Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 15

ടീന്‍ ഇന്ത്യ പ്രതീക്ഷയുടെ പുതിയ ജാലകം

എസ്. കമറുദ്ദീന്‍

കൗമാര പ്രായക്കാര്‍ ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്ലാനിംഗ് കമീഷന്റെ പോപ്പുലേഷന്‍ പ്രോജക്ഷനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ 22.8 ശതമാനം കൗമാരക്കാരാണ്- ഏകദേശം 230 മില്യന്‍. കേരളത്തിലെ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം വരുന്ന ജനസംഖ്യയില്‍ അരക്കോടിയിലേറെ കൗമാരക്കാരാണ്. വളരെ ശ്രദ്ധാപൂര്‍വം നിര്‍ണയിക്കപ്പെട്ട പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും നല്‍കി ഈയൊരു വിഭാഗത്തിന്റെ ഗതി നിര്‍ണയിക്കാനായാല്‍ സാമൂഹിക സംസ്‌കരണത്തിന്റെയും വളര്‍ച്ചയുടെയും വലിയ ദൗത്യങ്ങള്‍ അനായാസം പൂര്‍ത്തിയാക്കാമെന്ന നിരീക്ഷണം ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിക്ക് വേണ്ടി തയാറാക്കിയ Report of the working Group on Adolescents -ല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൗമാര പ്രായക്കാരുടെ ശാരീരിക-മാനസിക-ആരോഗ്യ-വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ നയങ്ങളിലും റിപ്പോര്‍ട്ടുകളിലും ചര്‍ച്ച ചെയ്യപ്പെടുന്നത് സമൂഹത്തിലെ ഇവരുടെ നിര്‍ണായകമായ പങ്ക് മുന്നില്‍ കണ്ടാണ്. പക്ഷേ, ഇവര്‍ക്കു വേണ്ടി സമഗ്രമായ ഒരു പോളിസി രാജ്യത്ത് രൂപവത്കരിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ സംഘടനകളോ സാമൂഹിക സാംസ്‌കാരിക സംഘടനകളോ വ്യക്തമായ നയം രൂപീകരിച്ച് ഇവരില്‍ ആസൂത്രിതമായ സംഘാടനമോ പരിശീലന പ്രവര്‍ത്തനങ്ങളോ സംഘടിപ്പിക്കുന്നില്ല. പൊതുവെ യുവാക്കള്‍ക്കുള്ള സംഘാടനത്തിന്റെ ഭാഗമായി മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ്, നെഹ്‌റു യുവ കേന്ദ്ര, നാഷ്‌നല്‍ സര്‍വീസ് സ്‌കീം, നാഷ്‌നല്‍ കേഡറ്റ് കോപ്‌സ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡന്‍സ് തുടങ്ങിയവയും മത-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഇവരെ അഭിമുഖീകരിക്കാറുണ്ട്.
കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, കോഴിക്കോട് നിന്ന് തുടക്കം കുറിച്ച സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് എന്നീ സംരംഭങ്ങള്‍ അപവാദങ്ങളാണ്. രക്ഷിതാക്കളെയും അധ്യാപകരെയും നിയമപാലകരെയും സാമൂഹിക പ്രവര്‍ത്തകരെയും കൂട്ടിയിണക്കിയുള്ള ഒരു സംരംഭമാണ് ഒ.ആര്‍.സി. കോഴിക്കോട് വെച്ച് നടന്ന യുവജനോത്സവത്തിന്റെ ഒരു ബൈ പ്രോഡക്ടാണെന്ന് പറയാം, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്. യുവജനോത്സവ കാലത്തെ നിയമപാലനത്തിന് വളണ്ടിയര്‍മാരായി നിശ്ചയിക്കപ്പെട്ട ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളുടെ ഊര്‍ജസ്വലതയും ആത്മാര്‍ഥതയും സേവന തല്‍പരതയും പുതിയൊരു സംരംഭത്തിന് അധികാരികള്‍ക്ക് പ്രേരകമാവുകയായിരുന്നു. ഇത്തരം ഒറ്റപ്പെട്ട അനുഭവങ്ങള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്നു. പക്ഷേ, കൗമാരക്കാരില്‍ ശ്രദ്ധയൂന്നിയുള്ള വ്യാപകമായ പ്രവര്‍ത്തനങ്ങളുടെ അഭാവം നമ്മുടെ സാമൂഹികരംഗത്ത് നിഴലിച്ചു കാണാം. ഈയൊരു പശ്ചാത്തലമാണ് 'ടീന്‍ ഇന്ത്യ' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വ്യത്യസ്ത ഉപ ഘടകങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അപ്പര്‍ പ്രൈമറി വരെയുള്ള കുട്ടികള്‍ക്കിടയില്‍ 2003 മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലര്‍വാടി ബാലസംഘത്തിന്റെ 1142 യൂനിറ്റുകളിലായി 75000 വിദ്യാര്‍ഥികള്‍ അണിനിരന്നിട്ടുണ്ട്. വിജ്ഞാനോത്സവം, ബാലോത്സവം പോലുള്ള പൊതു പരിപാടികളില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പങ്കാളിത്തമുണ്ട്. ബഹുമുഖമായ അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതോടൊപ്പം നന്മയും മൂല്യബോധവും അങ്കുരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണത്തോടുകൂടി മലര്‍വാടി നടത്തുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ എസ്.ഐ.ഒ ക്രിയാത്മകമായ കാമ്പസുകള്‍ സൃഷ്ടിക്കുന്നതിനുള്ള അക്ഷീണ യത്‌നത്തിലാണ്. ഇസ്‌ലാമിക മൂല്യബോധത്തില്‍ ഊന്നി, സധൈര്യം പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒരു തലമുറ എസ്.ഐ.ഒ നാടിന് സമര്‍പ്പിക്കുന്ന സമ്പത്താണ്. ഇതിനിടയില്‍ കൗമാരക്കാരുടെ ഒരു കൂട്ടായ്മക്ക് ഇടവും പ്രസക്തിയുമെന്താണ്?
പത്രമാധ്യമങ്ങളും ചാനലുകളും പലപ്പോഴും കൗമാര വിഷയങ്ങള്‍ അവതരിപ്പിക്കുന്നേടത്ത് അവശ്യമായ സൂക്ഷ്മത പുലര്‍ത്താറില്ല. തീര്‍ച്ചയായും കൗമാരക്കാരില്‍ വളര്‍ന്നു വരുന്ന അക്രമവാസനകളും ആസക്തികളും തുറന്നുകാണിക്കേണ്ടതുണ്ട്. പക്ഷേ, അതിനു കാരണമാകുന്ന സാഹചര്യങ്ങളെയും നാം വിലയിരുത്തേണ്ടതുണ്ട്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ശിക്ഷണ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍, അവരുടെ സഞ്ചാരപഥങ്ങളില്‍ ഒരു കണ്ണ്/ ഒരു നോട്ടം നല്‍കുന്നതില്‍ നാം എത്ര ദത്തശ്രദ്ധരാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ചൂഷണങ്ങളുടെ സാധ്യതകള്‍ ഏറെ തുറന്നിരിക്കുന്നു. ചുവടുവെപ്പുകളില്‍ മുന്‍പത്തേതിനേക്കാള്‍ ജാഗ്രത വേണം. നാമറിയാതെ നമ്മെ കെണിയില്‍ പെടുത്തുന്ന വലക്കണ്ണികളും മാഫിയകളും വളര്‍ന്നിരിക്കുന്നു. സ്‌കൂളുകള്‍ മയക്കുമരുന്ന് വില്‍പനക്കാരുടെ സജീവ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
സ്വഭാവ രൂപീകരണത്തിലെ നിര്‍ണായകമായ ഘട്ടമാണ് ആദ്യകാല കൗമാരം. കേരളത്തില്‍ പുകവലി ആരംഭിക്കുന്ന ഘട്ടം പതിമൂന്ന് വയസ്സാണെന്നും സ്‌കൂള്‍ കാലഘട്ടത്തില്‍ ആരംഭിക്കുന്ന ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കുക പ്രയാസമാണെന്നും ചില പഠനങ്ങള്‍ തെളിയിക്കുന്നു. കൗമാരകാലത്തെ പ്രത്യേകതകള്‍ അറിഞ്ഞ്, അവരുടെ ശാരീരിക-മാനസിക-വൈകാരിക തലങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന പദ്ധതിയുമായി ഒരു സംഘത്തിന് ഏറെ പ്രസക്തിയുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒരു കരുത്തുറ്റ തലമുറയെ തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് വേണ്ടി, സജ്ജമാക്കേണ്ടത് അനിവാര്യമാണ്. തീര്‍ച്ചയായും കൗമാരകാലത്തിന്റെ മുഴുവന്‍ നന്മകള്‍ക്കും കരുത്തു പകരുന്ന ഒരു കൂട്ടായ്മയായിരിക്കുമിത്. നല്ലതിന് വേണ്ടി ഒത്തുചേരാനും നന്മക്ക് വേണ്ടി കൂട്ടുകൂടാനും പരസ്പരം ആശയവിനിമയം നടത്താനും അന്തര്‍ലീനമായ കഴിവുകളെ സദ്‌വിചാരങ്ങള്‍ക്കായി വികസിപ്പിക്കാനുമുള്ള കൂട്ടായ്മ.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കേരളീയ സാഹചര്യങ്ങള്‍ പരിഗണിച്ച് 'ടീന്‍ ഇന്ത്യ' 8,9,10 ക്ലാസ്സുകളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് സംഘടിപ്പിക്കുന്നത്. അവര്‍ക്ക് നേതൃത്വം നല്‍കുന്നത് കൗമാര സംഘാടനത്തിന് കൂടി പരിശീലനം ലഭിച്ച മലര്‍വാടി കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും. പെണ്‍കുട്ടികളുടെ സംഘാടനം നിര്‍വഹിക്കേണ്ടത് പരിശീലനം സിദ്ധിച്ച വനിതാ കോ-ഓര്‍ഡിനേറ്റര്‍മാരാണ്. കൗമാരക്കാരായ കുട്ടികളെ മാത്രമല്ല, അതോടൊപ്പം ഈ പ്രായത്തിലെ കുട്ടികളെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുകയെന്നതും 'ടീന്‍ ഇന്ത്യ'യുടെ അജണ്ടയിലുണ്ട്.
'ടീന്‍ ഇന്ത്യ'യുടെ സംഘാടനത്തില്‍ ഊന്നുന്ന സുപ്രധാന നയനിലപാടുകള്‍ ഇവയാണ്.
1. ഈ സംഘടന വിദ്യാര്‍ഥികളില്‍ ധാര്‍മിക, രാഷ്ട്രീയ, സാമൂഹിക ബോധം വളര്‍ത്തുന്നതായിരിക്കും.
2. സംഘടനയില്‍ അണിചേര്‍ന്നവരുടെ ചിന്താപരവും വൈജ്ഞാനികവും കലാപരവുമായ വളര്‍ച്ചയില്‍ ശ്രദ്ധയൂന്നും.
3. കൗമാര അവസ്ഥകളെ അഭിമുഖീകരിക്കാനുള്ള മാനസിക പക്വത, ആദര്‍ശത്തിന് വേണ്ടി ത്യാഗപരിശ്രമങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത, ബഹുസ്വരതയെ ഉള്‍ക്കൊള്ളാനുള്ള കഴിവ് എന്നിവ വളര്‍ത്തും.
4. സോഷ്യല്‍ ആക്ടിവിസത്തിന് കുട്ടികളെ പാകപ്പെടുത്തും.
5. കേരളത്തിലെ മുഴുവന്‍ കുട്ടികളെയും അവരുടെ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും.
6. വിദ്യാലയത്തിന് അകത്ത് നിന്നും പുറത്തു നിന്നും ലഭിക്കുന്ന അറിവുകളെ ശരിയായ രീതിയില്‍ നിരൂപണം ചെയ്യാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കും.
7. ഉന്നതമായ സ്വഭാവ ഗുണങ്ങളും പെരുമാറ്റ മര്യാദകളും വളര്‍ത്തിയെടുക്കും.
കുട്ടികളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പഠന-പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും 'ടീന്‍ ഇന്ത്യ'യുടെ പരിപാടികളില്‍ മുഖ്യ ഇനമായിരിക്കും. Knowledge exploration centre-കള്‍, ദേശീയ പഠന യാത്രകള്‍, സോഫ്റ്റ് സ്‌കില്‍ പരിശീലനങ്ങള്‍ തുടങ്ങി, അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്ന പ്രവര്‍ത്തന പരിപാടികളാണ് അജണ്ടയിലുള്ളത്. സെപ്റ്റംബര്‍ 15-ന് തലശ്ശേരി ടൗണ്‍ ഹാളില്‍ നടക്കുന്ന ടീന്‍ ഇന്ത്യ വിളംബരത്തോടെയാണ് സംഘടന കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍