Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

മുസ്‌ലിം പത്രപ്രവര്‍ത്തകരോട്‌

രാജ്യത്തുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് മുസ്‌ലിം പത്രപ്രവര്‍ത്തകര്‍ സ്വന്തമായി അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന്, ജമാഅത്തെഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി ഈയിടെ ഒരു പ്രഭാഷണത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. സമകാലീന സംഭവഗതികളുടെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമാണീ നിര്‍ദേശം. പത്രക്കാര്‍ക്കായി ജമാഅത്ത് കേന്ദ്രം ദല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ പാര്‍ട്ടിയെ അഭിസംബോധന ചെയ്തുകൊണ്ട് അമീര്‍ പറഞ്ഞു: ''ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മാധ്യമ ധര്‍മം മറന്ന് ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്നതായാണനുഭവം. ഒരു സ്‌ഫോടനമുണ്ടായാല്‍ മിനിറ്റുകള്‍ക്കകം അതിനുത്തരവാദികളായി ഏതെങ്കിലും മുസ്‌ലിം ഗ്രൂപ്പുകളെയോ വ്യക്തികളെയോ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പല സ്‌ഫോടനങ്ങള്‍ക്കും ഉത്തരവാദികള്‍ ഹിന്ദുത്വശക്തികളാണെന്ന് പിന്നീട് തെളിയുന്നു. മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ ഉദാഹരണങ്ങള്‍....''
മാധ്യമങ്ങള്‍ക്ക് മുസ്‌ലിം അമുസ്‌ലിം വര്‍ണങ്ങള്‍ നല്‍കുന്നത് അനാശാസ്യമാണെന്നത് ശരിതന്നെ. പക്ഷേ, മാധ്യമങ്ങള്‍ സ്വയം തന്നെ ഏതെങ്കിലും പ്രത്യേക വര്‍ണം സ്വീകരിച്ചാല്‍ അത് തിരിച്ചറിയപ്പെടാതിരിക്കുന്നതും പരിഹാരമന്വേഷിക്കാതിരിക്കുന്നതും മൗഢ്യമായിരിക്കും. സംഭവങ്ങള്‍ യഥാതഥമായി നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയുമാണ് മാധ്യമ ദൗത്യം. ദേശീയ മാധ്യമങ്ങള്‍ ഈ ദൗത്യം നേരാംവണ്ണം നിര്‍വഹിച്ചിരുന്നൂവെങ്കില്‍ ജമാഅത്ത് അമീറിന് ഇങ്ങനെയൊരു നിര്‍ദേശം ഉന്നയിക്കേണ്ടിവരില്ലായിരുന്നു. വാര്‍ത്ത കച്ചവടച്ചരക്കാണിന്ന്. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ അതിന്റെ ഉല്‍പാദകരും വിതരണക്കാരുമാണ്. വായനക്കാരും പ്രേക്ഷകരും ഉപഭോക്താക്കള്‍. ഉല്‍പന്നം കൂടുതല്‍ വിറ്റഴിക്കാനും ലാഭമുണ്ടാക്കാനുമുതകുംവണ്ണം ഉല്‍പാദിപ്പിക്കുകയാണ് ഉല്‍പാദക സാമര്‍ഥ്യം. പത്രജീവനക്കാരുടെ കൂറും വിധേയത്വവും പത്രത്തിന്റെ നിലപാടുകളോടാണ്. വായനക്കാരോട് അവര്‍ക്ക് ഉത്തരവാദിത്വമില്ല. വാര്‍ത്തകളുടെ യാഥാര്‍ഥ്യത്തോട് താല്‍പര്യവുമില്ല.
കഴിഞ്ഞ ആഗസ്റ്റ് 1-ന് പൂനയില്‍ ഏതാനും സ്‌ഫോടനങ്ങളുണ്ടായി. മണിക്കൂറുകള്‍ക്കകം അതിന്റെ ഉത്തരവാദികളായി മാധ്യമങ്ങള്‍ ഇന്ത്യന്‍ മുജാഹിദീനെ ചൂണ്ടിക്കാണിച്ചു. തൊട്ടുടനെ ഹിന്ദുത്വ തീവ്രവാദികള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് അന്വേഷണ ഏജന്‍സികളും പ്രസ്താവിച്ചു. തുടര്‍ന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മുസ്‌ലിം വിരുദ്ധ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. പോലീസിനെ സംശയിക്കുന്നത് തീവ്രവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുകയെന്ന രാജ്യദ്രോഹ നടപടിയാണെന്നാണ് മുഖ്യധാരാ മാധ്യമങ്ങളുടെ പൊതുനിലപാട്. ചില മാധ്യമങ്ങള്‍ പോലീസിനെ സഹായിക്കാന്‍ സ്വന്തമായും കഥകള്‍ രചിച്ചു പ്രചരിപ്പിക്കുന്നു. എന്നാല്‍ ഈ സ്‌ഫോടനങ്ങളില്‍ മുസ്‌ലിം വിരുദ്ധ ഘടകങ്ങളുടെ പങ്കിലേക്കുള്ള സൂചനകളെ ആരും അശേഷം പരിഗണിക്കുന്നേയില്ല. മാധ്യമങ്ങളുടെ ഈ രീതിയിലുള്ള സമീപനത്തിന്റെ കൂടി ഫലമായാണ് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയതെന്ന് പിന്നീട് തെളിയിക്കപ്പെട്ട പല സ്‌ഫോടനങ്ങളുടെയും പേരില്‍ നൂറുകണക്കിന് മുസ്‌ലിം യുവാക്കള്‍ വര്‍ഷങ്ങളോളം തടവില്‍ കിടന്ന് നിഷ്ഠുരമായ പീഡനങ്ങള്‍ക്കിരയായത്. അവരില്‍ മുന്നൂറോളം പേര്‍ അടുത്ത കാലത്ത് നിരപരാധികളെന്ന് വിധിക്കപ്പെട്ട് ജയില്‍ മോചിതരായി. ഇനിയും ഏറെ പേര്‍ കാരാഗൃഹത്തില്‍ കിടന്ന് നരകിക്കുന്നു. ഇപ്പോള്‍ കര്‍ണാടക പോലീസ് ഭീകരാക്രമണ പദ്ധതി ആരോപിച്ച് മുസ്‌ലിം യുവാക്കളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കുറെ പേര്‍ അകത്തായി. അഭ്യസ്തവിദ്യരും സാങ്കേതികവിദഗ്ധരും കോളേജ് വിദ്യാര്‍ഥികളുമൊക്കെയാണ് പിടിയിലായവര്‍. എല്ലാ അന്വേഷണങ്ങള്‍ക്കും ശേഷം അടുത്തിടെ ഡി.ആര്‍.ഐ പോലുള്ള സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നേടിയവരാണ് ചിലര്‍. നേരത്തെ ഇവര്‍ക്കെതിരെ പെറ്റി കേസുകള്‍ പോലും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. എങ്കിലും ആ യുവാക്കളെക്കുറിച്ച് പോലീസ് നല്‍കുന്ന കഥകള്‍ക്ക് പുറമെ സ്വന്തം നിലയിലും സ്‌തോഭജനകമായ കഥകള്‍ രചിച്ച് പ്രചരിപ്പിക്കുന്ന തിരക്കിലാണ് കര്‍ണാടക മാധ്യമങ്ങള്‍.
പ്രമുഖ പത്രപ്രവര്‍ത്തകന്‍ സുബൃതാ മുഖര്‍ജി ഹിന്ദുസ്ഥാന്‍ ടൈംസില്‍ (13-8-2012) എഴുതിയത് അനുസ്മരണീയമാകുന്നു: ''മാധ്യമങ്ങള്‍ ചില വിഭാഗങ്ങള്‍ക്കെതിരെ പക്ഷപാത നയമനുവര്‍ത്തിക്കുന്നുവെന്നത് വസ്തുതയാണ്. അമേരിക്കയിലെ ഗുരുദ്വാരയില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം പോലും ആസാമില്‍ എണ്‍പതു പേര്‍ കൊല്ലപ്പെട്ടതിനു നല്‍കാതിരുന്നത് എന്തുമാത്രം അത്ഭുതകരമാണ്?''
ഈ പരിതാവസ്ഥയെക്കുറിച്ച് മുസ്‌ലിം സമുദായം പരിതപിച്ചിരുന്നിട്ട് കാര്യമില്ല. യഥാര്‍ഥ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരാനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും സ്വന്തം നിലയില്‍ മാര്‍ഗങ്ങളാരായുകയാണ് പരിഹാരം. മുസ്‌ലിംകള്‍ നടത്തുന്ന മാധ്യമങ്ങള്‍ പൊതുവില്‍ ലുപ്ത പ്രചാരമാണ്. പലതും മുസ്‌ലിംകള്‍ മാത്രമേ വായിക്കുന്നുള്ളൂ. എത്ര തുറന്നെഴുതിയാലും പൊതുസമൂഹത്തിന്റെയോ സര്‍ക്കാറിന്റെയോ ശ്രദ്ധയിലേക്ക് അതെത്തുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍- പത്രങ്ങളിലായാലും ചാനലുകളിലായാലും- പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ സ്വന്തം സ്ഥാപനങ്ങളുടെ നയനിലപാടുകളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണ്. മുസ്‌ലിം ഇഷ്യൂകള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ എഴുതിയാലും മുഖ്യാധാരാ മാധ്യമങ്ങളില്‍ വെളിച്ചം കാണുക പ്രയാസം. ഇത്തരം കടമ്പകളെല്ലാമുണ്ടെങ്കിലും മുന്നിലുള്ള ദൂരവ്യാപകമായ ഫലങ്ങളുളവാകുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൂടാ. തങ്ങളാലാവുംവിധം അവയെ അഭിസംബോധന ചെയ്യേണ്ടത് മുസ്‌ലിം പത്രപ്രവര്‍ത്തകരുടെ കടമയാണ്. സുബൃതാ മുഖര്‍ജിയെ പോലെ മുസ്‌ലിം പ്രശ്‌നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ വീക്ഷിക്കുന്ന മുസ്‌ലിംകളല്ലാത്ത പല പത്രപ്രവര്‍ത്തകരും രാജ്യത്തുണ്ട്. അത്തരക്കാരുടെ സഹായവും സഹകരണവും ഏറെ പ്രയോജനകരമായിരിക്കും. പത്രങ്ങളെയും ചാനലുകളെയും അവ നീന്തിക്കൊണ്ടിരിക്കുന്ന ചാനലില്‍നിന്നു മാറ്റാന്‍ അതുകൊണ്ടൊന്നും കഴിയണമെന്നില്ല. പ്രതിരോധം പരാജയപ്പെട്ടാല്‍ പോലും ജീവന്റെയും ആത്മാഭിമാനത്തിന്റെയും തെളിവാകുന്നു. സമുദായത്തിനെതിരെ ഭീകരാരോപണത്തിന്റെ കൊടുങ്കാറ്റുയര്‍ന്നപ്പോള്‍ അത് യുക്തിയുക്തമായി നേരിടാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചിരുന്നുവെന്നും ന്യായമായ ആ ശ്രമങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയായിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തട്ടെ. നാളത്തെ തലമുറക്കെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുമെന്നാശിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍