Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

ഇംറാന്‍ ഖാന്റെ അവസാന പിടിവള്ളി

അബൂസ്വാലിഹ

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്ന് ഇത് ഒട്ടുേമ നല്ല സമയമല്ല. പാക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 'ഔട്ടാ'കലിന്റെ വക്കത്താണ്. അതും 'ഹിറ്റ്-വിക്കറ്റ്'. എതിരാളിയുടെ ഏറു കൊണ്ട് കുറ്റി തെറിച്ചോ ഫീല്‍ഡർമാര്‍ക്ക് കാച്ച് കൊടുത്തോ അല്ല പുറത്താകുന്നത്. കൈ കൊണ്ടോ ബാറ്റ് കൊണ്ടോ ഒക്കെ സ്വന്തം വിക്കറ്റ് തട്ടിത്തെറിപ്പിച്ച് അദ്ദേഹം പവലിയനിലേക്ക് തിരിച്ചു നടക്കുകയാണോ? ഏതാനും മാസങ്ങളായി പാക് രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നവര്‍ക്ക് അങ്ങനെയൊരു തോന്നലാണുണ്ടാവുക. രാഷ്ട്രീയ സ്വയം കൃതാനര്‍ഥങ്ങള്‍ കൊണ്ട് അദ്ദേഹം സ്വയം അപ്രസക്തനാവുകയാണോ? കഴിഞ്ഞ മെയ് 9-ന് അദ്ദേഹത്തിന്റെ അനുയായികള്‍ പാക് തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍, അതിനെതിരെ ഇപ്പോള്‍ സൈന്യം സ്വീകരിച്ചുവരുന്ന കടുത്ത നടപടികള്‍ അദ്ദേഹത്തെ രാഷ്ട്രീയമായി അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ദേശീയ-പ്രാദേശിക നേതാക്കളില്‍ പലരും ഇതിനകം ഇന്‍സാഫ് പാര്‍ട്ടിയെ കൈയൊഴിഞ്ഞു കഴിഞ്ഞു. റാവല്‍പിണ്ടിയിലെ മിലട്ടറി ഹെഡ് ക്വാര്‍ട്ടേഴ്‌സും ലാഹോറിലെ കമാന്‍ഡറുടെ വസതിയും വരെ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് നേതാക്കളുടെയും അണികളുടെയും കൂട്ട രാജി. സൈന്യം, തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്ന ഇംറാന്‍ ഖാന്റെ നിരന്തരമായ ആരോപണമാണ് അനുയായികള്‍ അത്യന്തം പ്രകോപിതരാകാന്‍ കാരണമെന്നും രാജിവെച്ചൊഴിഞ്ഞവര്‍ ആരോപിക്കുന്നു. മുന്‍ ഇന്‍സാഫ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അസദ് ഉമര്‍, മുന്‍ ഖൈബര്‍ പഖ്തൂൺ ഖ്വാ പ്രധാനമന്ത്രിമാരായ പര്‍വേസ് ഖട്ടക്, മഹ്്മൂദ് ഖാന്‍, മുന്‍ മനുഷ്യാവകാശ കാര്യമന്ത്രി ഷിറീന്‍ മസാരി, മുന്‍ വാര്‍ത്താ വിനിമയ മന്ത്രി ഫവ്വാദ് ചൗധരി, പാര്‍ട്ടിയുടെ മുന്‍ സിന്ധ് പ്രസിഡന്റ് അലി സൈദി, മുന്‍ സിന്ധ് ഗവര്‍ണര്‍ ഇംറാന്‍ ഇസ്മാഈല്‍, പ്രമുഖ പഞ്ചസാര വ്യവസായി ജഹാംഗീര്‍ ഖാന്‍ തരീന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുണ്ട് രാജിവെച്ചൊഴിഞ്ഞവരുടെ ലിസ്റ്റിൽ. രാജിവെച്ചയുടന്‍ ജഹാംഗീര്‍ ഖാന്‍ തരീന്‍ ' ഇസ്തിഖാമെ പാകിസ്താന്‍ പാര്‍ട്ടി' (ഐ.പി.പി) എന്നൊരു പുതിയ പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇംറാന്‍ ഖാന്റെ വലംകൈയായിരുന്ന പര്‍വേസ് ഖട്ടക്, പാകിസ്താന്‍ തഹ്്്രീകെ ഇന്‍സാഫ് -പാര്‍ലമെന്ററിയന്‍സ് (പി.ടി.ഐ-പി) എന്ന മറ്റൊരു പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
മഴക്കാലമായതിനാല്‍ ഇതുപോലുള്ള പാഴ്‌ച്ചെടികള്‍ തലപൊക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നെന്നും അവ സമയമാകുമ്പോള്‍ ചീഞ്ഞുപോകുമെന്നും പരിഹസിച്ച് തള്ളുകയാണ് ഇന്‍സാഫ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് ചെയ്തതെങ്കിലും, പത്ത് മില്യന്‍ അംഗസംഖ്യയുണ്ടെന്ന് അവകാശപ്പെടുന്ന ഇന്‍സാഫ് പാര്‍ട്ടി കടുത്ത നിലനില്‍പ്പ് ഭീഷണി നേരിടുകയാണെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല സംശയം. അണികളെയും നേതാക്കളെയും തല്ലിക്കൊഴിക്കുന്നത് സൈന്യം തന്നെയാണെന്നതും രഹസ്യമായ പരസ്യം. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇന്‍സാഫ് പാര്‍ട്ടിയില്‍നിന്ന് ആളുകളെ അടര്‍ത്തിമാറ്റുന്നത്. തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലും പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും, തൊണ്ണൂറുകളില്‍ മുത്തഹിദ ഖൗമീ മൂവ്‌മെന്റും (എം.ക്യു.എം), 1999-ലും 2018-ലും മുസ്്‌ലിം ലീഗും (നവാസ് ശരീഫ് വിഭാഗം) ഇത്തരമൊരു അസ്തിത്വ പ്രതിസന്ധി നേരിട്ടതാണെങ്കിലും, സൈനിക മുഷ്‌കിനെതിരെ അവര്‍ ഒരുവിധം പിടിച്ചുനിന്നു എന്നുതന്നെ പറയണം.
ഇപ്പോള്‍ ഇംറാന്‍ ഖാന്റെ ഊഴമാണ്. ഇംറാനെ പൂട്ടിയാല്‍ ഇന്‍സാഫ് പാര്‍ട്ടിയുടെ കഥ കഴിക്കാമെന്ന് മിലിട്ടറിയും മറ്റു മുഖ്യധാരാ കക്ഷികളും കണക്കുകൂട്ടുന്നു. മെയ് 9-ലെ അതിക്രമങ്ങളുടെ പേരില്‍ ഇംറാന്‍ ഖാന് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ പാര്‍ട്ടിയെ നിരോധിക്കുന്നതും പരിഗണനയിലുണ്ട്. അഴിമതി, വഞ്ചന, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി നൂറ് കേസുകളെങ്കിലും ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഊരിച്ചാടാന്‍ കഴിയാത്തവിധം ഇംറാനെ കുരുക്കിയിട്ടാല്‍, ഇന്‍സാഫിനെ നയിക്കാന്‍ പിന്നെ നേതൃത്വമുണ്ടാവില്ല എന്നാണ് കണക്കു കൂട്ടല്‍. ഒരുവിധം നേതാക്കളെയൊക്കെ ഇതിനകം അടര്‍ത്തിമാറ്റുകയും ചെയ്തിട്ടുണ്ട്.
എല്ലാ മുഖ്യധാരാ കക്ഷികളും മുന്‍നിരയിലും മിലിട്ടറി പിന്‍നിരയിലുമായി അണിനിരക്കുന്ന ഈ ഉന്മൂലന പ്രക്രിയയില്‍ ഇംറാനും പാര്‍ട്ടിയും അതിജീവിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. ഔദ്യോഗിക മീഡിയ ഇംറാന്റെ ചിത്രമോ പത്രപ്രസ്താവനയോ ഇപ്പോള്‍ കൊടുക്കാറില്ല. സോഷ്യല്‍ മീഡിയ മാത്രമാണ് ഇംറാന്റെ ഏക ആശ്രയം. 
അതില്‍ ഇംറാന് ദശലക്ഷക്കണക്കിന് ഫോളോ വേഴ്‌സും ഉണ്ട്. ഭരണകൂടത്തിന് വേണമെങ്കില്‍ ഇവിടെയും വിലക്ക് കൊണ്ടുവരാമല്ലോ. ഇങ്ങനെയൊക്കെ ആണെങ്കിലും, സൈന്യവും മറ്റു മുഖ്യധാരാ കക്ഷികളും ഒത്തുചേര്‍ന്നിട്ടും പാകിസ്താന്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും അനുദിനം അസ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. ഇതുണ്ടാക്കുന്ന ജനരോഷം തന്നെയാവും ഇംറാന്‍ ഖാന്റെ അവസാന പിടിവള്ളി. l

യൂസുഫുല്‍ ഖറദാവിയുടെ സമ്പൂര്‍ണ കൃതികള്‍

ഡോ. യൂസുഫുല്‍ ഖറദാവി തന്റെ അവസാന നാളുകളില്‍ അനാരോഗ്യം വകവെക്കാതെ ഏറെ സമയം ചെലവഴിച്ചിരുന്നത് തന്റെ രചനകള്‍ സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു. വിജ്ഞാനകോശ സമാനമായ ആ വൈജ്ഞാനിക രചനകള്‍ സംശോധിച്ച് സമാഹരിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ജീവിതകാലത്ത് അത് പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മുഴുവന്‍ രചനകളും 105 വലിയ വാള്യങ്ങളിലായി സമാഹരിച്ച് പുറത്തിറക്കിയിരിക്കുന്നു. പതിമൂന്ന് വലിയ ശീര്‍ഷകങ്ങളിലായാണ് രചനകള്‍ സമാഹരിച്ചിരിക്കുന്നത്. ഓരോ ശീര്‍ഷകത്തിനും നിരവധി വാള്യങ്ങള്‍ നീക്കിവെച്ചിരിക്കുന്നു. 'ഇസ്്‌ലാം പൊതുവില്‍' എന്ന ശീര്‍ഷകത്തിന് ആറ് വാള്യങ്ങളുണ്ട്. 'അഖീദ'ക്ക് അഞ്ച് വാള്യങ്ങള്‍. ഫിഖ്ഹിന് മാത്രമായി മുപ്പത് വാള്യങ്ങള്‍! ഇതാണ് ഏറ്റവും വലിയ ശീര്‍ഷകം. ഫത്്വകള്‍ ഏഴ് വാള്യങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍ക്ക് ഏഴ്, ഹദീസ് വിജ്ഞാനീയങ്ങള്‍ക്ക് ആറ്, ഇസ്്‌ലാമിക നവോത്ഥാനത്തിന് ഏഴ്, ചരിത്രത്തിനും ചരിത്ര വ്യക്തിത്വങ്ങള്‍ക്കും നാല്, സാഹിത്യത്തിനും അഭിമുഖത്തിനുമായി എട്ട്, ഇമാം ബന്നായുടെ ഇരുപത് തത്ത്വങ്ങള്‍ വിശദീകരിക്കാന്‍ രണ്ട്, ജുമുഅ ഖുത്വ്്ബകൾ പതിമൂന്ന്, പ്രഭാഷണങ്ങള്‍ എട്ട്, നവോത്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട്- ഇങ്ങനെയാണ് മറ്റു വാള്യങ്ങളുടെ എണ്ണം. മൊത്തം 72,000 പേജുകള്‍. ഇമാം ഖറദാവിയുടെ മൊത്തം ആയുസ്സ് കണക്കാക്കിയാല്‍ ശരാശരി ഓരോ ദിവസം അദ്ദേഹം മൂന്ന് പേജ് എഴുതിയിട്ടുണ്ടാവും.
നമ്മുടെ കാലത്ത് ജീവിച്ച ഒരു മഹാ പണ്ഡിതന്റെ അസാധാരണമായ വൈജ്ഞാനിക നേട്ടമായിത്തന്നെ ഇതിനെ കാണണം. ഇത്രയേറെ രചനകളുടെ ഉടമകളായി നമുക്ക് ഇസ്്‌ലാമിക ചരിത്രത്തില്‍നിന്നു തന്നെ ചൂണ്ടിക്കാട്ടാനാവുക ഇബ്‌നുല്‍ ജൗസി, ഇബ്‌നുല്‍ ഖയ്യിം, സുയൂത്വി, ശൗകാനി, ശാഹ് വലിയ്യുല്ലാഹ് ദഹ്്ലവി പോലെ ഏതാനും ചിലരെ മാത്രമായിരിക്കും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം