ഒരു സൂക്തം മതി, ജീവിതം മാറാന്‍
പ്രവാചകത്വലബ്ധിയുടെ ആദ്യകാലം. മുഹമ്മദ് നബിയും അംഗുലീപരിമിതരായ അനുയായികളും ശത്രുക്കളില്‍നിന്ന് കൊടിയ പീഡനങ്ങള്‍ നേരിടുന്ന സന്ദര്‍ഭം. വിശ്വാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പരീക്ഷണങ്ങള്‍ക്ക് ഒരറുതിയുമില്ല. അങ്ങനെയിരിക്കെ, തിരുനബി ആഫ്രിക്കന്‍ നാടായ അബ്‌സീനിയയിലെ നേഗസ് ചക്രവര്‍ത്തിയെക്കുറിച്ച് കേട്ടു. 'മനുഷ്യപ്പറ്റുള്ള ഭരണാധികാരിയാണദ്ദേഹം. അദ്ദേഹത്തിന്റെ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ഒരുപക്ഷേ അഭയം ലഭിച്ചേക്കും. മനസ്സില്ലാ മനസ്സോടെയാണ് തിരുനബി ഏതാനും മുസ്‌ലിംകളെ അബ്‌സീനിയയിലേക്ക് പറഞ്ഞുവിട്ടത്.
അധഃസ്ഥിതരോ സാധുക്കളോ മാത്രമല്ല, സമ്പന്നരും ഉന്നതകുലജാതരും ഖുറൈശികളുടെ പീഡനത്തിന് ശരവ്യരായി. സാമ്പത്തിക സുസ്ഥിതിയും കുടുംബമഹിമയും പൊതുസമ്മതിയുമുള്ള അബൂബകറും അബ്‌സീനിയന്‍ യാത്രയുറപ്പിച്ചത് അതുകൊണ്ടാണ്. അബൂബക്കറിന്റെ പലായന വിവരമറിഞ്ഞ് ഇസ്‌ലാമിന്റെ കൊടിയ ശത്രു ഖാറ ഗോത്രത്തലവന്‍ അദ്ദേഹത്തെ അന്വേഷിച്ചെത്തി. അയാള്‍ അബൂബകറിനോട്: ''അബൂബകര്‍, താങ്കള്‍ മക്ക വിട്ട് പോകരുത്. അങ്ങ് ജനങ്ങളുടെ ഭാരം ചുമലിലേറ്റുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നു. അതിഥിയെ ആദരിക്കുന്നു. അതിനാല്‍ താങ്കളെ പോലുള്ള ഒരാള്‍ ഇവിടം വിടരുത്. ഞാന്‍ അങ്ങേക്ക് അഭയം തരാം.''
സമൂഹത്തിലെ ഏതെങ്കിലും ഒരാള്‍ അഭയം നല്‍കിയാല്‍ അത് മാനിക്കുകയും അംഗീകരിക്കുകയുമാണ് അറബികളുടെ പതിവ്. എന്നാല്‍, ഈ ഉടമ്പടി ഏറെ നീണ്ടുനിന്നില്ല. നമസ്‌കാരവേളയില്‍ അബൂബകറിന്റെ ഉച്ചത്തിലുള്ള ഖുര്‍ആന്‍ പാരായണത്തില്‍ സ്ത്രീകളും കുട്ടികളും എന്നല്ല, കേള്‍വിക്കാരത്രയും വീണുപോയി. വിവരമറിഞ്ഞ ഖുറൈശി പ്രമുഖര്‍ അഭയം പിന്‍വലിക്കാന്‍ ഇബ്‌നു ദുഗ്‌നയെ നിര്‍ബന്ധിച്ചു. ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം അരുതെന്ന ഇബ്‌നു ദുഗ്‌നയുടെ ശാസന അബൂബകര്‍ തള്ളി. അദ്ദേഹം ഇബ്‌നു ദുഗ്‌നയുടെ അഭയം വേണ്ടെന്ന് വെക്കുകയും ചെയ്തു.
* * * *
അബ്‌സീനിയന്‍ ചക്രവര്‍ത്തി നേഗസിന്റെ ദര്‍ബാര്‍. അംറുബ്‌നുല്‍ ആസ്വിന്റെ നേതൃത്വത്തിലുള്ള ഖുറൈശി സംഘം ചക്രവര്‍ത്തിക്ക് മുഖം കാണിച്ചു. മക്കയില്‍ നിന്ന് അബ്‌സീനിയയിലേക്ക് പലായനം ചെയ്ത 18 വനിതകള്‍ ഉള്‍പ്പെട്ട 83 പേരടങ്ങിയ മുസ്‌ലിംകളെ തിരികെ കൊണ്ടുപോകാനാണ് അവര്‍ ചക്രവര്‍ത്തിയെ സമീപിച്ചത്.
അംറുബ്‌നുല്‍ ആസ്വും അബ്ദുല്ലാഹിബ്‌നു റബീഅയും കല്ലുവെച്ച നുണകളാണ് നേഗസിന്റെ മുമ്പില്‍ നിരത്തിയത്. സ്വസ്ഥരായി ജീവിക്കുന്ന തങ്ങളിലേക്ക് പുത്തന്‍ മതവുമായി വന്ന മുഹമ്മദ് കുഴപ്പമുണ്ടാക്കുന്നുവെന്ന് അവര്‍ വാചാലരായി. ജഅ്ഫറുബ്‌നു അബീത്വാലിബാണ് അതിന് മറുപടി പറഞ്ഞത്. ഉമ്മു സലമ റിപ്പോര്‍ട്ട് ചെയ്യുന്നു: ''അജ്ഞരായ ഒരു ജനതയായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും ചെയ്തു. വൃത്തികേടുകള്‍ ചെയ്തുകൂട്ടി. കുടുംബബന്ധം തകര്‍ത്തു. അയല്‍ക്കാരെ പറ്റിച്ചു. ഊക്കുള്ളവര്‍ ദുര്‍ബലനെ കൊന്നു തിന്നു. അങ്ങനെയിരിക്കെ, അല്ലാഹു ഞങ്ങളിലേക്ക് ഒരു പ്രവാചകനെ നിയോഗിച്ചു. വിഗ്രഹപൂജ കൈവെടിയാന്‍ അദ്ദേഹം ഉപദേശിച്ചു. വിശ്വസ്തത പുലര്‍ത്താനും സത്യസന്ധത പാലിക്കാനും അഭ്യര്‍ഥിച്ചു.''
നേഗസ്: ''അദ്ദേഹം കൊണ്ടുവന്ന വല്ല വചനവും.'' ജഅ്ഫര്‍ 'മര്‍യം' അധ്യായത്തിന്റെ ആദ്യ ഭാഗങ്ങള്‍ ചക്രവര്‍ത്തിയെ കേള്‍പ്പിച്ചു. നേഗസ് ദ്വിഭാഷിയുടെ സഹായത്തോടെ ജഅ്ഫറിന്റെ ഖുര്‍ആന്‍ പാരായണത്തില്‍ നിമഗ്നനായി. മധുരമനോജ്ഞമായ ദിവ്യസൂക്തങ്ങള്‍ ചക്രവര്‍ത്തിയെ പിടിച്ചുലച്ചു. നേഗസിന്റെ കണ്ണ് നനയുകയും അദ്ദേഹം ഇരിപ്പിടം വിട്ടെഴുന്നേല്‍ക്കുകയും ചെയ്തു. വികാരാതീതനായി അദ്ദേഹം പ്രഖ്യാപിച്ചു: ''ദൈവത്താണ, ഒരേ ദീപത്തില്‍നിന്ന് പ്രസരിച്ച പ്രകാശ കിരണങ്ങളാണിവ.''
തങ്ങളെ ക്രൂരമായി പീഡിപ്പിക്കാന്‍ ഖുറൈശികള്‍ക്ക് വിട്ടുകൊടുക്കരുതെന്ന അപേക്ഷ ചക്രവര്‍ത്തി സ്വീകരിച്ചു. കുഫ്‌റിന്റെ കാമുകര്‍ ഇളിഭ്യരായി രാജധാനി വിട്ടു.
അംറുബ്‌നുല്‍ ആസ്വ് തന്ത്രജ്ഞനും സൃഗാല ബുദ്ധിയുടെ ഉടമയുമായിരുന്നു. ആരും പെട്ടുപോകുന്ന ഒരു നമ്പറുമായാണ് അടുത്ത ദിവസം അംറ് ചക്രവര്‍ത്തിയെ മുഖം കാണിച്ചത്.
''പ്രഭോ, ഇവര്‍ യേശുക്രിസ്തുവെ ദൈവമായി അംഗീകരിക്കുന്നില്ല.''
ക്രിസ്തുമത വിശ്വാസിയായ നേഗസിനെ വശപ്പെടുത്തുകയും മുസ്‌ലിം വിരോധിയാക്കുകയുമായിരുന്നു അംറിന്റെ ഉദ്ദേശ്യം. ഇത്തവണയും കൊക്കിന് വെച്ചത് കുളക്കോഴിക്ക് തന്നെ കൊണ്ടു. ചക്രവര്‍ത്തിയുടെ അനുമതി പ്രകാരം മുസ്‌ലിംപക്ഷത്ത് നിന്ന് ജഅ്ഫറുബ്‌നു അബീത്വാലിബ് ഒരു ലഘുപ്രഭാഷണം നടത്തി. യേശു ദൈവപുത്രനല്ലെന്നും പ്രവാചകനാണെന്നും ബോധ്യപ്പെടുത്തുന്ന 'മര്‍യം' സൂറയിലെ സൂക്തങ്ങള്‍ ചക്രവര്‍ത്തിയെ ഇരുത്തിച്ചിന്തിപ്പിച്ചു. ചരിത്രത്തിലെ അനര്‍ഘ സുന്ദരവും വികാരനിര്‍ഭരവുമായ നിമിഷങ്ങളായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്റെ മാന്ത്രിക ശക്തിയില്‍ ആമഗ്നനായ നേഗസ് സത്യവചനം മൊഴിഞ്ഞ് മുസ്‌ലിമായി.
* * * *
അറബി സാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്നു വലീദുബ്‌നു മുഗീറ. ഇസ്‌ലാമിന്റെ പടത്തലവന്‍ ഖാലിദുബ്‌നുല്‍ വലീദിന്റെ പിതാവ്. പ്രവാചകന്റെ കഠിന ശത്രു. ഖുര്‍ആനെ നഖശിഖാന്തം എതിര്‍ക്കുന്ന ഇസ്‌ലാമിന്റെ ബദ്ധവൈരി. ഒരിക്കല്‍ വലീദ് തിരുനബിയുടെ സദസ്സിലേക്ക് ഖുര്‍ആന്‍ കേള്‍ക്കാന്‍ വേണ്ടി അറച്ചറച്ചു കടന്നുചെന്നു. മുഹമ്മദിനെ പരിഹസിക്കുകയും അപമാനിക്കുകയുമായിരുന്നു വലീദിന്റെ ഉദ്ദേശ്യം. പ്രവാചകനില്‍ നിന്നൊഴുകിയെത്തിയ ഖുര്‍ആന്‍ വീചികളുടെ അലൗകിക പ്രഭയില്‍ വലീദ് തളര്‍ന്നിരുന്ന് പോയി. ഒരക്ഷരം ഉരിയാടാനാവാതെ അയാള്‍ തിരിച്ചുപോയി. മക്കയിലെ ബഹുദൈവാരാധകര്‍ക്ക് കനത്ത ആഘാതമുണ്ടാക്കിയ സംഭവമായിരുന്നു അത്. അബൂജഹ്ല്‍ വലീദിനെ സമീപിച്ച് ഇപ്രകാരം അഭ്യര്‍ഥിച്ചു.
''അല്ലയോ, പിതൃസഹോദരാ, മുഹമ്മദിന്റെ പുത്തന്‍വാദഗതികള്‍ ശുദ്ധ ഭോഷ്‌ക്കും അസംബന്ധവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.''
ചരിത്രത്തിന്റെ തങ്കത്താളുകളില്‍ ഉല്ലേഖിതമായ വലീദിന്റെ മറുപടി ഇപ്രകാരം വായിക്കാം: ''ഞാനെന്തു പറയാന്‍. കവിതയോ കാവ്യമോ ജിന്ന് പദ്യമോ അങ്ങനെ അറബിഭാഷയിലെ ഏതൊരു സാഹിത്യശാഖയും നിങ്ങളേക്കാളധികം എനിക്ക് വഴങ്ങും. ദൈവമാണ, മുഹമ്മദ് സമര്‍പ്പിക്കുന്ന വചനങ്ങള്‍ അവയില്‍ ഒന്നിനോടും സാദൃശ്യമുള്ളതല്ല. അവന്റെ വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക ചന്തം. അതിന്റെ കൊമ്പും ചില്ലയും ഫലസമ്പന്നം. മുരടാകട്ടെ, പശിമയാര്‍ന്ന മണ്ണില്‍ ആണ്ടിറങ്ങിയതും. അത് സര്‍വ വചനങ്ങളേക്കാളും ഉത്തമം. തീര്‍ച്ച. അതിനെ പരാജയപ്പെടുത്താന്‍ മറ്റൊന്നിനും സാധ്യമല്ല. നിസ്സംശയം അതിന്റെ കീഴില്‍ അകപ്പെടുന്ന സര്‍വതിനെയും അത് തകര്‍ത്ത് കളയും'' (ബൈഹഖി, ഹാകിം)
* * * *
മുഹമ്മദിന്റെ പുത്തന്‍ മതത്തെക്കുറിച്ച് നേരില്‍ കേള്‍ക്കുന്നതിന് വേണ്ടി ഉത്ബതുബ്‌നു റബീഅ പ്രവാചക സന്നിധിയിലെത്തി. മുഹമ്മദിനെ 'വഴികേടി'ല്‍നിന്ന് പിന്തിരിപ്പിച്ച് 'സന്മാര്‍ഗ'ത്തിലെത്തിക്കുകയായിരുന്നു ഉത്ബയുടെ ലക്ഷ്യം. പ്രവാചകന്‍ ഉത്ബയെ ഖുര്‍ആനിലെ ഹാമീം സജദ കേള്‍പിച്ചു. 'ഇനി, അവര്‍ പിന്തിരിയുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്ന് അവരോട് പറഞ്ഞേക്കൂ' എന്ന് കേട്ടതോടെ ഉത്ബയുടെ ഹൃദയം തരളിതമായി. ഏതോ അഭൗമശക്തി തന്നെ പിടിച്ചുലക്കുന്നതായി അയാള്‍ക്ക് തോന്നി. വിവരമറിഞ്ഞ അബൂജഹ്ല്‍ പാഞ്ഞെത്തി. അയാള്‍ ഉത്ബയോട് വിവരം തിരക്കി. ഉത്ബയുടെ മറുപടി അതിശയകരമായിരുന്നു: ''ദൈവം തന്നെ സത്യം! അവന്‍ സമര്‍പ്പിക്കുന്ന ആ വചനം വശീകരണവിദ്യയല്ല. കവിതയോ ജ്യോത്സ്യന്മാരുടെ വര്‍ത്തമാനമോ അല്ല'' (ബൈഹഖി).
* * * *
മാനവചരിത്രം തിരുത്തിയെഴുതുകയും ജനകോടികളുടെ വിചാരവികാരഗതി തിരിച്ചുവിടുകയും ചെയ്ത വിശുദ്ധ ഖുര്‍ആന്‍ അനുവാചക ഹൃദയങ്ങളില്‍ ചേക്കേറുകയും കൂടുകൂട്ടുകയും ചെയ്തതിന്റെ ഏതാനും നേര്‍കാഴ്ചകളാണ് മുകളില്‍. വര്‍ഗ-വര്‍ണ-ദേശ-ഭാഷ ഭേദമന്യേ ജനസഹസ്രങ്ങള്‍ ഈ വിശുദ്ധ വിപ്ലവഗ്രന്ഥം നെഞ്ചേറ്റി. മനുഷ്യനിര്‍മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പരിമിതി തിരിച്ചറിഞ്ഞ ആധുനിക മനുഷ്യന്‍ ഖുര്‍ആനില്‍ വിമോചനത്തിന്റെ അരുണോദയം ദര്‍ശിച്ചു. സ്വന്തം ബലഹീനതയും ദൈവത്തിന്റെ അപാരവും അപരിമേയവുമായ വൈഭവങ്ങളും അനുഭവിച്ചറിഞ്ഞ അവര്‍ ഖുര്‍ആനെ ജീവിതത്തിന്റെ മാഗ്നകാര്‍ട്ടയായി അംഗീകരിച്ചു. ശൂന്യത പേറുന്ന അവന്റെ ഹൃദയത്തിന് അതല്ലാത്ത മറ്റു മാര്‍ഗമേതുമുണ്ടായിരുന്നില്ല. ഖുര്‍ആന്‍ പറയുന്നു: ''നാം ഈ ഖുര്‍ആനെ ഒരു പര്‍വതത്തിന് മീതെ ഇറക്കിയിരുന്നെങ്കില്‍ അത് ദൈവഭയത്താല്‍ വിഹ്വലമായി പൊട്ടിത്തകരുന്നത് താങ്കള്‍ കാണുമായിരുന്നു. നാം ജനത്തിന് ഈ ഉദാഹരണം വിവരിച്ചു കൊടുക്കുന്നത് (അവര്‍ സ്വന്തം അവസ്ഥയെക്കുറിച്ച്) ചിന്തിക്കേണ്ടതിനാകുന്നു'' (അല്‍ഹശ്ര്‍ 21).
ഖുര്‍ആന്‍ ഒരു പ്രവാഹമാണ്. കാലങ്ങളിലൂടെ മനുഷ്യസഞ്ചയത്തോട് സംവദിക്കുന്ന പ്രവാഹം. നിലക്കാത്ത നിര്‍ഝരിയും ഒരിക്കലും പെയ്തു തീരാത്ത ആശയ പ്രപഞ്ചവുമാണത്. ''പറയുക. കടല്‍ വെള്ളം എന്റെ നാഥന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്റെ നാഥന്റെ വചനങ്ങളവസാനിക്കും മുമ്പ് സമുദ്രജലം തീര്‍ന്നുപോകുമായിരുന്നു. തുല്യമായ മറ്റൊരു സമുദ്രവും കൂടി സഹായത്തിനായി നാം കൊണ്ടുവന്നാലും ശരി'' (അല്‍കഹ്ഫ് 109).
അവലംബം:
1. താരീഖു ഇബ്‌നു ഹിശാം
2. നൂറുല്‍ യഖീന്‍
Comments