Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

ഇസ്തംബൂളിലെ ശൈഖ് അഫന്‍ദി

എന്‍.കെ അഹ്മദ്‌

നീണ്ടകാലത്തെ ഗള്‍ഫ് ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷവും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയായി മനസ്സില്‍ വരാറ് ഗള്‍ഫ് നാടുകളിലെ നോമ്പുകാലമാണ്. മുന്‍കാലത്തെ അപേക്ഷിച്ച് മലയാളക്കരയിലെ റമദാന്‍ കാലം കൂടുതല്‍ ചലനാത്മകവും സജീവവുമായി മാറുന്നുണ്ടെങ്കിലും ഗള്‍ഫ് പ്രവാസിയുടെ നഷ്ടബോധത്തിന് പകരമാവാറില്ലെന്നത് ഒരു ദുഃഖ സത്യമാണ്. ഏതാനും മാസത്തെ താമസത്തിനായി ബ്രിട്ടനിലെത്താന്‍ അവസരം കിട്ടിയത് റമദാനിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു. അന്നു മുതലേ പടിഞ്ഞാറന്‍ നാടുകളിലെ നോമ്പുകാലത്തിന്റെ നേര്‍കാഴ്ചകള്‍ കാണാന്‍ മനസ്സ് ധൃതി കൂട്ടുന്നുണ്ടായിരുന്നു. ബ്രിട്ടനില്‍ മുസ്‌ലിംകള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൊന്നായ ബര്‍മിങാമിലെ ഞങ്ങളുടെ താമസസ്ഥലത്തിനു ചുറ്റും പത്തില്‍ കൂടുതല്‍ പള്ളികളുണ്ട്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഓരോ പള്ളിയും ഒന്നിനൊന്നു മെച്ചപ്പെട്ടു നില്‍ക്കുന്നു. ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് മിക്കവയിലും സാമാന്യം നല്ല ഭക്ത സാന്നിധ്യമാണ്. പള്ളികള്‍ പൊതുവെ തദ്ദേശത്തെ താമസക്കാരായ കുടിയേറ്റ വംശക്കാരുടെ നിയന്ത്രണത്തിലായിരിക്കും.പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണമെന്നത് കേരളീയരായ നമുക്ക് പലപ്പോഴും സ്വപ്നം മാത്രമാണല്ലോ. എന്നാല്‍, ബ്രിട്ടനിലെ മുസ്‌ലിംകള്‍ക്ക് പള്ളികള്‍ അതതിടങ്ങളിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഓരോ മേഖലയിലെയും മതപരവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവയില്‍ സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുന്ന പള്ളികള്‍ പോലുമുണ്ട്. ബര്‍മിങാമിലെ പ്രസിദ്ധമായ ഗ്രീന്‍ ലെയിന്‍ മസ്ജിദ് ഉദാഹരണം.
ആഴ്ചകള്‍ക്ക് മുമ്പുതന്നെ റമദാനിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പള്ളികളില്‍ കാണാമായിരുന്നു. വര്‍ധിതമായ ഭക്തസാന്നിധ്യം നേരിടാനാവശ്യമായ വളണ്ടിയര്‍ കോര്‍ രൂപീകരണം മുതല്‍ ഇതാരംഭിക്കുന്നു. റമദാനിലെ ആദ്യ ദിവസത്തെ തിരക്കു കണ്ടപ്പോള്‍ എല്ലാവരും റമദാന്റെ ആഗമനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നെന്നാണ് തോന്നിയത്.
ആശയപ്രചാരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കുന്ന സൗകര്യവും പിന്തുണയുമുപയോഗപ്പെടുത്തി മിക്ക പള്ളികളും ദഅ്‌വാ-ചാരിറ്റി സെല്ലുകള്‍ രൂപീകരിച്ചു വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നു. റമദാനോടെ എല്ലാ പള്ളികളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രളയം തന്നെയാണെന്ന് പറയാം. ഓരോ വീട്ടിലെയും മെയില്‍ ബോക്‌സുകളില്‍ വന്നു ചേരുന്ന തപാല്‍ ഉരുപ്പടികളില്‍ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സഹായാഭ്യര്‍ഥനകളും പരസ്യങ്ങളുമായിരിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സൗകര്യം ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേഗത്തില്‍ ഫണ്ടുകള്‍ സമാഹരിക്കാന്‍ ചാരിറ്റി സെല്ലുകള്‍ക്ക് സാധിക്കുന്നു. ഇത്തവണ മിക്ക ചാരിറ്റി സംഘടനകളുടെയും മുഖ്യ ലക്ഷ്യം സിറിയന്‍-റോഹിങ്ക്യ മുസ്‌ലിംകളായിരുന്നു.
ബാലികാ ബാലന്മാരെയും യുവജനങ്ങളെയും ഉദ്ദേശിച്ച് പല പള്ളികളിലും ഖുര്‍ആന്‍ പഠന-ഹിഫ്‌ള് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ഇസ്‌ലാമിക പ്രബോധകനും ചിന്തകനുമായ അംറ് ഖാലിദിന്റെ നേതൃത്വത്തില്‍ ബര്‍മിങാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'റൈറ്റ് സ്റ്റാര്‍ട്ട് ഫൗണ്ടേഷന്‍ ഇന്റര്‍നാഷ്‌നല്‍' എന്ന സംഘടന ഈ റമദാനില്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരത്തിനുള്ള സമ്മാനത്തുക അറുപതിനായിരം ബ്രിട്ടീഷ് പൗണ്ടാണ്.
റമദാനിലെ രാപ്പകലുകളില്‍ പല പള്ളികളിലുമുള്ള അനിയന്ത്രിതമായ ജനപ്രവാഹം കണ്ടപ്പോഴാണ് വളണ്ടിയര്‍ കോര്‍ രൂപീകരിച്ചതിന്റെ പ്രസക്തി ബോധ്യപ്പെട്ടത്. പ്രസിദ്ധരായ ഖാരിഉകളും ഹാഫിളുകളുമാണ് അധിക പള്ളികളിലും തറാവീഹിന് നേതൃത്വം വഹിക്കുന്നത്.
ഖിയാമുല്ലൈല്‍ തുടങ്ങിയത് മുതല്‍ ഞങ്ങള്‍ പോയത് അല്‍പം അകലെയുള്ള മസ്ജിദുല്‍ അമാനയിലേക്കാണ്- അവിടത്തെ ഇമാം അസ്ഹരി ഖാരിഅ് ആയ ശൈഖ് മഹ്മൂദ് ഫൗസിയെക്കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ കേട്ടറിഞ്ഞിരുന്നു. വളരെ നേരത്തെ തന്നെ പുറപ്പെട്ടെങ്കിലും പള്ളിയുടെ നാലയലത്തു പോലും വണ്ടി നിര്‍ത്താനായില്ല. സ്ത്രീകളും കുട്ടികളുമൊക്കെ വളരെ അകലങ്ങളില്‍ നിന്നേ നടന്നുവരികയാണ്. പള്ളിയുടെ അകവും പുറവും അക്ഷരാര്‍ഥത്തില്‍ ജനസാഗരം. ഗള്‍ഫിലെ ഏതോ തിരക്കേറിയ പള്ളിയിലെത്തിപ്പെട്ട പ്രതീതി. ശൈഖ് മഹ്മൂദിന്റെ ശ്രവണ മധുരവും ഭക്തിസാന്ദ്രവുമായ തിലാവത്തിലൂടെ നാല് റക്അത്തുകള്‍ കഴിഞ്ഞതറിഞ്ഞില്ല. അതിനിടയില്‍ മറ്റൊരു ശൈഖ് 'നസ്വീഹത്തി'നായി എഴുന്നേറ്റു. റമദാനിലെ അവസാന നാളുകളുടെ പുണ്യവും സ്വദഖയുടെ മഹത്വവും ഉണര്‍ത്തിയ ശേഷം ശൈഖ് പറഞ്ഞു: ''തുര്‍ക്കിയിലെ ഇസ്തംബൂളില്‍ പഴക്കമേറിയ ഒരു പള്ളിയുണ്ട്- 'മസ്ജിദ് കഅന്നീ അകല്‍തു' എന്ന പേരിലാണ് അതറിയപ്പെടുന്നത്. ആ പള്ളിക്ക് വിചിത്രമായ ആ പേര് വരാന്‍ ഒരു കാരണമുണ്ട്. ശൈഖ് അഫന്‍ദി എന്ന പേരില്‍ വിഖ്യാതനും ഭക്ഷണപ്രിയനുമായ ഒരാളുണ്ടായിരുന്നു അവിടെ. സ്വാദിഷ്ടമായ ആഹാരം അയാള്‍ക്ക് ജീവനായിരുന്നു. അങ്ങാടിയിലെത്തിയാല്‍ അയാള്‍ നല്ല ഭക്ഷണം തിരക്കി നടക്കും. അതുപോലെ നല്ല എന്തു സാധനം കണ്ടാലും അയാള്‍ക്ക് വാങ്ങാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കാശെത്ര കൊടുത്തും അയാളത് വാങ്ങും. അതയാളുടെ സ്വഭാവമായിരുന്നു. അതിനിടയില്‍ അയാളുടെ മനസ്സില്‍ ഒരാഗ്രഹം ഉദിച്ചു. ഇസ്തംബൂളില്‍ ഇന്ന സ്ഥലത്ത് ഒരു പള്ളിയുണ്ടാക്കണം. അതിനുള്ള സ്ഥലമോ പണമോ അയാളുടെ പക്കലുണ്ടായിരുന്നില്ല. എങ്കിലും ആ ആഗ്രഹം അയാളുടെ അന്തരാളത്തില്‍ ഉത്ക്കടമായി വളര്‍ന്നുകൊണ്ടേയിരുന്നു. മാര്‍ക്കറ്റിലിറങ്ങിയാല്‍ പതിവുപോലെ അയാളുടെ കണ്ണുകള്‍ ഭക്ഷണശാലകള്‍ പരതും. ഇഷ്ട ഭക്ഷണങ്ങള്‍ കണ്ടാല്‍ വില ചോദിച്ചു വാങ്ങാന്‍ നോക്കും. അപ്പോള്‍ മനസ്സില്‍ തന്റെ സ്വപ്നത്തിലെ പള്ളിയുടെ ചിത്രം തെളിഞ്ഞു വരും. ഉടനെ മനസ്സില്‍ പറയും: ആ ഭക്ഷണം കഴിക്കേണ്ട. കഴിച്ചപോലെ കരുതിയാല്‍ മതി (കഅന്നീ അകല്‍തു.......) ഭക്ഷണശാലയില്‍ നിന്നയാള്‍ ഇറങ്ങിപ്പോരും. നേരെ വീട്ടില്‍ചെന്നു ആ കാശ് ഒരു പെട്ടിയില്‍ നിക്ഷേപിക്കും. അടുത്ത ദിവസം മാര്‍ക്കറ്റില്‍ എന്തെങ്കിലും ഒരു പുതിയ സാധനം അയാളുടെ കണ്ണില്‍ പെടും. അതുവാങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും തന്റെ സങ്കല്‍പത്തിലെ പള്ളിയെക്കുറിച്ച് ഓര്‍ത്തുപോകും. അപ്പോള്‍ സ്വയം പറയും: അതു വാങ്ങണ്ട. വാങ്ങിയപോലെ കരുതാം (കഅന്നീ ഇശ്തറൈതു.....) ആ കാശും അയാള്‍ പെട്ടിയില്‍ നിക്ഷേപിക്കും.
കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒരു ദിവസം ശൈഖ് അഫന്‍ദി തന്റെ പെട്ടി തുറന്നു നോക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. പെട്ടി നിറയെ പണം! പണം എണ്ണിക്കണക്കാക്കിയപ്പോള്‍ അയാള്‍ അറിയാതെ പറഞ്ഞു പോയി: അല്‍ഹംദുലില്ലാഹ്! അല്‍ഫു ശുക്ര്‍ യാ റബ്ബ്. പള്ളിക്ക് സ്ഥലമായി. ഇനി പള്ളി പണിയാനുള്ള പണമേ വേണ്ടൂ. മാ ശാ അല്ലാഹ്!
ശൈഖ് അഫന്‍ദി പട്ടണത്തിലെത്തി സ്ഥലത്തെ പൗരമുഖ്യന്റെ മുമ്പില്‍ തന്റെ ഇംഗിതം അവതരിപ്പിച്ചു. പള്ളിക്കുള്ള സ്ഥലം ശൈഖ് വാങ്ങിത്തരികയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ പള്ളി പണിയാമെന്ന് പൗരമുഖ്യന്‍ സമ്മതിച്ചു.
ശൈഖ് അഫന്‍ദി ഇസ്തംബൂളില്‍ പള്ളി പണിയാന്‍ സ്ഥലം വാങ്ങിക്കൊടുത്ത വിവരം നാട്ടില്‍ പാട്ടായി. അടുത്ത ദിവസം മാര്‍ക്കറ്റിലെത്തിയ ശൈഖിന് ചുറ്റും ആളുകള്‍ തടിച്ചുകൂടി. എല്ലാവര്‍ക്കും അറിയേണ്ടത് പണക്കാരനല്ലാത്ത ശൈഖ് അഫന്‍ദി പള്ളിക്ക് സ്ഥലം വാങ്ങാന്‍ കാശുണ്ടാക്കിയതെങ്ങനെയെന്നാണ്. തനിക്ക് ചുറ്റും കൂടിയ ജനക്കൂട്ടത്തിനു മുമ്പില്‍ ശൈഖ് അഫന്‍ദി ആ കഥ പറഞ്ഞു.
'സമ്പന്നനല്ലെങ്കിലും കാശ് ചെലവഴിക്കാന്‍ മടിയില്ലാത്ത ആളായിരുന്നു ഞാന്‍. സ്വാദിഷ്ടമായ ഭക്ഷണം എന്റെ ദൗര്‍ബല്യമായിരുന്നു. അങ്ങാടിയിലെത്തിയാല്‍ എന്നും ഞാന്‍ നല്ല ഭക്ഷണം വാങ്ങിക്കഴിക്കുമായിരുന്നു. അതിനിടയിലാണ് ഇവിടെ ഒരു പള്ളിയുണ്ടായിക്കാണാനുള്ള ആഗ്രഹം എന്നില്‍ തളിരിട്ടത്. അതിനുശേഷം ഞാന്‍ അങ്ങാടിയിലെത്തി ഭക്ഷണം കഴിക്കാന്‍ നോക്കുമ്പോള്‍ പള്ളിയുടെ കാര്യം ഞാനോര്‍ത്തുപോകും. ഞാന്‍ സ്വയം പറയും: ഭക്ഷണം വാങ്ങിക്കഴിക്കേണ്ട. ഭക്ഷണം കഴിച്ച പോലെയാക്കാം. കഅന്നീ....... അകല്‍തു........ ആ കാശ് ഞാന്‍ വീട്ടിലെ ഒരു പെട്ടിയില്‍ നിക്ഷേപിക്കും. കണ്ണിനിഷ്ടപ്പെട്ട വല്ല സാധനം കണ്ടാലും എനിക്കതു വാങ്ങണമെന്ന് തോന്നും. ഞാന്‍ സ്വയം പറയും: അതുവാങ്ങണ്ട. വാങ്ങിയപോലെ കരുതാം. കഅന്നീ ഇശ്തറൈതു...... ആ കാശും ഞാന്‍ പെട്ടിയില്‍ നിക്ഷേപിക്കും. അങ്ങനെ സമാഹരിച്ചതാണ് ഈ പണം. അതോടൊപ്പം ഞാനറിയാതെ എന്നില്‍ ഒരു ശീലം വളര്‍ന്നുവന്നു. കാശ് ചെലവഴിക്കുമ്പോള്‍ ഞാന്‍ സ്വയം ചോദിക്കും: ഇത് അനാവശ്യമാണോ, ആവശ്യമാണോ അത്യാവശ്യമാണോ എന്ന്. അനാവശ്യങ്ങള്‍ വര്‍ജ്ജിക്കുവാനും ആവശ്യങ്ങള്‍ ഒഴിവാക്കുവാനും അത്യാവശ്യത്തിനു മാത്രം കാശ് ചെലവഴിക്കുവാനും ഞാന്‍ പഠിച്ചു കഴിഞ്ഞു. ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും ഇത്രയേറെ പണം ഞാന്‍ ചെലവഴിക്കാറുണ്ടെന്ന് ഞാന്‍ തന്നെ കണ്ടെത്തിയത് ഇപ്പോള്‍ മാത്രമാണ്!'
ശൈഖ് അഫന്‍ദിയുടെ വാക്കുകള്‍ കേട്ടു ജനക്കൂട്ടം അത്ഭുതസ്തബ്ധരായി. ശൈഖ് വാങ്ങിക്കൊടുത്ത സ്ഥലത്ത് ഉയര്‍ന്ന ദൈവമന്ദിരത്തെ തലമുറകള്‍ വിളിച്ചു പോന്നു. മസ്ജിദ് കഅന്നീ അകല്‍തു.......
ഭക്തിസാന്ദ്രമായ ഖിയാമുല്ലൈലും കണ്ണീരില്‍ കുതിര്‍ന്ന ഖുനൂത്തും ദുആയും കഴിഞ്ഞു പള്ളിയില്‍ നിന്നൊഴുകിയ ജനസാഗരത്തോടൊപ്പം ഞങ്ങളും പുറത്തേക്കിറങ്ങി. അകലെ പാര്‍ക്കുചെയ്ത വണ്ടി ലക്ഷ്യമാക്കി നടക്കുമ്പോള്‍ ബര്‍മിങാമിലെ സുഖദമായ കുളിര്‍തെന്നല്‍ ഞങ്ങളെ തലോടുന്നുണ്ടായിരുന്നു. അപ്പോഴും ജീവിതത്തെക്കുറിച്ച് അധികമാരുമോര്‍ക്കാത്ത ഒരു പാഠവും വേദാന്തവും പഠിപ്പിച്ചുതന്ന ഇസ്തംബൂളിലെ ശൈഖ് അഫന്‍ദിയുടെ ജീവിതകഥ ഒരു മന്ത്രധ്വനി പോലെ കര്‍ണപുടങ്ങളില്‍ പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു. ഒപ്പം വിശ്വ മഹാകവി ഇഖ്ബാലിന്റെ മരിക്കാത്ത വാക്കുകളും: ''ഒരു തുള്ളി ജലം കൊണ്ട് ഒരു സമുദ്രമുണ്ടാവില്ല. പക്ഷേ, ജലത്തുള്ളികള്‍ ചേരുമ്പോഴാണ് മഹാസമുദ്രങ്ങള്‍ പോലുമുണ്ടാവുക!''
എന്‍.കെ അഹ്മദ്
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍