Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

മണിപ്പൂരിലേത് സംഘ് പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വംശഹത്യ

ഡോ. ലംതിന്‍ താങ് ഹൗകിപ്

(മണിപ്പൂരിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ലംതിന്‍ താങ് ഹൗകിപ്, തൃശൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച വംശഹത്യാ പ്രതിരോധ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ രൂപം)


മലയാളത്തില്‍ ആശയവിനിമയം ചെയ്യാന്‍ അറിയാത്തതുകൊണ്ട് ഇംഗ്ലീഷിലാണ് സംസാരിക്കാന്‍ പോകുന്നതെങ്കിലും മണിപ്പൂരിനെയും മണിപ്പൂരിലെ ന്യൂനപക്ഷമായ കുക്കി വിഭാഗം നേരിടുന്ന വംശഹത്യയെയും കുറിച്ചുള്ള ആശങ്കകള്‍ ഇവിടെ പങ്കുവെക്കാനാകുമെന്ന് ഞാന്‍ കരുതുന്നു.

ആദ്യമേ തന്നെ പറയട്ടെ, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മൗനാനുവാദത്തോടെ മണിപ്പൂരിലെ ബി.ജെ.പി ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപത്തിന്റെ, വംശീയ ഉന്മൂലനത്തിന്റെ ഒരു ഇരയാണ് ഈ ഞാനും. കേരളത്തിലെ ജനങ്ങളും മത സ്ഥാപനങ്ങളും നല്‍കുന്ന പിന്തുണക്കും അവര്‍ നടത്തുന്ന പത്രസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കുമെല്ലാം, ഭരണകൂട ഒത്താശയോടെയുള്ള വംശീയ ഉന്മൂലനത്തിന്റെ ഇരയെന്ന നിലയില്‍ ഞാന്‍ നന്ദി അറിയിക്കട്ടെ. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, കലാപം തുടങ്ങി 76 ദിവസമായിട്ടും മൗനം വെടിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനുമുള്ള താക്കീതാണ്.

കുക്കി ക്രിസ്ത്യന്‍ വംശജര്‍ക്കെതിരായി, ഭൂരിപക്ഷ ഗോത്ര വിഭാഗമായ മെയ്ത്തി വംശം, അവരുടെ തീവ്രവാദ ഗ്രൂപ്പായ ആരംബായ് തെങ്കോളിന്റെ നേതൃത്വത്തില്‍ അഴിച്ചുവിടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഒത്താശയോടെ നടക്കുന്ന ഉന്മൂലന പ്രവര്‍ത്തനങ്ങളാണ്. ഞങ്ങളതിനെ ശക്തമായി അപലപിക്കുന്നു.

പ്രിയപ്പെട്ട അമ്മമാരേ, രക്ഷിതാക്കളേ, സഹോദരി സഹോദരന്മാരേ, ഇനിയൊരു ബല്‍ക്കീസ് ബാനു ആവര്‍ത്തിക്കപ്പെടാന്‍, പൊതുമധ്യത്തില്‍ കുക്കി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ നമ്മളിനിയും അനുവദിക്കേണ്ടതുണ്ടോ?

സ്വതന്ത്ര, മതേതര, ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ നമ്മുടെ പെണ്‍മക്കള്‍ പൊതുസ്ഥലത്ത് അവഹേളിക്കപ്പെടുമ്പോള്‍, ഹീനമായ ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ എവിടെയാണ് ഈ രാജ്യത്തിന്റെ നിയമങ്ങള്‍, എവിടെയാണ് നമ്മുടെ ഭരണഘടന? ഇതാണോ നിങ്ങള്‍ പറയുന്ന 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' മുദ്രാവാക്യങ്ങള്‍?

മണിപ്പൂരിലെ വംശീയ ഉന്മൂലനത്തിന്റെ ഇരയെന്ന നിലയില്‍ ഇതൊരു സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കലാപമാമെന്ന തിരിച്ചറിവില്‍ ബി.ജെ.പിക്ക് മൂര്‍ദാബാദ് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മണിപ്പൂരിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മാത്രമല്ല, കേന്ദ്രത്തിലും അവരെ നമ്മള്‍ പരാജയപ്പെടുത്തുക തന്നെ വേണം.

രണ്ടു ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ ഒരു വീഡിയോ ക്ലിപ്പ് ആണ് ആളുകളുടെ കണ്ണ് തുറപ്പിച്ചത്. സാമൂഹിക പ്രവര്‍ത്തകരടക്കം അസംഖ്യം ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മെയ്ത്തി ഭീകരവാദികളുടെ അക്രമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പെണ്‍മക്കളാണ്, അമ്മമാരാണ് അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനെ അഭിമുഖീകരിക്കാന്‍ ഭരണകൂടം പോലും തയാറായിരുന്നില്ല.

ഞങ്ങള്‍, കുക്കി വംശജർ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ പെണ്‍മക്കള്‍ ജനമധ്യത്തില്‍ പീഡിപ്പിക്കപ്പെടുന്നു. ജീവനോടെ ചുട്ടുകരിക്കപ്പെടുന്നു. ക്രിസ്ത്യന്‍, മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനത്തിന്റെയും അനീതിയുടെയും കൃത്യമായ തെളിവുകള്‍ നമ്മുടെ പക്കലുണ്ട്. മണിപ്പൂരില്‍ പ്രധാനമായും അധിവസിച്ചുവരുന്നത് നാലു വിഭാഗങ്ങളാണ്. ഭൂരിപക്ഷമായ മെയ്ത്തി ഹിന്ദു, മെയ്ത്തി മുസ്്‌ലിം വിഭാഗം (പംഗലുകള്‍), മൂന്നാമതായി കുക്കി ക്രിസ്ത്യന്‍ വിഭാഗം, നാലാമാതായി നാഗാ ഗോത്ര സമൂഹം.

നാഗാ, കുക്കി വിഭാഗങ്ങള്‍ പ്രധാനമായും മണിപ്പൂരിന്റെ 90 ശതമാനത്തോളം വരുന്ന മലയോര മേഖലയിലാണ് ജീവിക്കുന്നത്. ബാക്കി പത്ത് ശതമാനത്തോളം വരുന്ന ഇംഫാല്‍ താഴ്്വാരത്തിലാണ് മെയ്ത്തി വിഭാഗങ്ങള്‍ താമസിക്കുന്നത്.

മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ കാലങ്ങളായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മണിപ്പൂരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മിക്കതും സംഘ് പരിവാര്‍ പ്രോപഗണ്ടയുടെ ഭാഗമാണ്. കുക്കി വിഭാഗത്തിന്റെ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഒന്നും പുറത്തെത്തിക്കാന്‍ മീഡിയക്ക് കഴിയുന്നില്ല. 99.9 ശതമാനം മീഡിയയെയും നിയന്ത്രിക്കുന്നത് ഇംഫാലില്‍നിന്നുള്ള മെയ്ത്തി പത്രപ്രവർത്തകരാണ്. ബാക്കിവരുന്ന ആളുകളെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും നിശ്ശബ്ദരാക്കുന്നു. 'ഇന്ത്യാ ഡുടേ'യിലെ അഫ്രീദ ഹുസൈന്‍ ഒരു ഉദാഹരണം മാത്രം. മെയ്ത്തി ആക്രമണങ്ങളെ അപലപിച്ചു എന്നത് കൊണ്ടു മാത്രം ഇംഫാലില്‍നിന്നുള്ള 'തോം' പത്ര ഏജന്‍സിയെ തന്നെ നിരോധിച്ചിരിക്കുന്നു.

ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമാണെന്ന് നമ്മളിപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍, യാഥാര്‍ഥ്യം ഇതില്‍നിന്നൊരുപാട് അകലെയാണ്. ഇന്ന് നമുക്ക് അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളില്ല. എല്ലാ വിരലുകളും ചൂണ്ടപ്പെടുന്നത് ബി.ജെ.പി ഗവണ്‍മെന്റിനു നേരെയാണ്. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മീഡിയയെയോ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയോ സാമൂഹിക പ്രവര്‍ത്തകരെയോ മണിപ്പൂരിന്റെ മണ്ണില്‍ കാലുകുത്താന്‍ പോലും ഭരണകൂടം സമ്മതിക്കുന്നില്ല. കുക്കി വിഭാഗത്തിനു നാമമാത്ര പ്രാതിനിധ്യം പോലും ലഭിക്കാത്ത സംസ്ഥാന മാധ്യമങ്ങളാവട്ടെ നുണപ്രചാരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കുക്കികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരെ മുഴുവന്‍ എഫ്.ഐ.ആറുകള്‍ എഴുതിയും പരസ്യമായി ഭീഷണിപ്പെടുത്തിയും നിശ്ശബ്ദരാക്കുന്നു.

പ്രതിസന്ധികളിലൂടെയാണ് മണിപ്പൂരിലെ സഹോദരങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ നാവുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റ് ഭാഗികമായി വിഛേദിച്ചിരിക്കുന്നു. ഫോണ്‍, എസ്.എം.എസ് സൗകര്യങ്ങള്‍ പോലും പലയിടങ്ങളിലും ലഭ്യമല്ല. കുക്കി വിഭാഗത്തില്‍ പെട്ട ജനപ്രതിനിധികളെപ്പോലും അവര്‍ വെറുതെ വിടുന്നില്ല. രണ്ടു മന്ത്രിമാരാണ് കുക്കി വിഭാഗത്തില്‍നിന്ന് ബിരേന്‍ സിംഗ് മന്ത്രിസഭയില്‍ ഉള്ളത്. അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു; കൊള്ളയടിക്കപ്പെട്ടു.

കുക്കി വിഭാഗത്തില്‍നിന്നുള്ള പോലീസ് മേധാവിക്ക് നുണ പ്രചാരണങ്ങള്‍ കാരണം ജോലി രാജിവെക്കേണ്ടിവന്നു. എത്രത്തോളം ഭീകരമാണ് സാഹചര്യങ്ങള്‍ എന്നു വാക്കുകളിലൂടെ വിശദീകരിക്കാന്‍ കഴിയുന്നതല്ല. കുക്കികളെ ഇരകളായി ചിത്രീകരിക്കുക എന്നതല്ല, എന്താണ് മണിപ്പൂരില്‍ നടക്കുന്നത് എന്ന് സത്യസന്ധമായി പറഞ്ഞുവെക്കലാണ് എന്റെ ഉദ്ദേശ്യം. ഞങ്ങളുടെ മന്ത്രിമാര്‍ക്കോ എം.എല്‍.എമാര്‍ക്കോ പോലും ഇംഫാല്‍ താഴ്്വരയില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്കെ തകര്‍ക്കപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ കുട്ടികള്‍ ഭാഗ്യം ചെയ്തവരാണ്. അവരുടെ അവകാശങ്ങളെ ആരും കവര്‍ന്നെടുക്കുന്നില്ലല്ലോ. മണിപ്പൂരിലെ മലയോര മേഖലയില്‍ പഠനപ്രക്രിയ ഇല്ലാതായിട്ട് മാസങ്ങളായി. മെയ്ത്തി വിഭാഗം അഗ്നിക്കിരയാക്കാത്ത സ്‌കൂളുകളും അഭയാര്‍ഥി ക്യാമ്പുകളായി പ്രവര്‍ത്തിച്ചുവരികയാണ്.

സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ബിരേന്‍ സിംഗ് ഗവണ്‍മെന്റിന്റെ പ്രഖ്യാപനം സത്യത്തിനു മേല്‍ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്. ഇതിനോടകം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ യൂനിവേഴ്‌സിറ്റികളിലോ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലോ കുക്കി ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ഒരു വിദ്യാര്‍ഥിക്കു പോേലും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. കുക്കി സ്റ്റുഡന്റ്സ് യൂനിയൻ ഇപ്പോള്‍ യു.ജി.സിയോടും യു.പി.എസ്.സിയോടും ആവശ്യപ്പെടുന്നത്, മലയോര മേഖലയില്‍ പുതിയ പരീക്ഷാ കേന്ദ്രങ്ങളും മറ്റും ആരംഭിക്കണമെന്നാണ്.

ഭരണസിരാ കേന്ദ്രമായ ഇംഫാലിലെ ആശുപത്രികളിലോ എയര്‍പോര്‍ട്ടിലോ ഞങ്ങള്‍ക്ക് പ്രവേശിക്കാനാവുന്നില്ല. പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു എല്ലാവര്‍ക്കും. യാത്രാ സൗകര്യങ്ങള്‍ക്ക് മിസോറാം പോലുള്ള അയല്‍ സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു.

ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ആര്‍.എസ്.എസ് അനുകൂല സംഘടനയായ ആരംബായ് തെക്കോളിന്റെയും സംഘ് പരിവാറിന്റെയും നേതൃത്വത്തില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്ക് തീയിടുന്നു. തകര്‍ക്കപ്പെടുന്ന കുരിശുകളുടെ സ്ഥാനത്ത് അവരുടെ സപ്തവര്‍ണ പതാക സ്ഥാപിക്കുന്നു. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആര്‍.എസ്.എസ് കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മെയ്ത്തി സ്ത്രീകള്‍ നയിക്കുന്ന 'മേരാ പായ്ബീസ്' എന്ന സംഘടന കുക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു വയസ്സുള്ള തന്റെ മകനുമൊത്ത് ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന കുക്കി വംശജയെയും മകനെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു സ്ത്രീകള്‍ അടക്കമുള്ള മെയ്ത്തി സംഘങ്ങള്‍. നൂറുകണക്കിന് പെണ്‍കുട്ടികള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു, കൊല ചെയ്യപ്പെടുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ലിസ്റ്റ് ഇനിയും നീണ്ടു കിടക്കുന്നുണ്ട്. 2017-ല്‍ ബിരേന്‍ സിംഗ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തുടങ്ങിയ കുക്കി വേട്ട ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെയും വെറുപ്പ് പടര്‍ത്തലുകളിലൂടെയും ബി.ജെ.പിയും ഭാരതീയ യുവമോര്‍ച്ചയും മെയ്ത്തി വര്‍ഗത്തെ മുഴുവന്‍ കുക്കികള്‍ക്കെതിരായി തിരിക്കുന്നു. മുഖ്യമന്ത്രി ബിരേന്‍ സിംഗ് തന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പരസ്യമായി വിഭാഗീയത പടര്‍ത്തിക്കൊണ്ടിരിക്കുന്നു. 2017 മുതല്‍ വിചിത്രമായ നിയമങ്ങളും നിര്‍ദേശങ്ങളും മണിപ്പൂരിലെ മലയോര മേഖലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രി ബിരേന്‍ സിംഗിന് യഥാര്‍ഥത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനതു നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ഉറപ്പിച്ചു പറയുന്നു, മണിപ്പൂരില്‍ നടക്കുന്നത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശഹത്യ തന്നെയാണ്. എ.കെ 47 അടക്കമുള്ള 4000-ത്തിലധികം ആയുധങ്ങളാണ് ഗവണ്‍മെന്റിന്റെ ആയുധശേഖരങ്ങളില്‍നിന്ന് മെയ്ത്തി വിഭാഗത്തിന് ലഭിച്ചിട്ടുള്ളത്. ബിരേന്‍ സിംഗിന്റെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നത്.

രണ്ടു കുക്കി സ്ത്രീകള്‍ക്കെതിരായ ക്രൂരത തുറന്നുകാണിക്കുന്ന വീഡിയോ പുറത്തുവന്നതിനു ശേഷം മാത്രമാണ് നരേന്ദ്ര മോദി ഇവ്വിഷയകമായി എന്തെങ്കിലുമൊന്ന് സംസാരിക്കാന്‍ തയാറായത്. ഇത്തരം ഭീകരത എല്ലാ മതവിശ്വാസങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരാണ്. നമ്മുടെ കണ്‍മുന്നിലാണ് സഹോദരിമാര്‍ ആക്രമണങ്ങള്‍ക്കിരയാവുന്നത്. ഇത്തരം വംശീയ ഉന്മൂലനങ്ങളെ നമ്മള്‍ ശക്തമായി അപലപിക്കേണ്ടതുണ്ട്.

കേരളത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഈ വംശീയ ഉന്മൂലനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയരണം. നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി നമുക്കൊരുമിക്കാം.

രാജ്യത്ത് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിക്കുകയാണെങ്കില്‍ നരേന്ദ്ര മോദിക്കോ അമിത് ഷാക്കോ ഈ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല. ജനാധിപത്യ മതേതര ഇന്ത്യക്കുവേണ്ടി, ഈ വംശഹത്യക്കെതിരെ, വംശീയ ഉന്മൂലനത്തിനെതിരെ നമുക്കൊരുമിക്കാം.

തയാറാക്കിയത്: പി. സുകൈന

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം