ല. അത് എത്ര അടുത്ത ബന്ധുക്കളില്‍ നിന്നാണെങ്കില്‍ പോലും. പ്രവാചകന്‍ പ്രബോധനത്തിന്റെ തുടക്കംമുതലേ ഈ സാധ്യത ഉപയോഗപ്പെടുത്തിയിരുന്നു. കൗമാരത്തിലേക്ക് കാലെടുത്തുവെച്ച അലിയെന്ന പത്താം വയസ്സുകാരന്‍ മൂന്നാമത്തെ വിശ്വാസിയായി ഇസ്‌ലാമിലേക്ക് കടന്നുവന്നത് അങ്ങനെയാണ്. അന്നത്തെ കൗമാരക്കാരിലെ അപവാദമായിരുന്നില്ല അലി. മറിച്ച് ഇസ്‌ലാമിക മാര്‍ഗത്തിലുള്ള കൗമാരപ്രയാണത്തിന്റെ തുടക്കം മാത്രമായിരുന്നു. ആദ്യം ഇസ്‌ലാമിലേക്ക് കടന്നുവന്ന 25 പേരുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അലിക്ക് പുറമെ പതിനഞ്ചുകാരന്‍ സുബൈറുബ്‌നു അവാം, 16 കാരന്‍ ത്വല്‍ഹത്ബ്‌നു ഉബൈദ്, 19 കാരന്‍ സഅ്ദ്ബ്‌നു അബീവഖാസ് എന്നിവരെയും കാണാം.
പ്രവാചക ചരിത്രത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം ഒരു കൗമാരക്കാരന്റെ നിര്‍ണായക പങ്ക് കാണാം. രഹസ്യപ്രബോധന കാലഘട്ടം മുതല്‍ തുടങ്ങുന്നു ഈ കൗമാര സാന്നിധ്യം. പ്രവാചക കുടുംബത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദേശം വന്നു (അശ്ശുഅറാഅ്-214). റസൂല്‍ കുടുംബാംഗങ്ങളെയെല്ലാം ഭക്ഷണമൊരുക്കി സല്‍ക്കാരത്തിന് ക്ഷണിച്ചു. എല്ലാവരും എത്തിയപ്പോള്‍ തന്നെ ഏല്‍പിച്ച പ്രവാചക ദൗത്യത്തെക്കുറിച്ച് ഒരു ഹ്രസ്വപ്രഭാഷണം നടത്തി. തുടര്‍ന്നവരെ തനിക്ക് അനുസരണ പ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചു. ഹാശിം കുടുംബത്തില്‍ ഒരാളും അനങ്ങിയില്ല. അപ്പോഴതാ സദസ്സിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം പത്ത് വയസ്സുകാരന്‍ അലി എണീറ്റ് നില്‍ക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയുടെ പ്രതികരണം കണ്ട് സദസ് മൊത്തം ചിരിച്ചു. പക്ഷേ, അലിയുടെ തീരുമാനം ഉറച്ചതായിരുന്നു. അദ്ദേഹം ബൈഅത്ത് ചെയ്യാന്‍ പ്രവാചകന്റെയടുത്തേക്ക് വന്നു. വേണമെങ്കില്‍ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടാത്ത ഒരു കൗമാരക്കാരന്റെ പ്രതികരണമായത് മനസ്സിലാക്കി പ്രവാചകന് അലിയെ അവഗണിക്കാമായിരുന്നു. പക്ഷേ, തന്റെ മുഴുവന്‍ കുടുംബാംഗങ്ങളെയും സാക്ഷിനിര്‍ത്തി അലിയോട് പ്രവാചകന്‍ പറഞ്ഞു: ''നിന്റെ കുഞ്ഞിക്കൈ എന്റെ കരത്തിന്മേല്‍ വെച്ച് പ്രതിജ്ഞ ചെയ്താലും.'' ഇസ്‌ലാമിക പ്രസ്ഥാന നായകനുമായി അന്ന് തുടങ്ങിയ അലിയുടെ ആദര്‍ശ ബന്ധമാണ് പിന്നീട് വളര്‍ച്ചയുടെ പല നിര്‍ണായക ഘട്ടങ്ങളുടെയും ഗതി നിര്‍ണയിച്ചത്. ഹിജ്‌റ പോകാന്‍ അല്ലാഹുവിന്റെ അനുമതി ലഭിച്ചപ്പോള്‍ വീടു വളഞ്ഞ ഖുറൈശികളെ കബളിപ്പിക്കാന്‍ പ്രവാചകന്റെ വിരിപ്പില്‍ കിടക്കാന്‍ സാഹസം കാണിച്ച ആ കൗമാരക്കാരന്‍ അലിയായിരുന്നുവല്ലോ. അന്ന് അലി കാണിച്ച ധീരത കൗമാര ഇസ്‌ലാമിന്റെ അക്കൗണ്ടിലാണ് വരവ് വെക്കേണ്ടത്.
അതിസാഹസിക ദൗത്യം നിര്‍വഹിച്ച ഒരു കൗമാരക്കാരിയുടെ ചിത്രം കൂടി ചേര്‍ത്ത് വെച്ചാലെ ഹിജ്‌റയുടെ ചിത്രം പൂര്‍ത്തിയാവൂ. സൗര്‍ ഗുഹയില്‍ ഒളിവില്‍ കഴിഞ്ഞ ദിനങ്ങളില്‍ പ്രവാചകനും അബൂബക്‌റിനും അതിരഹസ്യമായി ഭക്ഷണമെത്തിച്ച അബൂബക്‌റിന്റെ കൗമാരക്കാരിയായ മകള്‍ അസ്മയുടേതാണത്. ഖുറൈശികളുടെ കണ്ണിലെങ്ങാനും പെട്ടാല്‍ അവരുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ട് പോയേക്കാവുന്ന പരീക്ഷണ ദൗത്യമാണ് ആ കൗമാരക്കാരി സധീരം നിര്‍വഹിച്ചത്. കൗമാരപ്രായക്കാരനായ സഹോദരന്‍ അബ്ദുല്ലയോടൊപ്പം പിതാവിന്റെ പാത സ്വീകരിച്ച ആദ്യകാല വിശ്വാസികളില്‍ അസ്മയുടെ പേരും കാണാം. ഇസ്‌ലാമിലേക്ക് കടന്നുവന്ന പ്രവാചകന്റെ പെണ്‍മക്കളായ പത്ത് വയസ്സുകാരി സൈനബക്കടക്കം റുഖിയക്കും ഉമ്മുകുല്‍സുവിനുമെല്ലാം പ്രായം കൗമാരത്തിലെത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
മുതിര്‍ന്നവരെല്ലാം ബഹിഷ്‌കരിച്ച് പ്രവാചകനെയും കുടുംബത്തെയും ശിഅ്ബ് അബീ ത്വാലിബിലേക്ക് നാടുകടത്തിയ കാലത്ത് പട്ടിണിയുടെ ആ പരീക്ഷണഘട്ടത്തെ ധീരമായി നേരിട്ടവരുടെ മുന്‍നിരയിലും കൗമാരക്കാരുണ്ടായിരുന്നു. അലി, മുസ്അബ്ബ്‌നു ഉമൈര്‍, സുബൈറുബ്‌നുല്‍ അവാം, ത്വല്‍ഹ, സഅ്ദ്ബ്‌നു അബീവഖാസ് എന്നിവരായിരുന്നു ശിഅ്ബ് അബീത്വാലിബിലെ ആ കൗമാരക്കാര്‍.
ഇസ്‌ലാമികാദര്‍ശം സ്വീകരിക്കാനും അതിന്റെ മുന്നണിപോരാളിയാവാനും കൗമാരം അവര്‍ക്ക് വിലങ്ങായില്ല. അവരെ മനസ്സിലാക്കാനും നേതൃരംഗത്തുതന്നെ പ്രതിഷ്ഠിക്കാനും പ്രവാചകന് അവരുടെ പ്രായം തടസ്സമായില്ല. ഹിജ്‌റക്ക് മുമ്പ് അഖബാ ഉടമ്പടിക്ക് ശേഷം ഇസ്‌ലാമിന് മണ്ണൊരുക്കാന്‍ മദീനയിലേക്ക് തന്റെ പ്രതിനിധിയായി പ്രവാചകന്‍ നിയോഗിച്ചത് 17 വയസുകാരന്‍ മുസ്അബ്ബ്‌നു ഉമൈറിനെയായിരുന്നു. മുസ്അബിന്റെ മാതൃകാ ചരിത്രം പ്രസംഗിക്കുന്നവര്‍ പലപ്പോഴും അദ്ദേഹത്തിന്റെ പ്രായം സൂചിപ്പിക്കാറില്ല. പ്രവാചകന്റെ പ്രധാന സദസ്സുകളിലും കൂടിയാലോചനാ സമിതികളിലും കൗമാരമുണ്ടായിരുന്നു. പ്രബോധനത്തിന്റെ തുടക്കത്തിലെ പ്രവാചക പാഠശാലയുടെ കേന്ദ്രമായ ദാറുല്‍ അര്‍ഖമിലെ ഒരു സജീവാംഗം 16 കാരനായ അര്‍ഖമുബ്‌നുഅബീ അര്‍ഖമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോലും പ്രവാചകന്‍ കൗമാരക്കാര്‍ക്ക് അനുവാദം നല്‍കി. ബദ്‌റില്‍ ഖുറൈശിപ്പടയുടെ തലവന്‍ അബൂജഹലിന്റെ കഥ കഴിച്ചത് അന്‍സാറുകളിലെ പതിനെട്ട് തികയാത്ത മുആദ്ബ്‌നുഹാരിസും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ മഊദും ചേര്‍ന്നായിരുന്നു. സൂറത്ത് ഫത്ഹിലെ പതിനെട്ടാം സൂക്തത്തില്‍ 'ആ മരത്തിന് ചുവട്ടില്‍ ബൈഅത്ത് ചെയ്തവരെ കുറിച്ച് അല്ലാഹു തൃപ്തനായിരിക്കുന്നു' എന്ന് സൂചിപ്പിച്ച ബൈഅത്ത് രിള്‌വാനില്‍ 17കാരന്‍ അബ്ദുല്ലാഹിബ്‌നു യസീദുല്‍ അന്‍സ്വാരി, 16കാരന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ (അദ്ദേഹം 15-ാം വയസ്സില്‍ ഖന്‍ദഖില്‍ പങ്കെടുത്തു) എന്നിവരുണ്ടായിരുന്നു.
റസൂല്‍(സ) തന്റെ അവസാന കാലത്ത് നിയോഗിച്ച സൈന്യത്തിന് പതിനെട്ടുകാരനായ ഉസാമയെ ആയിരുന്നു സൈന്യാധിപനായി നിശ്ചയിച്ചത്. പ്രമുഖ സ്വഹാബികളെല്ലാം അപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. സൈന്യം പുറപ്പെടുന്നതിന് മുമ്പ് നബി(സ) ഇഹലോകവാസം വെടിഞ്ഞു. അബൂബക്ര്‍ ഖലീഫയായി. സൈന്യം പുറപ്പെടാന്‍ സമയമായപ്പോള്‍, കൗമാരക്കാരനായ ഉസാമയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി പ്രഗത്ഭ സ്വഹാബികളിലൊരാളെ നേതാവാക്കാന്‍ ചിലര്‍ ഖലീഫയോട് ആവശ്യപ്പെട്ടു. 'റസൂല്‍ നേതാവാക്കിയ ഒരാളെ ഞാന്‍ മാറ്റുകയോ' എന്നായിരുന്നു അബൂബക്‌റിന്റെ പ്രതികരണം. കൗമാരക്കാരന്‍ ഉസാമ തന്നെ സൈന്യത്തെ നയിച്ചു. അതിര്‍ത്തി വരെ ഉസാമയുടെ പിന്നില്‍ അണിനിരന്ന് ഖലീഫ സൈന്യത്തെ അനുഗമിക്കുകയും ചെയ്തു. നജ്‌റാനിലെ വിശ്വാസികള്‍ക്ക് ദീനും ഖുര്‍ആനും പഠിപ്പിക്കാന്‍ നബി തെരഞ്ഞെടുത്തത് പതിനേഴുകാരനായ അംറുബ്‌നു ഹസ്മുല്‍ ഖസ്‌റജിയെയായിരുന്നു.
വിവിധ മേഖലകളില്‍ റസൂലിന്റെ കാലത്ത് കഴിവു തെളിയിച്ച പ്രശസ്തരായ കൗമാരക്കാര്‍ ഇനിയുമുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഹദീസിലും അറബിക്കവിതകളിലും അഗ്രഗണ്യനായ, തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്നറിയപ്പെട്ട ഇബ്‌നുഅബ്ബാസിന് പ്രവാചകന്‍ മരിക്കുമ്പോള്‍ പ്രായം പതിമൂന്നായിരുന്നു. ആ പ്രായത്തില്‍ തന്നെ അദ്ദേഹം പ്രശസ്തനായിരുന്നു. ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബികളിലൊരാളായ ജാബിറുബ്‌നു അബ്ദില്ല ഹിജ്‌റ ചെയ്യുന്നത് 16-ാം വയസ്സിലാണ്. 16കാരനായ അബൂജുഹൈഫയും സല്‍മത്തുബ്‌നു അക്‌വഉം അബൂഉമാമല്‍ ബാഹിലയുമെല്ലാം റസൂലിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ച കൗമാരക്കാരാണ്. നിര്‍ണായകമായ ഒരുപാട് ശര്‍ഈ വിഷയങ്ങളിലെ ഹദീസുകള്‍ നമുക്ക് ലഭിച്ചത് കൗമാരക്കാരിയായ നബി പത്‌നി ആഇശയിലൂടെയാണല്ലോ. 17-ാം വയസ്സിനു മുമ്പാണ് അവര്‍ ഈ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ കൗമാരത്തിന്റെ പിന്മുറക്കാരാണ് അറബ് വിപ്ലവം നടന്ന രാജ്യങ്ങളിലും ഫലസ്ത്വീനിലും സിറിയയിലുമെല്ലാം പോരാട്ടത്തിന്റെ മുമ്പില്‍ നിന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന വലിയ വിഭാഗം ഇവര്‍ തന്നെയാണ്. കേരളത്തിലും അത്തരമൊരു ഇസ്‌ലാമിക കൗമാരം സജീവമാണ്. അവരെ കണ്ടെത്തുകയും സംഘടിപ്പിക്കുകയും അര്‍ഹമായ റോള്‍ നല്‍കുകയും ചെയ്താല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും, തീര്‍ച്ച.
[email protected]
Comments