ജനാധിപത്യ വിശ്വാസികള്‍ക്ക് ഗുജറാത്തില്‍ ഇനിയും പ്രതീക്ഷയുണ്ട്
2002 ഫെബ്രുവരിയില്‍ നടന്ന ഗുജറാത്ത് വംശഹത്യയിലെ സുപ്രധാന സംഭവമായ നരോദപാട്യ കൂട്ടക്കൊലക്കേസിന്റെ വിധി സ്‌പെഷ്യല്‍ കോടതി പറഞ്ഞുകഴിഞ്ഞു. നിസ്സഹായരും ഏറെ ദരിദ്രരുമായിരുന്ന 97 മുസ്‌ലിംകളെ മൈതാനത്തെ ഒരു കിണറില്‍ ആട്ടിയിറക്കി തലക്കുമേല്‍ തീ കോരി ഒഴിച്ചുകൊന്ന ഈ പൈശാചികതക്കെതിരെയുള്ള വിധിയില്‍ ഗുജറാത്തിലെ സംഘ്പരിവാറിന്റെ സമുന്നത നേതാക്കള്‍ തന്നെ കുടുങ്ങി. ബി.ജെ.പി നേതാവായ ഡോ. മായാബെന്‍ കോഡ്ഹാനിക്ക് 28 വര്‍ഷം തടവാണ് ശിക്ഷ. മുസ്‌ലിം കൂട്ടക്കൊലക്ക് കാര്‍മികത്വം വഹിച്ചതിന്റെ പേരില്‍ മോഡിയുടെ മന്ത്രിസഭയില്‍ 2007 മുതല്‍ 2009 വരെ വനിതാ-ശിശുക്ഷേമ മന്ത്രിയായിട്ടുണ്ട് ഈ സംഘ് നേതാവ്. ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിക്കാവട്ടെ മരണം വരെ തടവും ലഭിച്ചു. മുസ്‌ലിം കൂട്ടക്കൊല നടത്തിയതിന്റെ ഫലമായി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ബജ്‌റംഗി ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മൊത്തം 32 കുറ്റവാളികളെ ശിക്ഷിച്ചു. 29 പ്രതികളെ വെറുതെ വിടുകയും ചെയ്തു. ഈ വിധി പല കാരണങ്ങളാല്‍ ഏറെ ശ്രദ്ധേയമാണ്.
സാമൂഹിക സ്ഥാപനങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വിദഗ്ധമായി ദുരുപയോഗം ചെയ്ത് ഭരണകൂടത്തിന്റെ തന്നെ കാര്‍മികത്വത്തില്‍ നടത്തിയ വംശഹത്യ എന്ന നിലക്കാണ് ഗുജറാത്ത് കലാപം വ്യതിരിക്തമാവുന്നത്. ഗുജറാത്ത് ഒരു സുപ്രഭാതത്തില്‍ കലാപത്തിലേക്ക് നേരം വെളുക്കുകയായിരുന്നില്ല. മറിച്ച്, ഒരു മതവിഭാഗത്തിനുനേരെ നിരന്തരവും ബോധപൂര്‍വവുമായി നടന്ന വിദ്വേഷ വിദ്യാഭ്യാസം കലാപമായി കത്തിപ്പടരുകയായിരുന്നു. ഒരു തീവണ്ടി കത്തിയതിന്റെ സ്വാഭാവിക പ്രതികരണമായിരുന്നില്ല അത്. പച്ച മനുഷ്യജീവിതങ്ങള്‍ക്കുമേല്‍ പൈശാചികത ഇറ്റിറ്റു വീഴുന്ന ക്രൂരതകള്‍ നടത്താനും ശേഷം അതിലഭിമാനിക്കാനും കഴിയുന്ന സമൂഹ മനസ്സ് സൃഷ്ടിക്കപ്പെടുന്നത് ആഴമുള്ള ഈ വിദ്വേഷ വിദ്യാഭ്യാസത്തില്‍ നിന്നാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ വിധിവന്ന കേസാണിത്. കലാപവുമായി ബന്ധപ്പെട്ട് ഇതിനകം ഒട്ടേറെ വിധികള്‍ വിവിധ കോടതികളില്‍ നിന്നായി വന്നിട്ടുണ്ട്. സര്‍വ സന്നാഹങ്ങളുമൊരുക്കി തങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ഒരു നാട്ടില്‍ ഭരണകൂടത്തിന്റെ വലിയ ആശീര്‍വാദങ്ങളോടെ നടത്തിയ കലാപം പിന്നീട് സംഘ്പരിവാറിനെയും മോഡി ഭരണകൂടത്തെയും വിടാതെ പിന്തുടരുന്നതാണ് കണ്ടത്. പ്രാദേശിക നേതാക്കള്‍ മുതല്‍ സംസ്ഥാന മന്ത്രിമാര്‍ വരെ ജയിലും കേസും ഫയലും തടവുമൊക്കെയായി കാലം കഴിച്ചുകൊണ്ടിരിക്കുന്ന കാഴ്ച, മോഡി പോലും കുടുങ്ങിയേക്കാം എന്ന ഭീഷണി.... ഇത് ഇന്ത്യയിലെ കലാപ ചരിത്രങ്ങളിലെ പുതിയൊരനുഭവമായിരുന്നു. പ്രാകൃതമായ രീതിയില്‍ ജനസമൂഹങ്ങളെ ആട്ടിയോടിക്കുകയും കൂട്ടക്കൊല നടത്തുകയും എന്നാല്‍ അക്രമികള്‍ സ്വസ്ഥമായി വിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു പൊതുവെ ഇന്ത്യയിലെ കലാപാനുഭവങ്ങളെല്ലാം. പ്രതികളെ വലയില്‍പ്പെടുത്താന്‍ മാത്രമുള്ള ശേഷിയോ സന്ദര്‍ഭങ്ങളോ ഇരകള്‍ക്ക് സാധാരണ ഉണ്ടാകാറില്ല. അക്രമികള്‍ക്കാകട്ടെ പലപ്പോഴും ഭരണകൂടത്തിന്റെയും ഭരണകൂട സംവിധാനങ്ങളുടെയും നിര്‍ലോഭമായ പിന്തുണയുമുണ്ടാകും.
കലാപത്തിന്റെ ഉത്തരവാദികളെയും കുറ്റവാളികളെയും നിയമത്തിനു മുമ്പാകെ ഒരുപരിധി വരെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഗുജറാത്ത് കലാപത്തിന്റെ ശേഷപത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കാര്യം.
കലാപാനന്തരം ഗുജറാത്തില്‍ ഏറ്റവും വലിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ സംഘടന ഗുജറാത്തിലെ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി ഗുജറാത്ത് (IRCG) എന്ന പേരില്‍ രൂപം കൊണ്ട ആ സന്നദ്ധ സംഘടന 10 കോടി രൂപയുടെ പ്രത്യക്ഷ സേവന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഒപ്പം സുപ്രധാനമായ മറ്റൊരു തീരുമാനവും കൈക്കൊണ്ടു. കലാപത്തിനിരയായവരെ പരമാവധി സര്‍ക്കാറിനെകൊണ്ട് തന്നെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കും. അതിനാവശ്യമായ നിയമ പോരാട്ടങ്ങള്‍ സംഘടിപ്പിക്കും. രണ്ടാമതായി, കലാപത്തിനുത്തരവാദികളെയും പ്രതികളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ ശ്രമിക്കും. കടന്നാക്രമണ സ്വഭാവമുള്ള നിയമ സഹായം (Aggressive Legal Aid) എന്നാണതിനെ ഐ.ആര്‍.സി.ജിയുടെ ചെയര്‍മാനായ ഡോ. ശക്കീല്‍ അഹ്മദ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഗുജറാത്ത് ജമാഅത്തിന്റെ അമീര്‍ കൂടിയാണദ്ദേഹം. നാല്‍പതിലധികം സന്നദ്ധ സംഘടനകള്‍ കലാപാനന്തരം ഗുജറാത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടായിരുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഐ.ആര്‍.സി.ജി ഫലപ്രദമായ നീക്കങ്ങള്‍ നടത്തി. ഇത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ലക്ഷ്യത്തിലെത്തിക്കാനും പരസ്പരം ഭിന്നിച്ചു പോകാതിരിക്കാനും സഹായകമായി.
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ലഭിച്ച തുകയെങ്കിലും ചുരുങ്ങിയത് ലഭ്യമാക്കണമെന്ന് IRCG ആവശ്യപ്പെട്ടു. അത് നേടിയെടുക്കാനാവശ്യമായ നിയമപോരാട്ടം നടത്തി വിജയം കണ്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് 7 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിലേക്കയച്ച നഷ്ടപരിഹാര തുകയില്‍ 50 കോടി രൂപ മോഡി ഇരകള്‍ക്ക് വിതരണം ചെയ്യാതെ തിരിച്ചയച്ചപ്പോള്‍ അത് പൂര്‍ണമായും ലഭ്യമാക്കാന്‍ സംവിധാനം കാണണമെന്നാവശ്യം ഐ.ആര്‍.സി.ജി ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അതും അംഗീകരിച്ചു. ഇതുവഴി മൂന്നര ലക്ഷം രൂപ വീതം പതിനൊന്നായിരം പേര്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞു. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിഖ് വിരുദ്ധകലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമായതെങ്കില്‍ 6 വര്‍ഷംകൊണ്ട് അത് പകുതി ലഭ്യമാക്കാന്‍ ഗുജറാത്തില്‍ ഐ.ആര്‍.സി.ജിക്ക് കഴിഞ്ഞു.
വിവിധ സന്നദ്ധ സേവന സംഘടനകളിലൂടെ മൊത്തം 50 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഗുജറാത്തില്‍ നടന്നത്. അതിനേക്കാള്‍ വലിയ സംഖ്യ സര്‍ക്കാറിനെക്കൊണ്ട് ചെലവഴിപ്പിക്കാന്‍ ഐ.ആര്‍.സി.ജിയുടെ നിയമപോരാട്ടത്തിലൂടെ കഴിഞ്ഞു. കലാപവേളയില്‍ കാണാതായിപ്പോയവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായി എന്നത് ഇന്ത്യയിലെ കലാപചരിത്രത്തില്‍ ഗുജറാത്തിലെ മാത്രം അനുഭവമായിരുന്നു. 500 പേര്‍ കലാപത്തോടെ കാണാതായി എന്നാണ് സംഘടന തിട്ടപ്പെടുത്തിയത്. ഇവരില്‍ 300 പേരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുത്തി അവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ ലഭ്യമാക്കി.
ഗുജറാത്ത് വംശഹത്യയെ ഇരു സമുദായങ്ങള്‍ തമ്മിലുള്ള കലാപമാക്കി ചിത്രീകരിച്ചൊതുക്കാന്‍ മോഡി ഭരണകൂടം തുടക്കത്തില്‍ നന്നായി ശ്രമം നടത്തിയിരുന്നു. അതുവഴി ഭരണകൂടത്തിന്റെയും മോഡിയുടെയും പങ്കാളിത്തം മറച്ചുവെക്കാം എന്നായിരുന്നു മോഡിയുടെ കണക്കുകൂട്ടല്‍. പക്ഷേ സന്നദ്ധ സംഘടനകളുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ വംശഹത്യക്ക് അങ്ങനെയൊരു മുഖം വരാതിരിക്കാന്‍ സഹായകമായി. സംഘ്പരിവാറിന്റെയും അവരെ പിന്തുണക്കുന്ന ചില മാധ്യമങ്ങളുടെയും വാര്‍ത്ത പടക്കലിനും കോലാഹലങ്ങള്‍ക്കുമപ്പുറം സത്യാവസ്ഥ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഐ.ആര്‍.സി.ജി ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ ഏറെ ജാഗ്രത കാണിച്ചു. അത്തരമൊരു ഇടപെടലാണ് മോഡിക്ക് അമേരിക്ക വിസ നിഷേധിക്കാന്‍ നിമിത്തമായത്. അമേരിക്കന്‍ നിയമ പ്രകാരം, സ്വന്തം രാജ്യത്തെ പൗരന്മാരോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്ന ഭരണാധികാരിക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള വിസ അനുവദിക്കുകയില്ല. മോഡിയുടെ അമേരിക്കാ സന്ദര്‍ശനം തീരുമാനിച്ച സമയത്ത് 150ഓളം കേസുകളില്‍ സെഷന്‍സ് കോടതിയുടെ വിധി വന്നിരുന്നു. അതില്‍ ഹിന്ദുക്കളും മുസ്‌ലിംകളും പ്രതികളായ വിധികളുണ്ടായിരുന്നു. സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹിന്ദുക്കള്‍ക്കെതിരായ വിധിക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ മേല്‍ കോടതിയെ സമീപിച്ചത്. ഇതിന്റെ കോടതി രേഖകള്‍ ഐ.ആര്‍.സി.ജി സംഘടിപ്പിക്കുകയും അമേരിക്കയിലെത്തിക്കുകയും ചെയ്തു. മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍തന്നെ കലാപത്തില്‍ മോഡിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെക്കുറിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മോഡിക്കിത് കനത്ത പ്രഹരമായി.
ഐ.ആര്‍.സി.ജിയുടെ നിയമ പോരാട്ട വഴിയിലെ തിളക്കമുള്ള അനുഭവമായിരുന്നു രണ്ടായിരത്തിലധികം കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. അതില്‍ ചില കേസുകള്‍ പോലീസ് ഇടപെട്ട് നിര്‍വീര്യമാക്കി. ചിലതില്‍ എഫ്.ഐ.ആറില്‍ കൃത്രിമം കാണിച്ചു. ഇങ്ങനെ രണ്ടായിരത്തോളം കേസുകള്‍ ക്ലോസ് ചെയ്യുകയായിരുന്നു. അത്തരം കേസുകളുടെ റെക്കോര്‍ഡുകള്‍ വീണ്ടും തുറപ്പിക്കാന്‍ മജിസ്‌ട്രേറ്റില്‍ നിന്ന് സ്‌പെഷ്യല്‍ പെര്‍മിഷന്‍ നേടിയെടുത്തു. ശേഷം ഇത്തരത്തിലുള്ള 50ഓളം കേസുകള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ചു. കേസുകളില്‍ പോലീസിന്റെ കൈകടത്തല്‍ ഉണ്ടെന്നും വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തണമെന്നുമായിരുന്നു പ്രധാന ആവശ്യം. ഇതിന്റെ ഫലമായി രണ്ടായിരത്തിലധികം കേസുകളില്‍ പുനരന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഒരു പ്രത്യേക അന്വേഷണ സംഘത്തെയും കോടതി നിയോഗിച്ചു. ഹര്‍ഷ്മന്ദിറിന്റെ ആക്ഷന്‍ എയ്ഡുമായി സഹകരിച്ചാണ് ഈ നിയമപോരാട്ടം ഐ.ആര്‍.സി.ജി നടത്തിയത്. ഈ കേസിന്റെ പുനരന്വേഷണത്തില്‍ ധാരാളം പോലീസുദ്യോഗസ്ഥര്‍ കുടുങ്ങുകയും ചെയ്തു.
2012 ഫെബ്രുവരി 8ലെ ഗുജറാത്ത് ഹൈക്കോടതി വിധി ഐ.ആര്‍.സി.ജിയുടെ നിയമപോരാട്ട വഴിയിലെ മറ്റൊരു മുന്നേറ്റമായിരുന്നു. കലാപസമയത്ത് തകര്‍ക്കപ്പെട്ട 500 ഓളം ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. ഐ.ആര്‍.സി.ജി ഫയല്‍ ചെയ്ത കേസിലായിരുന്നു സുപ്രധാനമായ ഈ വിധി. ഇതു സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ 26 ജില്ലകളിലെ പ്രിന്‍സിപ്പല്‍ ജഡ്ജിമാരോട് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കുന്നത് ഭരണഘടനയുടെ 27-ാം വകുപ്പിന്റെ ലംഘനമാണെന്നായിരുന്നു മോഡി ഭരണകൂടത്തിന്റെ വാദം. മതസ്ഥാപനങ്ങള്‍ പുതുക്കിപ്പണിയാന്‍ നഷ്ട പരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും മോഡി വാദിച്ചു. മോഡിയുടെ ഈ വാദം കോടതി തള്ളി. എന്നുമാത്രമല്ല കലാപസമയത്ത് സര്‍ക്കാര്‍ കാണിച്ച അനാസ്ഥയും നഷ്‌ക്രിയത്വവുമാണ് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.
നരോദപാട്യ കൂട്ടക്കൊലക്കേസിലുണ്ടായ സുപ്രധാനമായ ഒടുവിലത്തെ വിധി ഐ.ആര്‍.സി.ജി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സിവില്‍ സമൂഹത്തിന്റെയും നിരന്തര ജാഗ്രതയുടെ തന്നെ ഫലമാണ്. ആക്ഷന്‍ എയ്ഡ്, ബിഹേവിയറല്‍ സയന്‍സ് സെന്റര്‍ (BSC), ഗുജറാത്ത് സര്‍വജനിക് റിലീഫ് കമ്മിറ്റി (GSCRC), സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (CJP) തുടങ്ങിയ സംഘടനകള്‍ നരോദപാട്യ കേസ് വിജയകരമായ തീര്‍പ്പിലെത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. കേസിലെ സാക്ഷികളും ഇരകളും കൂറുമാറാതിരിക്കുക എന്നതാണ് ഏതൊരു കേസും വിജയിക്കുന്നതിന്റെ ആദ്യ ഉപാധി. ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി ഇവര്‍ കൂറുമാറാം. ഗുജറാത്തില്‍ തന്നെ ബെസ്റ്റ് ബേക്കറി കേസില്‍ ഇത് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നരോദപാട്യ കേസിലെ സാക്ഷികളെയും ഇരകളെയും സംരക്ഷിക്കുന്നതിനു വേണ്ടി ഐ.ആര്‍.സി.ജി പ്രത്യേക ജാഗ്രത കാണിച്ചു. ആക്ഷന്‍ എയ്ഡും ബിഹേവിയറല്‍ സയന്‍സ് സെന്ററും ഈ ശ്രമങ്ങളോട് ഏറെ സഹകരിച്ചു. സാക്ഷികളെയും ഇരകളെയും വത്‌വ (Vatva)യിലെയും ജുഹാപ്പുരയിലെയും (Juhapura) പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് സംരക്ഷണം നല്‍കി. സാമ്പത്തിക പ്രലോഭനങ്ങളില്‍ അകപ്പെട്ട് കൂറ് മാറാതിരിക്കാന്‍ അവരുടെ സാമ്പത്തികാവശ്യങ്ങളും കമ്മിറ്റി പരിഹരിക്കാന്‍ ശ്രമിച്ചു.
അഡ്വ. സോമനാഥ് വട്‌സ (Somnath vatsa) യുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ എയ്ഡാണ് ഈ കേസ് വിജയത്തിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചത്. നരോദ കേസുമായി ഇടപെട്ട് പോലീസിന്റെ ഓരോ നീക്കവും അന്വേഷണവും അദ്ദേഹം പിന്തുടര്‍ന്നു. പലപ്പോഴും കേസുകള്‍ അട്ടിമറിക്കുന്നത് പോലീസിന്റെ കാര്‍മകത്വത്തിലായിരുന്നു. ഈ കേസിന് പോലീസ് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന് കേസ് ചാര്‍ജ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു. ഇത് ഈ കേസിന്റെ കാര്യത്തില്‍ മാത്രമല്ല കലാപവുമായി ബന്ധപ്പെട്ട് വിസ്‌നഗര്‍ (Visnagar), സര്‍ദാര്‍പുര (Sardarpura), ദിപ്ത ദര്‍വാര്‍ജ (Dipda Darwaza) കേസുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയായിരുന്നു. തെഹല്‍ക്ക ലേഖകന്‍ നടത്തിയ രഹസ്യ കാമറാ ഓപ്പറേഷനില്‍ ഈ കേസുകളുടെ കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥയും നിയമവിരുദ്ധ ഇടപെടലുകളും വെളിപ്പെടുകയും ചെയ്തിരുന്നു.
ഈ വസ്തുതകള്‍ മുമ്പില്‍ വെച്ച് പ്രസ്തുത കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടും പ്രധാന കേസുകള്‍ ഗുജറാത്തിനു പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടും IRCG യും ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഫലമായി നരോദപാട്യ, ഗോധ്ര, ദിപ്തദര്‍വാര്‍ജ തുടങ്ങി 9 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കണമെന്ന് 2008ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2008 മുതല്‍ ടീസ്റ്റ സെറ്റില്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (CJP) ഗുജറാത്ത് കേസുകളില്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങി. ഈ കേസിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്രമേണ അവര്‍ ഏറ്റെടുക്കുകയായിരുന്നു. മറ്റു സംഘടനകള്‍ ഈ കേസില്‍ മറക്ക് പിന്നിലായി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ ധാരാളം സഹായകരമായിത്തീര്‍ന്നിട്ടുമുണ്ട്.
നരോദപാട്യ കേസിന്റെ നാള്‍വഴികളില്‍ ഐ.ആര്‍.സി.ജിയുടെ രണ്ട് ഇടപെടലുകള്‍ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. അതിലൊന്ന് സക്കിയ്യ ജാഫ്‌രി (Zakiya Jefri) എന്ന ആക്ടിവിസ്റ്റിന്റെ അനൗചിത്യപരമായ ഇടപെടല്‍ കാരണം കേസിലെ ചില സാക്ഷികള്‍ അഹ്മദാബാദില്‍ പോലീസ് പിടിയിലായതാണ്. ബുദ്ധിപൂര്‍വമായ ചില ഇടപെടലുകളിലൂടെ ആ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചു. രണ്ടാമത്തെ കാര്യം സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (CJP) യില്‍ ഉണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളായിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരസ്പരം ആരോപണം ഉയര്‍ന്നുവന്ന സന്ദര്‍ഭമുണ്ടായിരുന്നു. ബെസ്റ്റ് ബേക്കറി കേസിലെപ്പോലെ അവസാനം സാക്ഷി അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ.ആര്‍.സി.ജിക്ക് കഴിഞ്ഞു. കൂട്ടക്കൊലക്ക് സഹായം ചെയ്ത ഒട്ടേറെ പോലീസുദ്യോഗസ്ഥരും, നേതൃത്വം നല്‍കിയ ജയദീപ് പട്ടേലിനെപ്പോലുള്ള ചില നേതാക്കളും ഈ കേസില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
വര്‍ഗീയ-വംശീയ ആക്രമണങ്ങള്‍ക്കും ഭരണകൂട ഭീകരതക്കും പലവിധത്തില്‍ നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ വിവിധ മത-ജാതി ജനവിഭാഗങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഈ വിധി വലിയ ആത്മവിശ്വാസം പകരും. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും ജനാധിപത്യ സംവിധാനത്തെക്കുറിച്ചും പൗരന്മാരില്‍ വലിയ മതിപ്പുളവാക്കും. ഒപ്പം വര്‍ഗീയ വംശീയ ഉന്മാദത്തില്‍ ജനങ്ങളെ കടന്നാക്രമിക്കുന്ന അക്രമികള്‍ക്കും അധികാര ലാഭത്തിനുവേണ്ടി പൗരന്മാര്‍ക്കുനേരെ ഭീകരത പടച്ചുവിടുന്ന ഭരണകൂടങ്ങള്‍ക്കും ഈ വിധി ശക്തമായ മുന്നറിയിപ്പുമാണ്. ജനാധിപത്യത്തിന്റെ പ്രതിസന്ധികളെ ജനാധിപത്യത്തിന്റെ തന്നെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി. അതുകൊണ്ട് തന്നെ ഗുജറാത്ത് വലിയൊരു പ്രതീക്ഷയാണ്; ഒപ്പം അതൊരു പാഠവുമാണ്.
[email protected]
Comments