Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

ഒറ്റക്കെട്ടാവേണ്ടവരുടെ ശൈഥില്യം

മുജീബ്

ദൈവിക പാശം ഒറ്റക്കെട്ടായി മുറുകെപിടിക്കണമെന്ന് ഖുര്‍ആന്‍ മുസ്ലിംകളോട് ആവശ്യപ്പെടുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പക്ഷേ, ആഗോളതലത്തില്‍ സുന്നി-ശീഈ വിഭാഗവും ദേശീയതലത്തില്‍ മദ്ഹബീ പക്ഷപാതിത്വവും കേരള തലത്തില്‍ സംഘടനാ സങ്കുചിതത്വവും ഈ ആഹ്വാനത്തെ നിരാകരിച്ചുകൊണ്ടിരിക്കുന്നു. നോമ്പും പെരുന്നാളും സകാത്തും ആഘോഷവുമെല്ലാം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കും ലാഭങ്ങള്‍ക്കും വേണ്ടി ചിലപ്പോള്‍ മാറ്റിമറിക്കപ്പെടുന്നു. സുഊദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ പോലും സുന്നികള്‍ ഒരു ദിവസവും ശീഈകള്‍ മറ്റൊരു ദിവസവും നോമ്പും പെരുന്നാളും ആഘോഷിച്ചും ആചരിച്ചും വരുന്നു. ഇന്ത്യയില്‍ ഉത്തരേന്ത്യക്കാരന്റെ നോമ്പും പെരുന്നാളുമല്ല ദക്ഷിണേന്ത്യക്കാരന്‍ സ്വീകരിക്കുന്നത്. കൊച്ചു കേരളത്തില്‍ പോലും 'ഉത്തര'യും 'ദക്ഷിണ'യുമായി കാക്കത്തൊള്ളായിരം സംഘടനകള്‍ ദൈവികപാശം ഒറ്റക്കെട്ടായി പിടിക്കുന്നതില്‍ നിന്നു മുസ്ലിംകളെ പിറകിലേക്ക് വലിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടിങ്ങനെ?
ഇ.സി റംല പള്ളിക്കല്‍, രിയാദ്
ഒരേ അല്ലാഹുവിലും ഒരേ പ്രവാചകനിലും ഒരേ ഖുര്‍ആനിലും വിശ്വസിക്കുന്ന തൗഹീദിന്റെ വക്താക്കള്‍ വിവിധ വിഭാഗങ്ങളായി വേര്‍പിരിഞ്ഞത് ഖുര്‍ആന്റെ ആഹ്വാനം ചെവിക്കൊണ്ടത് കൊണ്ടല്ല, അവഗണിക്കുകയോ നിരാകരിക്കുകയോ ചെയ്തതിനാലാണ്. ഇസ്‌ലാമിനെ നേരാംവണ്ണം പഠിക്കാത്തതോടൊപ്പം, അനിസ്‌ലാമിക ചിന്തകളുടെയും ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനത്തിന് വിധേയരായതാണ് മുസ്‌ലിം സമൂഹ ശൈഥില്യത്തിന്റെ മൗലിക കാരണം. വ്യതിചലനം യഥാസമയം കണ്ടെത്തി തിരുത്താനും ശരിയായവ ചൂണ്ടിക്കാണിച്ചു കൊടുക്കാനുമുള്ള ദൗത്യം നിറവേറ്റുന്നതില്‍ അതത് കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വലിയ അളവില്‍ പരാജയപ്പെടുകയും ചെയ്തു. എന്നല്ല അവരില്‍ വലിയൊരു വിഭാഗം ഇസ്‌ലാം തള്ളിപ്പറഞ്ഞ പൗരോഹിത്യത്തെ സ്വായത്തമാക്കി. വിശ്വാസികളെ പ്രതിനിധീകരിക്കുകയോ അവരുടെ ആഘോഷങ്ങള്‍ക്കൊപ്പം നില്‍ക്കുകയോ ചെയ്യാത്ത ഏകാധിപതികളുടെ കൈകളില്‍ മുസ്‌ലിം ലോകത്തിന്റെ കടിഞ്ഞാണ്‍ വന്നുപെട്ടത് കൂനിന്മേല്‍ കുരുവായി. സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനുമുള്ള ദൗത്യം ഭരമേല്‍പിക്കപ്പെട്ട ഉത്തമ സമൂഹം എന്ന പദവി അതോടെ മുസ്‌ലിംകള്‍ക്ക് നഷ്ടമായി. 'അവര്‍ കക്ഷികളായി പിളര്‍ന്ന് ഓരോ കക്ഷിക്കും ഒരു അമീറും ഒരു മിമ്പറും എന്ന അവസ്ഥ വന്നു' എന്ന് കവി പാടിയ പോലെയായി മൊത്തം സ്ഥിതി.
ഇപ്രകാരം ഛിന്നഭിന്നമായ ഒരു സമൂഹത്തില്‍ നോമ്പും പെരുന്നാളും മാത്രം ഏകീകരിക്കപ്പെടുക ക്ഷിപ്രസാധ്യമല്ല. ശീഈകള്‍ അവരുടെ ആത്മീയ നേതൃത്വത്തിന്റെ ശാസനകള്‍ മാത്രമേ അംഗീകരിക്കൂ. സുന്നികള്‍ക്കാകട്ടെ ഏകീകൃത നേതൃത്വവുമില്ല. കേരളത്തിലും സ്ഥിതി തഥൈവ. സാമ്പ്രദായിക മതസംഘടനകളെ മാസപ്പിറവിയുടെ കാര്യത്തിലെങ്കിലും ഏകീകരിക്കാന്‍ മുസ്‌ലിം സൗഹൃദവേദി ശ്രമിച്ചിരുന്നു. ഒരു പരിധിവരെ അത് സഫലവുമായി. ഇപ്പോള്‍ സൗഹൃദവേദി നിര്‍ജീവമോ നിര്‍വീര്യമോ ആണ്. എന്നാലും അനൗപചാരികമായി സംഘടനാ നേതൃത്വങ്ങള്‍ക്കിടയില്‍ കൂടിയാലോചനകള്‍ നടക്കുന്നതിനാല്‍ നോമ്പും പെരുന്നാളുകളും കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭിന്നിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. സമസ്തയുടെ ഇരുവിഭാഗങ്ങളും ദക്ഷിണയും സലഫികളും ഇക്കാര്യത്തില്‍ പരസ്പരം സഹകരിക്കുന്നു. എന്നാല്‍, ഉത്തരേന്ത്യയില്‍ പലപ്പോഴും ഒന്നും രണ്ടും ദിവസം വരെ വൈകിയാണ് നോമ്പും പെരുന്നാളുകളും ആചരിക്കുന്നത്. കടുത്ത യാഥാസ്ഥിതികത്വവും അയവില്ലാത്ത കര്‍മശാസ്ത്ര ശാഠ്യങ്ങളും ഉലമാക്കളുടെ ഈഗോയിസവുമെല്ലാം അഭിശപ്തമായ യാഥാര്‍ഥ്യങ്ങള്‍ തന്നെ. സമുദായോദ്ധാരണത്തിനും പരിഷ്‌കരണത്തിനും വേണ്ടി അക്ഷീണയത്‌നം തുടരുകയല്ലാതെ പ്രതിവിധിയില്ല.
സിറിയയിലെ വിമത പോരാട്ടം
സിറിയയിലെ വിമതപോരാട്ടം അറബ് വസന്തത്തിന്റെ ഭാഗമാണോ? ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏത് പക്ഷത്ത് നിലകൊള്ളുന്നു?
എ.ആര്‍ ചെറിയമുണ്ടം 
അത്യന്തം സങ്കീര്‍ണമാണ് സിറിയയുടെ ആഭ്യന്തര രംഗം. ജനസംഖ്യയുടെ വിഭജനം തന്നെ അശാന്തിക്കുള്ള സ്ഥായിയായ നിമിത്തമാണ്. ശീഈകള്‍, ശീഈകളിലെ തന്നെ തീവ്രവാദികളായ നുവൈരികള്‍ (അലവികള്‍), ദറൂസികള്‍ എന്നിവര്‍ മൊത്തം ജനസംഖ്യയുടെ 12 ശതമാനത്തോളം വരും. ക്രിസ്ത്യാനികള്‍ പുറമെ. ഈ ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ അലവികളുടെ പിടിയിലാണ് പട്ടാളവും അധികാരവും. പതിറ്റാണ്ടുകളായി നേരായ മതസ്വാതന്ത്ര്യം പോലും ലഭിക്കാതെ അടിച്ചമര്‍ത്തപ്പെടുന്ന സുന്നി ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷാദ്യം തുനീഷ്യയിലും ഈജിപ്തിലും പൊട്ടിപ്പുറപ്പെട്ട അറബ് വസന്തത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബശ്ശാറിന്റെ സ്വേഛാവാഴ്ചക്കെതിരെ തിരിയുകയായിരുന്നു. പക്ഷേ, സൈനുല്‍ ആബിദീനോ ഹുസ്‌നി മുബാറകോ അല്ല ബശ്ശാര്‍. പട്ടാളം ഏറെക്കുറെ പൂര്‍ണമായി തന്നെ തന്റെ ചൊല്‍പടിയിലായത് കൊണ്ടും റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുടെ നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നത് കൊണ്ടും തന്റെ സിംഹാസനം രക്ഷിക്കാന്‍ ഏതറ്റം വരെയും അയാള്‍ പോവും. 20,000 ത്തില്‍പരം മനുഷ്യാത്മാക്കളെ ഇതിനകം കശാപ്പ് ചെയ്തതൊന്നും അയാള്‍ക്ക് പ്രശ്‌നമല്ല. സിറിയയുടെ ഭാഗമായ ജൂലാന്‍ കുന്നുകള്‍ 1967 മുതല്‍ പിടിച്ചടക്കി കൈവശം വെക്കുന്ന ഇസ്രയേലും ബശ്ശാര്‍ തുടരണമെന്നാഗ്രഹിക്കുന്നു. ഇസ്‌ലാമിന്നനുകൂലമായ ഭരണമാറ്റം ജൂലാന്‍ നഷ്ടപ്പെടുത്തും എന്ന ആശങ്ക സയണിസ്റ്റുകള്‍ക്കുണ്ട്. അമേരിക്കയും യൂറോപ്പും പ്രത്യക്ഷത്തില്‍ ബശ്ശാറിനെതിരാണെങ്കിലും പരോക്ഷമായി ഒരിസ്‌ലാമിക അധികാരമാറ്റത്തെ അവര്‍ ഭയപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍
മറുവശത്ത് തുര്‍ക്കി, സുഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ബശ്ശാറുല്‍ അസദിനെ അധികാരഭ്രഷ്ടനാക്കണമെന്ന് ഉറച്ചു വാദിക്കുന്നവരാണ്. അവര്‍ വിമതരെ പിന്തുണക്കുകയും ചെയ്യുന്നു. പിടിച്ചു നില്‍ക്കാന്‍ വിമതസേനയെ സഹായിക്കുന്നതും അവരാണ്. എന്നാല്‍, ഇതര അറബ് രാജ്യങ്ങളില്‍ മുസ്‌ലിം ബ്രദര്‍ ഹുഡ് തെളിയിച്ച ശക്തി സിറിയയില്‍ അവകാശപ്പെടാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എഴുപതുകളുടെ അവസാനത്തില്‍ ബശ്ശാറിന്റെ പിതാവ് ഹാഫിളുല്‍ അസദ് 15,000 ത്തോളം ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തതില്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ അങ്ങേയറ്റം പ്രയാസപ്പെടുകയായിരുന്നു പ്രസ്ഥാനം. ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയും അറബ് ലീഗും മുന്‍കൈയെടുത്തു നടത്തുന്ന സമാധാന ശ്രമങ്ങള്‍ നിര്‍ണായകമാണ്. പൂര്‍വസ്ഥിതിയില്‍ ഏകാധിപതിയായി വാഴുക ബശ്ശാറിനെ സംബന്ധിച്ചേടത്തോളം അസാധ്യമാവുമെന്ന് തീര്‍ച്ച.
അയഥാര്‍ഥമായ സമീകരണം
'ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണത്തില്‍ ഇവിടത്തെ പുരോഗമന എഴുത്തുകാര്‍ക്ക് എന്തും ചെയ്യാം. പക്ഷേ, കേസരിയിലോ ജന്മഭൂമിയിലോ എഴുതുന്ന കാര്യത്തില്‍ വലിയ പ്രശ്‌നമാണ്. ഇത് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലേ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ആര്‍.എസ്.എസ് മാധ്യമത്തിലും എഴുതണം. ജമാഅത്തെ ഇസ്‌ലാമി അതിപുരോഗമനപരമായ കാര്യമാണെന്ന രീതിയിലാണ്. ഇതില്‍ വല്ലാത്ത വൈരുധ്യമുണ്ട്.'' (ആരാണ് കഥ വായിക്കുന്നത്? ചര്‍ച്ച: പുനത്തില്‍ കുഞ്ഞബ്ദുല്ല, സുഭാഷ് ചന്ദ്രന്‍, ആര്‍. ഉണ്ണി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, അജയ് പി. മങ്ങാട്ട്, എ.കെ അബ്ദുല്‍ ഹക്കീം. മാതൃഭൂമി വാരിക, 19-08-2012). പ്രശസ്തരായ എഴുത്തുകാര്‍പോലും ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സുമായി ചേര്‍ത്തുവെക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? അറിഞ്ഞേടത്തോളം മാനവികതയിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരാദര്‍ശ പ്രസ്ഥാനമാണ് ജമാഅത്ത്. എന്നിട്ടും ഉന്നതങ്ങളില്‍ വരെയുള്ള ഇത്തരം കടുത്ത മുന്‍വിധികള്‍ മാറ്റിയെടുക്കാന്‍ എന്തുകൊണ്ട് പ്രസ്ഥാനം മുന്‍കൈയെടുക്കുന്നില്ല?
വി.യു മുഹമ്മദ് ജമാല്‍ കുഞ്ഞിമംഗലം, കണ്ണൂര്‍ 
മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി നടത്തപ്പെട്ട കഥ ചര്‍ച്ചക്കിടയില്‍ മുന്‍ ആര്‍.എസ്.എസ്സുകാരനും ഏഷ്യാനെറ്റിലെ പ്രൊഡ്യൂസറുമായ ആര്‍. ഉണ്ണി അങ്ങനെ അഭിപ്രായപ്പെട്ടതല്ലാതെ മറ്റുള്ളവര്‍ അത് പങ്ക് വെച്ചിട്ടില്ല. മാധ്യമം പത്രത്തിലോ ആഴ്ചപ്പതിപ്പിലോ വല്ലപ്പോഴും എഴുതാറുള്ള പുനത്തില്‍ കുഞ്ഞബ്ദുല്ലക്കും മറ്റുള്ളവര്‍ക്കും അങ്ങനെ പറയാനും കഴിയില്ല. ജന്മഭൂമിക്കും കേസരിക്കും ബദലോ തുല്യമോ ആണ് മാധ്യമമെന്ന വിചാരം, കേസരിയുടെ 'കണ്ണിലുണ്ണിയായ' ഹമീദ് ചേന്ദമംഗല്ലൂരാണ് അവതരിപ്പിച്ചു നോക്കിയത്. എഴുത്തുകാരില്‍ ആനന്ദ് മാത്രമാണ് പിന്നീട് ആ അഭിപ്രായം പ്രകടിപ്പിച്ചു കണ്ടത്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍, ടി. പത്മനാഭന്‍, യു.എ ഖാദര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.പി രാമനുണ്ണി, വിജയലക്ഷ്മി, കെ.ആര്‍ മീര, ബി.എം സുഹറ, ഒ.വി ഉഷ, സാറാജോസഫ്, സേതു, എം.ജി രാധാകൃഷ്ണന്‍, ജേക്കബ് തോമസ് തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലെ അന്തരം മനസ്സിലായിട്ടില്ലെന്നും മാധ്യമവും കേസരിയും തമ്മിലെ താദാത്മ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും വാദിക്കാന്‍ പോയാല്‍ വാദിക്കുന്നവരുടെ ബുദ്ധിപരമായ പാപ്പരത്തത്തെയോര്‍ത്തു സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകരും വക്താക്കളും നടേ പറഞ്ഞവരും അല്ലാത്തവരുമായ സാഹിത്യ സാംസ്‌കാരിക വ്യക്തിത്വങ്ങളെയും കലാകാരന്മാരെയും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു വന്നിട്ടുണ്ട്. തീവ്ര മതേതരക്കാരുടെ മുന്‍വിധിയോ തെറ്റിദ്ധാരണയോ അവര്‍ക്കില്ല, ജമാഅത്തുമായി പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും.
മറ്റൊരു വശം കൂടി ഈ വിഷയത്തിനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി മൗലികമായ അഭിപ്രായ വ്യത്യാസമുള്ളവരും ഇസ്‌ലാമിനെക്കുറിച്ച് തന്നെ ഏറെ ഭിന്നമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരുമായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അവരുടെ സ്വന്തം നിലപാടുകളില്‍ നിന്നുകൊണ്ട് തന്നെ തയാറാക്കുന്ന രചനകള്‍ അപ്പടി മാധ്യമത്തില്‍ അച്ചടിച്ചു വരുന്നു. ഭിന്നാഭിപ്രായങ്ങളെ പൊറുപ്പിക്കാനുള്ള വിശാലതയും സഹിഷ്ണുതയും മാധ്യമം പ്രകടിപ്പിക്കുന്നു. ജന്മഭൂമിക്കോ കേസരിക്കോ അതവകാശപ്പെടാനാകുമോ? ഹിന്ദുത്വത്തെയോ സംഘ്പരിവാറിനെയോ ചൊടിപ്പിക്കുന്ന രചനകള്‍ കാവി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമോ? തികച്ചും തെറ്റായ ഒരു സമീകരണം വൃഥാ നടത്തുകയല്ലാതെ യഥാര്‍ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വഴിയും സമീപനവും ശൈലിയും വേറെ, സംഘ്പരിവാറിന്റെ വഴിയും സമീപനവും ശൈലിയും വേറെ. രണ്ടും തമ്മില്‍ ഒരു കാര്യത്തിലും സമാനതയില്ല. ഏകദൈവാധിപത്യത്തിലും വിശ്വമാനവികതയിലും സമാധാനപരമായ പ്രബോധനത്തിലും അടിയുറച്ചു നില്‍ക്കുന്ന ജമാഅത്തിനെ അക്കാരണത്താല്‍ ആര്‍ക്കും എതിര്‍ക്കാം. എന്നാല്‍, സാങ്കല്‍പിക ഹിംസാത്മക ദേശീയതയിലും വര്‍ണാശ്രമധര്‍മത്തിലും കെട്ടിപ്പടുത്ത ഹിന്ദുത്വവാദികളുമായി ജമാഅത്തിനെ താരതമ്യം ചെയ്യുന്നതില്‍ നിഷ്പക്ഷതയുടെയോ സത്യസന്ധതയുടെയോ അംശലേശമില്ല.
മതേതരത്വത്തില്‍ നിന്ന് മനുഷ്യാവകാശനിഷേധത്തിലേക്ക്‌
മ്യാന്മറിലെ റോഹിങ്ക്യാ വംശജരായ മുസ്‌ലിംകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് പുറത്തിറക്കിയ പ്രസ്താവന അവസാനിക്കുന്നത് ഇങ്ങനെ: ''മ്യാന്മറിലെ മുസ്‌ലിംകള്‍ക്കിടയില്‍ സായുധ പോരാട്ടത്തിന് പ്രേരണ നല്‍കിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ കൈകഴുകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്'' (മാധ്യമം 2012 ജൂലൈ 27).
റോഹിങ്ക്യാ മുസ്‌ലിംകളെ ആയുധവത്കരിക്കുന്നതില്‍ നിന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പിന്മാറണമെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ദിപു മോനി ജൂണ്‍ 15-ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ വാര്‍ത്ത ചില വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ഒരു മാസം മുമ്പ് വന്ന പ്രസ്തുത വാര്‍ത്തയുടെ ചുവടു പിടിച്ചാണ് യൂത്ത് ലീഗിന്റെ പ്രസ്താവന എന്ന് വ്യക്തമാണെങ്കിലും ഈ ആരോപണത്തിന്റെ നിജസ്ഥിതി എന്താണ്?
ഷക്കീബ് അര്‍സലാന്‍ വടകര 
ബംഗ്ലാദേശില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെയും മൂല്യങ്ങളെയും അടിച്ചമര്‍ത്തി, തുര്‍ക്കിയിലെ കമാല്‍ അത്താതുര്‍ക്കിന്റെ മാതൃകയില്‍ വിദേശ ശക്തികളുടെ ഒത്താശകളോടെ തീവ്ര മതേതരത്വം നടപ്പാക്കാന്‍ ഉദ്യുക്തമായ ഹസീന വാജിദിന്റെ അവാമി ലീഗ് സര്‍ക്കാര്‍, സ്വന്തം കരിമുഖം മറച്ചുപിടിക്കാന്‍ പടച്ചുവിടുന്ന നുണകള്‍ അപ്പടി വിഴുങ്ങുന്നവരെക്കുറിച്ച് അധികമൊന്നും പറയാനില്ല. കൂട്ടക്കൊലക്കും വംശനശീകരണത്തിനും ഇരയായി പ്രാണനും കൊണ്ടോടുന്ന മ്യാന്മറിലെ റോഹിങ്ക്യാ മുസ്‌ലിം ന്യൂനപക്ഷം പ്രാഥമിക മാനുഷിക പരിഗണനയെങ്കിലും അര്‍ഹിക്കുന്നു. തുല്യതയില്ലാത്ത നരകയാതനകള്‍ അനുഭവിക്കുന്ന ഈ മനുഷ്യജീവികളെ നേരില്‍ സന്ദര്‍ശിച്ച തുര്‍ക്കി പ്രതിനിധി സംഘം നേതാവായ പ്രധാനമന്ത്രി ഉര്‍ദുഗാന്റെ പത്‌നി അമീന അവരുടെദൈന്യാവസ്ഥ കണ്ടു പൊട്ടിക്കരയുന്ന ദൃശ്യം മാധ്യമങ്ങളില്‍ വന്നു. ഈ അഭയാര്‍ഥികള്‍ക്ക് കഴിവിന്റെ പരമാവധി സഹായങ്ങളും ദുരിതാശ്വാസവും ചെയ്തുകൊടുത്തതാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ചെയ്ത കുറ്റം. ജമാഅത്തിനെ വേട്ടയാടുന്ന ഹസീന സര്‍ക്കാര്‍, പ്രസ്ഥാനത്തിന്റെ സകലമാന ആശ്വാസപ്രവര്‍ത്തനങ്ങളും തടഞ്ഞപ്പോള്‍ റോഹിങ്ക്യാ മുസ്‌ലിംകള്‍ അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനും മധ്യേയായി. അതിന്റെ പേരില്‍ വിമര്‍ശനങ്ങളെ നേരിടുന്ന അവാമി ലീഗ് സര്‍ക്കാര്‍ കണ്ടെത്തിയ വ്യാജനിര്‍മിതിയാണ്, മ്യാന്മറില്‍ സായുധ കലാപം നടത്താന്‍ മുസ്‌ലിംകളെ ജമാഅത്തെ ഇസ്‌ലാമി പ്രേരിപ്പിച്ചു എന്ന പ്രചാരണം. കെ.എം ഷാജി പടിയിറങ്ങുമ്പോള്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത ശിഷ്യന്മാര്‍, ഈ വ്യാജം ഏറ്റുപാടുന്നതില്‍ അത്ഭുതമില്ല. ഇത്രയൊക്കെ പെടാപാട് പെട്ടിട്ടും ആര്‍.എസ്.എസ്-എസ്.എന്‍.ഡി.പി പ്രഭൃതികളോ കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗമോ സി.പി.എമ്മോ മുസ്‌ലിം ലീഗിന്റെ മതേതരത്വ പ്രതിബദ്ധത മുഖവിലക്കെടുക്കാന്‍ തയാറില്ലെന്നതാണ് സങ്കടകരം.
ലൈംഗികേതര പ്രത്യുല്‍പാദനം നാട്ടാചാരമായാല്‍
'ലൈംഗികബന്ധം വഴിയല്ലാതെ കൃത്രിമ ബീജവും അണ്ഡവും കൃത്രിമ ഗര്‍ഭാശയവും വളര്‍ത്തി കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള ഗവേഷണങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുക്കുകയാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ അധ്യാപിക ആരതി അവകാശപ്പെടുന്നു. തന്റെ 'ലൈക് എ വേര്‍ജിന്‍' എന്ന പുസ്തകത്തിലൂടെയാണ് ഇവര്‍ പങ്കാളികളില്ലാത്ത പ്രത്യുല്‍പാദന ഗവേഷണരംഗത്തെ മുന്നേറ്റങ്ങള്‍ വെളിപ്പെടുത്തുന്നത്. ടെസ്റ്റ് ട്യൂബ് ശിശു ആദ്യം സയന്‍സ് ഫിക്ഷനിലെ ഭാവന മാത്രമായിരുന്നു. ഇപ്പോഴത് നാട്ടാചാരം പോലെയായി. ചുരുക്കത്തില്‍ പുരുഷനും അമ്മയാവാം.'' ഈ വിഷയകമായി മുജീബിന്റെ പ്രതികരണം എന്താണ്?
സാലിം പൂച്ചമാന്തി 
ആണും പെണ്ണും തമ്മിലുള്ള ശാരീരിക ബന്ധത്തിലൂടെ കുഞ്ഞുങ്ങള്‍ പിറക്കുകയാണ് മനുഷ്യരിലും ജന്തുക്കളിലും വംശസംരക്ഷണത്തിന്റെ പ്രകൃതിപരമായ മാര്‍ഗം. അതുകൊണ്ടാണ് സ്വവര്‍ഗ വിവാഹവും രതിയും പ്രകൃതിവിരുദ്ധമാണെന്ന് സംസ്‌കാരമുള്ള മനുഷ്യര്‍ എക്കാലത്തും കരുതി വന്നിട്ടുള്ളതും. ഇപ്പോള്‍ പുരുഷനില്‍ ഗര്‍ഭോല്‍പാദനം നടത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുവെങ്കില്‍ പ്രകൃതിവിരുദ്ധം തന്നെയാണ് ആ നടപടി. അത് വിജയിച്ചാല്‍ തന്നെ ശിശുവിന്റെ മുലകുടിയും തദനുസൃതമായ പരിലാളനയുമൊക്കെ എങ്ങനെ നടക്കും എന്നത് ചോദ്യമാണ്. അതിനും കൃത്രിമമായ വഴികള്‍ കണ്ടെത്താമെന്നായിരിക്കും മറുപടി. പ്രകൃതിയോടുള്ള കലാപം ഏത് നിലക്കും മനുഷ്യ ലോകത്തിന്റെ അന്ത്യം കുറിക്കുന്നതിലാണ് കലാശിക്കുക എന്ന് തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍